01 October Sunday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Sep 18, 2022

പുതുബിംബകൽപ്പനകളുടെ ചാരുശീലുകൾ

പി വി ജീജോ

‘ഈ അടുത്താണ്‌ ശ്രദ്ധിച്ചത്‌

അടഞ്ഞുകിടക്കുന്ന നിലയിലാണ്‌ മുഴുവൻ വീടുകളും.

പുറത്തുനിന്നാരോ പൂട്ടിപ്പോയ നിലയിൽ.’

അസീം താന്നിമൂടിന്റെ അടഞ്ഞ വീടുകൾ എന്ന കവിതയിൽ നിന്നാണ്‌ ഇത്‌.  അടച്ചുപൂട്ടിയിട്ട്‌ അകത്തളങ്ങളിലേക്ക്‌ വലിയുന്ന ജീവിതത്തെക്കുറിച്ചുള്ള നിരീക്ഷണമാണ്‌ ഇവിടെ. ഒപ്പം പരിസരത്തേക്ക്‌ കണ്ണുപായിക്കാതെ ഉൾവലിയുന്ന വർത്തമാനത്തോടുള്ള സാമൂഹ്യവിമർശവുമുണ്ടതിൽ. സൂക്ഷ്‌മതയും തെളിമയുമുള്ള വേറിട്ട  ഇത്തരം നോട്ടങ്ങളാണ്‌ അസീം എന്ന കവിയുടെ സവിശേഷത.

‘മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്‌’ എന്ന കാവ്യസമാഹാരം ഈ വ്യത്യസ്‌തതയും വ്യതിരിക്തതയും ആഴത്തിൽ അനുഭവപ്പെടുത്തും. ഒച്ചപ്പാടും ബഹളവുമില്ലാതെ അതേസമയം പുതുബിംബകൽപ്പനകളുടെ ചാരുശീലുകൾ നിറഞ്ഞ കാവ്യസഞ്ചാരമാണ്‌ അസീമിന്റേത്‌. രാവിന്റെ  ആകാശം കാണുന്ന കുട്ടിയുടെ കവിളിൽ വിരിയുന്ന പുഞ്ചിരിക്കപ്പുറം ഒന്നും ആഗ്രഹിക്കാത്ത നിർവ്യാജവും നിഷ്‌കളങ്കവുമായ ജീവിത പ്രേമമാണീ കവിയുടെ ദർശനം.  പ്രമേയ സ്വീകാര്യതമുതൽ വാക്കുകളുടെ തെരഞ്ഞെടുപ്പിൽവരെ മൗലികത പരിലസിക്കുന്ന കവിതകൾ. ഓർമത്തഴമ്പല്ല കാലികതയോടുള്ള മുഖാമുഖമാണ്‌ അസീമിന്റെ പേനയിൽ മഷി നിറയ്‌ക്കുന്നത്‌.  ‘മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്‌’ എന്ന സമാഹാര ശീർഷകത്തിലും കാണാം ഇപ്പറഞ്ഞതിന്റെ സൂചനകൾ. 

അധികമാരും ചിത്രീകരിക്കാത്ത കാവ്യവിഷയമാണ്‌. ജീവനുത്ഭവിച്ച ആദ്യ അവസ്ഥയിലേക്ക്‌   തിരിച്ചുപോകൽ അസഹ്യമാണ്‌. എന്നാൽ, ആ സങ്കൽപ്പം അണമുറിയാത്തൊരാഗ്രഹമായാണ്‌ വരച്ചുകാട്ടുന്നത്‌. മൗനത്തിലേക്കുള്ള    പിൻനടത്തം കവി അനുഭൂതിസാന്ദ്രമായി അവതരിപ്പിക്കയാണ്‌ ഇതിൽ.  രൂപത്തിലഴകൊത്ത കിളിയാണെങ്കിലും കഴൽവര നഖമാഴ്‌ന്നു കാൻവാസു കീറിപ്പോയ സങ്കടം ‘പക്ഷിയെ വരയ്‌ക്കൽ’എന്ന കവിതയിൽ വായിക്കാം. 

ജീവിതത്തിനും കാലത്തിനുമെല്ലാം ചാർത്താവുന്ന രൂപകമാണ്‌ ഇത്‌. പുലിയിറങ്ങി മടങ്ങിയാലും ഗ്രാമത്തിൽ അനേകം പുലികളായി അതിന്റെ അടയാളങ്ങൾ നിറയുമെന്ന്‌ ‘അശാന്തമായ സാന്നിധ്യ’ത്തിൽ കവി ഓർമിപ്പിക്കുന്നുണ്ട്‌. വർത്തമാന ഇന്ത്യൻ അവസ്ഥയോട്‌ ചേർത്തു വായിക്കേണ്ടതാണ്‌ ഈ കവിത.  64 കവിതയാണ്‌ സമാഹാരത്തിൽ ഉള്ളത്‌.

മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്‌ (അസീം താന്നിമൂട്‌ ‐ ഡിസി ബുക്‌സ്‌ ‐ വില: 150 രൂപ)

 

കവിതയിലെ കാഴ്ചകൾ

എം സി പോൾ

ഭാഷയിലും ഭാവുകത്വത്തിലും പൊളിച്ചെഴുത്ത് നടത്തുന്ന 67 കവിതയുടെ സമാഹാരമാണ് മഞ്ജു പി എൻ എഴുതിയ "ഒരു തുള്ളി നക്ഷത്രവെളിച്ചത്തിൽ അവൾ പുടവയുണക്കുന്നു'. മനുഷ്യനും പ്രണയവും പ്രകൃതിയുമെല്ലാം  പ്രമേയമാകുന്ന കവിതയുടെ മറ്റൊരു സവിശേഷത പ്രതീകങ്ങളുടെ ധാരാളിത്തമാണ്. കാൽപ്പനികതയും റിയലിസവും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു പ്രത്യേകതരം രചനാ ശൈലിയാണ്‌ ഇത്. സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെയും എഴുത്തുകാരി വാക്കുകളിലൂടെ വരച്ചുകാട്ടുന്നു.

"കള്ളക്കാമുകൻ' എന്ന ആദ്യ കവിത ചർച്ച ചെയ്യുന്നത് പ്രണയത്തിന്റെ അനന്തസാധ്യതകളാണ്. അടുക്കളയിലെ ഇന്ദ്രജാലങ്ങൾ, പെണ്ണ് വരയ്ക്കുമ്പോൾ, മുടിയിൽ ജമന്തി പൂക്കൾ ചൂടി, പുളിമരച്ചോട്ടിൽ കൊത്തങ്കല്ലു കളിച്ച പെൺകുട്ടി, ഒന്നുമില്ല... ഒന്നുമില്ല തുടങ്ങിയ കവിതകളിൽ പെണ്ണനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

"പെണ്ണുവരയ്ക്കുമ്പോൾ എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ്'

മുറ്റത്ത്‌ വെറും മണ്ണിലിരിക്കുന്നു

ഒരു പെണ്ണ്

വിരൽകൊണ്ടവൾ

മണ്ണിൽ ചിത്രങ്ങളെഴുതുന്നു.

മല വരയ്ക്കുമ്പോളതിൻ നെറുകയിൽ

സൂര്യൻ ചിരിക്കുന്നു.

സൂര്യനെക്കൈകളിൽക്കോരി

അവളും ചിരിക്കുന്നു

മല, മണ്ണ്, സൂര്യൻ, മരം, മഴ, പൂക്കൾ, പൂമ്പാറ്റ തുടങ്ങിയവയെല്ലാം  കവിതകളുടെ ഭാഗമാകുന്നുണ്ട്. അവതാരികയിൽ കൽപ്പറ്റ നാരായണൻ പറഞ്ഞതുപോലെ  "വിശേഷപ്പെട്ട ഒരുതരം മെറ്റാഫിസിക്കൽ പോയട്രിയാണ് മഞ്ജുവിന്റേത്. സ്ഥാവരങ്ങൾ ഇക്കവിതകളിൽ യാത്ര ചെയ്യുന്നു. വീടും മുറിയും ജാലകവും കടലുമൊക്കെ സഞ്ചരിക്കുന്നു. പറന്നുപോകുന്ന പാറയിൽച്ചാരി ഒരുവളിരിക്കുന്നു. ചിറകുകളിൽനിന്ന് ആകാശം കുടഞ്ഞിടുന്ന തുമ്പികൾ. ഇരിക്കപ്പൊറുതിയില്ല ഒന്നിനും. പക്ഷേ, എല്ലാത്തിനുമടിയിൽ ഏകാന്തതയുണ്ട്. മുഷിവുകളോട് മല്ലിട്ട ഒരുത്തിയുണ്ട്.'

ഒരു തുള്ളി നക്ഷത്രവെളിച്ചത്തിൽ അവൾ പുടവയുണക്കുന്നു (മഞ്‌ജു പി എൻ ‐ ലോഗോസ് ബുക്‌സ്‌ ‐ വില: 150 രൂപ)

 

യാത്രാനുഭവങ്ങൾ നുറുങ്ങു കഥകളാകുമ്പോൾ

പ്രൊഫ. കെ കെ ശിവദാസ്

അനിയൻ തലയാറ്റുംപിള്ളിയുടെ "അമേരിക്കാ- ഇംഗ്ലണ്ട് യാത്രകളിലൂടെ’ എന്ന പുസ്തകത്തിൽ കാഴ്ചകൾ അനുഭവങ്ങളായി പുനർജനിക്കുക മാത്രമല്ല ചെയ്യുന്നത്‌, അനുഭവം നിരവധി കാഴ്ചകളായി മാറുകകൂടിയാണ്. യാത്രയിലെ സ്വകാര്യതയെ 76 നുറുങ്ങുകഥ പോലെ അവതരിപ്പിച്ചിരിക്കുന്നു. യാത്രാവിവരണത്തെ പുതിയ കാലത്തിനുചിതമായ രീതിയിൽ മാറ്റിയ ആദ്യ പുസ്തകമാണ്‌ ഇതെന്നു പറയാം. ഫെയ്സ് ബുക്ക് കുറിപ്പുകളായി വായനക്കാരുടെ മനസ്സിലിടം പിടിച്ചവയാണ് ഈ കൊച്ചു കുറിപ്പുകൾ.

അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും ജനജീവിതത്തേക്കാൾ സഞ്ചാരികളെ ആകർഷിക്കുന്ന ദൃശ്യങ്ങളാണ് പുതിയ കാഴ്ചകളായി നമുക്കു മുമ്പിൽ പ്രത്യക്ഷമാകുന്നത്. ചില കാഴ്ചകൾ ഗ്രന്ഥകാരനിൽ രോഷമാണ് സൃഷ്ടിക്കുന്നതെങ്കിൽ ചിലത് ധന്യത സൃഷ്ടിക്കുന്നു. ഹിരോഷിമയിൽ ബോംബിട്ട വിമാനവും  ഗ്രാവില്ലി പോയിന്റ്‌ പാർക്കിലെ  ദൃശ്യങ്ങളും  ക്ഷേത്ര ദർശനങ്ങളും ബേക്കർ സ്ട്രീറ്റിലെ ഷെർലക്ക് ഹോംസ് അപ്പാർട്ട്മെന്റും ലണ്ടൻ ഒളിമ്പിക്സിൽ ഗോപീചന്ദിനെ പരിചയപ്പെട്ടതുമെല്ലാം  തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

അമേരിക്കാ ഇംഗ്ലണ്ട് യാത്രകളിലൂടെ (അനിയൻ തലയാറ്റുംപിള്ളി ‐ പ്രഭാത്‌ ബുക്ക്‌ ഹൗസ്‌ ‐ വില: 150 രൂപ)

 

പൗരാണിക സമ്പന്നതകളിലേക്കുള്ള സഹൃദയ സഞ്ചാരം

അരുവിപ്പുറം സുരേഷ്

സമ്പന്നമായ യാത്രാവിവരണ ശാഖയിലെ പുതിയ ഈടുവയ്പാണ് ഷിബു ആറാലുംമൂടിന്റെ ‘അനന്തപുരി മുതൽ അലക്സാൻഡ്രിയ വരെ–-നൈൽ തടത്തിലൂടെ ഒരു യാത്ര.’ 

സമകാലിക ഈജിപ്തിന്റെ നേർക്കാഴ്ചകളിൽ നിന്നുകൊണ്ട്‌, അതിന്റെ പൗരാണികവും ചരിത്രപരവുമായ സമ്പന്നതകളിലേക്കും മിത്തുകളിലേക്കുമുള്ള സഹൃദയസഞ്ചാരമാണ് ഈ കൃതി. മമ്മി രൂപത്തിൽ ഉറക്കംതുടരുന്ന ഫറവോമാരുടെയും ഇന്ന് ആരാലും ആരാധിക്കപ്പെടാത്ത അക്കാല ദൈവങ്ങളുടെയും നാട്ടിൽ നിൽക്കവേ സ്വന്തം നാട്ടിൽ കത്തിപ്പടർന്ന ശബരിമല സ്ത്രീപ്രവേശന വിവാദത്തിന്റെ അർഥശൂന്യതയെ അനുസ്മരിക്കുന്നുണ്ട് ഗ്രന്ഥകാരൻ. കേവലമൊരു യാത്രാനുഭവം എന്നനിലയിൽനിന്ന്‌ ഈ പുസ്തകം ഈജിപ്ത് സംബന്ധമായ  റഫറൻസ് ഗ്രന്ഥമെന്ന നിലയിലേക്കുയരുന്നു. താമര വിപ്ലവത്തെത്തുടർന്ന് ഏറെ ജനാധിപത്യ പ്രതീക്ഷ പുലർത്തിയ ഈജിപ്ത് ഇന്ന് പട്ടാള ഭരണത്തിനു കീഴിൽ എങ്ങനെയാണ് പുലരുന്നത് എന്നതിന്റെ നേർചിത്രം വാക്കുകളാൽ വരയ്ക്കാനായിട്ടുണ്ട്‌.  ലോക രാഷ്ട്രീയത്തിലേക്ക്‌  എത്തിനോക്കിയും ഇടയ്ക്കൊക്കെ തന്റെ യാത്രാസംഘത്തിന്റെ കൊച്ചുവർത്തമാന സദസ്സിൽ ഒപ്പമിരുത്തിയും മലയാള കഥാ, കവിതാ, നോവൽ സന്ദർഭങ്ങൾ തൊടുകറി പോലെ വിളമ്പിയും മുന്നേറുന്ന രചനാതന്ത്രം ശ്രദ്ധേയമാണ്.  ഈജിപ്ഷ്യൻ രാഷ്ട്രീയം പറയുമ്പോൾ അതിന്റെ ആഗോളപരിസരം ഹ്രസ്വമായി പറയുന്നതും ആയാസരഹിതമായ വായനയ്ക്കായി ചെറിയ ഉപശീർഷകങ്ങൾ നൽകിയുള്ള രീതിയും ചിത്രങ്ങളുടെ തെരഞ്ഞെടുപ്പും ഉചിതമായി. ഫറവോ പരമ്പരയെക്കുറിച്ചുള്ള ലഘുവിവര സൂചികയും ‘കെമത്' വിശ്വാസധാരയിൽ നിലനിന്ന മുഖ്യദൈവങ്ങളുടെ ചിത്രങ്ങളും അനുബന്ധമായുണ്ട്‌. അവതാരിക: സന്തോഷ് ജോർജ് കുളങ്ങര.

‘അനന്തപുരി മുതൽ അലക്സാൻഡ്രിയ വരെ' (ഷിബു ആറാലുംമൂട് ‐ സൈൻ ബുക്‌സ്‌ ‐ വില: 340 രൂപ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top