20 January Wednesday

നാട്ടുനന്മയുടെ വീണ്ടെടുപ്പ്

ദിവാകരൻ വിഷ്ണുമംഗലം divakaranvishnumangalam1@gmail.comUpdated: Sunday May 19, 2019

നഗരാഗ്നിയിൽ വേവുന്ന നാട്ടുമണ്ണിന്റെ നീറ്റലിൽനിന്നാണ് എന്റെ കവിതകളുടെ പിറവി. ഉപഭോഗാസക്തമായ നവനാഗരിക യന്ത്രക്കൈകളാൽ അരികിലേക്ക് തൂത്തെറിയപ്പെടുന്നവന്റെ നിസ്സംഗ മൗനങ്ങൾക്ക് ഭാഷയേകാൻ ഞാൻ നാട്ടുപൊഞ്ഞാറുകളെ തോറ്റിയുണർത്തുന്നു

 

"കുട്ടിക്കാലത്ത്/അമ്മമ്മയുടെ കൂടെ/കൊരട്ടപെറുക്കാൻ പോയ/ഓർമ്മയുണ്ട്/തോട്ടിക്ക് കൊക്ക കെട്ടി/അമ്മമ്മ പറിച്ചിടുന്ന/പറങ്കിമാങ്ങകൾ/ഞങ്ങൾ പെറുക്കിക്കൂട്ടും/കൊരട്ട കയ്ച്ചെടുക്കും/പറങ്കിമാങ്ങകൾ കൂനകൂട്ടും/അവ ചീയുമ്പോൾ/റാക്കിന്റെ മണമുയരും/അവയ്ക്കുമേൽ നങ്ങീച്ച പൊതിയും/ചുവപ്പിലും തവിട്ടിലും/ചേരട്ടപ്പാമ്പിന്റെ തീവണ്ടിയിഴയും /" ഇനി നിങ്ങൊ പുള്ളറ് പറിച്ചോ’/അമ്മമ്മ പറയും/ഞങ്ങൾ ഉഷാറാവും/മഴക്കുരട്ടകൾ പെറുക്കിയെടുക്കും/ഉണക്കി വിൽക്കും/പകുതി വിലയ്ക്ക് പഴയ പാഠപുസ്തകങ്ങൾ വാങ്ങും 

"രാവോർമ്മ" എന്ന കവിതയിലെ ഈ വരികൾ എഴുതുമ്പോൾ എന്റെ പഴയ ആ ഗ്രാമജീവിതത്തിന്റെ  പാഠപുസ്തകമായിരുന്നു മനസ്സിൽ നിറയെ. പാടത്ത് പണിയെടുത്ത് എന്നെപ്പോറ്റി വളർത്തിയ അമ്മമ്മയും അമ്മയും എന്റെ കവിതയിൽ അങ്ങനെ അങ്കനപ്പെട്ടു. ദരിദ്രബാല്യമെന്ന് അന്ന് കരുതിയ ആ ഗ്രാമജീവിത പശ്ചാത്തലമത്രയും  ഇന്നോർക്കുമ്പോൾ വലുതായ പുണ്യമായി എനിക്കെണ്ണാനാകുന്നു. കാർഷികവൃത്തിയിലൂടെ നാം കാത്തുസൂക്ഷിച്ച ജീവനതാളം. ചക്കയും മാങ്ങയും ചേനയും ചേമ്പും താളും തകരയുംകൊണ്ട് ജീവൻ പുലർത്താൻ പ്രകൃതി തന്ന ആ സ്വാശ്രയത്വം ഗ്രാമീണമായ ഉർവരതയുടെ അടയാളമായി. നാട്ടുകണ്ടത്തിൽ പച്ചക്കറികൾ ചുണയോടെനിന്ന ഹരിതകാലം മാവും പ്ലാവും പറങ്കിമാവും കവുങ്ങും വാഴയും തെങ്ങുമെല്ലാം തണൽ വിരിച്ച വീട്ടുപറമ്പുകൾ. അവയെല്ലാം കവിതയിലൂടെ തിരിച്ചുപിടിച്ചു നിലനിർത്താൻ ഞാൻ ശ്രമിക്കുന്നു.
 
ഉപഭോഗാസക്തമായ നവനാഗരികതയുടെ യന്ത്രപ്പല്ലുകളിൽ മുറിയുന്നത് എന്റെ ഹൃദയധമനികളാണെന്ന് ഞാനിന്ന് തിരിച്ചറിയുന്നു. ഗ്രാമപ്രകൃതിയുടെ തിരിച്ചുപിടിക്കൽ വലിയൊരു പാരിസ്ഥിതികമായ അവബോധമായി പുതുകവിതയിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിലൊരു ഹരിതരാഷ്ട്രീയമുണ്ട്. നാട്ടോർമയുടെ, നാട്ടുഭാഷയുടെ വീണ്ടെടുപ്പ് സംസ‌്കാരത്തിന്റെ ജൈവോർജത്തിന്റെ പുനഃസ്ഥാപനംതന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു.
 
  "കൊയക്കട്ട’ എന്ന കവിതയിലും നാട്ടോർമയുടെ ഈ തികട്ടലുണ്ട്. പൊഞ്ഞാറുയർത്തുന്ന ഒരു ഗ്രാമീണമായ വേദനയുടെ ഈണം അവ പേറുന്നുണ്ട്.
" വരുന്നുണ്ടോ വരുന്നുണ്ടോ പാടമേറി വരമ്പേറി
വലിയമ്മ, നേരമേറെ മോന്തിയായല്ലോ’
എന്ന വരിയിലെ വല്യമ്മ എന്റെ  അമ്മമ്മതന്നെയാണ്. അമ്മയുടെ അമ്മയെ ഞങ്ങൾ വല്യമ്മ എന്നാണ് വിളിക്കാറ്. ഇപ്പോൾ അമ്മമ്മ മരിച്ചു വർഷങ്ങൾ കഴിഞ്ഞു. പാടത്തെ പണികഴിഞ്ഞ് തിരിച്ചെത്തുന്നതും കാത്തിരിക്കുന്ന ചെറുപ്പകാലത്തിന്റെ ആ ചിത്രം വർഷങ്ങൾക്കിപ്പുറം ഓർമയിൽനിന്ന‌് കവിതയിലേക്ക്  അക്ഷരപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു ഞാൻ.
 
വലിയമ്മ വന്നപാടെ  പണിയിടങ്ങളിൽ നിന്നും/ കരുതിയ പലഹാരപ്പൊതി തുറക്കാൻ/ഇറയത്ത് മിഴിനട്ട് ചെറുമക്കൾ ഞങ്ങളന്ന്/കൊതിയോടെ കാത്തിരുന്ന മധുരബാല്യം/ കവിതയിൽ ആവാഹിക്കുകയായിരുന്നു ഞാൻ. പനിവന്നാൽ നെറ്റി തൊട്ട് നനവാർന്ന ശീലവച്ച് തണുപ്പിക്കുന്ന കുളിർസ്പർശമായും മുറിവേറ്റാൽ ഇലപ്പച്ച പിഴിഞ്ഞിറ്റിച്ച് അതിന്റെ നീറ്റൽ ശമിപ്പിക്കുന്ന നാട്ടുവൈദ്യപ്പെരുമയായും കരുതലായിനിന്ന  വാത്സല്യവും സ്നേഹവുമാർന്ന ആ ജൈവബന്ധത്തിന്റെ തായ‌്‌വേരുതേടിയുള്ള യാത്രയാണ് ‘കൊയക്കട്ട " എന്ന കവിത.
"പല ദേശങ്ങളിൽനിന്നും വിലയേറും പലഹാരം
പലതും ഞാനതിൽപ്പിന്നെ കഴിച്ചെന്നാലും
വലിയമ്മ കൊണ്ടുവന്ന കൊയക്കട്ടയോളമൊന്നും
പകർന്നില്ല രുചിയെന്നിൽ സ്മൃതിയിൽ ഹൃത്തിൽ’
എന്ന തിരിച്ചറിവിലാണ് ആ കവിത അവസാനിക്കുന്നത്. 
നഗരാഗ്നിയിൽ വേവുന്ന നാട്ടുമണ്ണിന്റെ നീറ്റലിൽനിന്നാണ് എന്റെ കവിതകളുടെ പിറവി. ഉപഭോഗാസക്തമായ നവനാഗരിക യന്ത്രക്കൈകളാൽ അരികിലേക്ക് തൂത്തെറിയപ്പെടുന്നവന്റെ നിസ്സംഗ മൗനങ്ങൾക്ക് ഭാഷയേകാൻ ഞാൻ നാട്ടുപൊഞ്ഞാറുകളെ തോറ്റിയുണർത്തുന്നു. ഓർമകളെ കവിതയിലേക്ക് പുനരാനയിച്ച് ,നഷ്ടപ്പെട്ടുപോകുന്ന ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള വിനീതമായ ശ്രമമാണവയത്രയും. ഊരിന്റെ ചൂര് ഉറവിടത്തിന്റെ അടയാളമായി അവയിൽ അങ്കനപ്പെട്ടുകിടപ്പുണ്ട്.
ആദ്യസമാഹാരമായ "നിർവചന’ത്തിൽ തുടങ്ങി  പിന്നീടുവന്ന  ‘രാവോ ർമ്മ’, "കൊയക്കട്ട ", "ഉറവിടം" എന്നീ സമാഹാരങ്ങളിലെല്ലാം അവയുടെ ഉള്ളുരുക്കമുണ്ട്.
കവിതയെഴുത്ത് ഒരേ സമയം എനിക്ക് ആത്മവേദനയുടെ ശമനൗഷധവും  സമൂഹവേദനയ്ക്ക് മറുമരുന്നു തേടിയുള്ള പ്രാണപ്പിടച്ചിലുമാണ്.
"കവിതേ കണ്ണുനീരാറ്റി/ക്കുറുക്കും നാട്ടുവൈദ്യമായ്/വരൂ നീ കൂട്ടുമായെന്റെ/ ജീവിതപ്പനിയാറ്റുവാൻ’ എന്ന വരികളോടെയാണ് "ഉറവിടം’എന്ന കവിത തുടങ്ങുന്നത്.
 
" കലികാലസ്വരൂപമായ്
മുന്നിലായുയരുന്നിതാ
സർവ സാമ്രാജ്യമാളുന്നൊ–- -
രാഗോള വിപണിക്കടൽ
അമർന്നൊടുക്കും പുല്ലിന്റെ
കരച്ചിൽ കേട്ടതില്ലയോ?
ഉയരത്തിന്നടിത്തട്ടിൽ
ഉയിരിന്നായൊരർഥന.’
എന്ന് " ഉയരത്തിന്നടിത്തട്ടിൽ’ എന്ന കവിതയിലുയരുന്ന  പ്രാർഥന, വേരറുക്കപ്പെടുന്ന സമസ്ത ജീവജാലങ്ങൾക്കുംവേണ്ടിയുള്ളതാണ്. സ്നേഹവും നന്മയും കരുണയും കാതലായ ജീവിതത്തിന്റെ വീണ്ടെടുപ്പിനായുള്ള നിതാന്തജാഗ്രതതന്നെയാണത്. ജൈവ നീതിക്കുവേണ്ടിയുള്ള കാവ്യപ്രതിരോധം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top