28 March Tuesday

മുഴങ്ങുന്നു, ‘ജ്ജ്‌ നല്ലൊരു മന്‌സനാകാൻ നോക്ക്‌’

സി വി രാജീവ്‌ cv.rajeev@gmail.comUpdated: Sunday Jan 22, 2023

ചോപ്പ്‌ സിനിമയുടെ സ്വിച്ചോൺ നിലമ്പൂർ ആയിഷ നിർവഹിക്കുന്നു

സമരപാതയിലെ ചുവന്ന പൂക്കളെപ്പറ്റി പറയുമ്പോൾ നിലമ്പൂരിന്റെ നെഞ്ചിൽ കനലോർമയുടെ പെരുമ്പറ. മലപ്പുറം ജില്ലയിലെ കിഴക്കൻ ഏറനാടിനെ മാറ്റിപ്പണിത പോരാട്ടഗാഥകൾക്കൊപ്പം പടർന്ന അരങ്ങിന്റെ തീക്ഷ്‌ണത.
‘‘മനുഷ്യനാകണം...മനുഷ്യനാകണം...’’മുരുകൻ കാട്ടാക്കടയുടെ വൈറലായ വരികൾ പിറക്കുന്നതിനും അറുപത്തിയൊമ്പത്‌ വർഷംമുമ്പ്‌ മലബാറിന്റെ മണ്ണ്‌ അത്‌ മറ്റൊരു രൂപത്തിൽ കേട്ടതാണ്‌–- ‘ജ്ജ്‌ നല്ലൊരു മന്‌സനാകാൻ നോക്ക്‌’ എന്ന ധീരശബ്ദത്തിൽ. ഏറനാടിന്റെ രക്തനക്ഷത്രം സഖാവ്‌ കുഞ്ഞാലിയുടെ സഹപ്രവർത്തകൻ ഇ കെ അയമു  ഒറ്റ നാടകംകൊണ്ട്‌ നാടിനെ മാറ്റിപ്പണിതു. തോക്കുൾപ്പെടെയുള്ള ആയുധങ്ങളുമായി പാഞ്ഞടുത്തവർക്കുമുന്നിൽ പതറാത്ത വീര്യവുമായി പിന്നിട്ട അരങ്ങുകൾ. സമുദായം എതിർപ്പിന്റെ സമുദ്രം തീർത്തപ്പോൾ അതിനുമുകളിലൂടെ  കാൽവിറയ്‌ക്കാതെ നടന്ന കലാകാരനും കമ്യൂണിസ്‌റ്റ്‌പാർടി പ്രവർത്തകനുമായിരുന്നു ഇ കെ അയമു. മലബാറിലാകെ ആശയങ്ങളുടെ രംഗപാഠം കൊടുങ്കാറ്റായി. ആ കാലത്തെ തൊടുമ്പോൾ മനുഷ്യനെ മനുഷ്യനാക്കാൻ യത്‌നിച്ച ജീവിതം കാണാം.
ഇ കെ അയമു

ഇ കെ അയമു

നെഞ്ചുറപ്പിന്റെ രംഗശാല

കുഴിച്ചുമൂടിയ സാമൂഹിക വിപത്തുകളെ പുതുഫണങ്ങളാക്കി വിഷംതുപ്പുന്നവർ...കേരളം നേടിയതെല്ലാം ഇല്ലാതാക്കാൻ കച്ചകെട്ടുന്നവർ....അവിടെ ഇനിയും ഉയിർത്തുനേടാൻ  ഇ കെ അയമു തീർത്ത വഴികൾ പ്രചോദനമാണ്‌.  
 
നിലമ്പൂർ യുവജനകലാസമിതി 1953ലാണ്‌ ‘ജ്ജ്‌ നല്ല മന്‌സനാകാൻ നോക്ക്‌’ അരങ്ങിലെത്തിക്കുന്നത്‌. മുസ്ലിം പൗരോഹിത്യത്തിന്റെ കാപട്യങ്ങളെ നാടകം തുറന്നുകാട്ടി. ആദ്യഅവതരണം മുതൽ യാഥാസ്ഥിതികർ അഭിനേതാക്കളെയും അയമുവിനെയും വേട്ടയാടി. എല്ലാം അതിജീവിച്ച്‌ മലബാറിൽ പലയിടങ്ങളിലായി 1500ൽപ്പരം വേദികൾ. ഗ്രാമങ്ങളിൽ അന്ന്‌ തീക്ഷ്‌ണമായ ‘ ജ്ജ്‌ നല്ലൊരു മന്‌സനാകാൻ നോക്ക്‌’  കർഷകസമരങ്ങൾക്ക്‌ ഇന്ധനമായി. എം എസ്‌ ബാബുരാജാണ്‌ സംഗീതം നൽകിയത്‌.
 
ജീവിതം ഭയപ്പെടാനുള്ളതല്ലെന്ന്‌ തെളിയിച്ച വിപ്ലവകാരി കൂടിയായിരുന്നു ഇ കെ അയമു. നിലമ്പൂരിലെ പ്രശസ്‌തമായ കുടുംബത്തിൽ 1926ൽ ജനനം. മാനവേദൻ ഹൈസ്‌കൂളിൽനിന്ന്‌ വിദ്യാഭ്യാസം. പിന്നീട്‌ സൈനികസേവനം. മുസ്ലിം സമുദായത്തിൽനിന്ന്‌ ആളുകൾ പട്ടാളത്തിൽ ചേരാൻ മടിച്ചുനിന്ന കാലമായിരുന്നു അത്‌. രണ്ടുവർഷത്തിനുശേഷം തിരിച്ചെത്തിയാണ്‌ കമ്യൂണിസ്‌റ്റ്‌ പാർടി പ്രവർത്തനത്തിൽ വ്യാപൃതനായത്‌.
 
പട്ടാളത്തിൽനിന്ന്‌ പോന്നശേഷം കരുളായിയിൽ റേഷൻകട നടത്തിപ്പായിരുന്നു. അതിനൊപ്പം ചിട്ടിയും നടത്തി. 1958ൽ നിലമ്പൂർ യുവജനകലാസമിതി പ്രവർത്തനം നിർത്തിയപ്പോൾ സാമ്പത്തികമായും തകർന്നു. അതോടെ കർണാടകയിലെ കുടകിലേക്കുമാറി. അവിടെ ചെറിയ കച്ചവടവും ‘സുരക്ഷിത’ എന്ന ചിട്ടിക്കമ്പനിയും തുടങ്ങി. ജീവിതം പതുക്കെ മെച്ചപ്പെട്ടപ്പോൾ നാട്ടിലെ സഹപ്രവർത്തകരെ കൂട്ടിക്കൊണ്ടുവന്ന്‌ കുടകിലെ മലയാളി കേന്ദ്രങ്ങളിൽ നാടകം അവതരിപ്പിച്ചു. എന്നാൽ പ്രതീക്ഷിച്ച സാമ്പത്തികവിജയം കിട്ടിയില്ല. 1959 അവസാനം കുടകിലെ വാസം മതിയാക്കി നാട്ടിലേക്ക്‌ തിരിച്ചെത്തി. 1962ൽ നിലമ്പൂർ ആർട്‌സ്‌ ക്ലബ്‌ രൂപീകരിച്ചു. കെ കുഞ്ഞാലി(പ്രസിഡന്റ്‌), നിലമ്പൂർ ബാലൻ(സെക്രട്ടറി) എന്നിവരായിരുന്നു ഭാരവാഹികൾ.  രണ്ടാമത്തെ നാടകം ‘മതിലുകൾ’ അവതരിപ്പിച്ചത്‌ ആ ക്ലബാണ്‌. നാടിനെ മതിലുകെട്ടി തിരിക്കുന്ന വർഗീയതയ്‌ക്കെതിരെ  രചിച്ച ‘മതിലുകൾ’ ഇക്കാലത്തും പ്രസക്തം. ‘ ഒരു കുപ്പി സാഹിത്യം’ എന്ന നാടകം എഴുതിയെങ്കിലും മറ്റൊരു എഴുത്തുകാരന്റെ രചനയോട്‌ സാമ്യമുള്ളതിനാൽ അവതരണം വേണ്ടെന്നുവച്ചു. കാളികാവ്‌ ആർട്‌സ്‌ ക്ലബിനുവേണ്ടി എഴുതിയതായിരുന്നു നാലാമത്തെ നാടകം ‘സ്‌നേഹത്തിന്റെ വോട്ട്‌’. ‘ചിന്തിക്കുന്ന ഭാഷ’ കഥാസമാഹാരവും പുറത്തിറക്കി.
 
സാമ്പത്തികമായി ഏറെ പ്രയാസപ്പെട്ടപ്പോഴും അനാഥമായ കുടുംബങ്ങളുടെ വിശകപ്പകറ്റാൻ പ്രയത്‌നിച്ചു അദ്ദേഹം. സ്‌ത്രീകളെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാൻ ഇടപെട്ടു. സ്‌ത്രീകൾ സിനിമ കാണുന്നത്‌ പുരോഹിതൻമാർ വിലക്കിയ വേളയിൽ സ്വന്തം ഭാര്യയെ സിനിമയ്‌ക്ക്‌ കൊണ്ടുപോയി. മറ്റൊരാൾ മൊഴിചൊല്ലിയ സ്‌ത്രീയെയാണ്‌ വിവാഹം കഴിച്ചത്‌.
 
കരളിന്‌ രോഗം ബാധിച്ച്‌  കിടപ്പിലായപ്പോഴും ഉള്ളിലെ ആവേശം കെട്ടില്ല. വീടിനുമുന്നിലൂടെ തൊഴിലാളികളുടെ ജാഥ കടന്നുപോകുന്നത്‌ കണ്ട്‌ അവർക്കൊപ്പം ചേർന്നു. ജാഥയുടെ സമാപനത്തിൽ രോഗമൊക്കെ മറന്ന്‌ പ്രസംഗിച്ചശേഷം രക്തം ഛർദിച്ച്‌ തലചുറ്റി വീണ്‌ ആശുപത്രിയിലായി. 1967 മെയ്‌ 19ന്‌ ആണ്‌ മരണം. അദ്ദേഹത്തിന്റെ ഭാര്യ കെ പി ഖദീജയും മകൾ നിർമലയും അന്തരിച്ചു. അഹമ്മദ്‌ കബീർ, അയിഷ എന്നിവരാണ്‌ മറ്റുമക്കൾ.  അധികം രേഖപ്പെടുത്താത്ത ഈ ജീവിതം ഉൾപ്പെടെ മലപ്പുറത്തിന്റെ നാടകപ്രസ്ഥാനത്തിന്റെ ചരിത്രം പുസ്തകമാക്കാനുള്ള ഒരുക്കത്തിലാണ് എഴുത്തുകാരൻ ബഷീർ ചുങ്കത്തറ.
മനു കള്ളിക്കാട്‌ ചോപ്പ്‌ സിനിമയ്‌ക്കായി വരച്ച ഇ കെ അയമുവിന്റെ ചിത്രത്തിനരികിൽ നിലമ്പൂർ ആയിഷ

മനു കള്ളിക്കാട്‌ ചോപ്പ്‌ സിനിമയ്‌ക്കായി വരച്ച ഇ കെ അയമുവിന്റെ ചിത്രത്തിനരികിൽ നിലമ്പൂർ ആയിഷ

അവൾ, ആയിഷ

‘ജ്ജ്‌ നല്ലൊരു മന്‌സനാകാൻ നോക്ക്‌’–- വരച്ചിടുന്നത്‌ നിലമ്പൂർ ആയിഷ എന്ന അരങ്ങിലെ പോരാളിയെ കൂടിയാണ്‌. ‘ഏറനാടിന്റെ വിരിമാറിൽനിന്ന് ഒരു അനാഘ്രാത പുഷ്പം–- ആയിഷ എന്ന പെൺകുട്ടി നാടകത്തിലേക്ക്’–- 1953ലെ പത്രത്താളിൽ വന്ന പരസ്യം കണ്ട് നാടു ഞെട്ടി. 16 വയസ്സുള്ള മുസ്ലിം പെൺകുട്ടി ആയിഷ അരങ്ങേറിയത്‌ അയമുവിന്റെ നാടകത്തിലൂടെ. അതുവരെ പുരുഷൻമാരായിരുന്നു സ്‌ത്രീവേഷം കെട്ടിയിരുന്നത്‌. നാടകം കണ്ട ഇ എം എസ്‌ ആണ്‌ സ്‌ത്രീകൾ തന്നെ അഭിനയിക്കണം എന്ന്‌ പറയുന്നത്‌. അങ്ങനെയാണ്‌ ആയിഷയുടെ രംഗപ്രവേശം.
 
ഫറോക്കിലെ ലക്ഷ്മിക്കൊട്ടകയിൽ ആയിരുന്നു ആദ്യ വേദി. നാടകശേഷം അഭിനന്ദനപ്രവാഹം. എന്നാൽ പിന്നീടങ്ങോട്ട് കല്ലേറിന്റെയും കൂക്കിവിളികളുടെയും നടുവിലായിരുന്നു ജീവിതം. മുസ്ലിം സമുദായത്തിൽനിന്ന് അരങ്ങിലെത്തിയ ആയിഷക്ക് നേരെ നിരവധി ആക്രമണങ്ങൾ ഉണ്ടായി. മണ്ണാർക്കാട് വേദിയിൽ വച്ച് മതമൗലിക വാദികളുടെ മർദനമേറ്റു. അഭിനയത്തിനിടയിൽ കല്ലേറിൽ പരിക്കേറ്റു. തലപൊട്ടി രക്തത്തിൽ കുളിച്ച് നാടകം കളിച്ചു. ഒരിക്കൽ ചെവി അടിച്ചു തകർത്തു. മഞ്ചേരി മേലാക്കത്തെ വേദിയിലേക്ക് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തു. പാർടിപ്രവർത്തകരുടെ സംരക്ഷണത്തിൽ നാടകം കളിച്ച അനുഭവങ്ങൾ ഏറെ പറഞ്ഞിട്ടുണ്ട്‌ ആയിഷാത്ത. കണ്ടംബെച്ച കോട്ടിലൂടെ മലയാള ചലച്ചിത്ര രംഗത്ത്‌ വരവറിയിച്ചു അവർ. ഇ കെ അയമുവിന്റെ ജീവിതം പറയുന്ന ‘ചോപ്പ്‌’ സിനിമ നിലമ്പൂർ ആയിഷയുടെ നൂറാമത്തെ ചിത്രമാണ്‌.
പോയകാലത്തെ തൊട്ടപ്പോൾ
ഇ കെ അയമുവിന്റെ കാലത്തെ തേടിയ അന്വേഷണങ്ങൾ സഫലമായതിന്റെ ത്രില്ലിലാണ്‌ ചിത്രകാരൻ മനു കള്ളിക്കാട്‌. ‘ചോപ്പ്‌’ സിനിമക്കുവേണ്ടിയായിരുന്നു അത്‌. ചിത്രത്തിന്റെ കലാസംവിധായകനാണ്‌ മനു. സിനിമയുടെ സംവിധായകൻ രാഹുൽ കൈമലയോടൊപ്പം നിലമ്പൂർ ആയിഷ, മാനുമുഹമ്മദ്‌(നിലമ്പൂർ ആയിഷയുടെ സഹോദരൻ–-അദ്ദേഹം അന്തരിച്ചു), വിജയലക്ഷ്‌മി ബാലൻ എന്നിവരെ കണ്ടു. അവരുടെ ഓർമകളിലൂടെ അയമുവിനെ കൂടുതൽ അറിഞ്ഞു. ആ പ്രതിഭയെ സിനിമയ്‌ക്കുവേണ്ടി വരച്ചു.
 
ആന്തരികവും ബാഹ്യവുമായ യാത്രകളിലൂടെ മനസ്സിലാക്കിയ വലിയ കലാകാരന്റെ ജീവിതം അഭ്രപാളികളിൽ വരുമ്പോൾ ഏറെ സന്തോഷത്തിലാണ്‌ അദ്ദേഹം. ‘‘മനുഷ്യനാകണം...’’ എന്ന മുരുകൻ കാട്ടാക്കടയുടെ പാട്ട്‌ താൻ ആവശ്യപ്പെട്ട്‌ എഴുതിയാണെന്നതിലും ചാരിതാർഥ്യമേറെ.
 
‘‘ 1945 മുതൽ 1965 വരെയുള്ള കാലഘട്ടമാണ്‌ സിനിമയിൽ പറയുന്നത്‌. അതിന്‌ യോജിച്ച രീതിയിൽ സജ്ജീകരണം ഒരുക്കുക വലിയ വെല്ലുവിളിയായിരുന്നു. റാന്തൽ, ത്രാസ്‌, വീടിന്റെ ചുമരുകൾ, ആശുപത്രി തുടങ്ങിയവ തയ്യാറാക്കി ആ കാലം ധ്വനിപ്പിക്കുക ശ്രമകരമായ ദൗത്യമായിരുന്നു. തീപ്പെട്ടി കവറിൽപോലും പഴമ നിലനിർത്താൻ ശ്രമിച്ചു. പ്രിവ്യൂ കണ്ട ഒരാളുടെ കമന്റ്‌ കലാസംവിധാനത്തിൽ മുഴച്ചുനിൽക്കുന്നതായി ഒന്നുമില്ലെന്നായിരുന്നു. ഇ കെ അയമു പ്രശസ്‌തിയില്ലാതെ മരിച്ചയാളായിരുന്നു. എന്നാൽ യഥാർഥ പ്രതിഭയെ മറച്ചുവയ്‌ക്കാനാകില്ല’’–- മനു കള്ളിക്കാട്‌ പറഞ്ഞു.
 
ഇ കെ അയമുവിന്റെ ജീവിതം പറയുന്ന ചോപ്പ്‌ സിനിമ മെയ്‌ മാസത്തിൽ റിലീസ്‌ചെയ്യും. രാഹുൽ കൈമലയാണ്‌ തിരക്കഥയും സംവിധാനവും. ഗേറ്റ്‌വേ സിനിമാസ്‌ ബാനറിൽ മനോജ്‌ ഗേറ്റ്‌വേയാണ്‌ നിർമാണം. തിരക്കഥ–- സംഭാഷണം: വിശ്വം കെ അഴകത്ത്‌. ഛായാഗ്രഹണം: പ്രശാന്ത്‌ പ്രണവം.
 
നിലമ്പൂരിൽ ഇ കെ അയമു സ്മാരകട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. ഇ പത്മാക്ഷൻ (ചെയർമാൻ), കരീം പുളിയങ്കല്ല് (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. കഴിഞ്ഞവർഷം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ‘ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക്' അവതരിപ്പിച്ചിരുന്നു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top