24 November Tuesday

പിന്തുണച്ചവരിൽ ഐൻസ്റ്റീനും

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

മീററ്റ്‌ ഗൂഢാലോചനയെ എതിർത്ത്‌ എച്ച്‌ ജി വെൽസ്‌ 1929 ഡിസംബർ എട്ടിന്‌‌ ‘ മാഞ്ചസ്‌റ്റർ ഗാർഡിയൻ’ പത്രത്തിന്‌ എഴുതിയ കത്ത്‌

 ‘സാമ്രാജ്യത്വ നുകം ഭേദിക്കാനായി ലോകമെങ്ങും പൊരുതിക്കൊണ്ടിരിക്കുന്ന,  ആയിരക്കണക്കിന്‌ ഇരകളുടെ ജീവിക്കുന്ന പ്രതീകങ്ങളാണ്‌ ഞങ്ങൾക്ക്‌ ഇവർ. ഈ ഇരകളൊക്കെയും വിജയം കൈവരിക്കുന്നു. കാരണം തങ്ങളെ ഞെക്കിഞെക്കിക്കൊണ്ടിരിക്കുന്ന അസമത്വത്തിന്‌ അവർ സാക്ഷികളാണ്‌’–- നൊബേൽ ജേതാവായ റൊമയ്‌ൻ റൊളാങ്‌ മീററ്റ്‌ ഗൂഢാലോചനക്കേസിലെ പ്രതികളെ അഭിവാദ്യം ചെയ്‌ത് ഇങ്ങനെ കുറിച്ചു. 

 

തങ്ങൾക്ക്‌ ഭീഷണിയായ കമ്യൂണിസ്റ്റുകാരെ ദേശീയ പ്രസ്ഥാനത്തിൽനിന്ന്‌ ഒറ്റപ്പെടുത്താനും ‘ബോൾഷെവിക്‌ ഭീതി’പരത്താനും  ബ്രിട്ടീഷുകാർ തയ്യാറാക്കിയ മീററ്റ്‌ ഗൂഢാലോചനക്കേസിനെ ശാസ്‌ത്രജ്ഞനായ ആൽബർട്ട്‌ ഐൻസ്റ്റീൻ പരസ്യമായി എതിർത്തു.
 
അമേരിക്കയിലെ മൗണ്ടി വിചാരണ, സാക്കോ –- വാൻസെറ്റി വിചാരണ, ഫ്രാൻസിലെ ഡ്രേഫസ്‌ വിചാരണ, ജർമനിയിലെ റീഷ്‌സ്റ്റാഗ്‌ തീവയ്‌പ്‌ വിചാരണ എന്നിവയെപ്പോലെ പ്രസിദ്ധ കേസുകളുടെ ഗണത്തിൽപ്പെടുന്നതാണ്‌ മീററ്റ്‌ വിചാരണയെന്ന്‌ വിഖ്യാത സാമ്പത്തിക ശാസ്‌ത്രജ്ഞൻ ഹാരോൾഡ്‌ ലാസ്‌കി അഭിപ്രായപ്പെട്ടു. ‘ബ്രിട്ടീഷ്‌ സർക്കാർ പേടിയോടെ പ്രവർത്തിക്കുന്നു, ഭീകരതയോടെ നടപടികളെടുക്കുന്നു, നീതിയുക്തമായി അധികാരം പ്രയോഗിക്കാനുള്ള മഹാമനസ്‌കത അവർക്കില്ല’ –- ലെച്ചർ ഹച്ചിൻസൺ എഴുതിയ മീററ്റിലെ ഗൂഢാലോചന എന്ന ഗ്രന്ഥത്തിന്റെ മുഖവുരയിൽ  ലാസ്‌കി എഴുതി.  തടവുകാരോട്‌ സഹതാപം പ്രകടിപ്പിച്ചവരിൽ നാടകക്കാരൻ  ബർണാർഡ്‌ ഷായും അമേരിക്കൻ പ്രസിഡന്റ്‌ റൂസ്‌വെൽറ്റും ഉണ്ടായിരുന്നു.  മീററ്റ്‌ കേസിൽ രോഷം പ്രകടിപ്പിച്ച്‌  ബ്രിട്ടീഷ്‌ എഴുത്തുകാരനായ എച്ച്‌ ജി വെൽസ് 1929 ഡിസംബർ എട്ടിന്‌‌ ‘മാഞ്ചസ്റ്റർ ഗാർഡിയൻ’ പത്രത്തിന്‌ കത്തെഴുതി. 
 

നെഹ്‌റുവിന്റെ അറസ്റ്റിനും ശ്രമം

 
മീററ്റ്‌ കേസ്‌ ഇംഗ്ലണ്ടിൽ ശ്രദ്ധയാകർഷിച്ചതോടെ മാഞ്ചസ്റ്റർ സ്‌ട്രീറ്റിലെ ‘റെഡ്‌ മെഗഫോൺസ്’ ‌നാടകസംഘം ‘മീററ്റ്‌’ എന്ന നാടകം അവതരിപ്പിച്ചു. റെജിനാഡ്‌ ബ്രിഡ്‌ജ്‌മാനെ സെക്രട്ടറിയാക്കി ബ്രിട്ടനിലെ തൊഴിലാളികൾ മീററ്റ്‌ തടവുകാർക്കായി ഡിഫൻസ്‌ കമ്മിറ്റിയുണ്ടാക്കി. കമ്യൂണിസ്റ്റുകാർക്കു പുറമെ, ബ്രിട്ടനിലെ ഇൻഡിപെൻഡന്റ്‌ ലേബർ പാർടിപോലെ ഇടതുപക്ഷ ആഭിമുഖ്യമുള്ള സംഘടനകളും ഭരണകക്ഷിയായ ലേബർ പാർടിയിലെ ഒരു വിഭാഗംപോലും മർദന നടപടികളെ എതിർത്തു.
 
മീററ്റ്‌ ഗൂഢാലോചനക്കേസിൽ ജവാഹർലാൽ നെഹ്‌റുവിനെ അറസ്റ്റു ചെയ്യാനും ശ്രമമുണ്ടായി. ദേശീയവാദിയായ നെഹ്‌റു കമ്യൂണിസ്റ്റ്‌ സിദ്ധാന്തങ്ങളിൽ ചിലതിനോടൊക്കെ ആഭിമുഖ്യം പുലർത്തിയിരുന്നു.  മീററ്റ്‌ കേസ്‌ ബ്രിട്ടീഷ്‌ കോടതിയിൽ പ്രതിരോധിക്കാൻ രൂപീകരിച്ച ഡിഫൻസ്‌ കമ്മിറ്റിയുടെ സെക്രട്ടറി  ജവാഹർലാൽ നെഹ്‌റുവും പ്രസിഡന്റ്‌ അച്ഛൻ മോത്തിലാൽ നെഹ്‌റുവുമായിരുന്നു. ഈ കമ്മിറ്റി പ്രതികൾക്കുവേണ്ടി കോടതിയിൽ ഹാജരാകാൻ അഭിഭാഷകരെ ഏർപ്പാടാക്കി.  കോൺഗ്രസ്‌ 1500 രൂപ കേസ്‌ നടത്താൻ നൽകി. നെഹ്‌റു സാമ്പത്തിക സഹായം വിദേശങ്ങളിൽനിന്ന്‌ സംഘടിപ്പിച്ചു. അദ്ദേഹത്തെ  കേസിൽ അറസ്റ്റു ചെയ്യുമെന്ന്‌ മാസങ്ങളോളം ജനങ്ങൾക്കിടയിൽ വാർത്ത പ്രചരിച്ചു.
 
ലീഗ്‌ എഗൻസ്റ്റ്‌‌  ഇംപീരിയലിസം  എന്ന സംഘടനയാണ്‌ കമ്യൂണിസ്റ്റുകാരെ  ഏറെ സ്വാധീനിച്ചതെന്നാണ്‌ പ്രോസിക്യൂഷൻ പറഞ്ഞത്‌. വീരേന്ദ്രനാഥ്‌ ചതോപാധ്യായയും മറ്റുമായുള്ള നെഹ്റുവിന്റെ കത്തിടപാടുകളും  മറ്റും പ്രോസിക്യൂഷൻ നിരന്തരം ഉദ്ധരിച്ചു. എം എൻ റോയിയുടെ പേരിലുള്ള ഒരു വ്യാജ കത്തിന്‌ ഇന്റലിജൻസ്‌ ബ്യൂറോയും ആഭ്യന്തര വകുപ്പും വലിയ പ്രാധാന്യം നൽകി. ‘മോസ്‌കോയും ഇന്ത്യയുമായുള്ള ലെയ്‌സൺ ഏജന്റ്‌  എന്ന്‌ നെഹ്‌റുവിനെ കത്തിൽ വിശേഷിപ്പിച്ചു. എന്നാൽ സൂക്ഷ്‌മ പരിശോധനയിൽ പ്രോസിക്യൂഷൻ ഇതിൽ തെളിവുകളുടെ അഭാവമുണ്ടെന്ന നിഗമനത്തിലെത്തി. വിദേശത്തുനിന്ന്‌ നെഹ്റുവിന്‌ വന്ന ഒട്ടേറെ കത്തുകൾ ഉദ്ധരിക്കപ്പെട്ടെങ്കിലും  നെഹ്‌റു എഴുതിയ ഒരു കത്തുപോലും കണ്ടെത്താനായില്ലെന്ന്‌ ഡോ. എസ്‌ രാധാകൃഷ്‌ണന്റെ മകനും ചരിത്രകാരനുമായ സർവേപ്പള്ളി ഗോപാൽ മൂന്നു വോള്യങ്ങളായി എഴുതിയ നെഹ്‌റുവിന്റെ ജീവചരിത്രത്തിൽ പറയുന്നു.  സോവിയറ്റ്‌ റഷ്യയെപ്പറ്റി നെഹ്‌റു എഴുതിയ ഗ്രന്ഥം ഹാജരാക്കിയെങ്കിലും  അതുകൊണ്ടുമാത്രം കുറ്റം നിലനിൽക്കില്ലെന്നു വ്യക്തമായി.  ചില വ്യക്തികളിൽനിന്ന്‌ ‌ വിദേശത്തുനിന്ന്‌ ലഭിച്ച എല്ലാ കത്തുകളും ഹാജരാക്കാൻ വിചാരണ നടത്തിയ മജിസ്‌ട്രേട്ട്‌‌  നെഹ്‌റുവിനോട്‌ ആവശ്യപ്പെട്ടു. തനിക്ക്‌ വ്യക്തിപരമായി കിട്ടിയ  കത്തുകൾ വലിച്ചെറിയുകയോ നശിപ്പിക്കുകയോ ചെയ്‌തെന്നും  കോൺഗ്രസ്‌ ജനറൽ സെക്രട്ടറി എന്ന  നിലയിൽ ലഭിച്ച കത്തുകൾ  ഔദ്യോഗിക ഫയലിൽ ഉണ്ടെന്നും എന്നാൽ പാർടിയുടെ അനുവാദമില്ലാതെ തരാനാകില്ലെന്നും നെഹ്‌റു മറുപടി പറഞ്ഞു.
 
രേഖകൾക്കുവേണ്ടി കോൺഗ്രസ്‌ ഓഫീസ്‌ റെയ്‌ഡ്‌ ചെയ്യുമെന്നും  നെഹ്‌റു ജയിലിൽ അടയ്‌ക്കപ്പെടുമെന്നും മോത്തിലാൽ നെഹ്‌റു ഭയപ്പെട്ടു. എന്നാൽ തന്റെ കൈവശം  കത്തുകളൊന്നുമില്ലെന്ന സത്യവാങ്‌മൂലം നൽകാനാണ്‌ കോടതി ആവശ്യപ്പെട്ടത്‌.  നെഹ്‌റുവിനെ സാക്ഷിയായി വിസ്‌തരിക്കാൻ ആലോചിച്ചെങ്കിലും  കേസിന്‌ അനാവശ്യമായ താമസമുണ്ടാക്കുമെന്നു കണ്ട്‌ ഒഴിവാക്കി.
 
തെളിവുകളുടെ അഭാവവും കമ്യൂണിസ്റ്റുകാരെ പൊതു ദേശീയ പ്രസ്ഥാനത്തിൽനിന്ന്‌ അകറ്റിനിർത്തുക എന്ന ബ്രിട്ടീഷുകാരുടെ ലക്ഷ്യവുമാണ്‌ നെഹ്‌റുവിന്‌ തുണയായത്‌ എന്നാണ്‌ കരുതപ്പെടുന്നത്‌.  മോത്തിലാൽ നെഹ്‌റുവിന്‌ അധികൃതരിലുള്ള സ്വാധീനമാണ്‌ കാരണമെന്നും അഭിപ്രായമുണ്ട്‌.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top