24 February Sunday

മരണത്തിനും ജീവിതത്തിനുമിടയില്‍ ഒരു കോര്‍ണര്‍ കിക്ക്

കെ ഗിരീഷ്Updated: Sunday Nov 19, 2017
പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ആക്രമണത്തിന്റെയും പ്രതിഷേധത്തിന്റെയും കിക്കുകള്‍ എപ്പോഴും ഉയരുന്നതാണ് ഫുട്ബോള്‍ കളിക്കളങ്ങള്‍. അതിജീവിക്കാനും കീഴടക്കാനുമുള്ള ശാരീരികപ്രയത്നം ഫുട്ബോളില്‍ ഉടനീളമുണ്ട്. ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും രാഷ്ട്രീയം ഫുട്ബോള്‍ എപ്പോഴും സൂക്ഷിക്കുന്നു. ഡെത്ത് മാച്ച് ലോകചരിത്രത്തിന്റെ ഏറ്റവും രൂക്ഷമായ രാഷ്ട്രീയദശാസന്ധിയില്‍ കളിച്ച മത്സരമാണ്. മരണമുനമ്പില്‍ നിര്‍ത്തപ്പെട്ട ജനത ജീവിക്കാനായി കളിച്ച കളി. ഫാസിസത്തിന്റെ ഒരുതരം മൃഗയാവിനോദംപോലെ ഉക്രൈന്‍ ജനത നേരിട്ട മത്സരം. രണ്ടാം ലോമഹായുദ്ധ കാലത്ത് ഉക്രൈന്‍ ചാമ്പ്യന്മാരായ ഡൈനാമോ ക്ളീവും നാസി സൈനികരുടെ ടീമുമായി നടന്ന, മരണം സമ്മാനമാകുന്ന മത്സരം ലോകഫുട്ബോള്‍ ചരിത്രത്തിലെയും രാഷ്ട്രീയചരിത്രത്തിലെയും രേഖപ്പെടുത്തപ്പെട്ട മാച്ചാണ്. കലിക്കറ്റ് യൂണിവേഴ്സിറ്റി ലിറ്റില്‍ തിയറ്റര്‍ അവതരിപ്പിക്കുന്ന നാടകം 'മരണമാച്ച്' ഇത്തരമൊരു ഫുട്ബോള്‍ കളിയുടെ കഥയും കളിക്കുപുറകിലെ രാഷ്ട്രീയവുമാണ് പറയുന്നത്. കലിക്കറ്റ് യൂണിവേഴ്സിറ്റിക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ഓഫ് ഡ്രാമയുടെ തിയറ്റര്‍ റെപര്‍ട്ടറിയാണ് കള്‍ട്ട്.
ഭൂരിപക്ഷം വരുന്ന അധികാരസമൂഹം ഭരണഘടനയെയും നിയമങ്ങളെയും നിയന്ത്രിക്കുമ്പോള്‍ അരികുവല്‍ക്കരിക്കപ്പെടുന്ന ന്യൂനപക്ഷസമൂഹത്തിന്റെ ജീവനും അന്തസ്സിനും വേണ്ടിയുള്ള അവകാശങ്ങളെ ഫുട്ബോള്‍ കളിയുടെ പശ്ചാത്തലത്തില്‍ അരങ്ങിലെത്തിക്കുകയാണ് 'മരണമാച്ച്'.
 മലപ്പുറത്തെ ഒരു ഫുട്ബോള്‍ ക്ളബായ 'ഇന്ത്യന്‍ സോക്കര്‍ ക്ളബ് കരുവാരക്കുണ്ട്' മൈതാനത്തിനും ജീവിതത്തിനും വേണ്ടി 'ഹിറ്റ്ലര്‍' ക്ളബ്ബിനെതിരെ നടത്തുന്ന ജീവന്മരണപോരാട്ടമാണ് നാടകം പറയുന്നത്. സോക്കര്‍ ക്ളബ് കളിച്ചുകൊണ്ടിരിക്കുന്ന മാൈതാനത്തിന്റെ ഉടമസ്ഥതയെക്കുറിച്ചുള്ള തര്‍ക്കം പരിഹരിക്കാനാണ് മത്സരം. മൈതാനത്തില്‍ പണ്ട് പൊലീസ് സ്റ്റേഷനുണ്ടായിരുന്നുവെന്നാണ് തര്‍ക്കം. തര്‍ക്കം പരിഹരിക്കാന്‍ മാച്ചാണ് പരിഹാരമായി കാണുന്നത്. സമകാലീന ഇന്ത്യനവസ്ഥയെ, ഫാസിസത്തിന്റെ കടന്നുവരവിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന നാടകം ആക്ഷേപഹാസ്യത്തിന്റെ മൂര്‍ച്ചയുള്ള കത്തികൊണ്ട് അതിനെ കുത്തിമുറിക്കുന്നുമുണ്ട്. എവിടെയൊക്കെയാണ് അധികാരം അതിസൂക്ഷ്മമായി ഇടപെടുന്നതെന്നും എവിടെയൊക്കെയാണ് ഇന്ത്യന്‍ ജനതയുടെ ജീവിതഗതി നഷ്ടമാകുന്നതെന്നും നാടകം പറയുന്നു. ലളിതവും അതേസമയം അതിശക്തവുമാണ് രംഗഭാഷയും നാടകപാഠവും. 
അലനല്ലൂര്‍ കലാസമിതിയാണ് മരണമാച്ച് നാടകം ആദ്യം രംഗത്ത് അവതരിപ്പിക്കുന്നത്. അന്നത്തേതിനേക്കാള്‍ സമകാലീനവല്‍ക്കരിച്ച രംഗാവതരണമാണ് കള്‍ട്ട് നടത്തുന്നത്. ഓരോ ദിവസവും പുതിയ അധികാരപ്രയോഗങ്ങളും ആക്രമണവും ദരിദ്രജനതയ്ക്കുമേല്‍ ഉണ്ടാകുമ്പോള്‍ ഓരോ ദിവസവും നാടകത്തിന് നവീകരിക്കപ്പെടാതെ വയ്യ എന്നു നാടകം തെളിയിക്കുന്നു. 
ഫാസിസ്റ്റ് ഭരണകൂടഭീകരതയ്ക്കെതിരെ ശക്തമായ രാഷ്ട്രീയം പറയുന്ന നാടകം സംവിധാനം ചെയ്തിരിക്കുന്നത് ശരത് രേവതിയാണ്. രചന നിര്‍വഹിച്ചിരിക്കുന്നത് ശബരീഷ്. അജിത് രാമചന്ദ്രന്‍, രഞ്ജിത് ഡിങ്കി, അജിത് ലാല്‍ ശിവലാല്‍, അരുണ്‍, ബിരേഷ് കൃഷ്ണന്‍, മനോജ് ഒമന്‍, സനോജ് മാമോ, സുബീഷ് സുധാകരന്‍, സുമേഷ്, അശ്വത് മുത്തപ്പന്‍ എന്നിവരാണ് അരങ്ങില്‍. ദീപസംവിധാനം: സജാസ് റഹ്മാന്‍, അലക്സ് സണ്ണി, ശ്രീജിത്. കോസ്റ്റ്യൂം: അഞ്ജലി മോഹന്‍. ഡോക്കുമെന്റേഷന്‍: അതുല്‍.
പ്രധാന വാർത്തകൾ
 Top