28 February Sunday

ഹിമവാന്റെ ചോരഞരമ്പുകൾ മുറിയുമ്പോൾ

ബിന്നി യു എം binnium@gmail.comUpdated: Sunday Feb 21, 2021

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഫെബ്രുവരി ഏഴിനുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരും കാണാതായവരും എത്രയെന്ന്‌ കൃത്യമായി ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. ഹിമശൃംഗങ്ങളിൽ ആവർത്തിക്കുന്ന ദുരന്തങ്ങൾ മനുഷ്യൻ പ്രകൃതിയുടെ യജമാനനല്ലെന്ന‌ ഓർമപ്പെടുത്തൽ കൂടിയാണ്‌. ഭൂമിയുടെ മൂന്നാംധ്രുവമെന്നു വിശേഷണമുള്ള ഹിമാലയത്തിലെ മഞ്ഞുരുക്കത്തിന്റെ തോത് വര്‍ധിക്കുന്നതുമൂലമുണ്ടാകാൻ പോകുന്ന പാരിസ്‌ഥിതികാഘാതം ഇന്ത്യയിൽ മാത്രം പരിമിതപ്പെടുന്നുമില്ല 

 
 
മർത്യനും മൃഗവുമീ വൃക്ഷവും നക്ഷത്രവും
പട്ടുനൂലൊന്നിൽ കോർക്കപ്പെട്ടുള്ള മണികളാം
ക്ഷിപ്രമിച്ചരാചരമൊന്നായിത്തളർന്നുപോ-‐
മിപ്രപഞ്ചത്തിൻ ചോരഞരമ്പൊന്നറുക്കുകിൽ
കൈരളിയുടെ കാളിദാസനായ പി കുഞ്ഞിരാമൻനായരുടെ ജൈവനീതിബോധം കവിതയായി ഇങ്ങനെ ഒഴുകിപ്പരക്കുന്നു.
 
അന്ന്...
 
ഉത്തർകാശിയിലെ കെട്ടിടങ്ങള്‍

ഉത്തർകാശിയിലെ കെട്ടിടങ്ങള്‍

ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്ന് ദേവഭൂമിയിലേക്കുള്ള ആദ്യയാത്ര 2005ലായിരുന്നു. അന്നത് ഉത്തരാഞ്ചൽ. 2000ത്തിൽ ആണ് ഉത്തർപ്രദേശ് വിഭജിച്ച് ഉത്തരാഞ്ചൽ സംസ്ഥാനമുണ്ടായത്. ഉത്തരാഖണ്ഡ് എന്ന് പുനർനാമകരണം 2007ലും. 
 
ഹിമാലയത്തിലെ ചതുർധാമങ്ങളായ ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ്, പിന്നെ ഹരിദ്വാറും ഋഷികേശും ധന്യത നിറയ്‌ക്കുന്ന, കാളിദാസന്റെ കാവ്യഭാവനകളിൽ ശബളകാന്തിയാർന്ന ഹിമവൽശൈലം. ഹരിദ്വാറിൽനിന്ന്‌ ഗംഗോത്രിയിലേക്കുള്ള യാത്രയിൽ   ഉച്ചനേരത്താണ് ഉത്തരാഖണ്ഡിലെ ഉത്തർകാശിയെന്ന ചെറുപട്ടണത്തിൽ എത്തുന്നത്. വഴിയരികിൽ കിട്ടിയ കുടുസു ലോഡ്‌ജിൽ അഭയം തേടി. ഭാഗീരഥിയുടെ ഓരത്താണ് അതിപുരാതനമായ ഉത്തർകാശി പട്ടണം. വന്നവഴിയിൽ ദേവപ്രയാഗിൽ ഭാഗീരഥി ബദരിയിൽനിന്ന്‌ ഒഴുകി വരുന്ന അളകനന്ദയുമായി സംഗമിക്കുന്നത് കണ്ടിരുന്നു.
 
താമസസ്ഥലത്തിന് താഴെയായി ഭാഗീരഥിയുടെ നേർത്തശബ്‌ദം.  കടുത്ത യാത്രാക്ഷീണം കൊണ്ട് ഉറക്കത്തിലേക്ക് വഴുതി. വൈകിട്ട് ഉണർന്നെണീറ്റ് തങ്ങിയ ലോഡ്‌ജിന് താഴെ ഭാഗീരഥിയുടെ ഓരത്തുപോയി പരിസരങ്ങൾ കണ്ടപ്പോഴാണ് ഭയം തോന്നിയത്. നദിക്കരയിൽ തീപ്പെട്ടിക്കൂടുകൾ അടുക്കിവച്ചപോലെ ഒരുറപ്പുമില്ലാത്ത കൊച്ചുകൊച്ചു കെട്ടിടങ്ങൾ. ഞങ്ങൾ തങ്ങിയ ലോഡ്‌ജ്‌ അതിന്റെ ഏറ്റവും മുകളറ്റത്ത്. ചെറിയ ഒരു ചലനം മതി എല്ലാം ചീട്ടുകൊട്ടാരം പോലെ ഭാഗീരഥിയിലേക്ക് കൂപ്പുകുത്താൻ.
 
1991ൽ ഭീകരമായ ഭൂകമ്പം ഉലച്ചതാണ് ഉത്തർകാശിയെ. ഔദ്യോഗിക കണക്കുകളിൽ മരണം എണ്ണൂറോളം. ഇരുപതിനായിരത്തോളം വീടുകൾ പൂർണമായും എഴുപതിനായിരം  വീടുകൾ ഭാഗികമായും കടപുഴകിയ സംഹാരതാണ്ഡവം. അതിന്റെ ദുരന്തങ്ങൾ എമ്പാടും കാണാം.  ദുരന്തങ്ങളിൽനിന്ന്‌ പാഠം പഠിക്കാത്ത മനുഷ്യദുരയാണ് ചീട്ടുകൊട്ടാരങ്ങളുടെ സ്വപ്‌നക്കൂടുകൾ മാനംമുട്ടെ കെട്ടിയുയർത്തിയിരിക്കുന്നത്. സത്യത്തിൽ അന്നു രാത്രി ഉറങ്ങാൻ ഭയം തോന്നി. സമീപകാലത്ത് ഒരു വൻമല ഇടിഞ്ഞ് ഭാഗീരഥിയിലേക്ക് മറിഞ്ഞുകിടക്കുന്നത് കൺമുന്നിൽ.
 
അന്നു മനസ്സിൽ കണ്ടതിന്റെ തനിയാവർത്തനമായിരുന്നു, 2013ൽ. ഉത്തരാഖണ്ഡിലെമ്പാടും, ഉത്തർകാശിയിലും ഉണ്ടായ മിന്നൽ പ്രളയം  രാജ്യത്തെ നടുക്കി. ചൊരിമണലിൽ നിന്നെന്ന പോലെ, ഉത്തർകാശിയിൽ ഭാഗീരഥി തീരത്തെ വീടുകളും കെട്ടിടങ്ങളും ഗംഗയിലേക്ക് ഊർന്നുവീഴുന്നതിന്റെ വീഡിയോകൾ അന്ന് ഭാവനയിൽ കണ്ടതിന്റെ ആവർത്തനം. സൗമ്യകാശിയെന്നും വിളിപ്പേരുണ്ട്‌ ഉത്തർകാശിക്ക്‌. അന്ന്‌  മിക്കപ്രദേശങ്ങളും മിന്നൽ പ്രളയത്തിൽ തകർന്നടിഞ്ഞു.
പിന്നെയും വർഷങ്ങൾ കഴിഞ്ഞ് 2019ൽ ദീപാവലിത്തലേന്ന് ഉത്തർകാശിയിൽ വീണ്ടുമെത്തുമ്പോൾ എല്ലാം മറന്ന് പുതിയ എടുപ്പുകളും അലങ്കാരങ്ങളുമായി ഒരുങ്ങിനിൽക്കുന്ന പട്ടണം. സന്ധ്യ‌ക്ക്‌  തൃശൂർ പൂരത്തിന്റെ തിരക്ക്. പ്രളയപ്പാടുകളെല്ലാം മായ്‌ച്ച് വലിയ കെട്ടിടങ്ങൾ ഉയർന്നുനിൽക്കുന്നു. ഭാഗീരഥിയുടെ ചെരിവുകളിൽ ചെറുകെട്ടിടങ്ങൾ ഒരുപാട് വർധിച്ചു. നഗരമുഖമാകെ മാറി. 
 
നഗരമാകെ ഒരു സ്‌ഫോടനാവസ്ഥയിൽ. ഒരു വകതിരിവുകളുമില്ലാത്ത നിർമാണങ്ങളാണ് മലമുകളിലാകെ... ഇറുന്നുവീണ പ്രകൃതിയുടെ ചോരഞരമ്പുകളിൽ വിഷക്കൂണുകൾ പോലെ മുളച്ചുപൊന്തിയ കോൺക്രീറ്റ് കാടുകൾ.
 

ചമോലി, വീണ്ടും ദുരന്തഭൂമി

 
ചമോലി ജില്ലയിലാണ് പ്രശസ്‌തമായ ബദരിയും ഇപ്പോൾ ദുരന്തമുഖമായ ജോഷിമഠും. ടിബറ്റുമായി അതിർത്തി പങ്കിടുന്ന പ്രദേശം. 2013ൽ സംഹാരതാണ്ഡവമാടിയ പ്രളയത്തിന്റെ മായാമുദ്രകൾ ബദരിയിലേക്കുള്ള യാത്രാവഴിയിൽ അളകനന്ദയിലുടനീളം കാണാമായിരുന്നു. ചിലയിടത്ത് അളകനന്ദ വഴിമാറിയൊഴുകുന്നു. വേറേ ചിലയിടത്ത് പ്രളയം സൃഷ്ടിച്ച അഗാധ കയങ്ങൾ.. ആകെ താറുമാറായ വഴികൾ. വർഷങ്ങൾ പിന്നിട്ടിട്ടും ഇനിയും ശരിയാകാതെ അലങ്കോലപ്പെട്ടുകിടക്കുന്ന പാതകൾ. 
 
ബദരിക്കുമുമ്പുള്ള ചെറുപട്ടണമാണ് ജോഷിമഠ്. ശങ്കരാചാര്യർ സ്ഥാപിച്ചതെന്നു വിശ്വസിക്കുന്ന ജ്യോതിർമഠമാണ് ജോഷിമഠിന് ആ പേര് സമ്മാനിച്ചത്. ബദരീനാഥക്ഷേത്രം മഞ്ഞുമൂടുന്ന ആറുമാസക്കാലം പ്രദേശവാസികൾക്ക് ആശ്രയമാകുന്ന പട്ടണം. ജോഷിമഠിന് സമീപത്തെ നന്ദാദേവി ഗ്ലേഷിയറിൽ മഞ്ഞുരുക്കത്തെ തുടർന്നാണ് ഇത്തവണ ദുരന്തമുണ്ടായത്.  രാജ്യത്തെ രണ്ടാമത്തെ വലിയ കൊടുമുടിയായ നന്ദാദേവിയുടെ ഉത്തരഭാഗം ഇടിഞ്ഞാണ് മഞ്ഞുപാളി സ്‌ഫോടനത്തിനിടയായത്. ദുരന്തമുഖത്തെ ഋഷിഗംഗാ വൈദ്യുത പദ്ധതിക്കെതിരെ വൻ എതിർപ്പുയർന്നിരുന്നു. മല തുരന്നു നിർമിച്ച വൻതുരങ്കങ്ങൾ അപകടത്തിന്റെ തീവ്രതയേറ്റി.  ധൗലിദംഗാ, അളകനന്ദാനദികൾ രൗദ്രതാണ്ഡവമാടി. നൂറുകണക്കിന് ആളുകൾ മരിച്ചു, കാണാതെയായി.
 
കേവലം പത്തുകിലോമീറ്റർ അകലെയുള്ള ബദരി കഷ്ടിച്ചു രക്ഷപ്പെട്ടു. തീർഥാടനസീസൺ ആയിരുന്നെങ്കിൽ ബദരിക്കുമുകളിലെ തപോവനത്തിൽ ഉണ്ടായ വൻ മലയിടിച്ചിൽ മരണസംഖ്യ വല്ലാതെ ഉയർത്തിയേനെ. തപോവനിലെ എൻടിപിസിയുടെ ജലവൈദ്യുതപദ്ധതി തകർന്നടിഞ്ഞു. 
 

തെഹരിയുടെ വിലാപം

 

2006ൽ പൂർത്തിയായ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള അണക്കെട്ടുകളിലൊന്നാണ് ഉത്തരാഖണ്ഡിലെ തെഹരിയിലേത്. പക്ഷേ തെഹരിയെ ലോകമറിയുന്നത് അവിടെ നടന്ന പരിസ്ഥിതി സംരക്ഷണസമരത്തിന്റെ പേരിൽക്കൂടിയാണ്. ഭാഗീരഥിക്കുകുറുകെ 261 മീറ്റർ ഉയരത്തിൽ നിർമിച്ച പദ്ധതിക്കെതിരായി സുന്ദർലാൽ ബഹുഗുണയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടം ലോകം ശ്രദ്ധിച്ചതായിരുന്നു. ബഹുഗുണ പറഞ്ഞത് ‘ഞങ്ങൾക്കുവേണ്ടിയല്ല ഈ സമരം, മറിച്ച് രാജ്യത്തിനുവേണ്ടിയാണ്' എന്നായിരുന്നു. ബലം കുറഞ്ഞ ഹിമാലയനിരകളിൽ ശക്തമായ ജലപാതത്തെ തടഞ്ഞ് നിർമിച്ച കൂറ്റൻ അണക്കെട്ട് പൂർത്തിയായപ്പോൾ മുങ്ങിയ നഗരത്തെ ന്യൂ തെഹരിയിൽ പുനരധിവസിപ്പിക്കുകയായിരുന്നു.
 
പരിസ്ഥിതി സംരക്ഷിത പ്രദേശങ്ങളിലെ വനവൃക്ഷങ്ങൾ മുറിക്കുന്നതിനെതിരെ കർഷകരും ഗ്രാമീണരും ഒത്തുചേർന്ന ‘ചിപ്കോ' പ്രസ്ഥാനത്തിന്റെ നേതൃത്വം സുന്ദർലാൽ ബഹുഗുണയ്‌ക്കായിരുന്നു. ചാമോലി ജില്ലയിൽ ഗ്രാമീണ വനിതകൾ ഒത്തുചേർന്ന് 1973ൽ നടത്തിയ അക്രമരഹിതസമരം ഈ മേഖലയിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വേറിട്ടതാണ്.
 
മരം തങ്ങളുടെ വീടാണെന്ന് പ്രഖ്യാപിച്ച് ഗ്രാമീണ സ്ത്രീകൾ മരങ്ങൾക്ക് കവചമായി നിന്നാണ് അന്ന് സമരമുഖം തീർത്തത്. ചിപ്കോയിലൂടെ പരിസ്ഥിതി പാഠങ്ങളുടെ സമരസന്ദേശം ഇന്ത്യയാകെ വ്യാപിച്ചതും ചമോലിയിൽ നിന്നായിരുന്നു എന്ന് ചരിത്രസാക്ഷ്യം. ഈ പ്രദേശമാണ് ഇത്തവണ  ദുരന്തമുഖമായതും. 
 

കാലാവസ്ഥാ വ്യതിയാനം വില്ലൻ

 
മഞ്ഞുമലകൾ കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ഉരുകിയൊലിക്കുന്നത് ഇരട്ടിവേഗത്തിലെന്നാണ് പഠനറിപ്പോർട്ടുകൾ. താപനില വലിയതോതിലാണ് വർധിക്കുന്നത്. പർവതങ്ങളും വനങ്ങളും തടാകങ്ങളും സമ്പന്നമാക്കുന്ന ഉത്തരാഖണ്ഡ് സംസ്ഥാനം ഇന്ത്യയുടെ ഭൂചലന സാധ്യതാ പട്ടികയിൽ നാല്, അഞ്ച് സോണിലാണ്. കാലാവസ്ഥാ മാറ്റത്തിന്റെ വേഗം കുറയ്‌ക്കുന്ന ശാസ്‌ത്രീയ നീക്കങ്ങളിൽ രാജ്യം ഇനിയും ശ്രദ്ധിച്ചു തുടങ്ങിയിട്ടില്ല എന്നതിന്റെ മുന്നറിയിപ്പുകളാണ് അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങൾ.
എട്ടു വർഷം മുമ്പത്തെ ദുരന്തം മറവിയിലാക്കി പരിസ്ഥിതിക്കുനിരക്കാത്ത വികസന പ്രവർത്തനങ്ങൾ വില്ലനാകുന്നു. വേണ്ടത്ര പഠനങ്ങളില്ലാതെ നിർമിക്കുന്ന അണക്കെട്ടുകൾ ദുരന്തത്തിന്റെ ആഴം കൂട്ടുന്നു. വൻതോതിൽ മഞ്ഞുമലകൾ ഇടിയുന്നതും പരിസ്ഥിതിയെത്തന്നെ ദുർബലമാക്കുന്നു. ഇവിടുത്തെ നിത്യസംഭവമാണ് മലയിടിച്ചിലുകൾ. മുകളിലൂടെ ഏതാനും മൃഗങ്ങൾ ഒരുമിച്ച് ഓടിയാൽ ഉണ്ടാകുന്ന മൺചൊരിച്ചിൽ പോലും ഒരു പക്ഷേ താഴെയെത്തുമ്പോഴേക്ക് ഒരു മലയിടിച്ചിലായി മാറിയേക്കാവുന്നത്ര പാരിസ്ഥിതിക ദുർബല പ്രദേശങ്ങളാണ് പലയിടത്തും. അവിടെയാണ് താങ്ങാനാകാത്ത ഭാരം കൊടുക്കുന്ന വികലനിർമിതികൾ. പതിനായിരക്കണക്കിന് ഹെക്ടർ വനഭൂമിയാണ് ഉത്തരാഖണ്ഡിൽ മാത്രം നശിപ്പിക്കപ്പെടുന്നത്. പ്രതിവർഷം 50 സെന്റീമീറ്റർ  വീതം ഹിമാലയൻ കൊടുമുടികളിൽ മഞ്ഞുരുക്കം മൂലം മഞ്ഞുമലകളുടെ ഉയരം കുറയുന്നുവെന്നാണ് പഠനങ്ങൾ.
ഉപഗ്രഹപഠനങ്ങളുടെ അടിസ്ഥാനത്തിൽ നിരവധി പഠനറിപ്പോർട്ടുകൾ പുറത്തുവരുന്നുവെങ്കിലും ഉത്തരാഖണ്ഡിലെയും ഹിമാലയത്തിലെയാകെയും പരിസ്ഥിതി ദുർബല പ്രദേശങ്ങളിലെ നിർമാണപ്രവർത്തനങ്ങൾ ഒരു തടസ്സവുമില്ലാതെ തുടരുകയാണ്.
 
 ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിലേക്ക് സുഗമമായ പാതയൊരുക്കുന്ന 2000 കോടി രൂപാ ചിലവിൽ നിർമിക്കുന്ന ചതുർധാം പദ്ധതിയും ആശങ്കയിലാണ്. നൈനിതാൾ പോലെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉൾപ്പെട്ട വൻതോതിലുള്ള വികസനപ്രവർത്തനങ്ങളും ആ മേഖലകളിൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങളായി മാറിക്കഴിഞ്ഞു.
 
ഹിമാലയൻ മേഖലയിലാകെയുള്ള 8000ൽപ്പരം മഞ്ഞുതടാകങ്ങളിൽ ഇരുനൂറോളം എണ്ണം അപകടസാധ്യതകളുള്ളതാണ്. ഹിമപാളികളുടെ താപനില മൈനസ് 6 നും 20 നും ഇടയിലായിരുന്നത് ഇപ്പോൾ മൈനസ് 2 ആയി. ഇതും കടുത്ത മഞ്ഞുരുകലിന്റെ കാരണമായി വിദഗ്‌ധർ    വിലയിരുത്തുന്നു.
 
ആഗോളതാപനം കാരണമാകുന്ന മഞ്ഞുമലയിടിച്ചിൽ പ്രളയവും കനത്ത നാശവുമാണ് വരുത്തുന്നത്. മഞ്ഞുമലകളിൽ രൂപം കൊള്ളുന്ന തടാകം തകർന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് വഴിവയ്‌ക്കുന്നത് കാലാവസ്ഥാവ്യതിയാനമാണ്. അടുത്ത കാലത്തായി മഞ്ഞുരുകി രൂപം കൊണ്ട തടാകങ്ങളിൽ മലയിടിച്ചിൽമൂലം കല്ലും മണലും വന്നു നിറയുന്നതും മഞ്ഞുമലത്തടാകങ്ങളുടെ തകർച്ചയ്‌ക്ക്‌ കാരണമാകുന്നു.
ചിപ്കോ സമരകാലത്ത്‌  മരത്തെ  സംരക്ഷിക്കുന്ന സ്ത്രീകള്‍

ചിപ്കോ സമരകാലത്ത്‌ മരത്തെ സംരക്ഷിക്കുന്ന സ്ത്രീകള്‍

 
ഭൂമിയുടെ മൂന്നാംധ്രുവം എന്നു വിളിക്കുന്ന ഹിമാലയത്തിലെ മഞ്ഞുരുക്കത്തിന്റെ തോത് വർധിക്കുന്നത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ 80 കോടി ആളുകൾക്ക് ഭാവിയിൽ ശുദ്ധജലക്ഷാമത്തിന് വഴിവയ്‌ക്കുമെന്നാണ് കൊളംബിയ സർവകലാശാലയിലെ വിദഗ്ധർ പറയുന്നത്.
 
കേരളത്തിന് സഹ്യൻ പോലെ ഇന്ത്യയുടെയും നമ്മുടെ സംസ്‌കാരത്തിന്റെയും കാവലാളാണ്‌ ഹിമാലയഗിരിശൃംഗങ്ങൾ. പാരിസ്ഥിതികാവബോധം ഓരോ മനുഷ്യനിൽനിന്നും ഉരുത്തിരിയേണ്ട നീതിബോധമാണ്. പ്രപഞ്ചമെന്ന മഹാശൃംഖലയിലെ ഒരു കണ്ണിമാത്രമാണ് മനുഷ്യനെന്ന് അവൻ തിരിച്ചറിയേണ്ടിയിരിക്കുന്നു. പ്രകൃതിയിലെ ഏറ്റവും ദുർബലമായ ഈ ഹിമഗിരികളുടെ പരിപാലനം അതീവശ്രദ്ധയോടെ നിർവഹിക്കേണ്ട ഭരണതന്ത്രജ്ഞത അധികാരികളും നിർവഹിക്കേണ്ടതുണ്ട്.
 
ഈ ഹിമാനികൾ മഹത്തായ ഒരു സംസ്‌കൃതിയുടെ ഉറവയാണെന്ന ബോധം അടിസ്ഥാന പരിസ്ഥിതി ബോധമാണ്. മനുഷ്യന്റെ സുന്ദര ജീവിതത്തിൽ ഋതുപ്പകർച്ചകൾ സമ്മാനിക്കുന്ന പ്രകൃതിയോട് അവൻ വിധേയനാകണം.

ലോകമറിയുന്ന പരിസ്ഥിതിപ്രവർത്തകൻ ജെറാൾഡ് ഡെറൽ പറഞ്ഞിട്ടുണ്ട്, മനുഷ്യൻ ഭൂമിയുടെ ഏകാധിപതിയോ, യജമാനനോ അല്ല, ഈ ചരാചരലോകത്തിലെ വിസ്‌തൃതവും ഗഹനവും അതിലോലവും പരസ്‌പരാശ്രിതവുമായ ജൈവവലയത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന്.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top