20 March Wednesday

പോരാട്ടത്തിന്റെ കഥകള്‍

ശശി മാവിന്‍മൂട്Updated: Sunday Nov 19, 2017
പോരാട്ടത്തിന്റെയും മാനവികതയുടെയും വെളിച്ചത്തിലേക്ക് തുറക്കുന്ന വാതിലുകളാണ് ശിവരാമന്‍ ചെറിയനാടിന്റെ 'മൂക്കിന്റെ തുമ്പ്' എന്ന കഥാസമാഹാരത്തിലെ കഥകള്‍. 15 ചെറിയ കഥകളുടെ സമാഹാരമാണിത്. നിത്യജീവിതത്തിലെ പരിചിതമുഹൂര്‍ത്തങ്ങളാണ് എല്ലാ കഥകളുടെയും പ്രമേയം. വാക്കുകള്‍ കാച്ചിക്കുറുക്കി ചിന്തേരിട്ടവയാണ് ഓരോ കഥയും. മൂക്കിന്റെ തുമ്പ് എന്നത് ഒരു പ്രതീകമാണ്. ആ പ്രതീകത്തിലൂടെ അവതരിപ്പിക്കുന്ന ശീര്‍ഷകകഥയില്‍ ഉപഹാസത്തിന്റെ മേമ്പൊടി ചേര്‍ത്ത് അധികാരം നഷ്ടപ്പെട്ട രാജാവിന്റെ ദൈന്യം കാട്ടിത്തരുന്നു. രാജഭരണകാലത്തെ കറുത്ത ഏടുകളും ഇതില്‍ വായിക്കാം. 'രാജാവിന്റേതെന്ന് സംശയിക്കുന്ന ഒരു മൂക്കിന്റെ തുമ്പ് ഗവേഷകന്‍ കണ്ടെടുത്ത് പുതിയ ചരിത്രമെഴുതാന്‍ തുടങ്ങി' എന്നിടത്താണ് ഈ കഥയുടെ പരിണാമഗുപ്തി. സമൂഹത്തിലെ അനാചാരങ്ങളിലും അനീതികളിലും പെട്ടുഴലുന്ന സാധാരണ മനുഷ്യരുടെ കഥയാണ് 'ദൈവമേ ചാകരുത്.'  യഥാര്‍ഥ വേട്ടക്കാര്‍ മനുഷ്യമനസ്സുകള്‍ക്കുള്ളിലാണ് ഒളിച്ചിരിക്കുന്നതെന്ന് 'വേട്ടക്കാരുടെ വരവ്' എന്ന കഥയില്‍ ഭര്‍തൃഗൃഹത്തിലെ അനുഭവങ്ങളിലൂടെ മായ എന്ന പെണ്‍കുട്ടി പറഞ്ഞുതരുന്നു. സമൂഹത്തിലും കുടുംബത്തിലും സ്ത്രീ അനുഭവിക്കുന്ന വര്‍ത്തമാനകാലത്തിന്റെ കണ്ണീരും വേദനയുമാണ് 'വിലയ്ക്ക് വാങ്ങിയവള്‍', 'കാത്യയല്ല ഷീബ' എന്നീ കഥകളും പങ്കുവയ്ക്കുന്നത്. 'ഉദരനിമിത്തം ബഹുകൃതവേഷം' എന്ന് കുഞ്ചന്‍നമ്പ്യാര്‍ പാടിയിട്ടുള്ളതുപോലെ ജീവിക്കാന്‍വേണ്ടി പലവേഷങ്ങള്‍ കെട്ടി പരിഹാസ്യരാകുന്ന മനുഷ്യരുടെ കഥയാണ് 'കുടിയിറക്കി'ല്‍ നിറഞ്ഞിരിക്കുന്നത്.
സമൂഹത്തിന്റെ വികലവീക്ഷണങ്ങള്‍ ചുറ്റും ഉണര്‍ന്നിരിക്കുമ്പോഴും മതാതീത ചിന്തയും സ്ത്രീപുരുഷബന്ധത്തിന്റെ പവിത്രതയും കാത്തുസൂക്ഷിക്കുന്ന അപൂര്‍വമായ മനുഷ്യരുടെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് 'കനിയുടെ തിരോധാനം' പറയുന്നത്. ഈ സമാഹാരത്തിലെ പോരാട്ടത്തിന്റെയും പരിവര്‍ത്തനത്തിന്റെയും കഥകൂടിയാണിത്. ഭാഷയിലും സംസ്കാരത്തിലും മലയാളിയുടെ മനോഭാവത്തിലുണ്ടായ വലിയ മാറ്റത്തെ മൂല്യബോധംകൊണ്ട് തിരിച്ചുപിടിക്കാനുള്ള പരിശ്രമമാണ് 'ഇന്ത്യന്‍ അപ്പൂപ്പന്‍' എന്ന കഥ. മരണാസന്നതയിലും ജീവിതത്തിലെ മരിക്കാത്ത മോഹങ്ങള്‍ മനുഷ്യനെ പിന്തുടരുന്നതിന്റെ മനോഹരമായ ആവിഷ്കാരമാണ് 'കാമന'. ഉപബോധമനസ്സില്‍ കുടിയേറിയ കാമുകിയുടെ ഭ്രമാത്മകമായ ചിന്തകളും വാക്കുകളും ജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളാണ് 'പ്രണയോത്സവം' എന്ന കഥയില്‍. അതിരുകളില്ലാത്ത പ്രണയത്തിന്റെ അര്‍ഥതലങ്ങളാണ് ഈ കഥ തേടുന്നത്. മാനസികവിഭ്രാന്തിയിലേക്ക് മനുഷ്യനെ വഴിനടത്തുന്ന സാഹചര്യങ്ങളാണ് 'ഭ്രാന്ത്' എന്ന കഥ വിശകലനം ചെയ്യുന്നത്. ഒരേസമയം ഒരാള്‍ക്കൊരു ബാലനും കൌമാരക്കാരനും യുവാവും മധ്യവയസ്കനും വൃദ്ധനുമാകാമെന്ന തിരിച്ചറിവിലേക്ക് ആ വിഭ്രമം വളര്‍ന്നുവരുമ്പോഴാണ് കഥ പുതിയ അര്‍ഥതലങ്ങളിലെത്തുന്നത്. മനുഷ്യന്റെ വിഭിന്നഭാവങ്ങളും നിസ്സഹായതയും നിഴലിക്കുന്ന 'വിശപ്പ്' സ്വാര്‍ഥത നിറഞ്ഞ കാലത്തിന്റെ പരിച്ഛേദമാണ്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് മാറുന്ന ജീവിതവും തലകുത്തിവീഴുന്ന സംസ്കാരവും പറയുന്ന 'നെല്‍സണ്‍ മണ്ടേല റസിഡന്‍സി', കുടുബത്തിലെ ലിംഗനീതിയുടെ കഥ പറയുന്ന 'കാത്തി', വാര്‍ധക്യ ജീവിതവ്യസനങ്ങളും നിസ്സഹായതയും പ്രകടമാക്കുന്ന 'ഉപജീവനം' എന്നിവയെല്ലാം വായനയെ സമ്പുഷ്ടമാക്കുന്നവയാണ്. ചെറിയ കഥകളെങ്കിലും വലിയ ജീവിത യാഥാര്‍ഥ്യങ്ങളാണ് ഓരോ കഥയിലും നിറഞ്ഞിരിക്കുന്നത്. പുതിയ മാനവികതയുടെ പിറവി തേടുന്നവയാണ് എല്ലാ കഥകളും. ലളിതമായ ഭാഷയും സുഗ്രഹമായ ആഖ്യാനശൈലിയും വായനയുടെ വസന്തമായി വര്‍ത്തിക്കുന്നു. ഈ കഥകളിലൂടെ ശിവരാമന്‍ ചെറിയനാട് വര്‍ത്തമാനകാലത്തിന്റെ ദൈന്യമുഖം നമുക്ക് കാട്ടിത്തരുന്നു.
പ്രധാന വാർത്തകൾ
 Top