22 September Sunday

മോഡിക്കുശേഷമുള്ള ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

എല്ലാ ആള്‍ക്കൂട്ടക്കൊല നടത്തുന്നവര്‍ക്കും തങ്ങളെ പിന്തുണയ്‌ക്കുന്ന ഒരു ശക്തനായ നേതാവിന്റെ അദൃശ്യസാന്നിധ്യം അനുഭവപ്പെടുന്നു. ‘ഉരുക്കുമനുഷ്യന്റെ ആണത്ത’മാണ് പ്രീണന രാഷ്ട്രീയത്തിന്റെ മൂലധനം. അതാണ് മോഡിക്കുശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തിൽ വന്ന വഴിത്തിരിവെന്ന് ‘ഇന്ത്യ ആഫ്റ്റര്‍ മോഡി’ എന്ന പുസ്തകത്തില്‍ അജയ് ഗുഡവര്‍ത്തി ചൂണ്ടിക്കാട്ടുന്നു 

രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ദേശീയമാധ്യമങ്ങളൊന്നും രാഷ്ട്രീയം പറയുന്നില്ല. അഞ്ചുവർഷംകൊണ്ട് രാജ്യം നേരിട്ട തകർച്ചയെക്കുറിച്ച്  മൗനംപാലിക്കുകയും മോഡിമാഹാത്മ്യം ഉരുക്കഴിക്കുകയും ചെയ്യുന്ന മാധ്യമങ്ങൾ സംരക്ഷിക്കുന്നത് രാജ്യത്തിന്റെ താൽപ്പര്യമല്ല എന്ന് തീർച്ച. ദേശീയമാധ്യമങ്ങളുടെ ഈ കുറ്റകരമായ ദാസ്യത്തിന്റെ പശ്ചാത്തലത്തിലാണ് ‘ഇന്ത്യ ആഫ്റ്റർ മോഡി: പോപ്പുലിസം ആൻഡ‌് ദി റൈറ്റ്’ എന്ന പുസ്തകം പ്രസക്തമാകുന്നത്. ജെഎൻയുവിലെ രാഷ്ട്രമീമാംസ അധ്യാപകനാണ് അജയ് ഗുഡവർത്തി.

മോഡി 2014ൽ അധികാരത്തിൽ വന്നശേഷം അപരവൽക്കരണവും പുറന്തള്ളലുമാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മൗലികസ്വഭാവം എന്ന് വന്നിരിക്കുന്നു. രാജ്യത്തിനകത്തും പുറത്തും വിഭജനത്തിന്റേതായ  യുക്തിയാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽവന്ന് വയനാടിനെ പാകിസ്ഥാനാക്കുന്നു. ബംഗളൂരുവിൽച്ചെന്ന് കേരളത്തെ ഹിന്ദുവിരുദ്ധ സ്റ്റേറ്റായി ചിത്രീകരിക്കുന്നു. രോഹിൻഗ്യകളെ രാജ്യദ്രോഹികളാക്കുന്നു. അസമിലെ മുസ്ലിങ്ങളെ പുറത്താക്കിക്കൊണ്ടിരിക്കുന്നു. ഈ വിഭജനത്തിന്റെ മുറിവുകൾ എളുപ്പത്തിലൊന്നും ഉണങ്ങില്ല. അത് ദൈനംദിന രാഷ്ട്രീയത്തെ അപരിഹാര്യമായ പിളർപ്പിലേക്ക് നയിച്ചിരിക്കുന്നു.

ജനാധിപത്യം  ‘ജനപ്രിയത’യ‌്ക്ക് (പ്രീണനത്തിന്) വഴിമാറുന്നു. അമേരിക്കയിൽ ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണം, ബ്രിട്ടനിലെ ബ്രക്സിറ്റ്, സ്പെയിനിലെ പോഡിമോസ് ഭരണം, ഇന്ത്യയിൽ മോഡി ഭരണം ഇതെല്ലാം വലതുപക്ഷത്തിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ പുതിയ സന്ദർഭങ്ങളാണ്. ഒരാളെ ശക്തനായ ഭരണാധികാരിയായി അവതരിപ്പിക്കുക, ഭൗതികമായ ജീവിതത്തെ പുറന്തള്ളി ‘സദാചാരപരമായ’ രാഷ്ട്രീയത്തെ കേന്ദ്രത്തിലേക്ക് കൊണ്ടുവരിക, വികാരങ്ങളും കാമനകളും ഉണർത്തുക, സ്വകാര്യമായതെല്ലാം ജനമധ്യത്തിലെത്തിക്കുക, ഭരണകൂടസ്ഥാപനങ്ങളെ ആൾക്കൂട്ടങ്ങളെക്കൊണ്ട് പകരംവയ‌്ക്കുക എന്നിവയെല്ലാം പ്രീണന രാഷ്ട്രീയത്തിന്റെ പ്രത്യേകതകളാണ്. ക്ഷേമരാഷ്ട്ര സങ്കൽപ്പത്തെ നവലിബറൽ നയങ്ങൾകൊണ്ട് പകരം വച്ച സന്ദർഭത്തിലാണ് രാഷ്ട്രീയം പ്രീണനപരമാ-കാ-ൻ തുടങ്ങിയത്. അതോടെ ഇടതുപക്ഷത്തെപ്പോലെ പുരോഗമനപരവും സെക്കുലറുമായ ആശയങ്ങൾ പിന്തുടരുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങൾ കാലഹരണപ്പെട്ടവയാണെന്ന പ്രചാരണം ശക്തമായി. സാമ്പത്തികമായ അസമത്വവും തൊഴിലില്ലായ്മയും മറ്റും കഴിഞ്ഞ നൂറ്റാണ്ടിനേക്കാൾ വർധിച്ചിരിക്കുകയാണെങ്കിലും അതിന്റെ സ്വഭാവവും അനുഭവപ്പെടുന്ന രീതിയും മാറി. പ്രതിരോധം സൃഷ്ടിക്കുക പ്രയാ-സകരമാ-ക്കുംവിധം മുത-ലാ-ളിത്തം ബഹുരൂപിയാ-യി. പുരോഗമനാശയങ്ങൾക്കും സെക്കുലർ നിലപാടുകൾക്കുമുള്ള അംഗീകാരം നാൾക്കുനാൾ കുറഞ്ഞുവരുന്നു. 

അജയ് ഗുഡവര്‍ത്തി

അജയ് ഗുഡവര്‍ത്തി

ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയം ഇതുവരെ മുഖ്യധാ-രയിൽ ഇ-ടംനേടിയിരുന്നില്ല. ലിബറൽ വലതുപക്ഷ രാഷ്ട്രീയത്തിനായിരുന്നു മേൽക്കൈ. ഇടത്, -പുരോഗമന ആശയങ്ങൾക്കും ഈ ലിബറൽ രാഷ്ട്രീയാന്തരീക്ഷത്തിൽ പ്രസക്തിയുണ്ടായിരുന്നു. ഹിന്ദുക്കൾ കീഴാളരാണെന്നും ഹിന്ദുത്വരാഷ്ട്രീയം വിപ്ലവകരമായ രാഷ്ട്രീയമാണെന്നുമുള്ള പ്രതീതിയാണ് തീവ്രവലതുപക്ഷം ഇപ്പോൾ സൃഷ്ടിക്കാ-ൻ ശ്രമിക്കുന്നത്. എന്നാൽ, അവർ ഉയർത്തിപ്പിടിക്കുന്നതാകട്ടെ  ബ്രാഹ്മണ്യപ്രത്യയശാസ്ത്രവും. ഇക്കാലമത്രയും പുരോഗമന പ്രസ്ഥാനങ്ങൾ മുന്നോട്ടുവയ്ക്കുന്ന സമത്വചിന്തയിലധിഷ്ഠിതമായ പദാവലികളെ  തീവ്രവലതുപക്ഷം കവർന്നെടുക്കുന്നു. ലിബറലിസത്തെ അംഗീകരിക്കാതെതന്നെ അതിനെ രൂപപരമായി പുനഃസൃഷ്ടിക്കുകയാണ്  ഇന്ത്യൻ വലതുപക്ഷം. ഇത് തീവ്രഹിന്ദുത്വത്തിന് മറ്റ് പാർടികൾക്കൊപ്പം വന്നിരിക്കാനുള്ള ലൈസൻസ് ഉണ്ടാക്കിക്കൊടുക്കുകയാണുണ്ടായതെന്ന് ​ഗ്രന്ഥകാരൻ വിലയിരുത്തുന്നു.

ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഈ പ്രകടനപരതയെ അവസരവാദരാഷ്ട്രീയമായിമാത്രമേ ലിബറലുകൾ മനസ്സിലാക്കുന്നുള്ളൂ എന്ന വിമർശവും അദ്ദേഹം ഉന്നയിക്കുന്നു. ഭരണഘടനാമൂല്യങ്ങളെ വെല്ലുവിളിക്കുന്നതടക്കം ഹിംസാത്മകമായ മാർഗങ്ങളാണ് ഹിന്ദുത്വരാഷ്ട്രീയം  ഉപയോഗിക്കുന്നതെങ്കിലും അത്തരം പ്രവൃത്തികളിലൂടെ മാത്രമല്ല അവർ നിലനിൽക്കുന്നത്. ഈ ഹിംസയെപ്പോലും സാധൂകരിക്കുന്ന ചില ആഖ്യാനങ്ങൾ അവർ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അവയെ നിസ്സാരമായിക്കാണാനാകില്ല. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഇത്തരം ആഖ്യാനങ്ങളെ വിമർശാത്മകമായി അപഗ്രഥിക്കുകയാണ് ഈ കൃതി ചെയ്യുന്നത്. 

ഭരണഘടനാമൂല്യങ്ങളെ വിമർശിക്കാനുള്ള സ്വാതന്ത്ര്യത്തെ സംഘപരിവാർ പരസ്യമായി നിരാകരിക്കുന്നില്ല. അവർക്കുവേണ്ടി ലിബറൽ ബുദ്ധിജീവികളെ കൊന്നൊടുക്കാനും ഗോ സംരക്ഷണത്തിന്റെ പേരിൽ മുസ്ലിങ്ങളെയും ദളിതരെയും ഉന്മൂലനം ചെയ്യാനും അജ്ഞാത സംഘങ്ങളുണ്ട്. എന്നാൽ, ആ പ്രവർത്തനങ്ങളെയൊന്നും സംഘപരിവാർ പരസ്യമായി സാധൂകരിക്കില്ല. ലിബറലിസത്തിന്റെ കളിക്കളത്തിൽ അവർ ‘നിഷ‌്കളങ്ക’രായി കളി തുടരുന്നു. അവർ സെക്കുലറിസത്തെ നിരാകരിക്കില്ല. ‘കപട മതേതരത്വത്തെ’യാണ് അവർ ചോദ്യംചെയ്യുന്നത് എന്ന് പറയും. ന്യൂനപക്ഷപ്രീണനമാണ് സെക്കുലറിസത്തിന്റെ പേരിൽ നടക്കുന്നതെന്ന് അവർ ആരോപിക്കും. ചുരുക്കത്തിൽ ന്യൂനപക്ഷാവകാശങ്ങളെയും ഭരണഘടനാവാദത്തെയും നിരായുധമാക്കാനുള്ള ആഖ്യാനങ്ങളാണ് അവർ നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ലിബറലിസത്തിന്റെ ചെലവിലാണ് ഹിന്ദുത്വം അതിന്റെ വർഗീയപ്രചാരണങ്ങൾ നടത്തുന്നത്. എന്നാൽ, അവർ അധികാരത്തിൽ വരുമ്പോൾ മറ്റുള്ളവർക്ക് ലിബറലിസത്തിന്റെ ആനുകൂല്യം നിഷേധിക്കുന്നു.

ഇന്ത്യയിൽ പല കാലങ്ങളിലായി രൂപപ്പെട്ടുവന്ന ജാതിവിരുദ്ധ രാഷ്ട്രീയം മേൽജാതിവിഭാഗക്കാരെ മുറിപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ പ്രതാപം തിരിച്ചുപിടിക്കാനുള്ള അവസരത്തിനായി അവർ തക്കംപാർത്തിരിക്കുകയാണ്. കാർഷികമേഖലയിലെ തകർച്ച ഉത്തരേന്ത്യയിലെ പല മേൽജാതിക്കാരെയും സംവരണവിരുദ്ധ മുദ്രാവാക്യം നിർവിശങ്കം ഉന്നയിക്കാൻ പ്രേരിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ഒളിച്ചും പാത്തും പ്രവർത്തിച്ചിരുന്ന ജാതിക്കോയ്മയ‌്ക്ക് പരസ്യമായി പ്രവർത്തിക്കാനുള്ള അവസരം നവലിബറൽ നയങ്ങളിലൂടെ കൈവന്നിരിക്കുന്നു. മുസ്ലിംവിരുദ്ധതയുടെയും ആധാരം ഈ ജാതിക്കോയ്മതന്നെയാണ്. കോർപറേറ്റ് ആഭിമുഖ്യം പുലർത്തുമ്പോൾത്തന്നെ ആധുനിക വിരുദ്ധരാവുക എന്നതാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സ്വഭാവം. 

മോഡിയുടെ ഭൂതകാലവും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പദവിയും ദരിദ്രരെയും കോർപറേറ്റുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പുതിയ ആഖ്യാനത്തിന് രൂപം നൽകിയിട്ടുണ്ട്.  ചായ് വാല, ചൗകീദാർ എന്നിവയെല്ലാം ഒരർഥത്തിൽ പ്രോലിറ്റേറിയൻ പദങ്ങളാണ്. ‘ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന നേതാവാണ് മോഡി’ എന്ന് സമർഥിക്കാൻ മോഡിതന്നെ ഉൽപ്പാദിപ്പിച്ചതാണ് ഈ ആഖ്യാനം. പക്ഷേ, ഇവിടെ  ‘ജനം’ എന്നാൽ അദ്ദേഹത്തെ അനുകൂലിക്കുന്നവർമാത്രമാണ്. രാഷ്ട്രത്തിനുവേണ്ടി ചിലപ്പോൾ ജനാധിപത്യത്തെ വെല്ലുവിളിക്കേണ്ടിവരുമെന്നും നിയമം കൈയിലെടുക്കേണ്ടിവരുമെന്നും ശക്തനായ നേതാവിന്റെ പിന്തുണ അതിനുണ്ടെന്നുമാണ് ജെഎൻയു സമരത്തിൽ തീവ്രഹിന്ദുത്വം സ്വീകരിച്ച നിലപാട്. ദേശസ്നേഹികളും ദേശവിരുദ്ധരും തമ്മിലുള്ള സംഘർഷമാണ് അവിടെ നടക്കുന്നതെന്നും ദേശസ്നേഹത്തിന്റെ പേരിലാണ് തങ്ങൾ അക്രമം നടത്തുന്നതെന്നുമുള്ള കഥയാണ് അവർ സൃഷ്ടിച്ചെടുത്തത്. എല്ലാ ആൾക്കൂട്ടക്കൊല നടത്തുന്നവർക്കും തങ്ങളെ പിന്തുണയ‌്ക്കുന്ന ഒരു ശക്തനായ നേതാവിന്റെ അദൃശ്യസാന്നിധ്യം അനുഭവപ്പെടുന്നു. ‘ഉരുക്കുമനുഷ്യന്റെ ആണത്തമാണ്’ പ്രീണന രാഷ്ട്രീയത്തിന്റെ മൂലധനം. അതാണ് മോഡിക്കുശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽവന്ന വഴിത്തിരിവ്. കരുത്തനായ നായകനും അദ്ദേഹത്തിന്റെ ഭക്തരായ അനുയായികളും എന്നതാണ് സമകാല രാഷ്ട്രീയത്തിന്റെ പ്രരൂപം. 

മുസ്ലിംവിരുദ്ധ കലാപങ്ങളിലും ലിബറലുകളെ ഉന്മൂലനം ചെയ്യുന്നതിലും ഹിന്ദുത്വത്തിന്റെ കൈയിലെ ആയുധമായി പ്രവർത്തിക്കുന്നത് പലപ്പോഴും ദളിത് വിഭാഗങ്ങളാണ്. ഇതെന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ അജയ്  ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയത്തെ പൂർണമായും അനുഭവനിഷ്ഠമാക്കുകയാണ് തീവ്രവലതുപക്ഷം ചെയ്യുന്നത്. ഇടത് ലിബറലുകളെപ്പോലെ നിലവിലുള്ളതിനെ മാറ്റുക എന്നതല്ല അവരുടെ പദ്ധതി. പുരോഗമന രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഇതുയർത്തുന്ന വെല്ലുവിളി നിർണായകമാണ്.

പ്രധാന വാർത്തകൾ
 Top