13 July Monday

പടികയറി മാളി

ജിഷ അഭിനയ abhinayatsr@gmail.comUpdated: Sunday Jul 21, 2019

മാളി നാടകത്തിൽനിന്ന‌്‌

‘കോലും കല്ലും മിനുക്കാൻ മാത്രമല്ല... വില്ലിന്റെ വടിവ്‌ നോക്കാൻ മാത്രമല്ല.... പോരിന്‌ പോവാനും  അറിയാം പെണ്ണുങ്ങൾക്ക്‌.... വീറുകാട്ടുന്ന പെണ്ണിന്റെ വാക്കുകൾ.  കെട്ടുകഥകളെ കൂട്ടുപിടിച്ച്‌ പുതിയ കാലത്തെ മനുഷ്യപക്ഷത്തിന്റെ കഥ  പറഞ്ഞെത്തിയ  ‘മാളി’ക്ക‌് കേരള സംഗീതനാടക അക്കാദമി സംഘടിപ്പിച്ച സംസ്ഥാന അമച്വർ നാടകമത്സരത്തിൽ ഒന്നാംസ്ഥാനവും കിട്ടി.  മാളി  പിറന്നത്‌ ഒരുകൂട്ടം ചെറുപ്പക്കാരുടെ  കൂട്ടായ്‌മയിലാണ്‌.
 
തൃശൂർ അടാട്ട് പഞ്ചമി തിയറ്റേഴ്സാണ്‌ നാടകം അരങ്ങിലെത്തിച്ചത്‌. നാടകവേരുകൾ ആഴ‌്ന്നിറങ്ങി സൗഹൃദം പൂവിട്ട ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ‌്നങ്ങളാണ് പഞ്ചമി തിയറ്റേഴ്‌സ്. ഈ സംഘത്തിന്റെ ആദ്യനാടകത്തിന് മധുരമേറുകയാണ്‌.
 
 ‘മാളി’ ഒരുക്കിയ നിഖിൽദാസാണ് മികച്ച സംവിധായകൻ. നാടകത്തിൽ  ‘മഹിഷി’യെ അവതരിപ്പിച്ച സി എം മേഘയാണ് മികച്ച നടി. രചനയ‌്ക്കുള്ള സമ്മാനം നിഖിൽദാസ്, സാഗർ സത്യൻ എന്നിവർ കരസ്ഥമാക്കി. നാടോടിക്കഥയുടെ പശ്ചാത്തലത്തിൽ മാളി എന്ന പെൺകുട്ടിയുടെ വിവരണത്തിലൂടെയാണ് നാടകം ആരംഭിക്കുന്നത്‌.  ചടുലമായ രംഗാവതരണമാണ്‌ നാടകത്തെ ഊഷ്‌മളമാക്കുന്നത്‌. കാടിനെ കൊള്ളയടിച്ചിരുന്ന മറവിപ്പടയെ ചെറുത്തുതോല്പിക്കാൻ കാടുതന്നെ വളർത്തിയെടുക്കുന്ന ചാപ്പൻ എന്ന പോരാളിയുടെ ജീവിതമാണ്‌ നാടകം പറയുന്നത്‌.
 
നിഖിൽദാസ‌്

നിഖിൽദാസ‌്

 
 മക്കളില്ലാത്ത ദമ്പതികൾക്ക് കാട്ടിൽനിന്ന‌് കളഞ്ഞുകിട്ടുന്ന ആ കുട്ടിയുടെ വളർച്ചയിലൂടെയാണ്‌ നാടകത്തിന്റെ സഞ്ചാരം. വിത്താരി മൂപ്പൻ എന്ന അഭ്യാസിയുടെ കളരിയിൽനിന്ന‌് അടവും ചോടും പഠിക്കുന്ന ചാപ്പൻ മറവിപ്പടയെ തോൽപ്പിച്ചു.  യുദ്ധംചെയ‌്ത‌് അവൻ വീരനായകനാകുന്നു. ചാപ്പന്റെ കഥയങ്ങനെ എഴുതപ്പെടാത്ത ചരിത്രങ്ങളുടെ ഉള്ളറകൾ തേടി മുന്നേറുന്നു. അധികാരങ്ങളിൽനിന്നും യുദ്ധങ്ങളിൽനിന്നും തിരിച്ചു കാട്ടിലേക്കുതന്നെ മടങ്ങാൻ തീരുമാനിക്കുന്ന ചാപ്പൻ മാളിയെ കാണാൻ ചെല്ലുമ്പോൾ മാളി പറയുന്നു, ‘ തീണ്ടാരിയാണ്, വേഗം പൊയ‌്ക്കോളാൻ..’ ‘തീണ്ടലും തീണ്ടാരിയുമൊക്കെ ഇരുട്ട് നിറഞ്ഞ മനസ്സിലല്ലേ മാളീ...  എല്ലാവരും ഒന്നാവണ കാലത്തു ഞാൻ നിന്നെ കാണാൻ വരും’ എന്ന‌്  വാക്കുകൊടുത്ത്‌ കാടുകയറുന്നു. അവിടെനിന്ന് ചാപ്പനിലേക്കുള്ള ദൂരത്തിൽ അതിർത്തികളെ ഭേദിച്ച്‌ മാളി തന്റെ ചവിട്ടുപടികൾ കണ്ടെത്തുന്നു.  സമകാലിക രാഷ്ട്രീയ അവസ്ഥകളെ കൂടി ചേർത്തു നിർത്തിയാണ് നാടകം അവസാനിക്കുന്നത്.
 
ഒരുവേള മാളി മാളികപ്പുറത്തമ്മയായും ചാപ്പൻ അയ്യപ്പനായും മാറുന്നതായി  കാണാം.  സമകാല രാഷ്ട്രീയസാഹചര്യങ്ങളിൽ നാടകത്തിന്റെ പ്രമേയം ഏറെ പ്രസക്തം. ‘തൃശൂരിലെ നാടകാവതരണവേളയിൽ നാടകത്തിന്റെ ആദ്യ മൂന്നുമിനിറ്റ്‌ പിന്നിട്ടപ്പോഴേക്കും ‌വേദിയുടെ ഇരുവശവും പൊലീസുകാരാൽ നിറഞ്ഞിരുന്നു. അരങ്ങിൽ  അഭിനേതാക്കൾ ആദ്യമൊന്നു ഭയന്നെങ്കിലും നാടകമായിരുന്നു അവർക്ക്‌ പ്രധാനം. പിന്നീടാണറിഞ്ഞത്‌. നാടകം പറയുന്ന വിഷയം...  എന്തെങ്കിലും പ്രശ്‌നമുണ്ടായാലോ എന്നുകരുതി പൊലീസ്‌ സംരക്ഷണം നൽകുകയായിരുന്നുവെന്ന്‌. ’  നിഖിൽ പറയുന്നു.
 
പശ്‌ചാത്തലസംഗീതം മിഴിവേകുന്നുവെങ്കിലും ചില ഘട്ടങ്ങളിൽ നാടകത്തേക്കാൾ കൂടുതൽ സംഗീതം വളരുന്നത്‌  കാണികളെ അൽപ്പമൊന്ന്‌ അസ്വസ്ഥരാക്കുന്നു.  രംഗവസ്‌തുക്കൾ മികച്ചതെങ്കിലും ചില ഘട്ടത്തിൽ അത്‌ അഭിനേതാക്കൾക്ക്‌ സ്വാഭാവികമായ അരങ്ങുചലനത്തിന്‌ തടസ്സമാകുന്നു. ഇത്തരം ചെറിയ പോരായ്‌മകൾ അവഗണിച്ചാൽ നാടകം ഏറെ മികവുറ്റതായി. 
 
 കലാസംവിധാനം: ഷിനോജ്‌ അശോകൻ. സംഗീതം: മിഥുൻ മലയാളം. ദീപവിതാനം: ധനേഷ്‌ കുമാർ, വര: ഷാന്റോ  ആന്റണി, കോ ഓർഡിനേറ്റർ:   മെജോ. ചമയം: ഫ്രാൻസിസ്‌  ചിറയത്ത്‌.
 
വിശാഖ്, രമേഷ് എന്നിവരാണ്‌ സാങ്കേതികസഹായം. രാംകുമാർ, സത്യജിത‌്, അഖിലേഷ്, ഹെൻസൺ, സജിത‌് ആലുക്കൽ, വിഷ്ണു, മേഘ, അനുഷ, ആതിര, അതുൽ, ആനന്ദ്, അപ്പു, അഭി, കിരൺ, ജോസ‌്‌പ്രകാശ്, രാമൻ, രമേഷ് എന്നിവർ അരങ്ങിലെത്തുന്നു.
പ്രധാന വാർത്തകൾ
 Top