18 February Tuesday

ആത്മാഭിമാനത്തിന്റെ ഉണർത്തുപാട്ടിന്‌ 56

വി ടി സുരേഷ്Updated: Sunday Aug 18, 2019

‘എനിക്കൊരു സ്വപ്‌നമുണ്ട്' എന്ന വിഖ്യാതമായ പ്രഭാഷണത്തിന്റെ തീവ്രതയും ഗരിമയും കൊണ്ടുതന്നെയാകണം  മാർട്ടിൻ ലൂതർ കിങ്‌ ജൂനിയറെ അമ്പതുവർഷം മുമ്പ്‌, 1968 ഏപ്രിൽ നാലിന്‌ ഒരു വംശവെറിയൻ വെടിയുണ്ടകൊണ്ട് ഇല്ലാതാക്കിയത്.  നീതിക്കായി ശബ്ദമുയർത്തിയ  ഏതൊരു പോരാളി യെയുംപോലെ വധഭീഷണികൾക്ക് നടുവിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം

 
വിഖ്യാതമായ ഒരു പ്രഭാഷണംകൊണ്ട്‌ ഒരു ജനതയുടെയല്ല, ലോകത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമാകുക. മാർട്ടിൻ ലൂതർ കിങ്‌ ജൂനിയർ എന്ന മനുഷ്യന്റെ വിഖ്യാതമായ ആ പ്രഭാഷണം ലോകത്തിന്‌ നൽകിയത്‌ സാമൂഹ്യനീതിയുടെ മഹത്തായ സന്ദേശമായിരുന്നു. വംശവെറിയിൽപ്പെട്ടുഴലുന്ന അമേരിക്കയിലെ കറുത്തവർഗക്കാർക്ക്‌ ആത്മാഭിമാനത്തിന്റെ ഉണർത്തുപാട്ടായിരുന്നു ആ പ്രസംഗം. ലോകമെമ്പാടുമുള്ള കറുത്ത വംശക്കാർ അടക്കമുള്ള പാർശ്വവൽകൃത ജനതയുടെ തുല്യതയ്‌ക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ നിരന്തരമായി പ്രചോദിപ്പിച്ച ആ പ്രസംഗത്തിന്‌ ആഗസ്‌ത്‌ 28ന്‌ 56 വർഷം തികയുന്നു.  
 
‘എനിക്കൊരു സ്വപ്‌നമുണ്ട്' എന്ന വിഖ്യാതമായ പ്രഭാഷണത്തിന്റെ തീവ്രതയും ഗരിമയുംകൊണ്ടുതന്നെയാകണം  മാർട്ടിൻ ലൂതർ കിങ്‌ ജൂനിയറെ അമ്പതു വർഷംമുമ്പ്‌, 1968 ഏപ്രിൽ നാലിന്‌ ഒരു വംശവെറിയൻ വെടിയുണ്ടകൊണ്ട് ഇല്ലാതാക്കിയത്.  നീതിക്കായി ശബ്ദമുയർത്തിയ ഏതൊരു പോരാളിയെയുംപോലെ വധഭീഷണികൾക്ക് നടുവിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മിസിസിപ്പി നദീതീരത്തെ മെംഫിസ് മോട്ടലിൽവച്ചായിരുന്നു മനുഷ്യാവകാശ പ്രവർത്തകനും ബാപ്റ്റിസ്റ്റ് മിനിസ്റ്ററും നീഗ്രോ ജനതയുടെ തുല്യതയ്‌ക്കുവേണ്ടി അവസാനശ്വാസംവരെ ധീരമായി പോരാടിയ നേതാവുമായ മാർട്ടിൻ ലൂതറിനുനേരെ വെടിയുതിർത്തത്‌.  മരണം സ്ഥിരീകരിച്ച ഡോ. ടെയിലർ ബ്രാഞ്ച് പരിശോധനാ റിപ്പോർട്ടിൽ  ഇപ്രകാരം രേഖപ്പെടുത്തി: ‘‘39 വയസ്സ് മാത്രമേ പ്രായമുള്ളൂവെങ്കിലും അറുപത് വയസ്സുകാരന്റെ ഹൃദയം.''  പതിമൂന്നുവർഷം നടന്ന സിവിൽ നിയമാവകാശ പോരാട്ടത്തിന്റെ സംഘർഷങ്ങൾ മാർട്ടിൻ ലൂതറിനെ അത്രമേൽ പരിക്ഷീണനാക്കിയിരുന്നു. മെംഫിസ് നഗരത്തിൽ വേതനത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനുമായി  ശുചീകരണത്തൊഴിലാളികൾ നിരന്തരസമരത്തിലായിരുന്നു. ഫെബ്രുവരി 11ന് മെംഫിസിൽനിന്ന് ടെന്നസിയിലേക്ക് തൊഴിലാളികളുടെ മാർച്ചിനും രണ്ട് തൊഴിലാളികൾ ട്രക്കിനിടയിൽപ്പെട്ട് മരിച്ചതിനും പിന്നാലെ സംഘർഷഭരിതമായ ദിനങ്ങൾ.  വംശവെറിയന്മാരായ വെള്ള ‘സഹോദര'ന്മാരിൽനിന്ന് എന്തതിക്രമവും ഉണ്ടാകാമെന്ന സ്ഥിതി. 
 
1963ൽ  അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി വധിക്കപ്പെട്ടപ്പോൾതന്നെ മാർട്ടിൻ ലൂതർ തന്റെ ഭാര്യ ക്രോറിറ്റയോട് പറഞ്ഞു: ‘‘എനിക്കും ഇതുതന്നെയാണ് സംഭവിക്കാൻ പോകുന്നത്. ഇതൊരു രോഗാതുര സമൂഹമാണ്!'' മരണം സംഭവിച്ച ദിവസം വലിയൊരു തൊഴിലാളിസംഗമം നടക്കാനിരിക്കുകയായിരുന്നു.  അദ്ദേഹം സംഗീതജ്ഞനായ ബെൻ ബ്രാഞ്ച് എന്ന സുഹൃത്തിനോട് പറഞ്ഞു: ‘‘നീ ഇന്ന് തീർച്ചയായും ‘ടേക്ക് മൈ ഹാൻഡ്, പ്രഷ്യസ് ലോർഡ്' എന്ന ഗാനം നന്നായിത്തന്നെ ആലപിക്കണം.''  അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു മഹാലിയ ജാക്‌സൻ പാടി പ്രസിദ്ധമാക്കിയ ഈ  ഗാനം. പൂർണമായും രണ്ടായി വിഭജിക്കപ്പെട്ടിരുന്നു അമേരിക്ക.  പൊതുഇടങ്ങളിൽ കറുത്തവർക്ക് അവഗണന. ബസിലും വിദ്യാലയത്തിലും ആശുപത്രിയിലുമെല്ലാം. കറുത്തവർക്ക്‌ കൂലി പകുതിയിൽ താഴെ.  വിവേചനങ്ങൾക്കെതിരെ നിസ്സഹകരണത്തിലും നിയമലംഘനത്തിലും ഊന്നിനിന്നുകൊണ്ടുള്ള  സമരങ്ങൾ  മാർട്ടിൻ ലൂതറിനെ വ്യവസ്ഥാനുകൂലികളുടെയും അധികാരികളുടെയും ശത്രുവാക്കി. സമരങ്ങൾ ഓരോന്നായി ലക്ഷ്യം നേടി. വംശീയമായ ഒറ്റപ്പെടുത്തലിനെതിരെ 1955ൽ നടന്ന മോണ്ട്ഗോമറി ബസ് ബഹിഷ്‌കരണ സമരമാണ് കറുത്തവർഗക്കാർക്ക് പൊതുഗതാഗത സംവിധാനത്തിലേക്ക് പ്രവേശനം നേടിക്കൊടുത്തത്. 385 ദിവസം നീണ്ടുനിന്നു ആ സമരം. വോട്ടവകാശത്തിനും വിഭാഗീയ മനോഭാവത്തിനുമെതിരായിരുന്നു 1962ലെ ആൽബെനി മൂവ്മെന്റ്. തൊഴിലിനും സ്വാതന്ത്ര്യത്തിനുംവേണ്ടി 1963 ആഗസ്‌ത്‌ 28ന് നടന്ന വാഷിങ്ടൺ മാർച്ചിനെ അഭിസംബോധനചെയ്‌തുകൊണ്ടായിരുന്നു ‘എനിക്കൊരു സ്വപ്നമുണ്ട്' എന്ന മാർട്ടിൻ ലൂതർ കിങ്ങിന്റെ വിശ്വപ്രസിദ്ധമായ പ്രസംഗം. അത് ആരംഭിക്കുന്നതുതന്നെ അടിമസമ്പ്രദായം അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഥമ അമേരിക്കൻ പ്രസിഡന്റിന്റെ  1863ലെ വിമോചന വിളംബരം നൂറുവർഷം പിന്നിട്ടിരിക്കുന്നു എന്ന് ഓർമിപ്പിച്ചുകൊണ്ടാണ്. അമേരിക്കയിൽ തുടരുന്ന അസമത്വവും അസന്തുലിതാവസ്ഥയും എടുത്തുപറഞ്ഞുകൊണ്ടാണ് അദ്ദേഹം  സ്വപ്‌നങ്ങൾ എണ്ണിയെണ്ണി പറയുന്നത്. എന്റെ നാല് മക്കളും തൊലിയുടെ നിറത്താൽ വിലയിരുത്തപ്പെടാതെ അവരുടെ സ്വഭാവത്തിന്റെ ഉള്ളടക്കത്താൽമാത്രം വിലയിരുത്തപ്പെടുന്ന ഒരു കാലം "സ്വപ്‌ന'ഭാഷണത്തിൽ അദ്ദേഹം ഹൃദയസ്‌പർശിയായി അവതരിപ്പിക്കുന്നു. 1964ൽ അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിക്കുന്നത് സിവിൽ നിയമലംഘന പ്രക്ഷോഭങ്ങളിലെ അഹിംസാ സിദ്ധാന്ത പ്രയോഗത്തിന്റെ പേരിൽ. വാസ്‌തവത്തിൽ മഹാത്മാഗാന്ധിയാണ് ആ പുരസ്‌കാരത്തിലൂടെ യഥാർഥത്തിൽ സമ്മാനിതനായത്.
 
അവസാനവർഷങ്ങളിൽ മാർട്ടിൻ ലൂതർ കിങ്  വ്യക്തമായ രാഷ്ട്രീയ നിരീക്ഷണങ്ങളാണ്‌ മുന്നോട്ടുവച്ചത്. ലോകത്തെ പിടിച്ചുകുലുക്കിയ സാമൂഹ്യവിപ്ലവങ്ങളും തത്വശാസ്‌ത്രങ്ങളും അദ്ദേഹത്തിന്റെ നിലപാടുകളെ കൂടുതൽ മിഴിവുറ്റതാക്കി. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ 1967ൽ നടത്തിയ ഃദ അദർ അമേരിക്ക' എന്ന പ്രസംഗത്തിൽ രാജ്യത്തെ "സമ്പന്നരും ദരിദ്രരും' എന്ന പ്രശ്നത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് ഇങ്ങനെ പറഞ്ഞു. രണ്ടാം ലോകയുദ്ധകാലത്ത് കറുത്തവർക്കും വെള്ളക്കാർക്കും ഒരുപോലെയായിരുന്നു തൊഴിൽരാഹിത്യം അനുഭവപ്പെട്ടത്. എന്നാൽ, ഇപ്പോളത് കറുത്തവർഗക്കാർക്ക് ഇരട്ടിയായി. വേതനമോ പകുതി മാത്രവും!  വിയറ്റ്നാം യുദ്ധത്തെ അദ്ദേഹം നിശിതമായി എതിർത്തു. രാജ്യത്ത് അസമത്വ നിർമാർജനത്തിനായി ചെലവഴിക്കേണ്ട ദശലക്ഷം ഡോളറാണ് യുദ്ധാവശ്യങ്ങൾക്കായി സർക്കാർ ചെലവഴിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. വംശീയതയും വർണവെറിയും നിലനിർത്തുന്നതിൽ മുതലാളിത്തവ്യവസ്ഥയുടെ പങ്ക് ചൂണ്ടിക്കാണിച്ചത് തന്റെ സമകാലീനനായ മാർക്കം എക്‌സിന്റേതെന്നപോലെ മാർട്ടിൻ ലൂതറിന്റെയും വധത്തിന് കാരണമായെന്ന് വിശ്വസിക്കുന്നവർ അമേരിക്കയിൽ ഇന്നും ഏറെയുണ്ട്.
പ്രധാന വാർത്തകൾ
 Top