16 July Tuesday

കൈയെത്തും ദൂരത്ത്‌ ‘ഫില്‍മോക്രസി’

സുനീഷ്‌ ജോUpdated: Sunday Feb 21, 2021
സിനിമയെടുക്കുക, സിനിമയുടെ ഭാഗമാകുക മലയാളി യുവത്വത്തിന്റെ സ്വപ്‌നം‌. ഡിജിറ്റൽ മാധ്യമങ്ങൾ നൽകുന്ന  സ്വാതന്ത്ര്യവും മാധ്യമങ്ങളുടെ ജനകീയവൽക്കരണവും ഇത്തരം സ്വപ്‌നങ്ങളിലേക്ക്‌ ആകർഷിക്കപ്പെടുന്നവരുടെ എണ്ണവും കൂട്ടുന്നു. ഒരുസിനിമയെടുത്താലോ എന്ന്‌ ആഗ്രഹിക്കുകയും ചോദിക്കുകയും ചെയ്യുന്നത്‌‌ വളരെ സാധാരണ കാര്യം. എന്നാൽ അതിന്‌ ഒരു കൈ സഹായംകൂടി കിട്ടിയാലോ. അതാണ്‌ ‘ഫില്‍ മോക്രസി.’ തിരക്കഥ തൊട്ട്‌ പോസ്റ്റ്‌ പ്രൊഡക്‌ഷൻ ജോലികൾക്ക്‌വരെ മാർഗനിർദേശംനൽകുന്ന ഒരുസംഘത്തിന്റെ പേരാണത്. എട്ട്‌ ഫീച്ചർ ഫിലിം അടക്കം 19 സിനിമയ്‌ക്ക്‌ സഹായം ലഭ്യമാക്കി കഴിഞ്ഞു. അതിൽ ചിലത്‌ സംസ്ഥാന സർക്കാർ അവാർഡ്‌  നേടി. ഫെസ്റ്റിവലുകളിൽ അംഗീകാരം നേടി ചിലത്‌‌.
 

തുടക്കം

 
നല്ല സിനിമയൊരുക്കാൻ എങ്ങനെ സഹായം ചെയ്യാമെന്ന ആലോചനയിൽനിന്നാണ്‌ ‘ഫില്‍ മോക്രസി’യുടെ തുടക്കം. ‌ സാമ്പത്തികസഹായം ഒരുസിനിമയിൽ ഒതുങ്ങുമെങ്കിൽ മെന്ററിങ്‌ പോലുള്ള കാര്യങ്ങൾ നിരവധി സിനിമകൾക്ക്‌ പ്രോത്സാഹനമാകുമെന്ന്‌ കണ്ടാണ്‌ ഫൗണ്ടേഷൻ രൂപീകരിച്ചത്‌–-‌ സംവിധായകൻ സഞ്‌ജു സുരേന്ദ്രൻ പറഞ്ഞു. ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു അത്‌. ബംഗളൂരു കേന്ദ്രമാക്കി ഫിലിം സൊസൈറ്റിയും ഫിലിം മാഗസിനുമൊക്കെ നടത്തിയിരുന്നു അദ്ദേഹം. സംവിധായകൻകൂടിയാണ്‌ ബാബുരാജ്‌. മൂന്നുവർഷം മുമ്പാണ്‌ കൂട്ടായ്‌മ ഉണ്ടാകുന്നത്‌‌. നിലവിൽ തൃശൂർ കേന്ദ്രമാക്കിയാണ്‌ പ്രവർത്തനം. കുറഞ്ഞ ചെലവിൽ സിനിമ ചെയ്യാൻ സ്വതന്ത്ര സിനിമാസംവിധായകരെ സഹായിക്കുകയായിരുന്നു സംഘത്തിന്റെ മുന്നിലുണ്ടായിരുന്ന ലക്ഷ്യം. നിർമാണ ഉപകരണങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയുംചെയ്യുന്നു. സംഘത്തിൽ സംവിധായകർ, ഛായാഗ്രാഹകർ, എഡിറ്റർമാർ, എഴുത്തുകാർ, അഭിനേതാക്കൾ, സംഗീത സംവിധായകർ, സാങ്കേതികപ്രവർത്തകർ തുടങ്ങിയവരുണ്ട്‌. ഉണ്ണി വിജയൻ, ക്രിസ്‌റ്റോ, അഭിലാഷ്‌ വിജയൻ, ശാന്തി ബാലചന്ദ്രൻ തുടങ്ങിയവരാണ്‌ നേതൃത്വം നൽകുന്നത്‌. ഫെബ്രുവരിയിലാണ്‌ സ്‌ക്രിപ്റ്റ്‌ മെന്ററിങ്‌ ആരംഭിച്ചത്‌.
 

സ്‌ക്രിപ്‌റ്റ്‌ മെന്ററിങ്‌

 

നല്ല സിനിമകൾക്ക്‌ ബലമുള്ള തിരക്കഥകൂടി വേണമല്ലോ. കരുത്താർന്ന തിരക്കഥയുണ്ടാക്കാൻ സഹായിക്കുകയാണ്‌ മെന്ററിങ്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ന്യൂനതകൾ പരിഹരിക്കുക ഒപ്പം വികസിപ്പിക്കാൻ കഴിയുന്ന കഥാസന്ദർഭങ്ങളുണ്ടെങ്കിൽ അത്‌ കണ്ടെത്തി അവതരിപ്പിക്കുക എന്നതൊക്കെ ഇതിൽപ്പെടുന്നു. ആവശ്യമായ സമയത്ത്‌, പരിഗണനകളോടെ മെന്ററിങ്‌ നൽകാൻ സംഘം ശ്രദ്ധിക്കുന്നു. തിരക്കഥയുടെ സ്വഭാവം അനുസരിച്ച്‌‌ അനുയോജ്യമായ സിനിമാപ്രവർത്തകരുടെ സഹായമാണ്‌ ലഭ്യമാക്കുന്നത്‌.
 
പരീക്ഷണവും പുതിയ ആശയങ്ങളും ചിന്തകളുമാണ് സിനിമയുടെ ജീവനാഡി. മുഖ്യധാര സിനിമയ്‌ക്ക്‌ പുറത്ത്‌ പരീക്ഷണചിത്രങ്ങൾക്കോ സ്വതന്ത്ര സിനിമകൾക്കോ വലിയ അവസരങ്ങൾ ലഭിക്കണമെന്നില്ല. സിനിമയെടുക്കൽ എന്നത്‌ ഇത്തരം ആളുകൾക്ക്‌ ഏറെ പ്രയാസകരമാകാം. അവർക്ക്‌ പ്രോൽ‌സാഹനവും സഹായവുമാകുമെന്ന പ്രതീക്ഷയുണ്ടെന്ന്‌ സഞ്‌ജു സുരേന്ദ്രൻ പറഞ്ഞു. ഫിലിം ഫെസ്‌റ്റിവൽ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്‌ ‘ഫിലിമോക്രസി’. വെബ്‌സൈറ്റ്‌: www.filmocracy.in

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top