23 March Saturday

ദീൻ ദയാൽ തൊഗാഡിയ

സൂക്ഷ്മൻUpdated: Sunday Jan 21, 2018
അർബുദം മാറ്റാനുള്ള ചികിത്സയാണ് പഠിച്ചത്. പ്രവീൺ തൊഗാഡിയ ശരിക്കും ഡോക്ടറാണ് അർബുദ ശസ്ത്രക്രിയയിൽ പ്രാവീണ്യമുള്ള ഡോക്ടർ. പക്ഷേ, എത്തിപ്പെട്ടത് മനസ്സുകളിൽ അർബുദം കുത്തിവയ്ക്കുന്ന വേദിയിൽ. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ഇണപിരിയാത്ത പ്രചാരക ദ്വന്ദമായാണ് എൺപതുകളിൽ നരേന്ദ്ര ഭായിയും പ്രവീൺ ഭായിയും അറിയപ്പെട്ടത്. നരേന്ദ്ര ദാമോദർ മോഡിയെ ബിജെപിയിലേക്ക് നിയോഗിക്കുന്നതിന് ഒരു വർഷംമുമ്പ് നാഗ്പുരിൽനിന്ന് പ്രവീൺ തൊഗാഡിയക്ക് കിട്ടിയ കൽപ്പന വിശ്വഹിന്ദുപരിഷത്തിൽ സജീവമാകാനായിരുന്നു. 1983ൽ തൊഗാഡിയ വിഎച്ച്പി നേതൃനിരയിൽ. ഗുജറാത്തിൽ മോഡിക്കാലത്തിന് വിത്തും വളവുമിട്ട് തൊഗാഡിയയുടെ ആയിരക്കണക്കിനു പ്രസംഗങ്ങൾ. 2002ൽ ഗുജറാത്ത് വംശഹത്യക്ക് എണ്ണപകർന്നതിൽ മുമ്പൻ തൊഗാഡിയതന്നെ.
 
സംഘത്തിന്റെ പരിവാറിൽ വിഎച്ച്പിയുടെ സ്ഥാനം ഉയർന്നതാണ്. അതിന്റെ ഇന്റർനാഷണൽ വർക്കിങ് പ്രസിഡന്റാണ് തൊഗാഡിയ. ആ മനുഷ്യനാണ്, കഴിഞ്ഞ ദിവസം പൊലീസിനെ പേടിച്ച് ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടതും ബോധരഹിതനായി പാർക്കിൽ വീണുകിടന്നതും ഒടുവിൽ തന്റെ ജീവൻ അപകടത്തിലെന്ന് കുത്ബുദ്ദീൻ അൻസാരിയെപ്പോലെ വിലപിക്കുന്നതും. താൻ ഏതുനിമിഷവും കൊല്ലപ്പെട്ടേക്കാം; അതിനെ ഏറ്റുമുട്ടൽ കൊലപാതകമായി അവർ ചിത്രീകരിക്കും; ഗൂഢാലോചന നടത്തുന്നത് ഡൽഹിയിൽനിന്നാണ്; അത് പ്രധാനമന്ത്രി നരേന്ദ്ര മോഡിതന്നെയാണ് തൊഗാഡിയ തുറന്നടിച്ചുകഴിഞ്ഞു.
 
മോഡി പ്രധാനമന്ത്രിയാകുംമുമ്പ് തൊഗാഡിയ തൂണിലും തുരുമ്പിലുമുണ്ടായിരുന്നു. എവിടെ കലാപത്തിന് വളക്കൂറുള്ള മണ്ണുണ്ടോ, അവിടേക്ക് പറന്നെത്തും. ആ ഫാക്ടറിയിൽനിന്നുള്ള ഏക ഉൽപ്പന്നം വിഷമാണ്. വിഷം വമിപ്പിക്കുന്ന വാക്കുകളുടെ അനർഗളനിർഗള പ്രവാഹത്തിൽ ഒരുവിധം വർഗീയവാദികൾ ഭ്രമിച്ചുപോകും. വീട്ടിൽ കുഞ്ഞുങ്ങളെ നോക്കി വെറുതെയിരിക്കുന്നവർ, വാളും ശൂലവുമായി അയൽക്കാരനെ കൊല്ലാനിറങ്ങിപ്പോകും. ഇന്ത്യക്ക് അതിരിടുന്ന കശ്മീർമുതൽ കേരളത്തിലെ മാറാടുവരെ തൊഗാഡിയയുടെ വിഷഗംഗ പ്രവഹിച്ചിട്ടുണ്ട്. കലാപം വിതയ്ക്കാനുള്ള അദ്വാനിയുടെ രഥയാത്രയും അയോധ്യയിലെ ശിലാന്യാസത്തിലും ബാബറി മസ്ജിദ് ധ്വംസനത്തിലും ഗുജറാത്ത് വംശഹത്യയിലും ഒഡിഷയിലെ ക്രിസ്ത്യൻവിരുദ്ധ കലാപത്തിലും തൊഗാഡിയയുടെ കൈയൊപ്പുണ്ട്. ആർഎസ്എസിന് ഇന്നലെവരെ ഒളിപ്പിച്ചുവച്ച തീവ്ര ഹിന്ദുത്വമുഖം പുറത്തെടുക്കാനുള്ള ഭൗതികസാഹചര്യം ഒരുക്കിയതാരെന്ന് ചോദിച്ചാൽ ആദ്യ ഉത്തരം പ്രവീൺ തൊഗാഡിയ എന്നുമാത്രം. അമ്പരപ്പിക്കുന്ന വർഗീയ വിദ്വേഷ പ്രചാരണത്തിലൂടെ തൊഗാഡിയ പരുവപ്പെടുത്തിയ  മണ്ണിലാണ് സംഘം മോഡി എന്ന വിത്തെറിഞ്ഞത്.
 
ഇന്നലെ അദ്വാനിയെങ്കിൽ ഇന്ന് മോഡി. നാളെ അത് യോഗി ആദിത്യനാഥാകാം. ആർഎസ്എസിന്റെ നിഘണ്ടുവിൽ 'നന്ദി' എന്ന വാക്കില്ല. ദീൻ ദയാൽ ഉപാധ്യായയെ കൊന്നതാരെന്ന് കണ്ടുപിടിക്കൂ എന്ന നിവേദനമാണ് മോഡി പ്രധാനമന്ത്രിയായ ഉടൻ ദീൻദയാലിന്റെ കുടുംബം നൽകിയത്. അതിൽ അന്വേഷണവുമില്ല; മറുപടിയുമില്ല. ഹരേൻ പാണ്ഡ്യ എന്ന ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി കൊല്ലപ്പെട്ടത് പ്രഭാതസവാരിക്കിടെയാണ്. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന പാണ്ഡ്യ ഗുജറാത്ത് വംശഹത്യയും മോഡിയും തമ്മിലുള്ള ബന്ധം അറിയാവുന്ന നേതാവുകൂടിയായിരുന്നു. കൂടെക്കിടന്ന് രാപ്പനി അറിഞ്ഞവർ കൊല്ലപ്പെടുന്നു എന്നതാണ് സവിശേഷത അവിടെയാണ് തൊഗാഡിയയുടെ വിലാപത്തിന്റെ പ്രസക്തി.
 
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് പാർക്കിൽ വീണ് മരിച്ചുകിടന്നാൽ തൊഗാഡിയക്ക് മികച്ച മരണാനന്തര ബഹുമതികൾ കിട്ടിയേക്കാം. പ്രതിമ പണിതേക്കാം. തൊഗാഡിയയുടെ നാമധേയത്തിൽ ദേശീയ 'യോജന'യും തുടങ്ങും. അതോടെ എൺപതുകൾമുതൽ മോഡി‐തൊഗാഡിയ ബന്ധത്തിൽ ജനിച്ച പാപങ്ങളുടെ രഹസ്യവും ഗുജറാത്തിലെ ആയിരങ്ങളുടെ കൊലപാതകത്തിന്റെ പൊരുളും ചാരമാകും. അതിന്റെ രസതന്ത്രം തൊഗാഡിയക്ക് മറ്റാരേക്കാളുമറിയാം. 'മോഡിയും അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ജോയിന്റ് കമീഷണർ ജെ കെ ഭട്ടും തമ്മിൽ കഴിഞ്ഞ 15 ദിവസത്തിനിടയിൽ നടത്തിയ ഫോൺ സംഭാഷണങ്ങൾ' പരിശോധിക്കാനുള്ള വെല്ലുവിളി ആ അറിവിന്റെ ഉൽപ്പന്നമാണ്. 
ഒന്നുറപ്പ്. തൊഗാഡിയക്ക് ഇനി സംഘപരിവാറിൽ ഭാവിയില്ല ചിത്രഗുപ്തന്റെ പട്ടികയിലേക്ക് ആ പേര് കയറിക്കഴിഞ്ഞു. അദ്വാനിയും ജോഷിയും വിസ്മരിക്കപ്പെട്ടെങ്കിൽ, യശ്വന്ത് സിൻഹ വെറുക്കപ്പെട്ടവനായെങ്കിൽ തൊഗാഡിയയെ കാത്തിരിക്കുന്നത് കൂടുതൽ കടുത്ത ശിക്ഷയാണ്. ആ ശിക്ഷയിലൂടെയും കലാപ സാധ്യത തുറക്കുമോ എന്നതാണ് രാജ്യം ഭയപ്പെടേണ്ടത്. മെക്ക  മസ്ജിദിലും സംഝോത എക്‌സ്പ്രസിലും  മരണം വിതച്ച് ഉത്തരവാദിത്തം മുസ്ലിം തീവ്രവാദികൾക്കെന്ന് പറഞ്ഞുപരത്തി കലാപം വിതച്ചവർക്ക് തൊഗാഡിയയും അത്തരമൊരു ഇരയായേക്കാം.   ഇന്നലെ ദീൻ ദയാലെങ്കിൽ ഇന്ന് തൊഗാഡിയ. നാളെ  ഡംപിങ് യാഡിലേക്കുള്ള വഴി തിരഞ്ഞ് എത്തുന്നവരിൽ മോഡിയെയും കണ്ടെന്നുവരും.
പ്രധാന വാർത്തകൾ
 Top