24 February Sunday

നാട്ടുകഥ തന്നെ നിധി

എസ് ആര്‍ ലാല്‍Updated: Sunday Aug 20, 2017

മണിമലക്കുന്നിനും മാറാന്‍കുന്നിനും ഒരു നാട്ടുകഥയുടെ കാഞ്ചനത്തിളക്കമുണ്ട്. തലമുറയായി തിരുവിതാംകൂറുകാര്‍ വാമൊഴിയായി കൈമാറിവരുന്ന കഥ.
 ടിപ്പുവിന്റെ പടയോട്ടകാലത്ത് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നന്നേ ഭയന്നു. മൈസൂര്‍ സിംഹം തങ്ങളെയും കീഴടക്കിക്കളയുമോ എന്ന് ഉള്ള് നടുങ്ങിയപ്പോള്‍ അവര്‍ ആദ്യം ഉല്‍ക്കണ്ഠപ്പെട്ടത് തങ്ങളുടെ കനത്ത സമ്പത്തിനെക്കുറിച്ചാകണം. കണക്കില്ലാത്ത സ്വര്‍ണവും രത്നവും രാജാക്കന്മാര്‍ കുഴിച്ചിട്ടത്  മണിമലക്കുന്നിലും മാറാന്‍കുന്നിലും ആണത്രേ!
പെരിയാറില്‍ വെള്ളം പൊങ്ങിയതോടെ ടിപ്പു തെക്കോട്ടുള്ള പടയോട്ടം ഉപേക്ഷിച്ചു. പക്ഷേ, രാജാക്കന്മാരുടെ നിധി കുന്നുകളില്‍ത്തന്നെ സൂക്ഷിക്കപ്പെട്ടു. സത്യമോ കെട്ടുകഥയോ? നിധി തേടി പലരും പോയിട്ടുണ്ടാകണം. കുട്ടികള്‍ക്കുവേണ്ടി ഒരു കഥ പറയാന്‍ തോന്നിയപ്പോള്‍ എന്റെ നാട്ടുചരിത്രത്തില്‍ കോറിയിടപ്പെട്ട ഇതുതന്നെ ആദ്യം മനസ്സിലേക്ക് വന്നു. അങ്ങനെ കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം പിറന്നു.
പുസ്തകം വായിച്ച കുട്ടികള്‍ പലരും വിളിക്കാറുണ്ട്. ചിലരെങ്കിലും നേരിട്ട് കാണാന്‍ വരും. കുട്ടികള്‍ നിഷ്കളങ്കരാണല്ലോ. അവര്‍ക്ക് തോന്നുന്നത് ഭയമില്ലാതെ പറയും. നിധി അവിടെത്തന്നെ ഉണ്ടോ എന്നാണ് മിക്കവര്‍ക്കും അറിയേണ്ടത്!
എഴുതിത്തുടങ്ങിയിട്ടേ ഉള്ളൂ എന്ന ചിന്ത അന്തര്‍ധാരയായി ഉള്ളതുകൊണ്ട് അനുഭവങ്ങള്‍ തേടി എടുക്കണം. എങ്കിലും എഴുതിക്കഴിഞ്ഞിട്ടും ഇനിയും അയാള്‍ക്കൊരു കഥയുണ്ടല്ലോ ബാക്കി എന്ന് തോന്നിപ്പിക്കുന്ന കഥാപാത്രത്തെ കണ്ടെത്താന്‍ ഏറെ ആലോചനവേണ്ട. കോലിയക്കോട്ടെ ആല്‍മരം എന്ന കഥയിലെ ജിണ്ടാനാശാനാണത്.  തമിഴനായിരുന്നു പുള്ളി. തീരെ പൊക്കമില്ല. ഞാന്‍ പഠിച്ച സ്കൂളിനു സമീപം പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന ആല്‍മരത്തിനു താഴെ മിഠായികള്‍ വില്‍ക്കുന്ന ചെറിയ കട നടത്തുകയായിരുന്നു ജിണ്ടാനാശാന്‍. അങ്ങനെ ഇരിക്കെ അതിലേ വലിയൊരു റോഡ് വന്നു. റോഡിനായി ആല്‍മരം മുറിക്കണം. ജിണ്ടാനാശാന് ആകാശം തലയില്‍വീണപോലെതോന്നി. പക്ഷേ, എന്തു ചെയ്യും. ആവും മട്ടെല്ലാം എതിര്‍ത്തുനോക്കി. നടക്കുമോ? ആല്‍മരം വീണു. റോഡ് വന്നു.
അതുവഴി വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പൊക്കം കുറഞ്ഞ ഒരു രൂപം റോഡിനു കുറുകെ കടന്നുപോകുന്നതായും വാഹനങ്ങള്‍ കൈ ഉയര്‍ത്തി തടയുന്നതായും ഞാന്‍ കഥയില്‍ എഴുതിയിട്ടുണ്ട്. ഈ മനുഷ്യന്റെ കഥ ഇനിയും ഏറെ ബാക്കിയുണ്ടെന്ന് ഇപ്പോഴും ഞാന്‍ വിചാരിക്കുന്നു.
മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്‍ ആരെന്ന് ചോദിച്ചാലും സംശയമില്ല, സി വി ശ്രീരാമന്‍. അദ്ദേഹത്തിന്റെ ഒട്ടുചെടിപോലുള്ള കഥകള്‍ എപ്പോള്‍ വായിച്ചാലും ഉള്ളുലയും. അഭയാര്‍ഥികളായി എങ്ങുനിന്നോ വന്ന രണ്ടുപേരാണ് വിശ്വേശര്‍ ഗരാമിയും മൈഥിലിയും. ഒരാളിന്റെ ഭാര്യ മരിച്ചുപോയി. മൈഥിലിയുടെ ഭര്‍ത്താവ് എങ്ങനെയോ കൂട്ടംതെറ്റി കൈവിട്ടുപോയി. ഒരുപക്ഷേ മരിച്ചിട്ടും ഉണ്ടാകുമോ? ഇവരെ രണ്ടുപേരെയും ഒരു കുടുംബമാക്കി കഥയിലെ നായകനായ സെറ്റില്‍മെന്റ് ഓഫീസര്‍ ഇവര്‍ക്ക് ഭൂമി അനുവദിച്ചു. പിന്നീടുള്ള സംഭവങ്ങളിലാണ് കഥ ഹൃദയാകര്‍ഷകം ആകുന്നത്.
സി വി ശ്രീരാമന്റെ കഥകളുടെ ലാളിത്യവും ആഴവും എന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കി.
എറണാകുളം സൌത്ത് എന്ന എന്റെ കഥയുടെ പിന്നിലെ കഥ കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. പത്രപ്രവര്‍ത്തകനായ സുഹൃത്തിന്റെ ഫോണ്‍. സിമി (പേര് സാങ്കല്‍പ്പികം) എന്നൊരാള്‍ നിന്നെ വിളിക്കും. സഹായിക്കുക. അത്രമാത്രം. രണ്ടാംനാള്‍ അവര്‍ വിളിച്ചു. കുറെ പുസ്തകങ്ങള്‍ വേണമെന്നാണ് ആവശ്യം. കൂടുതല്‍ സംസാരിച്ചപ്പോഴാണ് അവര്‍ പരസഹായം കൂടാതെ ജീവിക്കാന്‍ കഴിയാത്ത 70 സ്ത്രീകള്‍ അന്തേവാസികളായ ഒരു സ്ഥലത്തുനിന്നാണ് വിളിക്കുന്നതെന്ന് അറിഞ്ഞത്. അവര്‍ക്ക് ഒരു ലൈബ്രറി ഒരുക്കാനാണ് സിമിയുടെ ശ്രമം.
ഉടനെ സുഹൃത്തിനെ വിളിച്ചു. സിമിയുടെ ജീവിതചിത്രം കിട്ടുന്നത് അങ്ങനെയാണ്. മുപ്പത് മുപ്പത്തഞ്ച് വയസ്സ് വരും. വീല്‍ചെയറിന്റെ സഹായത്തോടെയേ സഞ്ചരിക്കാനാകൂ. ശരീരത്തില്‍ ഒരു കൈക്കുമാത്രമേ ചലനസ്വാതന്ത്യ്രമുള്ളൂ. ആ കൈകൊണ്ട് കംപ്യൂട്ടര്‍ ഉപയോഗിക്കും. ഇന്റര്‍നെറ്റ് നല്‍കിയ നിരവധി സുഹൃത്തുക്കളുണ്ട്. അവര്‍ക്ക് അറിയില്ല സിമി ഇങ്ങനെ ഒരവസ്ഥയിലാണെന്ന്; അവള്‍ അത് ആഗ്രഹിക്കുന്നുമില്ല. അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ട്. മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയുള്ള പശ്ചാത്തലം. പക്ഷേ, വീട് സുരക്ഷിതമല്ലെന്ന തോന്നലാണ് അവളെ ഇവിടെ എത്തിച്ചത്.  വീട്ടില്‍ താമസിച്ചാല്‍ കൊല്ലപ്പെടുമെന്ന് അവള്‍ ഭയപ്പെടുന്നു.
'ആര് കൊല്ലാന്‍? അതും ശരീരംമുഴുവന്‍ തളര്‍ന്ന, ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു സ്ത്രീയെ?' എനിക്ക് ഇടയില്‍ കയറാതിരിക്കാനായില്ല.
'അവളുടെ ഭര്‍ത്താവ്. ഭര്‍ത്താവ് എന്ന് ഇപ്പോ പറയാനാകില്ല. മുന്‍ ഭര്‍ത്താവ്'.
'എന്തിന്?'
സിമിയും ഭര്‍ത്താവും ജോലിചെയ്തിരുന്നത് വിദേശത്താണ്. ഒരു കാര്‍ ആക്സിഡന്റാണ് അവളെ വീല്‍ചെയറില്‍ ഇരുത്തിയത്. കാര്‍ ഡ്രൈവ് ചെയ്തിരുന്നത് ഭര്‍ത്താവാണ്. ചികിത്സയൊക്കെ നടത്തി. ഭേദമാകില്ല, ശരീരം ഇനിയൊരിക്കലും ചലിപ്പിക്കാനാകില്ല എന്ന് വന്നതോടെ അയാള്‍ ഡിവോഴ്സ് നേടി. പ്രശ്നം അവിടെയല്ല, അയാള്‍ പുനര്‍വിവാഹത്തിന് ശ്രമിച്ചു. പല ആലോചനയും വന്നു. ആദ്യ ഭാര്യക്ക് എന്തുപറ്റി എന്ന ചോദ്യത്തിനു പിന്നാലെ പെണ്‍കുട്ടികളുടെ വീട്ടുകാര്‍ സിമിയുടെ ദുരിതജീവിതത്തില്‍ തട്ടിനിന്നു. അയാള്‍ വിശ്വസിക്കുന്നത് വിവാഹാലോചനകള്‍ മുടക്കുന്നത് സിമിയാണ്, അവള്‍ ജീവിച്ചിരിക്കുവോളം പുതിയ വിവാഹം സാധ്യമാകില്ല എന്നാണ്. ഇതാണ് അവളോടുള്ള പകയ്ക്കു കാരണം. സുഹൃത്ത് ചുരുക്കിപ്പറഞ്ഞ ഈ കഥയാണ് 'എറണാകുളം സൌത്ത്' എഴുതാന്‍ കാരണമായത്.

പ്രധാന വാർത്തകൾ
 Top