25 July Sunday

ജാതീയതയും വേണാടിന്റെ സാമൂഹ്യജീവിതവും

അശോകന്‍ പള്ളിക്കല്‍Updated: Sunday Jun 20, 2021

വേണാടിന്റെ ചരിത്രം ഇതിവൃത്തമായ സി വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ മലയാളത്തിലെ പ്രസിദ്ധമായ ചരിത്രാഖ്യായികയാണ്‌. 

മാർത്താണ്ഡവർമയുടെ പടത്തലവൻ മാത്രമാണ് ചരിത്രത്തിൽ അനന്തപത്മനാഭൻ. മാർത്താണ്ഡവർമയുടെ നേട്ടങ്ങൾക്കു പിന്നിലെ ഈ മഹാരഥനെ പിൽക്കാല ചരിത്രം അവഗണിച്ച കാരണം ജാതീയതയാണെന്നും സ്ഥാപിക്കുകയാണ് ഡി ദയനാനന്ദനും ശശി ആമ്പല്ലൂരും ചേർന്നെഴുതിയ ജലസ്വപ്‌നങ്ങൾ കനൽവഴികൾ എന്ന കൃതി.    

പന്ത്രണ്ടാം നൂറ്റാണ്ടിൽ അയ്യനടികൾ തിരുവടികൾ (നാടാർ രാജാക്കന്മാർ) പരമ്പരയിൽപ്പെട്ട ഒരു നാടുവാഴി ആര്യ ബ്രാഹ്മണരുടെ താളത്തിനൊത്ത് തുള്ളി ക്ഷത്രിയത്വം സ്വീകരിച്ചു. രാമവർമ കുലശേഖരനെന്ന പേരും സ്വീകരിച്ച് ഭരണം നടത്തി. 1728 വരെ വേണാടിന്റെ ഭരണം നടത്തിയിരുന്നത് രാമവർമയായിരുന്നു. ശുചീന്ദ്രം ക്ഷേത്രദർശനത്തിനിടെ പരിചയപ്പെട്ട സ്‌ത്രീയിൽ ഭ്രമിച്ച് വിവാഹാഭ്യർഥന നടത്തി.  മരുമക്കത്തായത്തിനു പകരം തന്റെ മക്കൾക്ക് രാജ്യഭരണം നൽകണമെന്ന വ്യവസ്ഥ അവൾ മുന്നോട്ടുവച്ചു. നടക്കില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെ രാജാവ് സമ്മതം മൂളി. ഈ സമ്മതമാണ് രാമവർമയുടെ അനന്തരവനായ മാർത്താണ്ഡവർമയും മക്കളായ പത്മനാഭൻ, രാമൻ തമ്പിമാരും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിനു കാരണം. 

തിരുവിതാംകൂറിന്റെ ചരിത്രത്തിലേക്ക് ഈ കൃതി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ആധുനിക തിരുവിതംകൂറിന്റെ സ്രഷ്ടാവ് എന്നാണ് മാർത്താണ്ഡവർമ അറിയപ്പെടുന്നത്. വേണാടിന്റെ രാജപദവിയും വിശാല തിരുവിതാംകൂർ എന്ന ലക്ഷ്യവും മാർത്താണ്ഡവർമയ്‌ക്ക്‌  സഫലമാകുന്നതിന്റെ പിന്നിലെ ഏറ്റവും വലിയ ബുദ്ധിയും ശക്തിയും  സേനാനായകൻ എന്ന അനന്തപത്മനാഭൻ ആയിരുന്നു. 

നന്ദിസൂചകമായി ആയിരക്കണക്കിന് ഏക്കർ ഭൂമി കരമൊഴിവായി അനന്തപത്മമനാഭനും സഹായിച്ച മറ്റെല്ലാവർക്കും രാജാവ് നൽകുന്നുമുണ്ട്. എന്നാൽ, യഥാർഥ രാജനീതി എന്താണെന്നും അടിച്ചമർത്തപ്പെട്ടവന്റെ ജീവിതത്തിന് മോചനമില്ലെന്നും രാജാവിന് എല്ലാം നേടിക്കൊടുത്ത അനന്തന് തന്നെ ബോധ്യമാകുന്നതുമാണ് ഈ നോവലിന്റെ ഇതിവൃത്തം. 

17–-ാം നൂറ്റാണ്ടിലെ വേണാടിന്റെ സാമൂഹ്യജീവിതവും മൃഗങ്ങളെപ്പോലെ ജീവിക്കേണ്ടി വന്ന ജനതയും അവരിൽ പോരാളികളായി മാറിയ ചെറുതും വലുതുമായ കഥാപാത്രങ്ങളും നോവലിൽ നമുക്ക് കാണാം.   

ആര്യാധിനിവേശത്തോടെ കേരളത്തിലുണ്ടായ സാമൂഹ്യമാറ്റമാണ് നോവലിന്റെ കാതൽ. അക്കാലത്ത് ഭരണാധികാരികൾ ആയിരുന്ന ദ്രാവിഡ ജനവിഭാഗങ്ങളെ  ബ്രാഹ്മണ്യം അതിന്റെ കുടിലതകളിലൂടെ അടിമകളാക്കി മാറ്റി. തിരുവിതാംകൂറിന്റെ രാജപരമ്പര ആര്യാധിനിവേശത്തിൽ കുടിയേറിയവരിൽ നിന്നല്ലെന്നും ബ്രാഹ്മണ്യം സ്വീകരിച്ച ദ്രാവിഡ രാജാക്കന്മാരുടെ പരമ്പരയിൽ നിന്നാണെന്നും വിശദീകരിക്കുന്നു. പഴയ ഭരണാധികാരികളായിരുന്ന നാടാർ, പറയർ, പുലയർ, കുറവർ തുടങ്ങിയ സമുദായങ്ങൾ ഏറ്റുവാങ്ങുന്ന പീഡനങ്ങൾക്കും നീതിനിഷേധങ്ങൾക്കും മാറ്റമുണ്ടായില്ല. പ്രതിസന്ധി ഘട്ടത്തിൽ രാജാവിന് തുണയായ നാടാർ സമുദായത്തിനു പോലും പല ക്രൂരനികുതികളും ചുമത്തി. നിലനിൽപ്പിനായി പലരും ക്രിസ്‌തുമതം സ്വീകരിച്ചു. മറ്റു ചിലർ അയൽദേശങ്ങളിലേക്ക് പലായനംചെയ്‌തു. ഇതെല്ലാം അനന്തപത്മനാഭന്റെ ഹൃദയത്തിൽ മുറിവുണ്ടാക്കി. ഭരണകാര്യ വിചാരണശാലയിൽ പാവപ്പെട്ടവരുടെയും തന്റെ സമുദായത്തിന്റെയും പ്രശ്നങ്ങൾ അവതരിപ്പിച്ചെങ്കിലും അതൊന്നും പരിഗണിക്കപ്പെട്ടില്ല. രാജാവിന്റെയും രാജഗുരുവിന്റെയും വൈദിക ശ്രേഷ്‌ഠരുടെയും ഇടയിൽ ദ്രാവിഡന് എന്തുകാര്യം എന്നായിരുന്നു ഭരണപ്രമുഖൻ രാമയമ്മൻ ദളവയുടെ നിലപാട്. പടത്തലവൻ പട നോക്കിയാൽ മതിയെന്ന് ശാസിക്കുംവരെ എത്തി കാര്യങ്ങൾ. ബ്രാഹ്മണനായ രാമയ്യൻ ദളവയുടെ ജാതിവിദ്വേഷം അനന്തനെ കൊലപ്പെടുത്തുന്നതിലാണ് കലാശിക്കുന്നത്. 

നോവലിന്റെ ചിട്ടവട്ടങ്ങൾക്ക് അപ്പുറത്താണ് പലപ്പോഴും കഥയുടെ വിവരണം.   രാജാവിന്റെ കിരീടധാരണ ചടങ്ങ്, വിവിധ കളരിയഭ്യാസങ്ങൾ, ആയുധങ്ങൾ, വിവാഹം, ഗർഭപരിചരണം, പ്രസവശുശ്രൂഷ, തച്ചുശാസ്‌ത്രം, വിവിധയിനം കരങ്ങൾ, ശിക്ഷകൾ, ചികിത്സകൾ, ഊഴിയവേല, മണികെട്ടിയ വീടുകളുടെ കഥ, പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഇന്നത്തെ മുറജപത്തിന്റെ ഉത്ഭവം, ചെവിയിലോത്ത് (മരണാനന്തരചടങ്ങ്) തുടങ്ങി നിരവധി ആചാരാനുഷ്‌ഠാനങ്ങളും അന്നത്തെ ഭരണരീതികളും എല്ലാം ചരിത്രരേഖകളുടെ പിൻബലത്തോടെയാണ്‌ നോവലിൽ വർണിക്കുന്നത്‌.   

ഒരുകാലത്ത് നാട് ഭരിച്ചിരുന്നവർ അടിമകളായി മാറുന്നതും അവരുടെ നരകജീവിതവും അടിച്ചമർത്തലും അയിത്തവും സാമ–-ദാന–-ഭേദ–-ദണ്ഡന മുറകളും ഭരണതലത്തിലെ അഴിമതിയും സ്വേച്ഛാധിപത്യവും എല്ലാം നോവലുമായി ഇണക്കിച്ചേർത്തിട്ടുള്ളതിനാൽ അക്കാലത്തെ സാമൂഹ്യജീവിതത്തെ കൃത്യമായി ഈ കൃതിയിൽ നമുക്ക് വായിച്ചെടുക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top