06 July Monday

ഒമാന്റെ നിഗൂഢതകളിലൂടെ

എം കൃഷ്‌ണUpdated: Sunday Oct 20, 2019

ആയിരത്തൊന്നു രാവുകളിലെ ആ സ്വപ്‌ന ഭൂമി അതീവസുന്ദരമായ ഭാഷയില്‍ ലളിതമായി ദൃശ്യമികവോടെ നമുക്കുമുന്നില്‍ അനാ വൃതമാകും. അറേബ്യന്‍ അര്‍ധദ്വീപിന്റെ കിഴക്കേമൂലയില്‍ സ്ഥിതിചെയ്യുന്ന ഒമാന്‍ നെഞ്ചിലുടക്കുന്ന ഒട്ടേറെ കാഴ്ചകള്‍ സഞ്ചാരി കള്‍ക്കായി കരുതി വയ്‌ക്കുന്നു. കാറ്റ് ചിത്രപ്പണി ചെയ്‌ത മണല്‍ക്കുന്നുകളിലൂടെ ചുഴിപോലെ പൊങ്ങി നീങ്ങുന്ന ജിന്നുകള്‍ നമുക്കായി അവിടെ കാത്തിരിക്കും

 

മനുഷ്യരധികവും സഞ്ചാരപ്രിയരാണ്. യാത്രകൾക്ക് മാനവരാശിയുടെ വികസനചരിത്രവുമായി അഭേദ്യമായ ബന്ധമുണ്ട്‌. യാത്രകളോരോന്നും മനുഷ്യന് പുതിയ അറിവുകൾ പകർന്നുനൽകുന്നു. വിനോദത്തിനും വിജ്ഞാനത്തിനും വരുമാനത്തിനും നാം അന്യനാടുകളിലേക്ക് സഞ്ചരിക്കാറുണ്ട്. തങ്ങൾ കണ്ടതും അറിഞ്ഞതും അനുഭവിച്ചതും സഞ്ചാരികൾ രേഖപ്പെടുത്താൻ തുടങ്ങിയപ്പോൾ മികച്ച യാത്രാവിവരണങ്ങൾ ഉണ്ടായി. അറിയാത്ത ദേശങ്ങളുടെ സവിശേഷതകളറിയാനുള്ള മനുഷ്യന്റെ ജന്മസിദ്ധമായ ജിജ്ഞാസ സഞ്ചാരസാഹിത്യത്തെ പ്രസക്തമാക്കുന്നു. രാജീവ് കോതേത്തിന്റെ ‘ശൈല സൈകത ഭൂവിൽ’ സഞ്ചാരസാഹിത്യത്തിൽ വേറിട്ടൊരു വഴിയാണ്. നിഗൂഢതകൾ ഒളിപ്പിച്ചുവച്ച് സഞ്ചാരികളെ വരവേൽക്കുന്ന ഒമാൻ സുൽത്താനേറ്റിന്റെ ചരിത്രപരമായ അന്വേഷണമാണ് ഈ കൃതി. ഗവേഷണകുതുകിയായ രചയിതാവ് അനുവാചകന്റെ ജിജ്ഞാസയെ ഉണർത്തി വിജ്ഞാനം പകരുന്നതിൽ വിജയിച്ചിരിക്കുന്നു. 

ആയിരത്തൊന്നുരാവുകളിലെ ആ സ്വപ്‌നഭൂമി അതീവസുന്ദരമായ ഭാഷയിൽ ലളിതമായി ദൃശ്യമികവോടെ നമുക്കുമുന്നിൽ അനാവൃതമാകും. അറേബ്യൻ അർധദ്വീപിന്റെ കിഴക്കേമൂലയിൽ സ്ഥിതിചെയ്യുന്ന ഒമാൻ നെഞ്ചിലുടക്കുന്ന ഒട്ടേറെ കാഴ്ചകൾ സഞ്ചാരികൾക്കായി കരുതിവയ്‌ക്കുന്നു. കാറ്റ് ചിത്രപ്പണിചെയ്‌ത മണൽക്കുന്നുകളിലൂടെ ചുഴിപോലെ പൊങ്ങിനീങ്ങുന്ന ജിന്നുകൾ നമുക്കായി അവിടെ കാത്തിരിക്കും. 
 
ഉബാറിലെ സമ്പന്നമായ എണ്ണശേഖരങ്ങളും ഇബാത്തിസം എന്ന ഒമാനികളുടെ വിശ്വാസപ്രമാണങ്ങളും സങ്കീർണമായ ഗോത്രഘടനയും ഭൂമിശാസ്‌ത്രപരമായ സവിശേഷതകളും ചരിത്രവും ഭരണപാരമ്പര്യവും അധിനിവേശങ്ങളും സ്ഥലനാമപഠനങ്ങളുമെല്ലാം ഗ്രന്ഥകാരൻ ചേർത്തുവച്ചിരിക്കുന്നു. ഒമാനിലൂടെയുള്ള ദീർഘയാത്രപോലെ  സ്‌പർശിക്കാത്ത വിഷയങ്ങളില്ല. അവിടത്തെ ഷീബാ രാജ്ഞിയുടെയും സോളമന്റെയും പ്രണയകഥയും പറയുന്നു. അതോടൊപ്പം വ്യാസഭാരതത്തിലെയും കാളിദാസ ശാകുന്തളത്തിലെയും സമാനരംഗങ്ങളുമായി താരതമ്യവുമുണ്ട്. 
 
മനുഷ്യരുടെ സാംസ്‌കാരിക കൈമാറ്റങ്ങൾക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു അവസാന ഭാഗത്ത്. അത്തരത്തിൽ പരമ്പരാഗത സഞ്ചാരസാഹിത്യകൃതികളിൽനിന്നു വ്യത്യസ്‌തമായി ഒമാനെക്കുറിച്ചുള്ള ചെറിയ ഗവേഷണ പ്രബന്ധമാണ് ഈ പുസ്‌തകം.
പ്രധാന വാർത്തകൾ
 Top