13 July Monday

വാക്കിന്റെ മീൻരൂപങ്ങൾ

സുരേഷ്‌ നാരായണൻUpdated: Sunday Apr 19, 2020

ചങ്ങമ്പുഴയ്‌ക്ക്‌ ഒരു പകുതി പ്രജ്ഞയിൽ നിഴലും നിലാവും, മറു പകുതിയിൽ കരിപൂശിയ വാവും ആണെങ്കിൽ തീക്കുനിക്ക്, ‘ഒരു സൂചി രതിയുടെ ഭ്രമണപഥത്തിലും, മറുസൂചി മൃതിയുടെ പൊക്കിൾക്കൊടിയിലുമാണ്‌

 

"ഞാൻ കവിയാണെന്നു തിരിച്ചറിഞ്ഞത് എന്നോട് ശത്രുതയുള്ളവരുംഅസൂയയുള്ളവരും ഏറി വന്നപ്പോഴാണ്’ പവിത്രൻ തീക്കുനിയുടെ തീക്കുനിക്കവിതകളുടെ ആമുഖത്തിലെ വരികൾ.  നൂറ്റിപ്പതിനഞ്ചു കവിതകളുള്ള സമാഹാരത്തിലെ ഏറ്റവും മഹത്തായവരികളും അതുതന്നെയാകണം.

കവിയല്ല, കവിയുടെ  ഹൃദയമാണ് ഇതെല്ലാം എഴുതുന്നത് എന്ന തോന്നലുണ്ടാക്കുന്നു.  മൺവാസനയും മീൻവാസനയും ഇവിടെ ഇടകലരുന്നു.
  
മുള്ളുകളിൽ സ്വയമുടക്കി,
ചൂണ്ടക്കൊളുത്തുകളിൽ സ്വയം കൊത്തി,
പാർശ്വവഴികളിലൂടെ കടന്നുപോയപ്പോളൊന്നും
പ്രലോഭിപ്പിക്കപ്പെടാതെ,
പ്രണയകവിതകൾ കാര്യമായൊന്നുമെഴുതാതെ, 
തന്റെ  ‘ദീക്ഷ' പൂർത്തിയാക്കുന്ന ഒരു കവി.
അയാൾ വാക്കുകൾ കടയുമ്പോൾ 
വീഞ്ഞല്ല, വിഷാദമാണുരുവം കൊള്ളുന്നത്!
 
രണ്ടാമത്തെ കവിത ‘കിണറി'ലെ 
‘കിണറൊന്നുമൂടിക്കിടന്നിരുന്നു' എന്ന വരികളിൽത്തന്നെയുണ്ട് അതിന്റെ ആഴം..
കിണർ;
അത് 
കണ്ണീർ ആവാം,
പ്രതീക്ഷയാവാം,
ജീവന്റെ  പൊടിപ്പാവാം, 
പണം ആവാം, 
ഭക്ഷണവും ആകാം.
 
‘സത്ര'ത്തിൽ എത്തുമ്പോൾ സ്വയം തനിക്കു ബലിയിടുന്ന
കവിയെ കാണാം. എന്റെയുള്ളിലെ മനുഷ്യനെ 
ഞാൻ തന്നെ കൊന്നുകളഞ്ഞു എന്നിവിടെ പറയാതെ പറയുകയാണ്.
 
ചങ്ങമ്പുഴയ്‌ക്ക്‌ ‘ഒരു പകുതി പ്രജ്ഞയിൽ നിഴലും നിലാവും, മറു പകുതിയിൽ കരിപൂശിയ വാവും'ആണെങ്കിൽ തീക്കുനിക്ക്,
‘ഒരു സൂചി രതിയുടെ ഭ്രമണപഥത്തിലും, മറുസൂചി മൃതിയുടെ പൊക്കിൾക്കൊടിയിലുമാണ്‌.  (സമയം)
ദോശ മറിച്ചിടുന്ന ലാഘവത്തോടെ ചരിത്രത്തെ മറിച്ചിടുന്നവർക്കുള്ള ഒരു ചട്ടുകം പഴുപ്പിച്ചു വയ്‌ക്കലാണ് 
‘പുതിയ ചരിത്രം'.
 
കശ്‌മീരിനെ ‘കബന്ധക്കൂറുള്ള മണ്ണായി' കവി നിർവചിക്കുന്നു.
 
നിനക്കാരാകാനാണ് ആഗ്രഹം എന്ന ചോദ്യത്തിനു മുൻപിൽ 
'ഹിറ്റ്‌ലർ അല്ലെങ്കിൽ മുസോളിനി' എന്ന് 
കുട്ടി പറയുമ്പോൾ ആ അപനിർമാണം പൂർത്തിയാകുന്നു.
 
അതു വായിച്ചു ചൂടാറുംമുമ്പേ ‘അവൻ' കടന്നു വരുന്നു;
പ്രാർഥിക്കുന്നവരുടെ നെഞ്ചിലേക്ക് നിറയൊഴിക്കുന്ന,
ധർമ്മം കൊടുക്കുന്നവരുടെ കൈവെള്ളയിൽ ആണി കയറ്റി രസിക്കുന്ന,  ആ അവൻ.
‘സൗജന്യം' എന്ന അടുത്ത കവിതയിൽ
‘കളിപ്പാട്ടങ്ങൾ വിൽക്കുന്ന 
കടയുടെ പരസ്യം ഇങ്ങനെ;
ഗാന്ധിയുടെയും ഗോഡ്സെയുടെയും മുഖംമൂടികൾ ഒരുമിച്ചു വാങ്ങുന്നവർക്ക് 
ഒരു കളിത്തോക്ക് സൗജന്യം'
 
ഇങ്ങനെ കുറേ ചോദ്യക്കൊളുത്തുകളാൽ വായനക്കാരനെ ബന്ധിച്ചിടുന്നുണ്ടെങ്കിലും,
ക്ലീഷേ എന്ന ചരടിന്മേൽ പലപ്പോഴും മുറിയാനാവാത്ത വിധം ബന്ധിതമാണ് തീക്കുനിയുടെ കവി‘പ്പട്ടം'. 
 
വഞ്ചന കലർന്ന ഒരു നിസ്സഹായതയുടെ ചായക്കൂട്ടുകൾ കൊണ്ടാണ്   അമ്മ,- പെങ്ങൾ-, കാമുകി ത്രയങ്ങളെ കവി ആവിഷ്‌കരിക്കുന്നത്.
 
‘വാണിഭം' എന്ന കവിതയാകട്ടെ, അമ്പേ സ്‌ത്രീവിരുദ്ധമായും അനുഭവപ്പെടുന്നു.
 
പക്ഷേ അങ്ങനെ ചിന്തിക്കുമ്പോൾത്തന്നെ, അടുത്ത പേജിൽ അയാൾ മടങ്ങിവരുന്നു, ശക്തമായിത്തന്നെ.
 
‘വിധവയും കവിതയും' എന്ന കവിതയിൽ അതു കാണാം;
‘ഓരോ വിധവയെ സൃഷ്ടിക്കുമ്പോഴും കവി ഗതികിട്ടാത്ത പ്രേതമായി ’
‘കുറ്റ്യാടി ബസ്റ്റാന്റ്' ലെ  നാല്, ഏഴ് എന്നീ കവിതകളും ഇങ്ങനെ അനുഗ്രഹിക്കപ്പട്ടവയാണ്.
 
പിന്നെയും കവിത വിതയ്‌ക്കപ്പെട്ട വഴികളിലൂടെ യാത്ര തുടരുമ്പോൾ വാക്കുകൾ ഉറുമ്പായി കടിക്കുകയും (‘കാലം', ‘ഇഷ്ടവിഷയം') സർപ്പഫണമായി ചീറ്റുകയും ചെയ്യും (‘നോവ്', ‘ജന്മിയുടെ വീട്ടിൽ') വായിച്ചു കഴിയുമ്പോൾ നമ്മൾ അറിയുന്നു, ‘ഇത് എന്നെന്നേക്കുമായി അടച്ചു വെക്കാനാകില്ല; ഇടക്കിടക്ക് വന്നു തുറന്നു നോക്കേണ്ടി വരും' എന്ന് !
പ്രധാന വാർത്തകൾ
 Top