24 November Tuesday

ഗൂഢാലോചനക്കേസുകളിൽ തളരാതെ

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

മീററ്റ്‌ സഖാക്കൾ

കമ്യൂണിസ്റ്റ് ആശയത്തിന്റെ പ്രചാരം ബ്രിട്ടീഷ് സർക്കാരിനെ പരിഭ്രാന്തരാക്കി. അതിനെ തുടർന്ന് അവർ കമ്യൂണിസ്റ്റ് സാഹിത്യങ്ങൾ എന്ന പേരിൽ പുസ്‌തകങ്ങൾ കണ്ടുകെട്ടുകയും നിരവധിയാളുകളെ വേട്ടയാടുകയും ചെയ്തു. ഇത്തരം വേട്ടയാടലുകൾക്കുവേണ്ടി നിരവധി കള്ളക്കേസുകൾ രജിസ്റ്റർ ചെയ്‌തു.

 

പെഷാവർ ഗൂഢാലോചനക്കേസ് (1922–-24)

 

കെട്ടിച്ചമയ്‌ക്കപ്പെട്ട ഗൂഢാലോചനക്കേസുകളിൽ ആദ്യത്തേതായിരുന്നു. വ്യത്യസ്‌ത വർഷങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒന്നിലധികം കേസുകൾ ചേർന്നാണ് പൊതുവിൽ പെഷാവർ ഗൂഢാലോചനക്കേസ് എന്നറിയപ്പെടുന്നത്. ഒന്നാമത്തെ പെഷാവർ കേസ് 1922 മെയ് 31ന് വിധി പറഞ്ഞു. ബ്രിട്ടീഷ് സർക്കാരിനെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. രണ്ട് സഖാക്കൾ അതിൽ രണ്ടു വർഷവും ഒരു വർഷവുമായി കഠിന തടവിന് ശിക്ഷിക്കപ്പെട്ടു. രണ്ടാം പെഷാവർ കേസിൽ ഒരു സഖാവിനെ ഏഴുവർഷത്തേക്കും മറ്റ് രണ്ട് സഖാക്കളെ അഞ്ച് വർഷത്തേക്കും കഠിന തടവിന് ശിക്ഷിച്ചു. മൂന്നാം പെഷാവർ ഗൂഢാലോചനക്കേസിൽ എട്ട്  പ്രതികൾ. നാലാം പെഷാവർ ഗൂഢാലോചനക്കേസ് മുഹമ്മദ് ഷെഫീഖിനെതിരായിരുന്നു. 1924 ഏപ്രിൽ 24ന് അദ്ദേഹത്തെ മൂന്നുവർഷം കഠിനതടവിന് ശിക്ഷിച്ചു. അഞ്ചാമത്തെ പെഷാവർ ഗൂഢാലോചനക്കേസ് 1927-ൽ ഫസലുൽ ഇലാഹി ഗുർബാനെതിരായാണ് രജിസ്റ്റർ ചെയ്തത്. അദ്ദേഹത്തെ 3 വർഷത്തെ കഠിനതടവിന് ശിക്ഷിച്ചു. പെഷാവർ ഗൂഢാലോചനക്കേസുകളിലെ അറസ്റ്റും വിചാരണയും ജനശ്രദ്ധയിൽ കൊണ്ടുവരാതിരിക്കുന്നതിന് ബ്രിട്ടിഷ് സർക്കാർ നടത്തിയ നീക്കം ആ ഘട്ടത്തിൽ വിജയിക്കുകയുണ്ടായി. സർക്കാർ നിർദേശപ്രകാരം പത്രങ്ങളിൽ പലതും ക്രിമിനലുകൾ, നുഴഞ്ഞു കയറ്റക്കാർ എന്നിങ്ങനെയാണ് അവരെക്കുറിച്ച് എഴുതിയിരുന്നത്. മുസഫർ അഹമ്മദിന്റെയും മറ്റും ശ്രമഫലമായി 1926-നു ശേഷമാണ് പെഷാവർ ഗൂഢാലോചനക്കേസ് ജനങ്ങൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങുന്നത്. 
 

കാൺപുർ ഗൂഢാലോചനക്കേസ്

 

‘ചക്രവർത്തി തിരുമനസ്സിന്റെ ഇന്ത്യയിലെ പരമാധികാരം തകർക്കാൻ ശ്രമിച്ചു’ എന്നതായിരുന്നു കേസിൽ ഉൾപ്പെട്ട കമ്യൂണിസ്റ്റുകാർക്കെതിരായ കുറ്റപത്രത്തിലുള്ളത്‌. 1923ലും 1924ലുമായി  നാല് സഖാക്കൾ  അറസ്റ്റ് ചെയ്യപ്പെട്ടു. 1924 ഫെബ്രുവരി 17ന് ഗവർണർ ജനറലിന്റെ അംഗീകാരത്തോടെ കേസ് ആരംഭിച്ചു.  കേസിൽ പ്രതികളാക്കപ്പെട്ടവരെ നാല് മാസത്തെ കഠിനതടവിനാണ് ശിക്ഷിച്ചത്. പെഷാവർ കേസിൽനിന്നും വ്യത്യസ്‌തമായി കാൺപുർ കേസ് ജനശ്രദ്ധയിൽ കൊണ്ടുവരുന്നത് തടയുന്നതിൽ ബ്രിട്ടീഷുകാർ വിജയിച്ചില്ല. ജയിലിലടയ്‌ക്കപ്പെട്ട നേതാക്കളെ സഹായിക്കുന്നതിന് പലരും രംഗത്തുവന്നു.
മീററ്റ് ഗൂഢാലോചനക്കേസ്
കമ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്താനും പാർടിയെ പൂർണമായും ഉന്മൂലനം ചെയ്യാനുമായി കെട്ടിച്ചമച്ച കേസ്‌. 1929 മാർച്ച് 20-ന് അക്കാലത്തെ അതിപ്രമുഖരായ 31 കമ്യൂണിസ്റ്റ് നേതാക്കളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്്‌തു. 121എ വകുപ്പ് തന്നെയാണ് അവർക്കെതിരെയും ചുമത്തിയത്. അറസ്റ്റ് ചെയ്യപ്പെട്ട സഖാക്കൾ വിചാരണവേളയെ രാഷ്ട്രീയ പ്രചാരണത്തിനുള്ള അവസരമാക്കി. ഡാങ്കെ ഒഴികെയുള്ള സഖാക്കൾ കോടതിയിൽ നടത്തിയ പ്രഖ്യാപനം കമ്യൂണിസ്റ്റ് പാർടി ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്നത് വ്യക്തമാക്കുന്ന രേഖയായിരുന്നു. കേസ് വിചാരണ ഇന്ത്യാ ചരിത്രത്തിലെ സുപ്രധാന സംഭവമായി മാറുകയായിരുന്നു.
1930-ൽ മീററ്റ് സഖാക്കൾ ജയിലിൽക്കിടക്കവെ കമ്യൂണിസ്റ്റ് പാർടി ഒരു കർമപരിപാടി മുന്നോട്ടുവച്ചു.  മീററ്റ് ഗൂഢാലോചനക്കേസിനോടുള്ള ധീരമായ സമീപനം ബഹുജനങ്ങളെ ആകർഷിക്കുകയുണ്ടായി. 1931 മാർച്ച് 23 ഭഗത് സിങ്ങും സഖാക്കളും തൂക്കിലേറ്റപ്പെടുമ്പോൾ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ സ്വാധീനം അവരിലും കാണാനായി. മീററ്റ് സഖാക്കളുടെ പൊതുപ്രസ്‌താവന ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ എങ്ങനെയാണ് ഇന്ത്യൻ സാഹചര്യത്തെ നോക്കിക്കാണുന്നത്‌ എന്നതിന്റെ വിശദീകരണമായിരുന്നു. അത് മാർക്്‌സിസ്റ്റ് പ്രത്യയശാസ്‌ത്രത്തിലേക്ക് വിവിധ വിപ്ലവ സംഘടനകളിലെ അംഗങ്ങളെ കമ്യൂണിസ്റ്റുകാരുമായി ബന്ധംവയ്‌ക്കാൻ പ്രേരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top