16 September Monday

ഇടഞ്ഞ കാലത്തിന്റെ വൃത്തഭംഗങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

ജയനന്റെ വയൽജീവി കാവ്യസമാഹാരത്തെ അധികരിച്ച് പ്രശാന്ത് നാരായണൻ എഴുതുന്നു

 

കവിതയുടെ നാടൻ ചിമ്മിനിവെട്ടത്തിലേക്ക് ജയനൻ കൈ പിടിച്ചു നടത്തുകയാണ്. വയൽജീവിയിലൂടെ...ചുറ്റാകെ കേട്ടിരുന്ന നാട്ടുപാട്ടിന്റെ ഈണത്തിൽ താളത്തിൽ, മനസ്സിൽ ഉരുണ്ടുകൂടി വാക്കുകൾ പൊട്ടിത്തെറിച്ച് വിത്തിടുകയാണ്. ഗതകാലസ്മൃതികളുടെ നനുത്ത കണ്ണീർ വീണ മണ്ണിൽ അതിനു മുളയ്ക്കാതിരിക്കാനാകില്ല. നെടുവീർപ്പിന്റെയും ഉണ്മയുടെയും കാൽച്ചക്രത്തിരിച്ചിലുകളിൽ തൊണ്ട കാറിപ്പാടുന്ന വ്യഥിതന്റെ നേരുനെറിനാദമുണ്ടതിൽ. കൈകൾ പിന്നിലേക്കാക്കി കെട്ടിനിർത്തിയ വിശക്കുന്നവന്റെ കാറലുണ്ടതിൽ. കണങ്കാലിലടി കൊണ്ടവന്റെ പ്രതിഷേധമുണ്ടതിൽ. ഇടഞ്ഞ കാലത്തിന്റെ വൃത്തഭംഗമുണ്ടതിൽ... ഉയിർപ്പിന്റെ സ്വപ്നമുണ്ടതിൽ. 

വയലുകൾ ഇല്ലാതെയാകുംകാലത്ത് വയൽജീവി ഒരു കവിതയായ് മാത്രം പ്രതിബിംബിക്കും എന്ന ശക്തമായ ചിന്ത ഉടനീളം അടയാളപ്പെടുത്തുന്ന, ജയനന്റെ ‘വയൽജീവി' എന്ന കവിതാസമാഹാരം വായനക്കാരനെ നിൽക്കുന്നയിടത്തുനിന്ന്  ഞെട്ടലോടെ പുറംതിരിഞ്ഞ് നോക്കാൻ പ്രേരിപ്പിക്കുന്നു എന്ന ഒറ്റ സവിശേഷത കൊണ്ടുതന്നെ ഏറെ ഹൃദ്യമായിത്തോന്നി.
 
കവിത കവിയുടെ ഉൾക്കാമ്പുമാത്രമല്ല, കവി നിൽക്കുമിടത്തെ കാമ്പില്ലായ്മകളുമാകാം. ഇടത്തുനിന്ന് ഒളിഞ്ഞും തെളിഞ്ഞും വെട്ടി മണ്ണിനെ മറന്നു നാം കാട്ടും വിക്രിയകൾകൊണ്ട് നഷ്ടപ്പെടുത്തിയ ചില ഉണ്മകൾ ഉണ്ട്. തിരിച്ചുപിടിക്കാനാകാത്തവിധം ചോർന്ന് അന്യമായ ആ ഗൃഹാതുരതകളെ, നാട്ടിൻപുറനന്മകളെ ഓർത്ത് വല്ലാതെ നെഞ്ചുപൊള്ളി ഞാനും മൗനിയായിപ്പോകുന്നു. 
 
മണ്ണും മണ്ണിരയുമാണ് പ്രകൃതിയുടെ കവിയും കവിതയും. അതിനുമേലെ നാം കലപ്പകൊണ്ടു കവിതയെഴുതി ഒരു കാലംവരെ. അപ്പോഴും പ്രകൃതിയുടെ കവിതകൾ നാം വായിക്കാൻ മറന്നില്ല. പിന്നീട് യന്ത്ര കവിതകൾ വന്നു തച്ചുടച്ചു സർവതും. നാം പ്രകൃതിയെ വായിക്കാതെയായി, പ്രകൃതിയോ എഴുതാതെയായി. മനോഹര കവിതകളായി പിറക്കേണ്ട എല്ലാ ശക്തവികാരങ്ങളും പ്രകൃതി ഉള്ളിലൊതുക്കി. മണ്ണിരകളില്ലാതെയായി, പുൽച്ചാടിയും പൂമ്പാറ്റയും ഇല്ലാതെയായി. കുയിലുകളില്ലാതെയായി അണ്ണാറക്കണ്ണനും മിന്നാമിനുങ്ങും ഇല്ലാതെയായി. സഹിക്കവയ്യാതെ ഇടയ്ക്കെല്ലാം പ്രകൃതി അടിച്ചമർത്തിവച്ച വികാരങ്ങളെ,  കൊടുങ്കാറ്റായും പ്രളയമായും മലയിടിച്ചിലായും പുറത്തുവിട്ടുകൊണ്ട് നിന്നു കിതച്ചു. ‘spontaneous overflow of powerful imotions'. ജയനന്റ ഈ കവിതകൾ നമ്മെ ഒട്ടൊന്നുമല്ല വേവലാതിപ്പെടുത്തുന്നത്. കൊടി പിടിപ്പിച്ച് ഓരോ പരിസ്ഥിതിസംരക്ഷണ സമരമുഖത്തേക്കും അത് നമ്മെ പറഞ്ഞയക്കുന്നുണ്ട്. 
"ചെള്ളും കരിച്ചയും തണ്ടരിച്ചാൽ
കൊച്ചുരാമന്റെ ചങ്കുപൊട്ടും..
മൂട്ടിൽപ്പുഴു വേര് കുത്തിടുമ്പോൾ
വെണ്ണീറുകൊണ്ടുള്ള ക്രിയചെയ്യും...’
ഇന്ന് ഒരു കൃഷിയിടങ്ങളിലും ഉറങ്ങാതെ കാവലിരുന്നു ചങ്കുപൊട്ടുന്ന കൊച്ചുരാമൻമാർ ഇല്ല, രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച് സുഖമായി ഉറങ്ങുന്ന രാമൻമാരേയുള്ളു. അതുകൊണ്ടുതന്നെ കവി ഇങ്ങനെയും പറയുന്നുണ്ട്:
"തട്ടിൻപുറത്തെ കായ്കനികൾ
ഞെട്ടറ്റുവീഴുന്നിതെന്തുകാലം...
പൂക്കളിൽ ജീവാണു തൊട്ടുവെക്കും
പാഴ്പ്രാണി വൃന്ദങ്ങളെങ്ങു പോയി...’
പ്രകൃതിയെ മറന്നു നാം നടത്തിയ ഓരോ പ്രയോഗങ്ങളും നാമാവശേഷമാക്കിയ ഈ കുഞ്ഞ് ജീവവൃന്ദങ്ങളുണ്ടല്ലോ അവയാണ് ആകാശംമുട്ടെ വളർന്നു എന്ന് അഹങ്കരിക്കുന്ന നമ്മുടെ നാശത്തിന് കാരണമാകുക. 
 
   "പട്ടമരത്തിൻ പോടിലിരുന്നൊരു
കുരുടൻമൂങ്ങ വിളിച്ചു പറഞ്ഞു:
 പറഞ്ഞു തുലയ‌്ക്കൂ പകലിൻ ചൂരുകൾ
രാത്രിവിശേഷം ഞാനും പറയാം...'
എന്നാണ് മൂങ്ങ പറയുന്നത്. നമ്മൾ പകൽവെളിച്ചത്തിൽ കാണുന്നവയാണോ നാടിന്റെ യഥാർഥകാഴ്ചകൾ? അല്ല എന്ന് മൂങ്ങകൾക്കറിയാം അവ ഇരുട്ടിലൊക്കെയും കാണുന്നുണ്ട്. മൂങ്ങകൾ പറയാൻ തുടങ്ങിയാൽ നമുക്ക് പിന്നിട് ശബ്ദിക്കാനാകില്ല. അതുകൊണ്ടുതന്നെയാണ് നാം അവയെ കുരുടൻമൂങ്ങ എന്ന് അടിച്ചമർത്തിയത്. 
"നാണം മറയ്ക്കാൻ 
ദൈവം
ഒരു മുഴം ഇരുട്ടിന്
ലൂസിഫറിനോട് യാചിച്ചു.'
ഭൂമിയിൽ കൃത്രിമവെളിച്ചം നിറച്ച് ഇരുട്ടില്ലാതാക്കിയ മനുഷ്യനാണ് വെളിച്ചത്തിന്റെ പ്രസക്തി ഇല്ലാതാക്കിയത്. കുഞ്ഞുചിമ്മിനിവെട്ടങ്ങളും കൈത്തിരിവെട്ടങ്ങളും വെളിച്ചം വേണ്ടയിടത്തുമാത്രം അത് നൽകി ഇരുട്ടിനെ സംരക്ഷിച്ചിരുന്നില്ലേ.
ഇവിടെ ജയനന്റെ കവിതകളിലുടനീളം മണ്ണുമണമുള്ള ഒരു കൊയ്ത്തുത്സവക്കാലത്തിന്റെ നഷ്ടസ്മരണകളുണ്ട്, നാം കൊന്നുകളയുന്ന നാട്ടുനന്മകളെക്കുറിച്ചുള്ള വേവലാതിയുണ്ട്, വറുതിയിലും നിറവായി സ്നേഹമുണ്ടായിരുന്ന പഴമയുടെ ഓർമച്ചിത്രങ്ങളുണ്ട്, പരിസ്ഥിതി സമരമുഖങ്ങളുണ്ട്, മുദ്രാവാക്യംവിളികളുണ്ട്. 
"മാമ്പഴക്കാലത്തെടുത്തുവെച്ച  
‘അണ്ടി'യരച്ചൂറ്റിക്കഞ്ഞിവെച്ചു
ഉപ്പിന്റെ രുചിയന്നറിഞ്ഞു നമ്മൾ
കയ്പ്പുനീരൂറ്റിക്കുടിച്ചകാലം...’  എന്ന് വായിക്കുമ്പോൾ നഷ്ടപ്പെട്ട ആ വറുതി ഭാഗ്യമായല്ല നാം കാണുക നഷ്ടമായാണ്. ഇല്ലായ്മകളിൽപ്പോലും സൗന്ദര്യമുണ്ടായിരുന്ന ആ പഴയ കാലമേ മടങ്ങിവരൂ എന്നേ ആഗ്രഹിക്കാനാവൂ ഇനി.
‘വവ്വാലെന്തക തിന്നും...
 
പുന്നക തിന്നും... പേരക തിന്നും... മൊന്തൻ മൊന്തൻ വാഴക തിന്നും...’
എന്ന് കടങ്കഥ നീട്ടിച്ചൊല്ലി കുട്ടികൾ ഒന്നിച്ചു വിളയാടിയ കാലവും അസ്തമിച്ചു.  
മണ്ണിന്റെ മണമുള്ള, ചേറിന്റെ ചൂരുള്ള, സ്നേഹത്തിന്റെ പച്ചപ്പുള്ള, വയൽക്കിളികളുടെ പാട്ടുള്ള, നേരുവഴികൾക്കായി സമരാഹ്വാനങ്ങളുള്ള ഈ കവിതകൾ നമ്മെ ഒട്ടൊന്നുമല്ല ഇരുത്തി ചിന്തിപ്പിക്കുന്നത് . കവിയും കവിതയും യാന്ത്രികമായി സൃഷ്ടിക്കപ്പെടുന്ന ഈ കാലത്തിൽ നേരുള്ള ഈ കവിതകളും കവിയും ഏറെ വായിക്കപ്പെടേണ്ടതാണ്.
പ്രധാന വാർത്തകൾ
 Top