29 February Saturday

നിങ്ങൾ ദയയും മനസ്സലിവുമുള്ളവരായി അന്യോന്യം ക്ഷമിപ്പിൻ

സാജൻ എവുജിൻ sajanevugen@gmail.comUpdated: Sunday Apr 21, 2019

ദക്ഷിണസുഡാനിലെ പരസ്പരംപോരടിക്കുന്ന യുദ്ധപ്രഭുക്കളായ നേതാക്കളുടെ കാലിൽ കമിഴ്ന്നു കിടന്നുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ കേണപേക്ഷിച്ചു. ‘പരസ്പരം പൊറുക്കു, യുദ്ധം അവസാനിപ്പിക്കു’. നാലുലക്ഷംപേരാണ് ഇതിനോടകം അവിടെ കൊലചെയ്യപ്പെട്ടത്. മതവിശ്വാസത്തിന്റെ പേരിൽ ഊറ്റംകൊള്ളുകയും പരമതവിദ്വേഷം പുലർത്തുകയും ചെയ്യുന്നവർക്കു മുന്നിൽ ഒരു ആത്മീയ നേതാവിന് നല്കാനുള്ള ഏറ്റവും മഹത്തായ സന്ദേശമാണ് മാർപാപ്പ ഈ അസാധാരണപ്രവൃത്തിയിലൂടെ നൽകുന്നത്.  ഉയിർപ്പിന്റെ ഈസ്റ്ററിൽ ലോകത്തിന് പങ്കുവയ്ക്കാനുള്ള ഏറ്റവും അർഥവത്തായ സന്ദേശം

 
‘‘യുദ്ധം സർവതും നഷ്ടപ്പെടുത്തുമെന്ന‌് ഓർത്താലും’’–- വർഷങ്ങൾ പരസ‌്പരം പോരടിച്ചുനിന്ന യുദ്ധപ്രഭുക്കളായ നേതാക്കളുടെ കാലിൽവീണ‌് ചുംബിച്ചുകൊണ്ട‌് ഫ്രാൻസിസ‌് മാർപാപ്പ പറഞ്ഞു. ആയാസപ്പെട്ട‌്  മുട്ടുകാലിൽനിന്നശേഷം കമിഴ‌്ന്ന‌ുകിടന്ന‌് നാല‌് നേതാക്കളുടെ പാദരക്ഷകളിൽ ചുംബിച്ച എൺപത്തിരണ്ടുകാരനായ മാർപാപ്പയുടെ പ്രവൃത്തി ലോകത്തെയാകെ സ‌്തബ്ധമാക്കി.  മതവിശ്വാസത്തിന്റെ പേരിൽ ഊറ്റംകൊള്ളുകയും പരമതവിദ്വേഷം പുലർത്തുകയും ചെയ്യുന്നവർക്ക‌ു മുന്നിൽ ഒരു ആത്മീയനേതാവിനു നൽകാൻ കഴിയുന്ന ഏറ്റവും മഹനീയമായ സന്ദേശമാണ‌് മാർപാപ്പ സമർപ്പിച്ചിരിക്കുന്നത‌്. ദക്ഷിണ സുഡാൻ പ്രസിഡന്റ‌് സൽവ കീമയറിന്റെയും മുൻ വിമതനേതാവ‌്  റീക‌് മക്കറിന്റെയും കരങ്ങൾ തന്റെ നെഞ്ചോട‌് ചേർത്തുപിടിച്ച‌്, മാർപാപ്പ പറഞ്ഞു:  ‘‘ഹൃദയംകൊണ്ടാണ‌് അപേക്ഷിക്കുന്നത‌്, സമാധാനം കാത്തുസൂക്ഷിച്ചാലും’’. 
 

മരണഭൂമി

സുഡാനിൽനിന്ന‌്, ആഫ്രിക്കയിലെ 54–-ാമത്തെ രാജ്യമായി 2011ൽ സ്വാതന്ത്ര്യം നേടിയ ദക്ഷിണ സുഡാനിൽ രണ്ട‌് വർഷത്തിനുള്ളിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഈ യുദ്ധം നാലുലക്ഷം ജീവനാണപഹരിച്ചത‌്. ദശലക്ഷക്കണക്കിനുപേർ അഭയാർഥികളായി. കൊടിയ കെടുതികൾക്കുശേഷം, കഴിഞ്ഞ സെപ‌്തംബറിൽ ഇരുപക്ഷവും ‌എത്യോപ്യയിൽവച്ച‌് സമാധാനകരാർ ഒപ്പിട്ടു. ഏപ്രിൽ രണ്ടാംവാരത്തിൽ ദക്ഷിണ സുഡാൻ നേതാക്കൾ വത്തിക്കാനിൽ എത്തിയപ്പോഴാണ‌് മാർപാപ്പ അത്യസാധാരണമായ രീതിയിൽ സമാധാനത്തിനുവേണ്ടി അഭ്യർഥിച്ചത‌്.
 
 സമാധാനകരാറിന്റെ ഭാഗമായി സൽവ കീമയർ സർക്കാരിൽ അടുത്തമാസം വൈസ‌് പ്രസിഡന്റായി റീക‌് മക്കർ ചേരും. ഭാവികാര്യങ്ങളെക്കുറിച്ച‌് മാർപാപ്പ ഇരുവരോടും പറഞ്ഞു: ‘‘നിങ്ങൾ തമ്മിൽ ഇനിയും തർക്കങ്ങളുണ്ടാകും, അവയെല്ലാം ഓഫീസിനുള്ളിൽത്തന്നെ ഒതുക്കിനിർത്തുക. പക്ഷേ, ജനങ്ങൾക്കുമുന്നിൽ കരങ്ങൾ കോർത്തുപിടിക്കുക. അങ്ങനെ, രാഷ്ട്രപിതാക്കളായി മാറുക’’.  നിലവിലെ  വൈസ‌് പ്രസിഡന്റുമാരായ റബേക്ക എന്യാൻദെങ‌്, തബാൻ ദെങ‌്ഗായ‌് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവരുടെയും പാദങ്ങളിൽവീണ‌്  മാർപാപ്പ ചുംബിച്ചു. 
 
ഇതിനുമുമ്പ‌് വത്തിക്കാനിലെ ചെറിയ ഹാളിൽ മാർപാപ്പയും നേതാക്കളും യോഗം ചേർന്നിരുന്നു. മുഖത്തോട‌് മുഖം നോക്കിയിരുന്നപ്പോൾ മാർപാപ്പ അവരോട‌് പറഞ്ഞു: ‘‘ദൈവംമാത്രമല്ല നിങ്ങളെ നിരീക്ഷിക്കുന്നത‌്. നിങ്ങൾക്കുമീതെ മറ്റൊരു നോട്ടംകൂടിയുണ്ട‌്, നിങ്ങളുടെ ജനങ്ങളുടെ നോട്ടം. നീതിക്കും അനുരഞ‌്ജനത്തിനും സമാധാനത്തിനുംവേണ്ടി അവർ വെമ്പൽകൊള്ളുന്നു. ഒരേ ജനതയിൽനിന്നുള്ളവരാണ‌് നിങ്ങൾ. ഭിന്നിപ്പിക്കുന്നതെല്ലാം മറികടക്കാൻ നിങ്ങൾക്ക‌് കഴിയണം. പഴയ സംഘർഷങ്ങളിൽ ജനങ്ങൾ പരിക്ഷീണരാണ‌്. ഇനിയും അവരെ ദുഃഖിപ്പിക്കരുത‌്’’.  ഇത്രയും പറഞ്ഞശേഷമാണ‌് മാർപാപ്പ നേതാക്കളെ സമീപിക്കുകയും അവരുടെ അനുവാദത്തോടെ പാദങ്ങളിൽ ചുംബിക്കുകയും ചെയ‌്തത‌്.  
 

സമാധാനത്തിന്റെ രജതരേഖ

മുപ്പതുവർഷമായി സുഡാൻ ഭരിച്ചുവന്ന ഒമർ അൽ ബാഷർ അധികാരത്തിൽനിന്ന‌് ഈയിടെ പുറത്തായത‌് ദക്ഷിണ സുഡാനിലെ സമാധാനഉടമ്പടിയെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ‌്. എത്യോപ്യയോടൊപ്പം ബാഷറും താൽപ്പര്യം എടുത്താണ‌് ദക്ഷിണ സുഡാനിൽ സമാധാനകരാർ ഒപ്പിട്ടത‌്. മുമ്പുണ്ടായ പല ധാരണകളും തകർന്നിരുന്നു. വത്തിക്കാൻ വർഷങ്ങളായി ദക്ഷിണ സുഡാനിൽ സമാധാനം പുനഃസ്ഥാപിക്കാൻ പരിശ്രമിച്ചുവരികയായിരുന്നു. ഇപ്പോൾ നിലനിൽക്കുന്ന കരാർ ഇല്ലാതായാൽ വീണ്ടും രക്തപ്പുഴ ഒഴുകുമെന്ന‌് നിശ്ചയം.
രാഷ്ട്രീയകാരണങ്ങൾ പറയാമെങ്കിലും സുഡാനിൽനിന്ന‌് ദക്ഷിണ സുഡാൻ  വേർപിരിയാൻ ഇടയാക്കിയ മുഖ്യഘടകം   മതംതന്നെയാണ‌്. ബ്രിട്ടന്റെയും ഈജിപ‌്തിന്റെയും ആധിപത്യത്തിൽനിന്ന‌് 1956ൽ സ്വാതന്ത്ര്യം നേടിയ സുഡാനിൽ ഇസ്ലാമികനിയമങ്ങളാണ‌് നിലനിൽക്കുന്നത‌്. ദക്ഷിണ സുഡാൻ ക്രൈസ‌്തവഭൂരിപക്ഷമേഖലയുമാണ‌്. ദശലക്ഷക്കണക്കിനു പേരുടെ ജീവഹാനിക്ക‌് ഇടയാക്കിയ രണ്ട‌് യുദ്ധത്തിനുശേഷമാണ‌് ദക്ഷിണ സുഡാൻ രൂപംകൊണ്ടത‌്. 1983 മുതൽ 2005 വരെ നീണ്ട യുദ്ധത്തിൽത്തന്നെ 25 ലക്ഷത്തോളം പേർ കൊല്ലപ്പെട്ടു. പ്രത്യേകരാജ്യമായി മാറണോ എന്ന വിഷയത്തിൽ ദക്ഷിണ സുഡാൻമേഖലയിൽ 2011 ജനുവരിയിൽ ഹിതപരിശോധന നടത്തി. മേഖലയിലെ 99 ശതമാനം പേരും പുതിയ രാജ്യത്തിന‌് അനുകൂലമായി വോട്ട‌് ചെയ‌്തു. അക്കൊല്ലം ജൂലൈ 27ന‌് ദക്ഷിണ സുഡാൻ എന്ന പരമാധികാര രാജ്യം നിലവിൽവന്നു. എന്നാൽ, 2013ൽതന്നെ പ്രസിഡന്റ‌് സൽവ കീമയറിന്റെയും പുറത്താക്കപ്പെട്ട വൈസ‌് പ്രസിഡന്റ‌് റീക് മക്കറിന്റെയും സേനാവിഭാഗങ്ങൾ തമ്മിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു.
 
തന്നെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന‌് ആരോപിച്ച‌് മക്കറിനെ പ്രസിഡന്റ‌് പുറത്താക്കുകയായിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെയും വത്തിക്കാന്റെയും വിവിധ രാജ്യങ്ങളുടെയും മുൻകൈയിൽ ഒട്ടേറെ സമാധാനശ്രമങ്ങളുണ്ടായി. പരസ‌്പര അവിശ്വാസത്തിന്റെയും പകയുടെയും അഗ്നി കെടുത്താൻ അവയൊന്നും പര്യാപ‌്തമായില്ല.  കുട്ടികളെ അടക്കം സൈനികാവശ്യങ്ങൾക്കായി ഉപയോഗിച്ചെന്ന‌് യുഎൻ കമീഷൻ കണ്ടെത്തിയിട്ടുണ്ട‌്. നാല‌് ലക്ഷം  മരണത്തിനു പുറമെ  40 ലക്ഷത്തോളം പേർക്ക‌് പാർപ്പിടം നഷ്ടപ്പെട്ടു. 25 ലക്ഷത്തോളം പേർ ഉഗാണ്ടയിലും സുഡാനിലും അഭയംതേടി. ഒടുവിൽ രജതരേഖ എന്നപോലെ എത്യോപ്യയുടെ മധ്യസ്ഥതയിൽ സമാധാനകരാർ രൂപീകരിക്കാൻ കഴിഞ്ഞു. 
 

പ്രത്യാശയുടെ കാലം 

സമകാല ലോകസാഹചര്യത്തിൽ ഏതുനിമിഷവും ലംഘിക്കപ്പെടാൻ സാധ്യതയുള്ളതാണീ കരാർ. ചെറിയ പ്രകോപനംപോലും തീപ്പൊരിയായി പടരുകയും വീണ്ടും ദശലക്ഷങ്ങളുടെ മരണത്തിനും കൂട്ടപ്പലായനങ്ങൾക്കും ഇടയാക്കുകയും ചെയ്യും. ക്രൈസ‌്തവർ പ്രത്യാശയുടെ പെരുന്നാളായ  ഈസ്റ്റർ ആഘോഷിക്കാൻ ഒരുങ്ങവെയാണ‌് ആഗോള കത്തോലിക്കസഭയുടെ നായകൻ സമാധാനത്തിനുവേണ്ടി ഈ വിധത്തിൽ കേണപേക്ഷിച്ചത‌്. യുദ്ധം, ഭീകരാക്രമണങ്ങൾ,  വംശഹത്യകൾ, ആൾക്കൂട്ട ആക്രമണങ്ങൾ, മതവിദ്വേഷം എന്നിവ ലോകത്തെ ഞെരുക്കുകയും തകർക്കുകയും ചെയ്യുമ്പോൾ അധികാരകേന്ദ്രങ്ങൾ ഇവയിൽനിന്ന‌് മുതലെടുപ്പിനു ശ്രമിക്കുന്ന അനുഭവമാണ‌് പൊതുവെ. മതത്തിന്റെ പേരിലാണ‌് അഫ‌്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക അധിനിവേശയുദ്ധം നടത്തിയത‌്. ഭീകരതയ‌്ക്കെതിരായ പോരാട്ടത്തിന‌് മതപരമായ പരിവേഷം നൽകി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സമാധാന ആഹ്വാനങ്ങൾ ജോർജ‌് ബുഷ‌് അവഗണിച്ചു. ആയിരക്കണക്കിനു ടൺ ബോംബ‌് വർഷിച്ചിട്ടും സമാധാനം അകലെയാണ‌്. സൈനിക വ്യവസായശൃംഖലയുടെ പണപ്പെട്ടി നിറയുന്നതല്ലാതെ ശാന്തിയുടെ ഉറവകൾ പൊട്ടുന്നില്ല.
 
മറ്റുള്ളവരെ നിഗ്രഹിക്കാനും തനിക്കുവേണ്ടിമാത്രമുള്ള സ്വർഗം പണിയാനുമാണ‌് മനുഷ്യൻ ശ്രമിക്കുന്നതെന്ന‌് ജീൻ പോൾ സാർത്ര‌് നിരീക്ഷിച്ചിട്ടുണ്ട‌്. മറ്റുള്ളവർക്ക‌് ഇടമില്ലാത്ത സ്വർഗം പണിയാനുള്ള വ്യഗ്രതയിലാണ‌് ഇന്ന‌് കുട്ടികളെ പഠിപ്പിക്കുന്നത‌്. മനുഷ്യനേക്കാൾ യന്ത്രങ്ങളെ ആശ്രയിക്കുന്നതാണ‌് സൗകര്യമെന്ന‌ ധാരണ പടർത്തുന്നു. സംസാരിക്കുന്നതിനേക്കാൾ  പ്രയോജനകരം ഡിജിറ്റൽ സന്ദേശങ്ങൾ കൈമാറുന്നതാണ‌്. അപരനുവേണ്ടി സമയം ചെലവിടുന്നതിനേക്കാൾ അബദ്ധം മറ്റൊന്നില്ല. യുദ്ധവെറിയും സംഘർഷവും പടർത്താൻ ഏറ്റവും അനുയോജ്യം ഇത്തരത്തിൽ പാകപ്പെടുത്തിയ മനസ്സുകളാണ‌്.
 

കാരുണ്യം, സഹിഷ‌്ണുത

കരുണയുള്ള വാക്കുകൾ കൂടുതൽ സുഹൃത്തുക്കളെ നേടിത്തരുമെന്ന‌് ബൈബിൾ പഠിപ്പിക്കുന്നു. വിദ്വേഷത്തിന്റെ വാക്കുകൾ അധികാരം നേടിത്തരുമെന്നതാണ‌് സമകാല പാഠങ്ങൾ. ശാന്തിയും സ‌്നേഹവും പ്രചരിപ്പിക്കുക ദുഷ‌്കരമാണ‌്. മഹാത്മാഗാന്ധിയുടെ രൂപമുണ്ടാക്കി അതിനുനേരെ വെടി ഉതിർത്ത‌് വിശ്വാസത്തോടുള്ള കൂറ‌് പ്രഖ്യാപിക്കുന്നവർ, വിശ്വാസത്തിന്റെ പേരിൽ തെരുവിൽ കലഹിക്കുന്നവർ, മതത്തെ സംരക്ഷിക്കാൻ തോക്കും വാളും എടുക്കുന്നവർ– -ഇവർക്ക‌ു മുന്നിലാണ‌് സമാധാനത്തിനുവേണ്ടി മുട്ടിലിഴയേണ്ടിവരുന്നത‌്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ യുഎഇയിൽ എത്തിയ ഫ്രാൻസിസ‌് മാർപാപ്പ അറബ‌് മേഖല സന്ദർശിച്ച പ്രഥമ പോപ്പായി മാറി. യുഎഇ പ്രസിഡന്റ‌് ഷേഖ‌് ഖലീഫ ബിൻ സയിദ‌് അൽ നഹ്യാൻ 2019 സഹിഷ‌്ണുതയുടെ വർഷമായി ആചരിക്കാൻ തീരുമാനിച്ചതിനോടനുബന്ധിച്ചായിരുന്നു മാർപാപ്പയുടെ സന്ദർശനം. യമനിൽ സൗദി അറേബ്യയുടെ നേതൃത്വത്തിൽ നടക്കുന്ന ഇടപെടലുകളിൽ യുഎഇ പങ്കാളിത്തം വഹിക്കുന്നതിനെക്കുറിച്ച‌് മാർപാപ്പ അന്ന‌് മൗനംപാലിച്ചിരുന്നു; യമൻ, ലിബിയ, സിറിയ, ഇറാഖ‌് എന്നീ രാജ്യങ്ങളിലെ മനുഷ്യദുരന്തം അദ്ദേഹം പരാമർശിക്കുകയും ചെയ‌്തു. പരസ‌്പരവിശ്വാസം ആർജിക്കാൻ നടക്കുന്ന പ്രക്രിയയിൽ അനിവാര്യമായ മൗനം എന്ന വിലയിരുത്തലുകൾ അന്നുണ്ടായി. ദക്ഷിണ സുഡാനിൽ ക്രൈസ‌്തവരായ നേതാക്കൾ രക്തച്ചൊരിച്ചിൽ തുടരുമ്പോൾ മറ്റുള്ളവരെ പഴിച്ചിട്ട‌് എന്തുകാര്യമെന്നും  മാർപാപ്പ കരുതിയിട്ടുണ്ടാകാം. അദ്ദേഹത്തിന്റെ ഈ ചിന്തയുടെ പ്രതിഫലനമാണ‌് വത്തിക്കാനിൽ ഏപ്രിൽ 12നുണ്ടായത‌്. 
 

നല്ല  ഇടയൻ 

പീഡാനുഭവത്തിനുശേഷം വരുന്ന ഉയിർപ്പിന്റെ സന്ദേശത്തെക്കുറിച്ച‌് സംവദിക്കാൻ ഇതിലേറെ മറ്റൊരു ഉദാഹരണമില്ല. ‘ആടുകളുടെ വലിയ ഇടയൻ’ എന്ന‌് യേശുവിനെ ബൈബിളിൽ വിശേഷിപ്പിക്കുന്നു. ‘ആടുകളുടെ മണമുള്ള ഇടയന്മാരാണ‌് വേണ്ടതെന്ന‌്’ പുരോഹിതന്മാരോട‌് ഫ്രാൻസിസ‌് മാർപാപ്പ ഒരിക്കൽ പറയുകയുണ്ടായി. ജീവിതലാളിത്യവും ജനങ്ങളോടുള്ള ഇഴുകിച്ചേരലും അനിവാര്യമാണെന്ന‌് സൂചിപ്പിക്കാനായിരുന്നു ഈ ഉപമ. പ്രാർഥന എന്നത‌് ജീവിതമായി മാറുമ്പോഴാണ‌് ഈ ലക്ഷ്യം നേടാൻ കഴിയുക. ജപങ്ങൾ ഉരുവിട്ട‌് കഴിയുന്നതിലപ്പുറം മനുഷ്യരെ വീണ്ടെടുക്കാൻ കഴിയുന്ന പ്രവൃത്തികളിലൂടെയാണ‌് ഈ ഇടയസങ്കൽപ്പം സാക്ഷാൽക്കരിക്കപ്പെടുക. 

ലോകസാമ്പത്തിക ഉച്ചകോടി സമ്മേളനത്തിനായി കഴിഞ്ഞവർഷം ദാവോസിൽ നേതാക്കൾ ഒത്തുകൂടിയപ്പോൾ അവരോട‌് ഫ്രാൻസിസ‌് മാർപാപ്പ പറഞ്ഞു: ‘‘ലോകത്ത‌് കോടിക്കണക്കിനു പേരുടെ അന്തസ്സിന‌് മുറിവേറ്റിരിക്കുമ്പോൾ  നിശ്ശബ്ദരായി തുടരാനോ ദാരിദ്ര്യവും അനീതിയും വ്യാപിക്കുന്നത‌് കണ്ടില്ലെന്ന‌് നടിച്ച‌് മുന്നോട്ടുപോകാനോ നമുക്ക‌് കഴിയില്ല’’. സ്വന്തമായി സൈന്യമോ കറൻസിയോ ഇല്ലാത്ത രാജ്യത്തിന്റെ ഭരണത്തലവനായ മാർപാപ്പയുടെ ധാർമികശബ്ദം അശരണർക്കുവേണ്ടിയാണ‌് ഉയർന്നത‌്. ദാരിദ്ര്യത്തിൽനിന്നുള്ള മോചനമാണ‌് ജനകോടികൾക്കുവേണ്ടതെന്ന സന്ദേശം സമാധാനത്തിനുവേണ്ടിയുള്ള വലിയ ആഹ്വാനംകൂടിയാണ‌്. അധികാരവും പദവികളും ഉപയോഗിക്കേണ്ടത‌് സമാധാനത്തിനുവേണ്ടിയാണെന്ന‌് ഫ്രാൻസിസ‌് മാർപാപ്പ ലോകത്തോട‌് പറയുന്നു‌.

 

പ്രധാന വാർത്തകൾ
 Top