21 September Saturday

അടിമയുടെ സ്വാതന്ത്ര്യം

സൂക്ഷ്മൻUpdated: Sunday May 19, 2019

കോൺഗ്രസിന് പ്രധാനമന്ത്രി സ്ഥാനം വേണമെന്ന് നിർബന്ധമില്ല എന്ന‌ാണ് ഗുലാം നബി ആസാദ് ഒടുവിൽ പറഞ്ഞത്‌

 
അടിമ എന്നാണ‌് ഗുലാം എന്ന വാക്കിന്റെ അർഥം. ഉറുദു ഭാഷയാണ് ആ വാക്കിന്റെ ഉറവിടം. ആസാദ് എന്നാൽ സ്വാതന്ത്ര്യം. അതും ഉറുദുവിൽ ജനിച്ച പദം. ഗുലാം നബി ആസാദ് എന്ന് നീട്ടി എഴുതുമ്പോൾ  അടിമയെന്നും സ്വാതന്ത്ര്യമെന്നും മാത്രമല്ല കൂടെ പ്രവാചകന്റെ നാമവും വരുന്നു. സ്വാതന്ത്ര്യവും അടിമത്തവും വിരുദ്ധാവസ്ഥകളാണ്. ഗുലാം നബി ആസാദിന്റെ വ്യക്തിത്വത്തിൽ പക്ഷേ ആ വൈരുധ്യം ഇല്ല. പറയാനുള്ളത് നേർക്കുനേർ പറയുകയും ആരുടെയും അടിമയായി നിൽക്കാൻ താൽപ്പര്യപ്പെടാതിരിക്കുകയുമാണ് അദ്ദേഹത്തിന്റെ ശൈലി.
 
കോൺഗ്രസിൽ അവശേഷിക്കുന്ന ചുരുക്കം ദേശീയ നേതാക്കളിൽ ഒരാൾ. നെഹ്‌റു കുടുംബത്തിൽ നിന്നല്ലാതെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉയർന്നുവന്ന കോൺഗ്രസ് നേതാക്കളുടെ പട്ടികയിലെ അവസാന കണ്ണികളിലൊന്ന്.  നിലവിൽ രാജ്യസഭാ പ്രതിപക്ഷ നേതാവ‌്. ഇപ്പോൾ കോൺഗ്രസിന്റെ ശബ്ദം പുറത്തുകേൾക്കുന്നതും ഇങ്ങനെ ചില നേതാക്കളിലൂടെ മാത്രമാണ്.
 
കോൺഗ്രസിന് പ്രധാനമന്ത്രി സ്ഥാനം വേണമെന്ന് നിർബന്ധമില്ല എന്ന‌് തുറന്നു പറഞ്ഞാണ് ഗുലാം നബി ആസാദ് ഒടുവിൽ ശ്രദ്ധാകേന്ദ്രമായത്. എൻഡിഎ സർക്കാർ അധികാരത്തിൽ വരുന്നത് തടയുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം എന്നും പറയുന്നു. അതായത്, ഇന്നലെവരെ കോൺഗ്രസ് പറഞ്ഞതല്ല യാഥാർഥ്യം എന്ന്. എൻഡിഎ അധികാരത്തിൽ വരുന്നത് തടയുകയാണ് ലക്ഷ്യം എങ്കിൽ അതിനുവേണ്ടി നിലകൊള്ളുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ മത്സരിക്കാൻ പ്രധാനമന്ത്രി സ്ഥാനാർഥിയുടെ വേഷംകെട്ടിച്ച‌് എന്തിന‌് രാഹുൽ ഗാന്ധി കേരളത്തിൽ വന്നു എന്ന ചോദ്യം ആദ്യം ഉയരും. തെരഞ്ഞെടുപ്പിനുമുമ്പ‌് ബിജെപി വിരുദ്ധ വോട്ടുകളെ പരമാവധി ഭിന്നിപ്പിക്കാൻ ശ്രമിച്ച; സഖ്യ സാധ്യതകളോട് പുറംതിരിഞ്ഞു നിൽക്കുകയും ഗൗരവബുദ്ധി കൈവിടുകയും ചെയ‌്ത  കോൺഗ്രസ്, ഫലം മുന്നിലെത്തുമ്പോൾ മറ്റൊരു വേഷമണിയുകയാണ്. അത് തുറന്നുപറഞ്ഞതിലൂടെ ഗുലാം നബി ആസാദ് തന്റെ പേരിലെ "ആസാദ്’ അഥവാ സ്വാതന്ത്ര്യം ആണുപയോഗിച്ചത്.  
 
ഹിന്ദുവോട്ടുകൾ നഷ്ടമാകുമോയെന്ന ഭയം നിമിത്തം ഹിന്ദുക്കളായ പല കോൺഗ്രസ് നേതാക്കളും തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിക്കുന്നില്ലെന്ന‌് ആഴ‌്ചകൾക്ക് മുമ്പാണ് ആസാദ് പറഞ്ഞത്. താൻ പ്രസംഗിച്ചാൽ കോൺഗ്രസിന് വോട്ട് കുറയുമോയെന്ന ഭയമുണ്ടെന്നും അതുമൂലമാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാകാത്തതെന്നും  പറഞ്ഞു. കോൺഗ്രസിന്റെ യഥാർഥ സ്വഭാവമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. യൂത്ത് കോൺഗ്രസ് ആയകാലംമുതൽ  തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ താൻ സജീവമായിരുന്നു.  95 ശതമാനം വോട്ടുകളും ഹിന്ദു വോട്ടർമാരിൽ നിന്നായിരുന്ന കാലത്തായിരുന്നു അത്.  താൻ  പ്രചാരണത്തിന് ഇറങ്ങിയാൽ ഹിന്ദുവോട്ടുകൾ നഷ്ടമാകുമെന്ന് ചില കോൺഗ്രസ് നേതാക്കൾ  ഭയപ്പെടുന്നു. ന്യൂനപക്ഷ വോട്ടുകൾ കിട്ടാൻ ബിജെപി വിരുദ്ധ പ്രസംഗം നടത്തുന്ന കോൺഗ്രസ് എങ്ങനെയാണ് രാജ്യത്തിന്റെ മതനിരപേക്ഷത "ഉയർത്തി’പ്പിടിക്കുന്നതെന്ന‌് അലിഗഡ് സർവകലാശാലയിലെ പൂർവ വിദ്യാർഥി സമ്മേളനത്തിലാണ് ആസാദ് തുറന്നുപറഞ്ഞത്.   
 
കോൺഗ്രസിന്റെ മറ്റു നേതാക്കൾ മാറിമാറി വർഗീയ പ്രീണനം നടത്തുമ്പോൾ ഒഴിഞ്ഞുനിൽക്കാൻ ഗുലാം നബി ശ്രമിച്ചിട്ടുണ്ടെന്നത് സത്യം. അതിലുപരി  തകർന്ന കോൺഗ്രസിനെ രക്ഷിക്കാനുള്ള തന്ത്രജ്ഞൻ എന്ന നിലയിലാണ് സോണിയ ഗുലാം നബിയെ ഉപയോഗപ്പെടുത്തുന്നത്. എവിടെ തർക്കമുണ്ടോ അവിടെ ഗുലാം നബി എത്തും. കർണാടകത്തിൽ തോറ്റ കോൺഗ്രസിന് ഭരണപങ്കാളിത്തമുണ്ടാക്കിയ കളി നയിച്ചത് ഗുലാം നബി ആയിരുന്നു.    ഗോവയടക്കമുള്ള സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാനാകാതെ  പരിഹാസ്യമായ കോൺഗ്രസിന്, ബിജെപിയുടെ അതേ ആയുധങ്ങൾ ഉപയോഗിച്ച് ജീവൻ നൽകി, കുമാരസ്വാമിയെ മുഖ്യമന്ത്രി പദത്തിലേക്ക് നയിച്ച ഗുലാം നബിതന്നെ പതിനേഴാം ലോക‌്‌സഭാ തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കാനും രംഗത്തിറങ്ങുന്നു.  ഇനി രാഹുൽ പ്രധാനമന്ത്രി  സ്ഥാനാർഥിയാണ് എന്നാണു ഗുലാം നബി പറഞ്ഞതിന്റെ ചുരുക്കം. കോൺഗ്രസിന്റെ ചുരുക്കം അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മെയ് 23 ന‌് തെരഞ്ഞെടുപ്പ് ഫലം വന്നാൽ കോൺഗ്രസ് നടത്തുന്ന കരുനീക്കങ്ങളുടെ മുൻപന്തിയിൽ ഗുലാം നബി ഉണ്ടാകും. അത് അടിമയുടെ റോളിലോ സ്വാതന്ത്ര്യം കൊതിക്കുന്ന മനസ്സോടെയോ എന്നെ അറിയാനുള്ളൂ.
പ്രധാന വാർത്തകൾ
 Top