02 June Tuesday

മരുസാഗരത്തിലെ മൃതസാഗരം

കുഞ്ഞനിയൻ ശങ്കരൻ മുതുവല്ലൂർ Kunhaniyanneerad@gmail.comUpdated: Sunday Oct 20, 2019
മധ്യധരണ്യാഴിയിലെ ചാവുകടൽ. അരിസ്റ്റോട്ടിലിന്റെ കൃതികളിലും ബൈബിളിലും മറ്റു പ്രാചീനഗ്രന്ഥങ്ങളിലും വാഴ്‌ത്തപ്പെട്ട അറേബ്യൻ സുന്ദരി.  നിമ്നോന്നതങ്ങളായ പർവതങ്ങളും സർപ്പരൂപിയായ പാതകളും ചുറ്റി  ഭൂമിയിലെ ഏറ്റവും താഴ്‌ന്ന പ്രദേശത്ത് എത്തുമ്പോൾ മുന്നിൽ ആകാശഗംഗ. ജോർദാൻ റിഫ്റ്റ് വാലിയിൽ സമുദ്രനിരപ്പിൽനിന്ന് 1388 അടി താഴെയാണ്‌ ഈ മൃതസാഗരത്തിന്റെ സ്ഥാനം. കിഴക്ക്‌ ജോർദാൻ, പടിഞ്ഞാറ്‌ ഇസ്രയേൽ. ഏകദേശം 600 ചതുരശ്ര കിലോമീറ്ററിൽ 50 കി. മീ നീളത്തിലും 10 കി.മീ വീതിയിലും വ്യാപിച്ചുകിടക്കുന്നു ഈ ജലശയ്യ. പ്രപഞ്ചത്തിൽ ഇതുവരെ അടയാളപ്പെടുത്തപ്പെട്ട ഏറ്റവും താഴ്‌ചയേറിയ ഉപ്പ് തടാകത്തിന്‌ ആഴം  1004 അടി. സമുദ്രജലത്തേക്കാൾ പതിന്മടങ്ങ് ലവണാംശമുള്ളതിനാൽ  ജീവജാലങ്ങളെ മാറോടണയ്‌ക്കാൻ കഴിയാത്ത  ദുഃഖമുറഞ്ഞ കടൽപ്പരപ്പ്‌. വർഷകാലത്ത്‌ ജലപ്രവാഹത്തിനൊപ്പമെത്തുന്ന ബാക്ടീരിയകൾമാത്രമാണ് ചാവുകടലിന്‌ സന്തോഷമേകുന്ന ജീവസാന്നിധ്യം. ആരെയും ഒരിക്കലും ആഴത്തിലേക്ക്‌ വലിച്ചുതാഴ്‌ത്തില്ല ഈ മാന്ത്രികക്കടൽ.   
 
 പ്രതാപത്തിന്റെ കഥകൾ പറയാനുണ്ട് ചാവുകടലിന്‌. തന്റെ  കളിമണ്ണുകൊണ്ട് റോമൻ ചക്രവർത്തിയായ സീസറിന്റെ പ്രണയിനി ക്ലിയോപാട്രയുടെ മുഖം മിനുക്കിയ ചമയക്കാരിയാണവൾ.  അസ്‌ഫാൾട്ട്‌ എന്ന കറുത്ത മിശ്രിതംകൊണ്ട്  പ്രതാപികളായ   ഈജിപ്ഷ്യൻ "മമ്മി’കളുടെ  കാലാതീതമായ കാത്തുസൂക്ഷിപ്പ്‌ സാധ്യമാക്കിയ പ്രാചീന രസതന്ത്രത്തിന്റെ കഥകളും അറേബ്യയും മധ്യേഷ്യയും യൂറോപ്പുമെല്ലാം അടക്കിവാണ ചക്രവർത്തിമാരുടെ സൗന്ദര്യാരാധനയുടെ കുറെ അരമന രഹസ്യങ്ങളും ൾ വേറെയുമുണ്ട്‌. .
അടിത്തട്ടിലടിഞ്ഞ സമൃദ്ധമായ ഉപ്പിന്റെയും നീറുന്ന കറുത്ത ചളിയുടെയും തൊലി വെളുപ്പിക്കുന്ന ഗുണഗണങ്ങൾ ലോകം അറിഞ്ഞപ്പോൾ ചാവുകടൽ മരണത്തിന്റെ മണിമുഴക്കം കേട്ടുതുടങ്ങി. മഗ്നീഷ്യവും കാത്സ്യവും പൊട്ടാസിയവും സൾഫറും എല്ലാം പ്രകൃതിതന്നെ കുട്ടിക്കുഴച്ച  ഔഷധക്കൂട്ടിന്റെ രസതന്ത്രം "അൽബഹർ അൽ മെയ്യത്ത്’ എന്ന ചാവുകടലിനെ ചൂഷണത്തിന് ഇരയാക്കി. ലോക കമ്പോളത്തിലെ സൗന്ദര്യവർധക വസ്‌തുക്കളിൽ താരമായിമാറി ചാവുകടലിന്റെ ഉപ്പും മണ്ണും.  വ്രണവും  സോറിയാസിസുംമുതൽ വാതവും തലവേദനയുംവരെ  കടലിലെ കളിമണ്ണുകൊണ്ട്  മാറ്റിയെടുക്കാമെന്നായപ്പോൾ ചൂഷണത്തിന്റെ വ്യാപ്‌തികൂടി. യന്ത്രങ്ങളുടെ പരാക്രമം  ഉപ്പുകടലിനെ വിവശയാക്കി. എങ്കിലും ജോർദാന്റെ ആകാശത്ത് ഉയർന്ന് പറക്കുന്ന ജൈറോ കോപ്റ്റുകളിൽനിന്നുള്ള ചാവുകടൽക്കാഴ്‌ചയെ വെല്ലാൻ മറ്റൊന്നില്ല.  പർവതങ്ങളെ തൊട്ടുതലോടി  ദേവഭൂമികളായ രണ്ട് രാജ്യങ്ങളുടെ മധ്യത്തിലൂടെയുള്ള ചെലവുകുറഞ്ഞ ആകാശയാത്ര. കൂടാതെ,  ചാവുകടൽ മ്യൂസിയത്തിലെ വിജ്ഞാനപ്രദമായ കടൽക്കാഴ്‌ചകളും. 500 അടി ഉയരത്തിലുള്ള പനോരമിക് സമുച്ചയത്തിൽനിന്ന് അസ്‌തമയ സൂര്യനെ സാക്ഷിയാക്കി ചാവുകടൽ കാണാം.  ജറുസലേമിലെയും ബത്‌ലഹേമിലെയും വെസ്റ്റ് ബാങ്കിലെയും നിയോൺ വെളിച്ചത്തിന്റെ ദൂരക്കാഴ്ചകൾകൂടിയാകുമ്പോൾ അഭൗമമായ സൗന്ദര്യം. 
 
വരണ്ടുണങ്ങി വിസ്‌മൃതിയിലേക്കാണ്‌ ചാവുകടലിന്റെ യാത്ര.  20–--ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ 1050 ചതുരശ്ര കിലോമീറ്ററിൽ നിറഞ്ഞുനിന്ന ചാവുകടൽ ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോൾ മെലിഞ്ഞു. കരയെടുത്തത് 450 ചതുരശ്ര കിലോമീറ്റർ. തന്റെ ജലസമാധി അകലെയല്ലെന്ന്‌ അടുത്തുെചല്ലുമ്പോൾ ഈ കടൽ സൗമ്യമായി മന്ത്രിക്കും. ദേശാന്തര കൂട്ടായ്‌മയിലൂടെ ചാവുകടലിനെ വീണ്ടെടുക്കാൻ ഇനിയും വൈകിയാൽ  ചാവുകടലും ഓർമയാകും.

 

പ്രധാന വാർത്തകൾ
 Top