29 March Wednesday

മകനേ, നീ അമ്മയെ അറിയുന്നുവോ

ജെ ആർ അനി jraniattingal@gmail.comUpdated: Sunday Dec 18, 2022

തികച്ചും ആകസ്മികമായിട്ടാണല്ലോ ക്യാമ്പിലാകെ ആ മഹാവ്യാധി പടർന്നുപിടിച്ചത്. അതോടെ അവിടേക്ക്‌ സന്ദർശകരാരും വരാതെയായി. കുഞ്ഞുങ്ങളെയാണ് ദീനം പാടെ തളർത്തിക്കളഞ്ഞത്. നോക്കിനിൽക്കുമ്പോൾത്തന്നെ ദേഹമാസകലം നീലനിറം പടർന്നും പനി ബാധിച്ചും പലരും മരണത്തിനു കീഴടങ്ങുകയായിരുന്നു. എന്തുചെയ്യണമെന്ന് ഒരുരൂപവുമില്ലാതെ ബുദ്ധിമാന്മാരായ മനുഷ്യർ പോലും അമ്പരന്നുപോയ നാളുകൾ. അവരുടെ സംശയക്കണ്ണുകൾ ഞങ്ങളെ ഓരോരുത്തരെയായി അളന്നുഴിഞ്ഞുകൊണ്ടേയിരുന്നു

നിർത്തില്ലാത്ത മഴയാണ്. മുകളിൽ വലിച്ചുകെട്ടിയ മേലാപ്പിന്റെ അടിയിൽ നിൽക്കുകയായിരുന്നു ഞാൻ. രാവിലെ കൊണ്ടിട്ട ഓലമടലുകൾ കുറച്ച് മൂപ്പെത്തിയവയായിരുന്നു. എന്നിട്ടും ഉരിഞ്ഞെടുത്ത് മുൻ നടകളിലടിച്ച് ചെളികളഞ്ഞ് പതുക്കെ ചവച്ചുകൊണ്ടിരുന്നു. ഇന്നലെ ഇട്ടുതന്ന പ്ലാവിന്റെ ഇലകളും ചില്ലകളുമാകെ ചെളി മൂടിക്കിടക്കുകയാണ്.

കുറച്ചകലെയായി കണ്ണൻ നിൽക്കുന്നുണ്ട്. ആനത്താവളത്തിൽനിന്ന് ഞങ്ങളിരുവരും നിഷ്കാസിതരായിട്ട് രണ്ടു വർഷത്തിലേറെയാകുന്നു. അസുഖം വന്നശേഷം അവനെ കെട്ടിയിടുക പതിവില്ല. മരിച്ചുജീവിച്ചതാണ്‌ അവൻ, പാവം. എന്നിരുന്നാലും ഇപ്പോൾ ലേശം കുറുമ്പ് കൂടിയിട്ടുണ്ട്.

തികച്ചും ആകസ്മികമായിട്ടാണല്ലോ ക്യാമ്പിലാകെ ആ മഹാവ്യാധി പടർന്നുപിടിച്ചത്. അതോടെ അവിടേക്ക്‌ സന്ദർശകരാരും വരാതെയായി. കുഞ്ഞുങ്ങളെയാണ് ദീനം പാടെ തളർത്തിക്കളഞ്ഞത്. നോക്കിനിൽക്കുമ്പോൾത്തന്നെ ദേഹമാസകലം നീലനിറം പടർന്നും പനി ബാധിച്ചും പലരും മരണത്തിനു കീഴടങ്ങുകയായിരുന്നു. എന്തുചെയ്യണമെന്ന് ഒരുരൂപവുമില്ലാതെ ബുദ്ധിമാന്മാരായ മനുഷ്യർ പോലും അമ്പരന്നുപോയ നാളുകൾ. അവരുടെ സംശയക്കണ്ണുകൾ ഞങ്ങളെ ഓരോരുത്തരെയായി അളന്നുഴിഞ്ഞുകൊണ്ടേയിരുന്നു.

ആദ്യം മരണത്തിന് കീഴടങ്ങിയത് രണ്ടു വയസ്സുള്ള ശ്രീക്കുട്ടിയായിരുന്നു. ക്യാമ്പിലെ പൊന്നോമന. ആദ്യനാളുകളിൽ നന്നെ മെലിഞ്ഞിരുന്ന അവൾ പെട്ടെന്നാണ് വണ്ണംവച്ച് തക്കിടി മുണ്ടത്തിയായത്. ഏതെങ്കിലും അസുഖത്തിന്റെ ലക്ഷണമാണോ എന്നുവരെ ഞങ്ങളിൽ മുതിർന്നവർ ചിലരെങ്കിലും സംശയിച്ചു. അടുത്തത് അർജുന്റെ ഊഴമായിരുന്നു. ആറു വയസ്സോടടുത്ത അവൻ എന്നും ഊർജസ്വലനായിരുന്നു. മണ്ണാർക്കാട് കാടുകളിൽ എവിടെയോ കൂട്ടം ഉപേക്ഷിച്ചനിലയിലാണ് അവനെ കണ്ടെത്തിയതെന്ന് കേട്ടറിവുണ്ട്. അവസാനം അവനും.  

അതിനുംശേഷമാണ് പീളമുടിയ കണ്ണുകളുമായി നീരുമുറ്റിയ മുഖത്ത് കണ്ണീർച്ചാലുകളുമായി കണ്ണനെ കാണുന്നത്. അതിനുമുമ്പുതന്നെ ക്യാമ്പിലെ ഇളമുറക്കാരെയെല്ലാം പലയിടത്തായി മാറ്റിക്കഴിഞ്ഞു. ആരെയും അടുക്കാനോ, എന്തിന് തമ്മിൽ കാണാൻപോലും അനുവാദമുണ്ടായിരുന്നില്ല. കണ്ണനും മരിച്ചെന്നുതന്നെ ഞങ്ങൾ തീർച്ചപ്പെടുത്തി. പക്ഷേ,  മനുഷ്യന്റെ അനന്യമായ ഏകാഗ്രതയിലും കരുതലിലും അവൻ ജീവിതത്തിലേക്ക്‌ പതിയെ തിരിച്ചെത്തുകയായിരുന്നു. കുഞ്ഞുപ്രായത്തിൽത്തന്നെ മൂന്നാറിലെ വനാന്തരത്തിൽ എവിടെയോ  ഉപേക്ഷിക്കപ്പെട്ടിട്ടും തേൻ ശേഖരിക്കാൻ എത്തിയവരുടെ ശ്രദ്ധയിൽപ്പെട്ടതാണല്ലോ അവന്‌ ജീവൻ തിരിച്ചുകിട്ടാൻ കാരണം. അവർ അറിയിച്ചതനുസരിച്ചാണ് അന്നവനെ രക്ഷപ്പെടുത്തിയതും. ക്യാമ്പിൽ എത്തിയശേഷം എന്നും അവൻ ഒറ്റയ്ക്കായിരുന്നു. ആരോടും കൂട്ടുകൂടാത്ത പ്രകൃതം. വിജി ഗീഷുവിന്റെ തട്ടകമാണ് കാട്. ഇരപിടിയന്മാരുടെ അനസ്യൂതം നീളുന്ന അശ്വമേധങ്ങളിൽ പിഴയ്ക്കണമെങ്കിൽ ഭാഗ്യംമാത്രം പോരാ. ഓരോ പിറവിയുടെയും അതിജീവനത്വം ഗണിക്കുന്നതിൽ പെറ്റമ്മമാരുടെയും മുതിർന്നവരുടെയും അപ്രമാദിത്വം കൂട്ടം എതിർപ്പില്ലാതെ അംഗീകരിക്കുകയാണ് പതിവ്.

എന്നിരുന്നാലും മനുഷ്യനെന്ന ഇരുകാലി മൃഗത്തിന്റെ ഇടപെടലുകൾ എന്നും ഞങ്ങളുടെയൊക്കെ ചിന്തകൾക്ക്‌ അപ്പുറത്തായിരുന്നു. കാട്ടിൽ എല്ലാവരും ഭയത്തോടെ മാത്രം ഉച്ചരിച്ചിരുന്ന പേരായിരുന്നു അത്. നിയതികളെയും പ്രകൃതിനിയമങ്ങളെയും കീഴ്‌മേൽ മറിക്കാൻമാത്രം ബുദ്ധിയുള്ള ജനുസ്‌. എന്നും അസൂയയോടെ മാത്രമേ അവരെ നോക്കിക്കാണാനാകുമായിരുന്നുള്ളൂ. ഒരർഥത്തിൽ എന്റെ ജീവിതവും അവരോട് കടപ്പെട്ടതാണല്ലോ. ഓർമയുറച്ചു തുടങ്ങിയ നാളുകളിലൊന്നിൽ മനുഷ്യർ രാപ്പാർക്കുന്ന ഇടങ്ങളിലെത്തിയ ആനക്കൂട്ടത്തിന്റെ അംഗബലമേകിയ അമിതവിശ്വാസത്തിൽ പിണഞ്ഞ ഒരമളി എന്റെ ജീവിതംതന്നെ മാറ്റിമറിക്കുകയായിരുന്നില്ലേ. ഇരുട്ടിന്റെ കരിമ്പടം പടരുന്നതിനൊപ്പം സ്വായത്തമായ അധികക്കാഴ്ചയുടെ ഉന്മത്തതയിൽ തുള്ളിയോടിയ ഒരഭിശപ്ത നിമിഷം. ചവിട്ടടിയിലെ ഭൂമിയൊന്നാകെ ഇടിഞ്ഞുതാഴ്ന്ന് നിലയില്ലാത്ത ആഴത്തിലേക്ക്‌  നിപതിച്ചപ്പോഴാണത് മനസ്സിലായത്. കായബലം കൊണ്ടുമാത്രം ധിഷണയെ ഒരുനാളും വെല്ലുവിളിക്കാനാകില്ലെന്ന്‌.

കരയിലെ ഏറ്റവും ബലവാന്മാരുടെ ഗണത്തിലാണ് ജനിച്ചതെന്ന് പലപ്പോഴും അഹങ്കരിച്ചുപോയിട്ടുണ്ട്. കൂട്ടമാകെ കിണഞ്ഞുശ്രമിച്ചിട്ടും എന്നെ കരകേറ്റാനായില്ല. കിഴക്ക് വെള്ളകീറിയപ്പോൾ ആനക്കൂട്ടത്തിന്റെ അകന്നകലുന്ന കാലടി ശബ്ദംമാത്രമാണ് പിന്നെ കാതുകളിൽ പ്രതിധ്വനിച്ചത്. ചുറ്റിനും നിന്നടുത്തുകൊണ്ടിരുന്ന മനുഷ്യന്റെ ആരവങ്ങൾക്കൊപ്പം അമ്മയുടെ ഉദരമുഴക്കങ്ങൾ കൂടി പതിയെപ്പതിയെ നേർത്തൊടുങ്ങിയപ്പോൾ ആശകൾ അസ്തമിച്ചു. പിന്നെയാരെയും ജീവിതത്തിലിന്നോളം കാണാനായിട്ടില്ല. ഇനി കണ്ടാലും തിരിച്ചറിയണമെന്നുമില്ല.

നാഴികകൾ നീളവേ കരുത്തരായ കുങ്കിയാനകളെത്തി എന്നെ കുഴിയിൽനിന്ന് കരകയറ്റി. തീർത്തും ഹതാശയായ ഞാൻ എതിർക്കാനേ ശ്രമിച്ചില്ല. എതിർക്കുന്നതിൽ അർഥവുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. അവരുടെ നിർവികാരതയും നിർമമതയും യാന്ത്രികമായ നീക്കങ്ങളുമാണ് ശിഷ്ടകാലം മനുഷ്യന്റെ ചട്ടങ്ങൾ അനുസരിച്ചുമാത്രം വളരാനുള്ള തിരിച്ചറിവേകിയത്. കുറുമ്പ്‌ കാട്ടിയപ്പോഴൊക്കെ നല്ല പെട കിട്ടിയിട്ടുണ്ട്. ആജ്ഞകളനുസരിക്കാനും മനുഷ്യന്റെ ഇംഗിതങ്ങൾക്ക് എതിരുനിൽക്കാതിരിക്കാനും പിന്നീടെന്നും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ അവന്റെ അരുമയായിത്തന്നെ നിൽക്കാനാകുകയും ചെയ്തു. മനുഷ്യരെ പുറത്തുകയറ്റിച്ചുറ്റുന്ന സവാരികൾക്കായി എന്നെ ഉപയോഗിക്കുക പതിവായിരുന്നു. വിശ്വാസമുള്ളവരെ മാത്രമാണത്രേ അത്തരം ഉദ്യമങ്ങളിൽ ഏർപ്പെടുത്തുക. തലയെടുപ്പുമുള്ള പിടികൾ പലരും ക്യാമ്പിൽ ഉണ്ടായിരുന്നെങ്കിലും ക്ഷിപ്രകോപികളാണെന്ന് കരുതിയിട്ടോ എന്തോ അവർക്കാർക്കും അത്തരം അവസരം കിട്ടിയിരുന്നില്ല. അസൂയ മൂത്തിട്ടാണെങ്കിലും ചിലരെങ്കിലും അതുപറഞ്ഞെന്നെ കളിയാക്കുകയും ചെയ്യുമായിരുന്നു.

ഇതൊക്കെയാണെങ്കിലും ഇടയ്ക്ക് മേയാനായി കാട്ടിൽ കൊണ്ടുപോകുമ്പോൾ വന്യതയുടെ മയക്കുന്ന ഗന്ധം ഉള്ളകങ്ങളിൽ അടക്കാനാകാത്ത ഉന്മാദമാകാറുണ്ട്. ചാഞ്ചാടുന്ന മനസ്സിനെ ഇടച്ചങ്ങലകളിലും  കൂച്ചുവിലങ്ങുകളിലും കുരുക്കിത്തളയ്ക്കുകയാണ് അപ്പോഴൊക്കെയും പതിവ്. നിരന്തരം പിൻപറ്റിയിരുന്ന നീളൻ ഉരുക്കുചങ്ങലയുടെ അജയ്യത ശരീരത്തെയും മനസ്സിനെയും ഒരുപോലെ തളർത്തിക്കൊണ്ടേയിരിക്കും. ഒരമ്മയാകാനുള്ള കേവലമായ ജന്മാവകാശംപോലും ഇങ്ങിനി ഉയിരൂതിക്കിട്ടാത്തവിധം ചിതലരിച്ചുപോയിരിക്കുന്നു.

മഴ തോർന്നിരിക്കുന്നു. പിറകിൽ എന്തോ അനക്കംകേട്ട് ഞാൻ തിരിഞ്ഞുനോക്കി. കണ്ണനാണ്. അവനാകെ നനഞ്ഞൊട്ടിയിരിക്കുന്നു. ചെറുതായി വിറയ്ക്കുന്നുമുണ്ട്. ജ്വരബാധയിൽനിന്ന് അവൻ ഇനിയും പൂർണമായും മോചിതനായിട്ടില്ലെന്നു തോന്നി. എന്റെ പിൻകാലുകൾ അടുത്തുള്ള ഒരു മരത്തിൽ ബന്ധിച്ചിരിക്കുകയാണ്. ലേശം ആയപ്പെട്ട് ഞാനവനെ തിരിഞ്ഞുനോക്കി. അവന്റെ വലിയ കണ്ണുകളിൽ വെള്ള തെളിയിച്ചുകൊണ്ട് ഓരങ്ങളിലേക്ക്‌ മാറിനിൽക്കുന്ന കൃഷ്ണമണികൾ. അനൽപ്പമായ നിസ്സഹായതയാണ് അവിടെ നിഴലിക്കുന്നത്. തുമ്പിയെത്തിച്ച് ഞാനവനെ പതിയെ പിടിച്ചടുപ്പിച്ചു. പേരിടാനറിയാത്ത അനേകം വികാരങ്ങൾ ഉള്ളിലുദയം ചെയ്യുന്നത് എനിക്ക്‌ അനുഭവവേദ്യമാകുന്നുണ്ടായിരുന്നു. അരുമയോടെ തഴുകിയപ്പോൾ വാത്സല്യാതിരേകത്തോടെ അവൻ കുഞ്ഞുതുമ്പിയുയർത്തി എന്റെ മസ്തകത്തിൽ ചുറ്റിപ്പിടിക്കാൻ ശ്രമിച്ചു. ആ ആശ്ലേഷത്തിന്റെ അനിർവചനീയതയിൽ ജീവിതത്തിലാദ്യമായി പെറ്റമ്മയുടെ വികാര വായ്പുകളിലലിഞ്ഞ് ഞാൻ സ്വയംമറന്നു.  എന്റെ കുഞ്ഞിനെ നെഞ്ചോടണച്ച് കണ്ണുകളടച്ചുനിന്നപ്പോൾ നിഷ്കാസിതയുടെ അപകർഷതാബോധം തീർത്തുമെന്നെ വിട്ടൊഴിയുന്നതുപോലെ.

തെല്ലകലെനിന്ന്‌ ആനക്കൂടുകളുടെയും കരിവീരന്മാരുടെയും ഗന്ധം കുത്തിനിറച്ച് ഒരു ശീതക്കാറ്റ് ഞങ്ങളെ വീശിക്കടന്നുപോയി. ആശങ്കയുടെ കാർമേഘങ്ങളൊഴിഞ്ഞ് ക്യാമ്പിൽ വസന്തം വീണ്ടും വിരുന്നെത്തിയോ.  ഞങ്ങളെ കാണാൻ എത്തുന്നവരുടെ തിക്കുംതിരക്കും കാണാൻ കൊതിയാകുന്നു. ഗതകാല സ്മരണകളിരമ്പുന്ന മനസ്സ് അവിടേക്ക്‌ എത്താൻ വല്ലാതെ വ്യഗ്രതപ്പെട്ടു.

അധീശത്വത്തിന്റെയും ആധിപത്യത്തിന്റെയും ആക്രോശങ്ങളാണ് എന്നിൽ തിരിച്ചറിവായത്. ആരൊക്കെയോ ചേർന്ന് കണ്ണനെ എന്നിൽനിന്നും വലിച്ചകറ്റുകയാണ്. അവൻ രോഗബാധിതനും ഞാൻ വാഹകയുമാണെന്ന് ഒരുവേള ഞങ്ങൾ മറന്നുവോ. എന്നും അകന്നുമാത്രം കഴിയാൻ വിധിക്കപ്പെട്ടവർ. എന്നാൽ തുടിക്കുന്ന നെഞ്ചിനും ചുരക്കുന്ന മുലകൾക്കും ആ വലിയ അറിവുകളൊന്നും ഉൾക്കൊള്ളാനാകുന്നില്ലല്ലോ.

‘ഹെർപിസ്’ എന്ന അപകടകാരി

ആനക്കുട്ടികളിൽ അത്യന്തം അപകടകാരിയായ 'ഹെർപിസ്' [Elephant Endotheliotropic Herpes Virus-Hemorrhagic Disease (EEHV-HD)] എന്ന വൈറൽ രോഗം ബാധിച്ചാണ് കോട്ടൂർ ആന പുനരധിവാസ ക്യാമ്പിൽ ആദ്യം ശ്രീക്കുട്ടി എന്ന പിടിയാനക്കുട്ടി ചരിഞ്ഞത്. ഈ മാരക വൈറസിനെതിരെ ഫലപ്രദമായ ചികിത്സാവിധികൾ ഇനിയും കണ്ടെത്താനായിട്ടില്ല.   കുട്ടിയാനകളിൽ 85 ശതമാനത്തിനും മേൽ മരണഹേതുവായേക്കാവുന്ന ഈ രോഗത്തിനെതിരെ വനം വകുപ്പ് സത്വര നടപടികൾ കൈക്കൊണ്ടു. എന്നിട്ടും രോഗത്തെത്തുടർന്ന്  അവിടെ രണ്ട്‌ ആനക്കുട്ടികൾകൂടി ചരിഞ്ഞു. അതിനുശേഷം രോഗം ബാധിച്ച് അവശതയിലായ കണ്ണൻ എന്ന ആനക്കുട്ടിയെയും രോഗവാഹകയെന്ന് സംശയിക്കുന്ന ജയശ്രീ എന്ന മുതിർന്ന പിടിയാനയെയും കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിൽനിന്ന്‌ നെയ്യാർ വന്യജീവി സങ്കതത്തിലെ അഗസ്ത്യ ക്രൊക്കഡൈൽ റീഹാബിലിറ്റേഷൻ സെന്ററിലേക്ക്‌ (Agasthya Crocodile Rehabilitation Centre) സ്ഥിരമായി മാറ്റി. ഒരു വിളിപ്പാടകലെ ഇന്നും ആനക്കൂടിന്റെ ഗന്ധവും ശ്വസിച്ചുകഴിയുന്ന 50 വയസ്സ് മതിക്കുന്ന ജയശ്രീ എന്ന പിടിക്കും രോഗത്തിൽനിന്ന്‌ അത്ഭുതകരമായി രക്ഷപ്പെട്ട അഞ്ചു വയസ്സുള്ള കണ്ണനുമിടയിൽ കാലാന്തരത്തിൽ മാതൃ-പുത്ര സവിശേഷമായ ഒരുബന്ധം ഉടലെടുക്കുന്നുവോ.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top