24 June Monday

ഇത്‌ എന്റെ അമേരിക്ക

കൃഷ‌്ണ പൂജപ്പുര krishnapoojappura@gmail.comUpdated: Sunday Jan 20, 2019

ഞാനും ഭാര്യയുംകൂടി ഒരുമാസത്തെ നിരന്തര ആലോചനയ്ക്കുശേഷമാണ്, എന്നാൽപ്പിന്നെ ശിഷ്ടകാലം യാത്രയ്ക്കുവേണ്ടി മാറ്റിവയ്ക്കാം എന്ന തീരുമാനത്തിലെത്തിയത്. യൂറോപ്പ് വഴി അമേരിക്കയിലേക്ക് ഒരു യാത്ര. അതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങൾ നടത്തിയ കാര്യമാണ് പറയുന്നത്

 

അങ്ങനെ ഞാനും ഭാര്യയും ഒരുക്കങ്ങളൊക്കെ പൂർത്തിയാക്കി. വിസ റെഡിയായി. ഫ്ളൈറ്റ് ടിക്കറ്റ് ബുക്കുചെയ്തു. അവിടെ വിന്റർ സീസൺ ആയതിനാൽ തണുപ്പിനെ കട്ടയ്ക്ക് കട്ട പ്രതിരോധിക്കാൻ, കമ്പിളിയുടുപ്പ്, ഷാൾ, കൈയുറ, വൂളൻതൊപ്പി എന്നിവയൊക്കെ വാങ്ങി. എവിടെ? എന്ത്? എങ്ങനെ? എന്നൊക്കെയാകും പത്രാധിപർ സാർ ആശ്ചര്യപ്പെടുന്നത്. യൂറോപ്പ് വഴി അമേരിക്കയിലേക്ക് ഒരു യാത്ര. അതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങൾ നടത്തിയ കാര്യമാണ് പറയുന്നത്. രണ്ടുമാസത്തിനുമുമ്പാണ് സംഭവം.

ഞാനും ഭാര്യയുംകൂടി ഒരുമാസത്തെ നിരന്തര ആലോചനയ്ക്കുശേഷമാണ്, എന്നാൽപ്പിന്നെ ശിഷ്ടകാലം യാത്രയ്ക്കുവേണ്ടി മാറ്റിവയ്ക്കാം എന്ന തീരുമാനത്തിലെത്തിയത്. സമ്പാദിച്ചുവയ്ക്കുന്നത് മരിക്കുമ്പോൾ കൂടെ കൊണ്ടുപോകാൻ പറ്റുമോ? (കൂടെ കൊണ്ടുപോകാൻ പറ്റില്ലെന്നതോ പോകട്ടെ, നിര്യാതനായ ആളിന്റെ കൈയിലോ കഴുത്തിലോ, മോതിരമോ കമ്മലോ വാച്ചോ അങ്ങനെ സമ്പാദ്യത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടെങ്കിൽ അത് അഴിച്ചെടുക്കാൻ അനന്തര തലമുറ നടത്തുന്ന ഉത്സാഹമൊന്ന് കാണണം. എല്ലാം അഴിച്ചെടുത്ത് ഇന്നാർക്ക് ഇന്നത് എന്നൊക്കെ അടയാളമിട്ട് മാറ്റിയശേഷമേ ‘അയ്യോ വല്യപ്പച്ചൻ ഞങ്ങളെ ഇട്ടേച്ചുപോയേ' എന്ന നിലവിളിതന്നെ ആരംഭിക്കുകയുള്ളൂ). അപ്പോൾ പിന്നെ ജീവിച്ചിരിക്കുന്ന കാലത്ത് കുറെ അനുഭവങ്ങൾ ഉണ്ടാക്കുക. അനുഭവങ്ങൾക്ക് ഏറ്റവും ബെസ്റ്റ് യാത്രയാണ്. വീട്, ജോലിസ്ഥലം, ചിട്ടി, പാട്ടം, വീടുവയ്ക്കൽ, ഇഎംഐ‌‌, വാഹനമെടുക്കൽ ഇഎംഐ എന്നിങ്ങനെയുള്ള ഓട്ടപ്പാച്ചിലിനിടയിൽ പിക്നിക്കിനും ടൂറിനും ലോകം കാണലിനും ഒന്നും സമയം കിട്ടിയില്ല. (എന്നാൽ, പരിചയക്കാർ പലർക്കും ലോകരാജ്യങ്ങൾ, പ്രത്യേകിച്ചും അമേരിക്കയൊക്കെ കുടുംബവീടുപോലെയാണെന്ന് ഈയിടെയാണ് മനസ്സിലായത്. രണ്ടാഴ്ച കണ്ടില്ലല്ലോ എന്ന് പരിചയക്കാരോട് ചോദിക്കുന്നത് ‘‘ന്യൂയോർക്കിലായിരുന്നു. അവിടെ മോൾക്ക് ഡെലിവറിയായിരുന്നു.'' എന്നൊക്കെയുള്ള മറുപടി കേൾക്കുമ്പോൾ അത്ഭുതമാണോ അസൂയയാണോ എന്ന് പറയാൻപറ്റാത്ത തരത്തിലുള്ള മിശ്രവികാരമായിരുന്നു ജനിച്ചിരുന്നത്). അങ്ങനെ അവസാനം ഞങ്ങളും യാത്രയ്ക്കൊരുങ്ങി.

പബ്ലിസിറ്റി

 
വിദേശത്ത് പോകുന്നതിനെക്കാൾ നമുക്ക് സന്തോഷം കിട്ടുന്നത് വിദേശത്ത് പോകുന്ന കാര്യം സ്വദേശി സ്നേഹിതരെയും ബന്ധുക്കളെയും അറിയിക്കുമ്പോഴാണല്ലോ. ഞാനും ഭാര്യയും അക്കാര്യത്തിൽ ഒറ്റക്കെട്ടായി ഉത്സാഹത്തോടെതന്നെ കരുക്കൾ നീക്കി. ഞങ്ങൾ സ്റ്റേറ്റ്സിൽ പോകുന്ന കാര്യം രണ്ടുമൂന്ന് താലൂക്കിലെ സർവജനങ്ങളും അറിഞ്ഞു. (അമേരിക്കയിൽ പോകുന്നു എന്നല്ല, സ്റ്റേറ്റ്സിൽ പോകുന്നു എന്നാണ് പറഞ്ഞിരുന്നത്. സ്റ്റേറ്റ്സിനെയൊക്കെ നിസ്സാരവൽക്കരിച്ച് പറയുന്നത് കേട്ടാൽ എന്റെ മടിയിലിരുത്തിയാണ് സ്റ്റേറ്റ്സിന് പേരിട്ടതെന്ന് തോന്നും. അത്ര കൂൾ കൂളായാണ് അടിച്ചുവിട്ടത്).
 

യാത്രാവിവരണം

 
യാത്രയോടനുബന്ധിച്ച് ഒരു യാത്രാവിവരണ പുസ്തകം ഉറപ്പായും വേണമെന്ന് ഉറപ്പിച്ചു. "യൂറോപ്പും അമേരിക്കയും പിന്നെ ഞാനും' എന്നാണ് തലക്കെട്ട് നിശ്ചയിച്ചത്. എയർപോർട്ടിൽ ചെല്ലുന്നത്, ഫ്ളൈറ്റിൽ കയറുമ്പോൾ എയർഹോസ്റ്റസ് ബാഗേജൊക്കെ വയ്ക്കാൻ സഹായിക്കുന്നത്, അവരുടെ സേവനവ്യഗ്രത, ഞങ്ങളെ സ്വീകരിക്കാൻ എയർപോർട്ടിൽ കാത്തുനിന്ന ചിറ്റപ്പന്റെ മകനെയും കുടുംബത്തെയും കുറിച്ച്, അമേരിക്കക്കാരുടെ ചിട്ടയെക്കുറിച്ച്, അവരുടെ വൃത്തി നമ്മൾ കണ്ടുപഠിക്കണമെന്നതിനെക്കുറിച്ച് ഒക്കെ പ്രത്യേകം പ്രത്യേകം അധ്യായങ്ങൾ വേണമെന്ന് തീരുമാനിച്ചു. ഓരോ പത്ത് പേജും കഴിയുമ്പോൾ ഞാനും ഭാര്യയും കട്ടിയുള്ള ജാക്കറ്റും ധരിച്ച് കൂളിങ്ഗ്ലാസുംവച്ച് നിൽക്കുന്ന ഫോട്ടോകൾ ‘നയാഗ്രാതീരത്ത്', ‘ഡാന്യൂവിലൂടെ', ‘വൈറ്റ് ഹൗസിന്റെ നടയിൽ' എന്നൊക്കെയുള്ള അടിക്കുറിപ്പുകൾ മസ്റ്റായും വേണമെന്നും ഉറപ്പിച്ചു. ഫ്ളൈറ്റിൽ ഇരിക്കുമ്പോൾ ‘പഞ്ഞിക്കെട്ടുകൾപോലെ മേഘങ്ങൾ ഒഴുകിനടന്ന്' എന്ന പല യാത്രാവിവരണങ്ങളിലും പ്രയോഗിച്ച് ക്ലീഷേ ആയതിനാൽ എന്റെ പുസ്തകത്തിൽ ടി മേഘങ്ങളെ ‘വെള്ളരിപ്രാവുകൾപോലെ' പറന്നുനടക്കുന്നവരാക്കണമെന്നും തീരുമാനിച്ചു. അമേരിക്കയിലെ പൊതുജീവിതം, അവിടത്തെ സാമൂഹ്യക്രമം, നാണ്യവ്യവസ്ഥ, ചരിത്രം എന്നിവ പ്രത്യേകം പരാമർശിക്കപ്പെടണം എന്നും തീരുമാനിച്ചു. സത്യം പറഞ്ഞാൽ വിസ വരുന്നതിനുമുമ്പുതന്നെ യാത്രാവിവരണത്തിന്റെ പത്തുപേജ് എഴുതിക്കഴിഞ്ഞു. എന്നുപറയുമ്പോൾ എന്റെ ആവേശം എത്രമാത്രമുണ്ടായിരുന്നുവെന്ന് മനസ്സിലാകുന്നല്ലോ. ഭാര്യ ഗൂഗിളിൽനിന്ന് അമേരിക്കയിൽ ചുരിദാർ കിട്ടുന്ന കടകളുടെ ലിസ്റ്റൊക്കെ തയ്യാറാക്കി.
 

മജീദ് മാഷിന്റെ വരവ്

 
അപ്പോൾ അതാ വരുന്നു ഒരുദിവസം വൈകിട്ട് മജീദ് മാഷ്. ആള് സാമൂഹ്യപ്രവർത്തകനാണ്. എല്ലാവരും ബഹുമാനിക്കുന്ന ആൾ. ‘‘ടോ... താൻ അമേരിക്കയിൽ പോകുന്നു എന്ന് കേട്ടല്ലോ?'' സത്യം പറഞ്ഞാൽ ആ ചോദ്യം കേട്ടപ്പോൾ പ്ലെയിൻ ടിക്കറ്റിന്റെ കാശ് മുതലായ സന്തോഷമായിരുന്നു. മജീദ് മാഷുവരെ അറിഞ്ഞിരിക്കുന്നു ഞങ്ങളെ യാത്ര.
""അതെ മാഷേ...'' ഞാൻ പറഞ്ഞു.
 
‘‘എന്തിനാണ് ഇപ്പോൾ അമേരിക്കൻ യാത്ര?'' മാഷങ്ങനെയാണ്. ചോദ്യം ചോദിക്കലാണ് ആളിന്റെ പ്രധാന എന്റർടെയ്ൻമെന്റ്. ഞാൻ വിടുമോ?
""അനുഭവങ്ങൾ... അറിവുകൾ... അതിനൊക്കെവേണ്ടി. അമേരിക്കൻ സംസ്കാരം അറിയണം. അവിടത്തെ ജനങ്ങളെ അറിയണം. അവിടത്തെ മണ്ണ്, അവിടത്തെ തുടിപ്പുകൾ, അവിടത്തെ പൂക്കൾ, അവിടത്തെ നദികൾ, നയാഗ്ര... അവയെ പഠിക്കണം, പരിചയപ്പെടണം, പുസ്തകമെഴുതണം.'' മാഷിന്റെ സാംസ്കാരിക നിലവാരത്തിനൊത്ത് ഞാനും ഉയർന്നു.
 
മാഷ് ഒന്നുരണ്ട് നിമിഷം എന്നെ നോക്കിയിരുന്നു. ‘‘തനിക്ക് ഇന്ത്യയെ പരിചയമുണ്ടോ?''
ഞാൻ മാഷിനെ നോക്കി. ഭാര്യയും ശ്രദ്ധിച്ചു.
 
""തനിക്ക് ഇന്ത്യയുടെ തുടിപ്പുകൾ അറിയാമോ? ഇന്ത്യയുടെ ഹൃദയമായ വടക്കൻ മേഖലകളിൽ പോയിട്ടുണ്ടോ? എടോ മനുഷ്യാ... ഹിമാലയംപോലൊരു മഹാമേരു സ്വന്തമായുള്ളവരാ നമ്മൾ. നൂറുകണക്കിന് വൈവിധ്യങ്ങളുള്ള വടക്കേ ഇന്ത്യയിലേക്ക് വണ്ടി കയറെടോ. ആയിരം അമേരിക്ക സന്ദർശിക്കുന്ന അനുഭവം അവിടെ കിട്ടും. അവിടത്തെ കർഷകരെ പഠിക്ക്, അവിടത്തെ കാലാവസ്ഥ, അവിടത്തെ നാണ്യവ്യവസ്ഥ, അവിടത്തെ ഭൂമിശാസ്ത്രം... ആദ്യം അതൊക്കെ മനസ്സിലാക്ക്. ഒരു പുസ്തകമെഴുത്.’’

 

പുതിയ തീരുമാനം

 
ചില ചൂണ്ടിക്കാണിക്കലുകൾ നമ്മുടെ മനസ്സിലേക്ക് പെട്ടെന്നങ്ങ‌് കയറിക്കളയും. മജീദ് മാഷ് പോയിക്കഴിഞ്ഞപ്പോൾ ഞാനും ഭാര്യയും സീരിയസായി ഒരു ചർച്ചയിലേക്ക് കടന്നു.
 
‘‘ശ്ശെ, നമ്മൾ എന്ത് വിഡ്ഢിത്തമാണ് ചിന്തിച്ചത്. മാഷ് പറഞ്ഞതുപോലെ, ഗംഗയും ഹിമാലയവും മറന്നിട്ടാണ് നമ്മൾ നയാഗ്ര കാണാൻ പോകുന്നത്. നമുക്കൊരു കാര്യം ചെയ്യാം. നോർത്ത് ഇന്ത്യയിലേക്ക് വിടാം. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി അങ്ങനെ. അവിടത്തെ ജനജീവിതം പഠിക്കാം. ചോളപ്പാടങ്ങളിലൂടെ നടക്കാം. രാജസ്ഥാനിലെ കോട്ടകൾ കാണാം. അമേരിക്കയിൽ ചെന്നെഴുതുന്ന യാത്രാവിവരണത്തെക്കാൾ സുന്ദരൻ യാത്രാവിവരണം എഴുതാം. ചുരിദാറും വാങ്ങാം.''
ഭാര്യ സമ്മതിച്ചു. ഞങ്ങൾ കൈയോടെ ട്രാവത്സിൽ വിളിച്ച് അമേരിക്കൻ ടിക്കറ്റ് ക്യാൻസൽ ചെയ്തു.
 

രാത്രി

 
പാതിരാത്രി ഭാര്യ എന്നെ വിളിച്ചുണർത്തി.
‘‘അതേയ്...''
‘‘എന്താ?''
‘‘നോർത്ത് ഇന്ത്യയിൽ പോകുന്നതിനെക്കാൾ ആദ്യം പോകേണ്ടത് തൊട്ടടുത്ത തമിഴ്നാടും കർണാടകവുമൊക്കെയല്ലേ. അവിടത്തെ ജനജീവിതവും നമുക്ക് അറിയില്ല. അതൊക്കെ ഒന്ന് കണ്ട് മനസ്സിലാക്കിയാലോ? കാവേരി നദീതടം, സേലത്തെയും തിരുനെൽവേലിയിലെയുമൊക്കെ കാർഷിക സംസ്കാരം, മധുര കോട്ട, മൈസൂർ, ഹംപി അങ്ങനെ പഠിച്ചിട്ടുള്ളതും കേട്ടിട്ടുള്ളതും ടൂറിന് മാത്രമായി പോയ സ്ഥലങ്ങളുമൊക്കെ പഠിക്കാൻവേണ്ടി കണ്ടാലോ. നമ്മുടെ അടുത്തുള്ള സ്റ്റേറ്റ് കാണാതെ എന്തിനാ ദുരേക്ക് പോകുന്നത്?''
 
എനിക്ക് ഗംഭീരസന്തോഷമായി. ആകെയൊരു ഉണർവ് കിട്ടി. തമിഴ്നാടൻ സംസ്കാരംപോലെ മഹത്തായ സംസ്കാരം പഠിക്കാൻ മുന്നിലുള്ളപ്പോഴാണ് ജാക്കറ്റും ബ്ലാങ്കറ്റുമായി ഞാൻ അമേരിക്ക കാണാനിറങ്ങിയത് എന്നതിൽ ചെറിയൊരു മനഃപ്രയാസം തോന്നി. അമേരിക്കയും യൂറോപ്പും കാണണം. പക്ഷേ, ആദ്യം നമുക്കുള്ളത് കാണണ്ടെ. അയൽ സംസ്ഥാനം. പിന്നെ വടക്കേ ഇന്ത്യ. നെക്സ്റ്റ് അമേരിക്ക. എന്തൊക്കെയോ ആലോചിച്ച് കിടന്നപ്പോൾ അതാ തലയ്ക്കകത്ത് പുതിയ വെളിച്ചം. ഞാൻ ഭാര്യയെ വിളിച്ചു:
 
""അപ്പോഴേ തമിഴ്നാടും കർണാടകവും അവിടെ നിൽക്കട്ടെ. നമ്മൾ നമ്മുടെ കേരളം കൃത്യമായി കണ്ടിട്ടുണ്ടോ? പഠിച്ചിട്ടുണ്ടോ? അറിഞ്ഞിട്ടുണ്ടോ? അനുഭവിച്ചിട്ടുണ്ടോ? കാസർകോട്, കണ്ണൂർ, ഇടുക്കി, തൃശൂർ. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ, അവിടത്തെ സംസ്കാരം, ആൾക്കാർ, നാട്ടുഭാഷ... അതൊക്കെ അറിയണ്ടേ. നമ്മുടെ കേരളത്തിന്റെ ഹൃദയഭൂമിയിലൂടെയല്ലേ ആദ്യം സഞ്ചരിക്കാൻ. ഇവിടത്തെ ഗ്രാമീണ ജീവിതവും നഗരജീവിതവുമല്ലേ ആദ്യം അനുഭവിച്ചറിയാൻ...?''
 
‘‘എന്നാൽ, ഞാനൊന്ന് ചോദിക്കട്ടെ?'' ഭാര്യ.
‘‘എന്താണ്?''
‘‘മറ്റ് ജില്ലകൾ വിടാം. നമുക്ക് നമ്മുടെ ഈ കൊച്ച് പ്രദേശത്തെക്കുറിച്ച് നേരംവണ്ണം അറിയാമോ? നമ്മുടെ തെരക്കുകൾക്കിടയിൽ ഇവിടത്തെ ഇടവഴികളിലൂടെ നടന്നിട്ടുണ്ടോ? അമേരിക്കയിലെയും വടക്കേ ഇന്ത്യയിലെയും ആൾക്കാരെ വിടാം. നമ്മുടെ ബന്ധുക്കളെ എല്ലാവരെയും നമുക്കറിയാമോ? അവർ എവിടൊക്കെ താമസിക്കുന്നെന്നും അവരുടെ അവസ്ഥ എന്തെന്നും അറിയാമോ? വേണ്ട, അയൽക്കാരെക്കുറിച്ച് വ്യക്തമായി അറിയാമോ?''
ഞാൻ അറിയാതെ കട്ടിലിൽനിന്ന് എണീറ്റു. ഭാര്യയെത്തന്നെ നോക്കിയിരുന്നു. നഗരത്തിലാണെങ്കിലും ദൂരെയെങ്ങോ ഒരു കോഴി കൂകൽ.
അങ്ങനെയാണ് പത്രാധിപർ സാർ മിനിഞ്ഞാന്ന് ഞാൻ ചില ബന്ധുക്കളെ സന്ദർശിച്ചത്. എത്ര ആഹ്ലാദകരമായ മുഹൂർത്തമായിരുന്നു അത്.
 
ഇന്നലെ ഞാൻ അയൽക്കാരെ സന്ദർശിച്ചു. അവരുമായി ഒരുപാട് സമയം സന്തോഷത്തോടെ ചെലവഴിച്ചു. അവിടെയുള്ള അംഗങ്ങളുടെ പേരുകളൊക്കെ അപ്പോഴാണ് അറിഞ്ഞത്.
 
ഇന്നിതാ ഈ സായാഹ്നത്തിൽ ഞങ്ങളുടെ പ്രദേശത്തെ നാട്ടുവഴിയിലൂടെ ഞാനും ഭാര്യയും നടക്കുന്നു. പലപ്പോഴും ശ്രദ്ധിക്കാതെ കടന്നുപോയിരുന്ന അടുത്തുള്ള കൊച്ചുകടയിൽനിന്ന് കപ്പലണ്ടിയും ബിസ്കറ്റും പഴവും പൊതിഞ്ഞുവാങ്ങി. കടക്കാരനോട് കുശലം പറഞ്ഞു. എന്റെ നാടിന്റെ തുടിപ്പുകളിലൂടെ ഞങ്ങൾ നടക്കുകയാണ്. ഭാവിയിൽ അമേരിക്കയിൽ പോകുമായിരിക്കാം. പക്ഷേ, അത് ഇവിടം കണ്ടുപഠിച്ചിട്ട്. ഇതാ ഒരു കാറ്റ് വീശുന്നു. നയാഗ്രയിൽ കിട്ടുന്ന കാറ്റിന്റെ തണുപ്പുണ്ടോ എന്നറിഞ്ഞുകൂട. പക്ഷേ, അതിനേക്കാൾ നല്ല സുഖമുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top