26 September Tuesday

സോക്കറിനെ നനച്ച രക്തവും കണ്ണീരും

എ ശ്യാംUpdated: Sunday Nov 20, 2022

 

1994 ജൂലൈ 17. പാസഡീനയിലെ റോസ്‌ബൗൾ സ്‌റ്റേഡിയം. അമേരിക്കൻ സായാഹ്നം. ഫുട്‌ബോൾ ലോകകപ്പ്‌ ചരിത്രത്തിൽ  വിജയികളെ തീരുമാനിക്കാൻ പെനാൽറ്റി ഷൂട്ടൗട്ട്‌ വേണ്ടിവന്നത്‌ ആദ്യമായി അന്നാണ്‌. ഇറ്റലിയുടെ അവസാന കിക്കെടുക്കാൻ റോബർട്ടോ ബാജിയോ വരുന്നു.  ബ്രസീൽ 3–-2ന്‌ മുന്നിലാണ്‌. മുഴുവൻ സമ്മർദവും മനസിലൊളിപ്പിച്ച്‌ ബാജിയോ സാവധാനം കിക്കെടുത്തു. പന്ത്‌ ഗോൾപോസ്‌റ്റിന്‌ ഏറെ മുകളിലൂടെ പാഞ്ഞപ്പോൾ ഇറ്റലിയുടെ പ്രതീക്ഷകൾ അവിടെ അസ്‌തമിച്ചു.

ആ ആൾക്കൂട്ടത്തിൽ ഏകാകിയായി തലകുനിച്ചുനിന്ന ബാജിയോ ലോകമെങ്ങും ഫുട്‌ബോൾ പ്രേമികളുടെ വേദനയായി.  വളരെക്കാലം കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായി. പിന്നീട്‌ ആശ്വാസം കണ്ടത്‌ ധ്യാനത്തിലും വായനയിലുമായിരുന്നു.  ലോകകപ്പിൽ ചുംബിക്കാൻ കഴിയാത്തതിനാൽമാത്രം പരാജിതരായി മുദ്രയടിക്കപ്പെട്ടവർ ബാജിയോയെ പോലെ ഏറെയുണ്ട്‌. അവരെ പരിചയപ്പെടുത്തുന്ന പുസ്‌തകമാണ്‌ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ എ പി സജിഷ എഴുതിയ ‘തോറ്റവന്റെ ഡ്രിബ്ലിങ്ങ്‌’.

ആൽഫ്രെദോ ദി സ്‌റ്റെഫാനോ മുതൽ  മെസിയും ക്രിസ്‌ത്യാനോ റൊണാൾഡോയും വരെ ഈ പുസ്‌തകത്തിലുണ്ട്‌. തൂപ്പുകാരിയുടെ മകനായ ഫുട്‌ബോൾ ഇതിഹാസം യോഹാൻ ക്രൈഫും  ഡോക്ടർ സോക്രട്ടീസും ഫുട്‌ബോൾ രക്തസാക്ഷി എസ്‌കോബാറുമുണ്ട്‌.  പരിക്കുമൂലം അകാലത്തിൽ ബൂട്ടഴിക്കേണ്ടിവന്ന  വാൻബാസ്‌റ്റനും ലഹരിക്കടിപ്പെട്ട്‌ ജീവിതം തുലച്ച ജോർജ്‌ ബെസ്‌റ്റുമുണ്ട്‌. ഖത്തറിലെ മഹോത്സവത്തിന്‌ ഇന്ന്‌ പന്തുരുളുമ്പോൾ അവരെയെല്ലാം ഓർമിപ്പിക്കുന്ന ഈ പുസ്‌തകം ആധുനിക സോക്കർ ചരിത്രത്തിലേക്ക്‌ കിളിവാതിലാണ്‌. പ്രശസ്‌ത കളിയെഴുത്തുകാരൻ എ എൻ രവീന്ദ്രദാസാണ്‌ പുസ്‌തകം അവതരിപ്പിക്കുന്നത്‌. 

 

 

 

ഒരിക്കലെങ്കിലും ജയിക്കുന്ന സ്വപ്‌നം

ലേഖാരാജ്‌

എല്ലാവരും എഴുത്തുകാരാകുന്ന ഇക്കാലത്ത്‌ എല്ലാവരാലും വായിക്കപ്പെടുംവിധം ഭാഷാവരമുള്ള ആളായിരിക്കുക പ്രധാനമാണ്‌. കഥയായാലും ലേഖനങ്ങളായാലും വിവർത്തനം ആയാൽപ്പോലും ഉൾക്കൊള്ളേണ്ടുന്ന ആ വരം ജോണി എം എൽ സ്വായത്തമാക്കിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ പുതുതലമുറ നോവലുകൾക്കിടയിലും ത്രില്ലർ മിസ്റ്ററി നോവലുകൾക്കിടയിലും പുത്രസൂത്രമെന്ന അദ്ദേഹത്തിന്റെ ആദ്യ നോവൽ വേറിട്ടുനിൽക്കുന്നു.

ജനലാശുപത്രി എന്ന ആദ്യവരിയിലെ പ്രയോഗംകൊണ്ടുതന്നെ തിരുവനന്തപുരമെന്ന നാടിനെ നോവലിന്റെ പശ്ചാത്തലത്തിലേക്ക്‌ കുടഞ്ഞുവിരിച്ചിരിക്കുന്നു. സമൂഹം രണ്ടാംനിരയിൽ സീറ്റ്‌ നൽകിയ രാമചന്ദ്രനെന്ന വിപ്ലവകാരിയെ, അദ്ദേഹത്തിന്റെ സ്വത്വസംഘർഷത്തെ വരച്ചുകാട്ടുന്ന നോവലിൽ ശക്തരായ സ്‌ത്രീകഥാപാത്രങ്ങളുമുണ്ട്‌. "രാഷ്ട്രീയശരി'കൾക്കുവേണ്ടി തിരുകിക്കയറ്റിയ സ്‌ത്രീശാക്തീകരണമല്ലെന്നത്‌ ചെല്ലാണിച്ചിയുടെയും സുഗന്ധിയുടെയും ദേവകിയുടെയും കഥാപാത്രങ്ങളിൽ വ്യക്തമാകും.

നട്ടെല്ലില്ലാത്ത പുരുഷൻമാരെ പുലഭ്യംപറഞ്ഞ്‌ ആട്ടിയകറ്റുന്നതോടൊപ്പം കുടുംബനാഥത്വത്തിന്റെ പങ്കായം ഏറ്റെടുക്കുന്നവൾ... സമത്വത്തിനുവേണ്ടി വീറോടെ വാദിക്കുന്ന രാമചന്ദ്രൻ എന്തുകൊണ്ട്‌ വേദിയിൽത്തന്നെ രണ്ടാംനിരയിലാക്കപ്പെട്ടു എന്നത്‌ ഒറ്റനോട്ടത്തിൽ ഗ്രഹിക്കുന്നവൾ... ശിവഗിരി തീർഥാടന ഘോഷയാത്ര കാണാൻ ദൂരെ മാറിനിൽക്കുന്ന കറുത്ത സ്‌ത്രീകൾക്കും മഞ്ഞവസ്‌ത്ര ധാരികൾക്കുമിടയിൽ മുറിച്ചുകടക്കേണ്ട ഒരു തോടുണ്ട്‌ എന്നത്‌ ആദ്യകാഴ്‌ചയിൽ മനസ്സിലാക്കുന്നവൾ... ഒക്കെ നോവലിന്‌ മിഴിവേകുന്നു. 155 താളുകളിലായി ഒരു ജീവചരിത്രം എഴുതാമെന്നും നാടിന്റെയും പ്രദേശത്തിന്റെയും ചരിത്രത്തിനപ്പുറം രാഷ്ട്രീയവിശ്വാസത്തിന്റെ ചരിത്രമാകാമെന്നും പുത്രസൂത്രം വ്യക്തമാക്കുന്നു.

തോറ്റുപോയവരുടെ ജീവിതത്തിലും ഒരിക്കലെങ്കിലും ജയിക്കുന്ന സ്വപ്‌നമുണ്ടാകുമല്ലോ. രാമചന്ദ്രന്റെ ജീവിതം തോറ്റുപോയവന്റേതെന്ന്‌ കരുതി നാം വായിച്ച്‌ അവസാനിപ്പിക്കുമ്പോൾ പിൻകുറിപ്പിലുള്ള ട്വിസ്റ്റ്‌ കാണാതെ പോകാൻ സാധിക്കില്ല. ദീപാങ്കുരനെന്ന സുഹൃത്ത്‌ നോട്ടുപുസ്‌തകത്താളിൽ കുറിച്ചിട്ട സ്വന്തം അച്ഛന്റെ ജീവിതയാത്രയുടെ കരട്‌ കലരാത്ത പകർപ്പെഴുത്തെന്ന്‌ നോവലിസ്റ്റ്‌ പിൻകുറിപ്പിൽ മനസ്സ്‌ തുറക്കുമ്പോൾ രാമചന്ദ്രന്റെ സോഷ്യലിസ്റ്റ്‌ ജീവിതം വിജയമാകുന്നത്‌ കാണാം.

 

മലബാർ കർഷകസമരത്തിന്റെ പുനർവായന

സി വി അഹ്‌മദ്‌ മാട്ടൂൽ

ഖിലാഫത്ത്‌ നിസ്സഹകരണ സമരചരിത്രമാണ്‌ അസ്ലം അറയ്‌ക്കൽ രചിച്ച ‘ഖിലാഫത്തുപ്പാപ്പ’. മലബാർ കാർഷിക കലാപത്തിലെ  പണ്ഡിതനായ ആലി മുസ്ല്യാരെ സ്നേഹത്തോടെ വിളിച്ചിരുന്ന പേരാണ് ഖിലാഫത്തുപ്പാപ്പ.  ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനം ബ്രിട്ടീഷ് രാജിനെതിരെ രാജ്യവ്യാപകമായി സമരം കടുപ്പിച്ചപ്പോൾ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിൽ തെറ്റിച്ച്‌ വർഗീയ കലാപമാക്കി മാറ്റുന്നത്  ഈ പുസ്തകം തുറന്നുകാട്ടുന്നു. ദേശവ്യാപകമായി നടന്ന ഖിലാഫത്ത്‌ കോൺഗ്രസ്‌ നിസ്സഹകരണ പ്രസ്ഥാനം ഒടുവിൽ ഏറനാട്‌ കേന്ദ്രീകരിച്ചുള്ള  മാപ്പിള സായുധവിപ്ലവമായി മാറുന്ന സാഹചര്യത്തെ യുക്തിഭദ്രമായി  അവതരിപ്പിക്കാൻ ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുണ്ട്. 

പാവപ്പെട്ട മാപ്പിള കർഷകരുടെമേൽ ബ്രിട്ടീഷുകാരുടെ ഒത്താശയോടെ ജന്മിമാർ ചുമത്തിയ അന്യായമായ നികുതി പിരിവ്, ഉയർന്ന പാട്ടം, കുടിയൊഴിപ്പിക്കൽ എന്നീ നീതിനിഷേധങ്ങൾ ദൃക്‌സാക്ഷികളായ മൊയ്യാരത്ത്‌ ശങ്കർ, ഈ മൊയ്‌ദു മൗലവി എന്നീ സമകാലികരുടെ ഗ്രന്ഥങ്ങൾ ആസ്പദമാക്കി വിവരിക്കുന്നു.

സീതികോയ തങ്ങളുടെ ജന്മിത്തത്തെക്കുറിച്ചുള്ള പ്രതികരണവും എം പി നാരായണ മേനോന്റെ നേതൃത്വത്തിൽ ജന്മിമാർക്കെതിരെ നടത്തിയ പ്രക്ഷോഭവും ഇതിന് പ്രതികാരമായി മഞ്ചേരിയിൽനിന്നു തിരൂരിലേക്ക് കാലുകളിലും കൈകളിലും കാരിരുമ്പ് ചങ്ങല കെട്ടി വെള്ളപ്പട്ടാളം ചാട്ടവാർകൊണ്ട് ആഞ്ഞടിച്ച്‌ എം പി നാരായണ മേനോനെ കൊണ്ടുപോയതുമെല്ലാം പുസ്‌തകത്തിൽ ഇതൾവിരിയുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ പ്രധാന ഏടായ മലബാർ കർഷക സമരത്തിന്റെ പുനർവായനയ്‌ക്ക്‌  ഈ പുസ്തകം വഴികാട്ടിയാകും.

 

മദ്യം വിളമ്പുന്ന മനുഷ്യ ജീവിതങ്ങളിലേക്ക്

ഹരികൃഷ്‌ണൻ രവീന്ദ്രൻ

നമുക്ക്‌ അന്യമായ ദേശങ്ങളിലൂടെയും കാലങ്ങളിലൂടെയും വ്യക്തികളിലൂടെയും ആവാസ വ്യവസ്ഥിതികളിലൂടെയും ഒക്കെയുള്ള കഥാസഞ്ചാരങ്ങൾ പുതുമയും അത്ഭുതങ്ങളും സമ്മാനിക്കും. ആധികാരികമായ അടിത്തറകൂടി ഉണ്ടെങ്കിൽ ആ ഉദ്ദേശ്യവും ലക്ഷ്യവും കൂടുതൽ വ്യക്തവും സ്ഫുടവുമായി തീരും. പ്രതാപന്റെ ആദ്യ നോവലായ ‘ബാർമാൻ’ കൂട്ടിക്കൊണ്ടുപോകുന്നത്‌ ആ നേർച്ചിത്രങ്ങളിലേക്കാണ്. മദ്യം വിളമ്പുന്ന മനുഷ്യരുടെ ജീവിതങ്ങളിലേക്ക് എത്തിനോക്കിയാൽ കാണാനാകുക യാതനകളും പ്രാരബ്ധങ്ങളുമൊക്കെ അനുഭവിക്കുന്ന കഥകളായിരിക്കും. ബാർ എന്നത് പല മനുഷ്യരിലും പല രൂപത്തിലാകും പതിഞ്ഞിട്ടുണ്ടാകുക.

ജഗദീഷ് ചന്ദ്രൻ എന്ന യുവാവ് പഠനശേഷം താൽക്കാലിക ജോലിക്കായി തലസ്ഥാനത്തെ ഗന്ധർവ ബാറിലേക്ക് എത്തുന്നതും തുടർന്നുള്ള സംഭവബഹുലമായ ജീവിതവുമാണ് നോവലിന്‌ ആധാരം. ബാറിലെ പലവിധ ശ്രേണിയിൽപ്പെടുന്ന നിത്യസന്ദർശകരിൽനിന്ന്‌ പലതും പഠിക്കുന്നു. കവി അയ്യപ്പനടക്കമുള്ളവർ കഥാപാത്രമാകുമ്പോൾ നോവലിന്റെ നേരിനെയും അത് അടയാളപ്പെടുത്തുന്നു. തലസ്ഥാന നഗരിയും അവിടത്തെ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെയുള്ളവയും കഥയിൽ കടന്നുവരുന്നു. ലളിതമായ ഭാഷയിലുള്ള നോവൽ മികച്ച വായനാനുഭവമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top