20 January Wednesday

അശാന്തിയുടെ കടൽ

ഡോ. എസ‌് എസ‌് സന്തോഷ‌്കുമാർUpdated: Sunday May 19, 2019

ഈസ‌്റ്റർ ദിനത്തിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ ശ്രീലങ്ക ഉലഞ്ഞിരിക്കു കയാണ‌്. വംശീയ ലഹളക ളുടെ മുറിവുണങ്ങി വരുന്നതേയുള്ളൂ. ഡോക്ടേഴ്‌സ് ബിയോണ്ട് ബോർഡേഴ്‌സിന്റെ സന്നദ്ധ പ്രവർത്തകനായി ശ്രീലങ്കയിലെത്തിയ ഡോ. എസ‌് എസ‌് സന്തോഷ‌് കുമാറിന്റെ അനുഭവസാക്ഷ്യം

 
വീണ്ടുമൊരു  ദൗത്യവുമായി ഇത്ര പെട്ടെന്ന് ശ്രീലങ്കയിലേക്ക് തിരിച്ചെത്തേണ്ടിവരുമെന്ന് ഞാൻ കരുതിയതല്ല. ഏപ്രിൽ 24ന് ബട്ടിക്കലോവ ആശുപത്രിയിലെ ഐസിയുവിലേക്ക് കയറിച്ചെന്നപ്പോൾ ആദ്യം കണ്ടത് രണ്ടു കണ്ണിന്റെയും കാഴ്‌ച നഷ്ടപ്പെട്ട  പതിമൂന്നുകാരനെ. സ‌്ഫോടനത്തിൽ ചിതറിയ ചില്ലുകൾ കണ്ണിൽ തറച്ചുകയറിയതാണ്.  കാഴ്‌ച തിരിച്ചുകിട്ടില്ല. പല ദുരന്ത സ്ഥലങ്ങളിലും ഇതുപോലെയുള്ള കാഴ്‌ച പലവട്ടം കണ്ടിട്ടുണ്ടെങ്കിലും ആ കുട്ടിയുടെ കിടപ്പ് എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു. ഓരോ യുദ്ധവും കലാപവും ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെയാണ്. ശ്രീലങ്കയിൽ വർഷങ്ങളോളം നീണ്ടുനിന്ന വംശീയ കലാപത്തിന്റെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല. അതിൽനിന്ന‌് കരകയറിയ ആ രാജ്യത്തെ ഞെട്ടിച്ച‌് ഈസ‌്റ്റർദിനത്തിൽ പൊട്ടിയ ബോംബുകളുടെ ഇരകളും ഏറെയും കുട്ടികളായിരുന്നു.  പള്ളിയിലേക്ക് ‌സ‌്ഫോടനം നടത്താനായി കയറിപ്പോകവേ വഴിയിൽനിന്ന കുട്ടിയുടെ തലയിൽ തലോടുന്ന ചാവേറിന്റെ ദൃശ്യം നമ്മോടു പലതും പറയുന്നുണ്ട്.  
 
കഴിഞ്ഞ വർഷം ശ്രീലങ്കയിൽ പോയി മടങ്ങുമ്പോൾ അവിടം ഉയിർപ്പിന്റെ പാതയിലായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട വംശീയകലാപം തകർത്തെറിഞ്ഞ ലങ്ക പൂർവപ്രതാപം തിരിച്ചുപിടിച്ചിരുന്നു.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾ  ഒഴുകിയെത്തിത്തുടങ്ങിയിരുന്നു. സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് നീങ്ങുന്നതിന്റെ സൂചനകൾ. ‌എല്ലാം ഒറ്റദിവസംകൊണ്ട് തകർന്നടിഞ്ഞിരിക്കുന്നു.
 
യുദ്ധവും കലാപവും പ്രകൃതിക്ഷോഭവും മറ്റും തകർക്കുന്ന ജനതകൾക്കിടയിൽ സമഗ്ര ആരോഗ്യദൗത്യവുമായി കടന്നുചെല്ലുന്ന ഡോക്ടേഴ്‌സ് ബിയോണ്ട് ബോർഡേഴ്‌സിന്റെ സന്നദ്ധപ്രവർത്തകനായാണ് കഴിഞ്ഞവർഷം, ഞാൻ ലങ്കയിലെത്തിയത്. കാലങ്ങളായി അവിടെ പ്രവർത്തിച്ചിരുന്ന മെഡിസിൻസ‌് സാൻസ‌് ഫ്രോൺടിയേഴ‌്സ‌ി (എംഎസ്എഫ‌്) ന്റെ ചില പ്രോജക്ടുകൾ ഞങ്ങൾ അവസാനിപ്പിച്ചത് അപ്പോഴാണ്. കെടുതികളിൽനിന്ന്  മോചനം പ്രാപിച്ചുതുടങ്ങിയതിനാലും ആരോഗ്യരംഗത്തുൾപ്പെടെ ശ്രീലങ്ക സ്വയം പര്യാപ്തമായിത്തുടങ്ങിയെന്ന് ബോധ്യപ്പെട്ടതിനാലുമായിരുന്നു അത്. വംശീയകലാപം ഏതാണ്ടൊക്കെ അവസാനിച്ചതിനാലും ഇനി അത്തരമൊരു കലാപത്തിന് സാധ്യതയില്ലാതിരുന്നതിനാലും എംഎസ്എഫിന്റെ സന്നദ്ധഭടനായി അവിടേക്ക് വീണ്ടും ചെല്ലേണ്ടി വരുമെന്ന് കരുതിയതേയല്ല.  
 
മൂന്നിടങ്ങളിൽ നടന്ന സ്‌ഫോടനങ്ങളെത്തുടർന്ന് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരുന്നത് പ്രധാനമായും കൊളംബോയിലെ നാഷണൽ ഹോസ‌്‌പിറ്റൽ ഓഫ് ശ്രീലങ്ക, നെഗംബോ ജില്ലാ ആശുപത്രി, ബെട്ടിക്കലോവ ആശുപത്രി എന്നിവയാണ‌്. ഇതിൽ ആദ്യത്തേത് ശ്രീലങ്കയിലെ ഏറ്റവും സൗകര്യമുള്ള ആശുപത്രി. ആദ്യ രണ്ടെണ്ണവും സ്ഥിതിചെയ്യുന്നത‌് സിംഹള മേഖലയിൽ. അതുകൊണ്ടുതന്നെ മികച്ച സൗകര്യങ്ങൾ. 
 
പക്ഷേ, ബട്ടിക്കലോവയിലെ സ്ഥിതി അതല്ല. തമിഴ് മേഖലയിൽപ്പെട്ട ഈ ആശുപത്രിയിൽ സൗകര്യങ്ങൾ അപര്യാപ‌്തം. നേഴ്സുമാരും ഡോക്ടർമാരും കുറവ്. പഴയതിനേക്കാൾ മെച്ചമാണ് സ്ഥിതിയെങ്കിലും ഇത്തരമൊരു അത്യാഹിതം കൈകാര്യം ചെയ്യാൻ പറ്റുന്ന സ്ഥിതിയല്ല.  125 പേരാണ്  ചികിൽസയിലുണ്ടായിരുന്നത്. അതിനുള്ള സംവിധാനമൊന്നുമില്ല. പൊള്ളലേറ്റവരെ ചികിത്സിക്കാനുള്ള സ‌്‌പെഷ്യലിസ്റ്റുകളുമില്ല. ശസ‌്‌ത്രക്രിയ നടത്താനും സൗകര്യമില്ല.  കാഴ‌്‌ച നഷ്ടമായവരും രണ്ടു കാലും പോയവരും ചിതറിത്തെറിച്ച ശരീരത്തിന്റെ അവശിഷ‌്‌ട ഭാഗവുമായി ജീവിക്കേണ്ടിവരുന്നവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. 
 
ചുരുക്കം ചില സ്ഥലങ്ങൾ തെരഞ്ഞുപിടിച്ചാണ് അക്രമികൾ സ്‌ഫോടനം നടത്തിയതെങ്കിലും തകർന്നത് ശ്രീലങ്കയെന്ന രാജ്യം മുഴുവനുമാണ്. വംശീയ കലാപത്തിൽനിന്ന് മുക്തമായി ജനസാന്ദ്രമായിക്കൊണ്ടിരുന്ന തെരുവുകൾ വിജനമാകുന്നു.  വൻകിട ഹോട്ടലുകളിൽപ്പോലും അതിഥികളില്ല. 
 
വസന്തൻ എന്ന ഓട്ടോ ഡ്രൈവറെ നെഗംബോയിൽവച്ച് കണ്ടുമുട്ടി. ഒരുദിവസം നൂറുരൂപയുടെ പോലും ഓട്ടം കിട്ടുന്നില്ല അയാൾക്ക‌്.  രാവിലെ  ഓട്ടോയുമായിട്ടിറങ്ങിയാൽ വൈകുമ്പോഴേക്കും  നാൽപ്പതു പേരെയെങ്കിലും ലക്ഷ്യസ്ഥാനത്തെത്തിച്ചിരുന്നതാണ്. ഇപ്പോൾ അത് നാലോ അഞ്ചോമാത്രം. കൊളംബോയുടെ സമീപത്തുള്ള ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാണ് നെഗംബോ. ഇരുപത്തിനാല് മണിക്കൂറും സജീവമായ  തെരുവുകളും നൈറ്റ് ക്ലബ്ബുകളും. സൂചികുത്താനിടമില്ലാതിരുന്ന ഡാൻസ് ബാറുകൾ ഇപ്പോൾ വിജനം. ഈ പ്രദേശം പഴയ പ്രതാപത്തിലേക്കു തിരിച്ചുവരാൻ കാലങ്ങളെടുക്കും.  
 
തീവ്രവാദ ആക്രമണത്തോടെ  കച്ചവടമേഖലയും തകർന്നടിഞ്ഞു. കടകൾ തുറന്നാലും പ്രയോജനമില്ല.  മനോഹരമായ കടലോരങ്ങളും ആളൊഴിഞ്ഞു. ഏതാനും വർഷംകൊണ്ട് കഠിനാധ്വാനത്തിലൂടെ കെട്ടിപ്പൊക്കിയതൊക്കെ ഒരു നിമിഷാർധത്തിൽ  തകർന്നടിഞ്ഞു. 
 
വൻതുക കടം വാങ്ങി ഹോട്ടലുകളും റെസ്റ്റോറന്റുകളും ഹോം സ്റ്റേകളും തുടങ്ങിയവർ  കടക്കെണിയിലേക്കാണ് പോകുക. പലരും ആത്മഹത്യയിൽ  അഭയം തേടിയാലും അത്ഭുതമില്ല. നിത്യോപയോഗ സാധനവില കുതിച്ചുയർന്നു. ചരക്കുനീക്കം നിലച്ചു.  സഞ്ചാര സ്വാതന്ത്ര്യംപോലും ഇല്ലാതാകുന്ന സ്ഥിതി.
എൽടിടിഇയുടെ കാലത്തും സുനാമിയുണ്ടായപ്പോഴും ഇവിടെ ആരോഗ്യദൗത്യവുമായി എത്തിയിട്ടുണ്ട്. എംഎസ്എഫിന്റെ മിഷൻ 2018ലാണ് അവസാനിച്ചത്. ശ്രീലങ്ക മുഴുവനായും സഞ്ചരിച്ചതാണ്. പക്ഷേ അന്നൊന്നും കാണാത്ത ഭീതി ഇവിടെ ഇപ്പോൾ കാണാൻ കഴിയുന്നു. വൻകലാപത്തിന്റെ തുടക്കമാണോയെന്ന് സംശയം ബലപ്പെടുന്നു.
 
ശ്രീലങ്കയിലെ ഇസ്ലാം മതസ്ഥർ കടുത്ത അരക്ഷിതാവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഒരുകാലത്ത് സിംഹള‐തമിഴ് വംശജർ തമ്മിലായിരുന്നു  കലാപമെങ്കിൽ ഇനിയത് ഇസ്ലാം മതസ്ഥർക്കു നേരേ തിരിഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല. കഴിഞ്ഞദിവസം ഇസ്ലാം മതസ്ഥർക്കുനേരെ ഉണ്ടായ ആക്രമണവും കൊലപാതകങ്ങളും വർഗീയ കലാപവും ഒരു തുടക്കമാണ്. ശ്രീലങ്കയിലെ പല വ്യാപാര സ്ഥാപനങ്ങളിൽനിന്നും ഹോട്ടലുകളിൽ നിന്നുമൊക്കെ ഇസ്ലാം മതസ്ഥരായ തൊഴിലാളികളെ ഒഴിവാക്കിത്തുടങ്ങിയിട്ടുണ്ട്. ചിലരുടെ തീവ്രവാദംമൂലം ഒരു മതവിഭാഗത്തിൽപ്പെട്ടവരാകമാനം കുറ്റവാളികളാക്കപ്പെടുകയും നിസ്സഹായരാകുകയുമാണ്.   
 
2009ലെ വംശീയ കലാപകാലത്ത് എംഎസ്എഫിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ സഹകരിച്ചിട്ടുള്ളത് മുസ്ലിങ്ങളാണ്. അവരിൽ തീവ്രമായ മതവികാരം ഉണ്ടായിരുന്നില്ല. ആ അമ്പരപ്പാണ് ഇവിടെ ഉള്ളവർക്കും ഉള്ളത്. ആ മതവിഭാഗത്തിൽ പെട്ടവർക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന എന്തെങ്കിലും ഇവിടെയുള്ളതായി പുറത്തേക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. സിംഹളരിലും തമിഴരിലും മുസ്ലിങ്ങളുണ്ട്.   
 
  വിസ‌്തൃതി കുറഞ്ഞ ഈ രാജ്യത്ത‌്  മൂന്നിടത്തു നടന്ന സ‌്ഫോടനം നേരിടാനും അതിനെ അതിവേഗം അതിജീവിക്കാനുമുള്ള ശേഷി ശ്രീലങ്കയ്ക്കുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ ഈ കൊടുംതകർച്ചയിൽനിന്ന് ഇനിയുമെത്രകാലമെടുത്താലാണ് ഈ നാട‌് മോചിതയാകുകയെന്ന് പറയാനാകില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top