26 April Friday

കീഴ്‍പള്ളിയിലേക്ക് പോകുന്ന നേരം

അബിൻ ജോസഫ്Updated: Sunday Jan 21, 2018
ഭൂമിയുടെ അറ്റമെന്നാണ് ഞങ്ങളുടെ നാടിനെപ്പറ്റി തമാശയായി പറയാറുള്ളത്. ബസ് യാത്രയുടെ അവസാനത്തെ സ്റ്റോപ്പാണ് കീഴ്പള്ളി. പിന്നെ കുറച്ചുകൂടി പോയാൽ ആറളം ഫാമിലെത്തും. ഇപ്പോൾ ആദിവാസി പുനരധിവാസമേഖലയായതുകൊണ്ട് ആൾപ്പെരുമാറ്റമുള്ളയിടം. അതിനുമുമ്പ് അതും കാടുതന്നെ. മറ്റൊരു വഴിയേ പോയാൽ വിയറ്റ്‌നാമിലെത്താം. വിയറ്റ്‌നാമിലെ വഴി അവസാനിക്കുന്നത് കാടിന്റെ തുഞ്ചത്താണ്. കാടിനപ്പുറം കുടക്. പണ്ടൊക്കെ കാട് കയറിയിറങ്ങി കുടകിലേക്ക് പോകുമായിരുന്നു. കശുവണ്ടി വിൽക്കാനും മറ്റുമായിട്ട്. പലരും ആത്മഹത്യ ചെയ്യാൻ കാട്ടിലേക്ക് പോയിട്ടുണ്ട്; ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരരുത് എന്ന നിർബന്ധബുദ്ധിയോടെ. 
 
കീഴ്പള്ളിയിലെ ഒരു അരാജകവാദിയായിരുന്നു അത്തിക്കൽ കുഞ്ഞിക്കണ്ണൻ. എല്ലാ ഉന്മാദങ്ങളോടെയും ജീവിച്ച ഒരു മംഗലശേരി നീലകണ്ഠൻ. ഒരിക്കൽ സുഹൃത്തും അദ്ദേഹത്തിന്റെ കൊച്ചുമകനുമായ സനോജിനൊപ്പം തറവാട്ടിലിരിക്കുമ്പോൾ കേട്ട കഥകളിൽ നിറയെ കുഞ്ഞിക്കണ്ണനായിരുന്നു. ഏക്കറു കണക്കിനു സ്ഥലത്തിന്റെ ഉടമ, സ്വന്തം ആവശ്യത്തിനുള്ള കള്ള് ചെത്താൻമാത്രം തില്ലങ്കേരിയിൽനിന്ന് ചെത്തുകാരനെ കൊണ്ടുവന്ന് പാർപ്പിച്ചയാൾ, ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടിച്ചു തരില്ലെന്ന് പറഞ്ഞപ്പോൾ പെണ്ണിന്റെ അച്ഛനെ തോക്കിൻമുനയിൽ നിർത്തി കല്യാണം കഴിച്ച മനുഷ്യൻ; ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ സംഭവങ്ങളിലൊക്കെയും അദ്ദേഹത്തിന് ഹീറോപരിവേഷം. കൂസലില്ലാതെ കാര്യങ്ങളെ നേരിടുന്ന കുടിയേറ്റക്കാരെയും കമ്യൂണിസ്റ്റുകാരെയും ഇഷ്ടംപോലെ കണ്ടതുകൊണ്ട് വലിയ അത്ഭുതമോ അതിശയോക്തിയോ തോന്നിയില്ല. പക്ഷേ, അവിചാരിതമായൊരു വൈകുന്നേരം കുഞ്ഞിക്കണ്ണേട്ടനും അനുബന്ധ സംഭവങ്ങളും കഥയായി മാറി. 'ഫ്രഞ്ച് വിപ്ലവത്തിന്റെ പ്ലാൻ' എന്ന കഥയിൽ നിരാശാഭരിതരായ കുറച്ചു ചെറുപ്പക്കാരും 'നാടൻ കോർപറേറ്റായ' അപ്പ നായനാരുമാണ് കഥാപാത്രങ്ങൾ. നാടിന്റെ ചരിത്രത്തെ തകിടംമറിച്ച ജന്മിയെ കൊല്ലാൻ പദ്ധതിയിടുന്നതും അത് പരാജയപ്പെട്ട് ചെറുപ്പക്കാർ നാടുവിടുന്നതുമാണ് കഥ. പക്ഷേ, ആ കൊലപാതകശ്രമവും ഒളിച്ചോടലും അവർക്ക് പുതിയ തിരിച്ചറിവുകൾ നൽകുന്നു. നാട്ടിൻപുറം ജന്മി വെറുമൊരു ഐസ് ക്യൂബാണെന്നും ശരിക്കുള്ള മഞ്ഞുമലകൾ വേറെയാണെന്നും ജീവിതം അവരെ പഠിപ്പിക്കുന്നു. സത്യത്തിൽ കുഞ്ഞിക്കണ്ണേട്ടന്റെ ജീവിതത്തിലെ കല്യാണസംഭവംമാത്രമാണ് കഥയിൽ ഞാനുപയോഗിച്ചത്. കഥാപാത്രത്തിന് നൽകിയ പേരാകട്ടെ അപ്പ നായനാർ എന്നും. 
ശരിക്കും അപ്പനായർ ഞങ്ങളുടെ നാട്ടിലെ ജന്മിയായിരുന്നു. അദ്ദേഹത്തിന്റെ കൈയിൽനിന്നാണ് എന്റെ ചാച്ചനൊക്കെ സ്ഥലം വാങ്ങിച്ചത്. അദ്ദേഹത്തിന്റെ മകൻ ചന്ദ്രേട്ടൻ എന്റെ പപ്പായുടെ അടുത്ത സുഹൃത്തുമാണ്. വെറുതെ ഒരു വൈകുന്നേരം  വർത്തമാനം പറഞ്ഞിരിക്കുമ്പോൾ കേട്ട കാര്യങ്ങൾ കഥയായി മാറിയപ്പോൾ കഥാപാത്രങ്ങളും സംഭവങ്ങളും തലതിരിഞ്ഞു. ഇതുകൊണ്ടൊന്നും തീരുന്നില്ല. കീഴ്പള്ളിയിൽ കഥ ഒളിഞ്ഞുകിടക്കുന്ന ഖനികൾ ഇഷ്ടംപോലുണ്ട്.  
**********
കുടിയേറ്റവും കുരിശുപള്ളികളും കള്ളുഷാപ്പുകളുമുള്ള കീഴ്പള്ളിയും വായനശാലകളും സമരസ്മാരകങ്ങളും പാർടി ഓഫീസുകളുമുള്ള കല്യാശേരിയും തമ്മിൽ വലിയ ബന്ധമൊന്നുമില്ല. കുറച്ചുകാലം കല്യാശേരിക്കടുത്തുള്ള അഞ്ചാംപീടികയിൽ താമസിച്ചിട്ടുണ്ട്. അവിടെ ഒരു കോളേജിൽ താൽക്കാലിക അധ്യാപകനായിരുന്നു. ജോലിക്ക് ചേർന്ന ദിവസം വീട്ടിൽനിന്ന് പോയിവന്നു. താമസം ശരിയാകുമെന്ന പ്രതീക്ഷയിൽ ബാഗും സാധനങ്ങളുമായിട്ടാണ് രണ്ടാംദിവസം ഞാൻ വണ്ടി കയറിയത്. കോളേജിലെ സ്റ്റാഫായ പ്രകാശേട്ടനൊപ്പം പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും പറ്റിയൊരു മുറി ശരിയായില്ല. 
 
അങ്ങാടിയിലെ ഒരു ചായക്കടയിൽ നിരാശരായി നിൽക്കുമ്പോഴാണ് അറുപത് പിന്നിട്ട ഒരാൾ അവിടേക്ക് കയറിവന്നത്. പ്രകാശേട്ടനുമായി സംസാരിച്ചു കഴിഞ്ഞ് അദ്ദേഹം എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. രണ്ടു മുറിയുള്ള വീട്ടിൽ അദ്ദേഹം ഒറ്റയ്ക്കാണ്. ഭാര്യയും മകളും പേരക്കുട്ടികളും തൊട്ടടുത്തുതന്നെ മറ്റൊരു വീട്ടിൽ. ഇത് എഴുത്തുകാരെയും ചിത്രകാരന്മാരെയുമൊക്കെ അതിഥികളായി കിട്ടുമ്പോൾ ഉപയോഗിക്കുന്ന വീടാണ്. എഴുതുമെന്നറിഞ്ഞതോടെ അദ്ദേഹത്തിനും ആവേശമായി. എം ഗോവിന്ദനെപ്പോലുള്ള വലിയ മനുഷ്യരുടെ കൂടെ സഹവസിച്ച ആളായിരുന്നു, ഉടമസ്ഥൻ (ഞാൻ ചെറുകര മാഷ് എന്നുവിളിക്കുന്ന) ചെറുകര ബാലകൃഷ്ണൻ. അവിടെ താമസിച്ച മൂന്നുമാസത്തിനിടെയാണ് ഏറ്റവും നന്നായി എഴുതാൻ പറ്റിയത്. 
ക്ലാസില്ലാതിരുന്നൊരു വൈകുന്നേരം അഞ്ചാംപീടിക ടൗണിൽ നിൽക്കുമ്പോഴാണ് ഞാനയാളെ കണ്ടത്. ഇരുട്ട് പടർന്നുതുടങ്ങിയിരുന്നു. റൂമിലേക്ക് മടങ്ങാൻ ആലോചിക്കുകയായിരുന്നു ഞാൻ. തുരുതുരാ കഥയെഴുതിയതിന്റെ ക്ഷീണം തലച്ചോറിനെ പിടികൂടിയ സമയം. അയാൾ ദൂരെനിന്ന് നടന്നുവരികയാണ്. ടൗണിലേക്കുള്ള ചെറിയ കയറ്റം ആയാസമില്ലാതെ കയറുന്നു. പകൽവെളിച്ചം പൂർണമായും പോയിക്കഴിഞ്ഞതിനാൽ മുഖം മനസ്സിലാകുന്നേയില്ല. നീണ്ട മുടിയും ജുബ്ബയുമുണ്ട്. അത് ജോൺ എബ്രഹാമല്ലേ, ഞാൻ സ്വയം ചോദിച്ചു. അടുത്ത കണ്ണുചിമ്മലുകൾക്കപ്പുറം ആ രൂപം മാഞ്ഞുപോയി. ഞാൻ മുറിയിലേക്ക് മടങ്ങി. 
 
നമ്മുടെയെല്ലാം ജീവിതത്തിൽ മറ്റാർക്കും അറിയാത്ത രഹസ്യങ്ങളുടെ ഖനിയുണ്ട്. ഭൂമിയിലെ ഒരാളോടുപോലും പങ്കുവയ്ക്കാൻ നമ്മളാഗ്രഹിക്കാത്ത ചില സംഗതികൾ, അനുഭവങ്ങൾ, സ്വപ്‌നങ്ങൾ, വൈരങ്ങൾ, ആസക്തികൾ അതിലുണ്ടാകും. അങ്ങനെയെങ്കിൽ നമ്മൾ അറിയുകയും ആഘോഷിക്കുകയും ചെയ്യുന്ന ജോൺ എബ്രഹാമിന്റെ ജീവിതത്തിൽ മറ്റാരെല്ലാമുണ്ടായിരുന്നിരിക്കും. ജോൺ എബ്രഹാംപോലും അറിയാതെ അയാൾ സ്വാധീനിച്ച ആരെങ്കിലുമുണ്ടാകില്ലേ. കറുപ്പിന്റെ ലഹരിപോലെയാണല്ലോ, ചില സൗഹൃദങ്ങൾ. അങ്ങനെയാണ് '100 മില്ലി കാവ്യജീവിതം' എന്ന കഥയെഴുതുന്നത്. ജോൺ എബ്രഹാമിനോടുള്ള ആരാധനമൂത്ത് കവിതയെഴുതുകയും അയാളുടെ സിനിമ നിർമിക്കാൻ ഇറങ്ങിപ്പുറപ്പെടുകയും ചെയ്ത സദാനന്ദൻ വക്കീലിന്റെ കഥ. വാസ്തവത്തിൽ കഥയെഴുത്തൊക്കെ മതിയാക്കി വല്ല ഗൾഫിലും പോകാം എന്നാലോചിച്ച സമയമായിരുന്നു, അത്. പക്ഷേ, ആ കഥ എന്നെ മാറ്റിമറിച്ചു. ഇനിയേതായാലും പിന്നോട്ടില്ല എന്ന തീരുമാനമെടുക്കുന്നത് അതെഴുതിക്കഴിഞ്ഞിട്ടാണ്. കല്യാശേരി തീസിസ് എന്ന പുസ്തകത്തിലെ രണ്ടാമത്തെ കഥയാണ് '100 മില്ലി കാവ്യജീവിതം'. അപൂർവം കുറച്ചുപേർ മാത്രമേ ആ കഥയെക്കുറിച്ച് പറഞ്ഞിട്ടുള്ളൂ. കോളേജിലെ ജോലി അവസാനിപ്പിച്ച് ഞാൻ കോഴിക്കോട്ടെത്തി. പിന്നീടൊരിക്കലും അഞ്ചാംപീടികയിൽ പോയിട്ടില്ല. അടുത്ത യാത്രയിൽ അങ്ങനൊരു വൈകുന്നേരം ആരായിരിക്കും കഥയിലേക്ക് നടന്നുവരിക?
പ്രധാന വാർത്തകൾ
 Top