18 February Tuesday

ദേശസ്‌മൃതിയുടെ മുറിവുകള്‍

ഫസൽ റഹ്‌മാൻ pkfrahman@gmail.comUpdated: Sunday Aug 18, 2019

പലസ്തീനിയന്‍ നോവലിസ്റ്റ് റബായ് അല്‍ മദ്ഹൂന്‍ രചിച്ച Fractured Destinies എന്ന നോവല്‍ മുറിവേറ്റ ദേശത്തിന്റെ ദുരന്തമുഖങ്ങളെ അവതരിപ്പിക്കുന്നു. അറബ് നോവലിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം നേടി ഈ കൃതി

 

അധിനിവേശപൂർവ പലസ്‌തീനിലെ  അസ്‌കലാൻ പ്രവിശ്യയിൽ 1945–-ൽ ജനിച്ച റബായ് അൽ മദ്ഹൂൻ തന്റെ മൂന്നാം വയസ്സിൽ, 1948ൽ  സംഭവിച്ച നഖ്ബ എന്നറിയപ്പെട്ട ഇസ്രയേലി അധിനിവേശത്തെയും കുടിയിറക്കിനെയും തുടർന്ന് അഭയാർഥിയാക്കപ്പെട്ട തലമുറയിലെ അംഗമാണ്. പതിമൂന്നാം വയസ്സിൽ, ഖാൻ യൂനിസ് അഭയാർഥികേന്ദ്രത്തിൽ ഇരുനൂറ്റി അമ്പതോളം പേരെ കൂട്ടക്കുരുതി നടത്തുന്നതിന്‌ ദൃക്‌സാക്ഷിയായ അനുഭവത്തിനുടമ. 1967 ജൂൺ അഞ്ചുമുതൽ പത്തുവരെ അരങ്ങേറിയ ആറുദിന യുദ്ധത്തിന്‌ നാളുകൾക്കുമുമ്പുമാത്രം ഉപരിപഠനത്തിന്‌ ഈജിപ്തിലേക്ക് പോയതാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിയത്. 1970–-ൽ ബ്ലാക് സെപ്തംബർ എന്നറിയപ്പെട്ട ജോർദാനിയൻ –- പിഎൽഒ  സംഘർഷവും നേരിൽകണ്ടു. മദ്ഹൂനിന്റെ രണ്ടാം നോവൽ ദി ലേഡി ഫ്രം ടെൽ അവീവ് 2010–-ലെ IPAF (അറബ് ബുക്കർ) അന്തിമപട്ടികയിൽ ഇടംപിടിച്ചപ്പോൾ മൂന്നാം നോവൽ Fractured Destinies  2016ൽ ഇതേ പുരസ്‌കാരം നേടി.  

ഇസ്രയേലിൽ ഒരു പലസ്‌തീനിയായിരിക്കുകയെന്നാൽ ജന്മദേശത്തായിരിക്കുമ്പോഴും പരദേശിയായിരിക്കുക അഥവാ, ഇസ്രയേലി ദേശീയത അംഗീകരിക്കാൻ നിർബന്ധിതനായി അധിനിവേശത്തിൻകീഴിൽ കഴിയുക എന്ന വൈരുധ്യം നേരിടലാണ്. സ്വദേശം വിട്ടുപോകണോ അതോ അധിനിവേശം നടത്തിയവർ സ്വന്തം ചരിത്രവും സംസ്‌കാരവും തുടച്ചുനീക്കുന്നതിന്റെ സംഘർഷം സഹിച്ചും പിറന്ന മണ്ണിൽ തുടരണോ എന്ന ഏറെ വേദനിപ്പിക്കുന്ന ചോദ്യം അവർ നിരന്തരം നേരിടേണ്ടിവരുന്നു. ‘ശിഥില നിയതികൾ' (Fractured Destinies) പിറന്ന മണ്ണ് വിട്ടുപോകാൻ തയ്യാറാകാതെ അവമതി ഏറ്റുവാങ്ങേണ്ടി വരുന്നവരും നിതാന്ത അഭയാർഥിത്വത്തിന്റെയും പ്രവാസത്തിന്റെയും ദുർവിധി പേറുന്നവരുമായ ഏതാനും കഥാപാത്രങ്ങളിലൂടെ പലസ്‌തീനിയൻ ചരിത്രത്തിന്റെ ദുരന്തമുഖങ്ങളെ അവതരിപ്പിക്കുന്നു. നഖ്ബയുടെ നാളുകളിൽ രണ്ടുമാസം പ്രായമുള്ള മകളോടും ഇംഗ്ലീഷുകാരനായ ഭർത്താവിനോടുമൊപ്പം ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്‌ത പലസ്‌തീനിയൻ –- അർമീനിയൻ പൗര  ഇവാനാ അർദാകിയൻ, മകൾ ജൂലിയോടും തെക്കൻ ഇസ്രയേലിലെ അസ്‌കലാൻ സ്വദേശിയായ അവളുടെ ഭർത്താവ് വാലിദിനോടും തന്റെ ഭൗതികാവശിഷ്ടം ജനിച്ചുവളർന്ന മണ്ണിൽ എത്തിക്കണം എന്ന അന്ത്യാഭിലാഷം അറിയിക്കുന്നതാണ് നോവലിന്റെ തൊടുത്തുവിടൽ ആയിത്തീരുന്നത്. നഖ്ബയുടെ ഘട്ടത്തിൽ അമ്മാവൻ മഹ്‌മൂദ് ദഹ്‌മാൻ അസ്‌കലാൻ വിട്ടുപോകാൻ വിസമ്മതിച്ചത് വാലിദിന്റെ കുട്ടിക്കാലം ഗാസയിലെ അഭയാർഥി ക്യാമ്പിലാക്കി. മഹ്‌മൂദിന്റെ മകളും വാലിദിന്റെ ബന്ധുവുമായ ജിനിൻ അതുകൊണ്ട് ഇസ്രയേൽ പൗരയാണ്; യുഎസിൽ അഭയം തേടിയ കുടുംബത്തിൽ പിറന്ന അവളുടെ ഭർത്താവ് ബാസിം യുഎസ് പൗരനാണ്‌. ഏറെ ശ്രമപ്പെട്ട് നേടിയെടുക്കുന്ന, ഇടവേളതോറും അനന്തമായ ചുവപ്പുനാടയിലൂടെ പുതുക്കിക്കൊണ്ടിരിക്കുന്ന റെസിഡൻസി പെർമിറ്റ്, ഒരു തൊഴിൽ പെർമിറ്റ് കൂടിയാക്കിമാറ്റാനുള്ള ശ്രമങ്ങൾ നിരന്തരം പരാജയപ്പെടുന്നത് ബാസിമിനെ മഥിക്കുന്നുണ്ട്. ‘‘ഞാനൊരു സ്വവർഗാനുരാഗി ആയിരുന്നെങ്കിൽ അവർ എന്റെ കഴുത്തിൽ ഒരു മനുഷ്യാവകാശ പ്ലക്കാർഡ് കെട്ടിത്തൂക്കി എന്നെ ജോലി ചെയ്യാൻ അനുവദിച്ചേനെ!'' അമ്മാവന്റെ ജീവിതകഥ ആസ്‌പദമാക്കി ‘വിട്ടുപോകാത്തവൻ: ഒരു വങ്കൻ പലസ്‌തീനി' എന്ന വിവാദമുണർത്താവുന്ന നോവൽ എഴുതിക്കൊണ്ടിരിക്കുന്ന ജിനിൻ അമ്മാവന്റെ അതേ കാർക്കശ്യമാണ് തുടരുക.  
 
മഹ്‌മൂദ് ദഹ്‌മാനെ പോലുള്ളവർക്ക് ഓടിപ്പോയവരിൽനിന്നും അവസാനമില്ലാത്ത അഭയാർഥിക്യാമ്പ് ദുരിതത്തിൽ പെട്ടുപോയവരിൽനിന്നും ഒരേ സമയം അസൂയയും ശത്രുവിനോടൊപ്പം അനന്തമായ അനുരഞ്ജനങ്ങളുടെ അവമതിയിൽ കഴിയുന്നതിന്റെ പേരിൽ പുച്ഛവും നേരിടേണ്ടിവരുന്നു. എന്നാൽ, 1948 മെയ് 14-ന്‌ ഇസ്രയേൽ പ്രഖ്യാപന ഘട്ടത്തിൽ ബെൻ ഗൂറിയന്റെ മുഖത്ത്‌ കാർക്കിച്ചുതുപ്പിയ ധീരനായി ഇവാന മഹ്‌മൂദിനെ ഓർക്കുന്നു. കേട്ടറിവു മാത്രമായി പലസ്‌തീനെ അറിയാൻ ശ്രമിക്കുന്ന ജൂലിയെ പോലുള്ളവർക്ക് പുനഃസമാഗമം ഒരു കാൽപ്പനികാദർശമാണ്. അഭയാർഥി ക്യാമ്പിൽ കഴിഞ്ഞ ബാസിമിനെ പോലുള്ളവർക്കാകട്ടെ, സ്വന്തം നാട്ടിൽ അവകാശങ്ങൾ ഒന്നുമില്ലാതെ കഴിയുന്നതിന്റെ വീർപ്പുമുട്ടലും. എങ്കിലും പലസ്‌തീനിയുടെ അപാരമായ ശുഭാപ്തിയുടെ ആശയവും അയാൾ പങ്കുവയ്‌ക്കുന്നുണ്ട്: ‘‘ഒരു നാൾ, ജൂതന്മാർ തിരിച്ചുപോകും. ഇസ്രയേൽ എന്നത് പലസ്‌തീനിന്റെ ചരിത്രത്തിലെ കടന്നുപോകുന്ന ഘട്ടം മാത്രമാണ്.'' നിർമിത ഓർമകളുടെ സ്ഥാനത്ത് യഥാർഥ കഥകൾ ഓർത്തുവയ്‌ക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്ന ‘എല്ലാം അറിയുന്ന', ദേശത്തെ സ്വയം പ്രഖ്യാപിത ഗൈഡ് കൂടിയായ അഭിവന്ദ്യ വയോധിക ഫാത്തിമ അൽ നസ്റവി, ലണ്ടനിൽ അന്യയായി മരിക്കേണ്ടിവന്ന അമ്മയെക്കുറിച്ചുള്ള ജൂലിയുടെ സങ്കടത്തെ തണുപ്പിക്കുന്നു: ‘‘നീ ഇവിടെ ഞങ്ങളെയൊന്നു നോക്കൂ, സ്വന്തം നാട്ടിൽ അന്യരും അഭയാർഥികളും. അതുകൊണ്ട് ഞങ്ങളെ സംബന്ധിച്ച് മരിച്ചവരും ജീവിച്ചിരിക്കുന്നവരും വ്യത്യാസമില്ല.''  
 
ഏകപക്ഷീയമായ ജൂതവിരുദ്ധതയുടെ പാഠമായല്ല നോവൽ പലസ്‌തീൻ യാഥാർഥ്യത്തെ സമീപിക്കുന്നത്. ‘‘ജർമൻകാർ ജൂതരുടെ ഹൃദയത്തെ പൊള്ളിച്ചു, ജൂതർ നമ്മുടെ ഹൃദയത്തെയും. നമ്മൾ രണ്ടു കൂട്ടരെയും ദൈവം ഇങ്ങനെ പൊള്ളിക്കാൻ നാം എന്ത് ചെയ്‌തു?'' എന്ന് ഒരു കഥാപാത്രം ചോദിക്കുന്നുണ്ട്. ഹോളോകാസ്റ്റും നഖ്ബയും ഒരുപോലെ മനസ്സിലാക്കപ്പെടണമെന്ന ആശയം നോവൽ പങ്കുവയ്‌ക്കുന്നു.   
 
പലസ്‌തീൻ പരിതോവസ്ഥയുടെ ശക്തമായ ആവിഷ്‌കാരങ്ങൾ ഒട്ടേറെ പ്രമുഖ എഴുത്തുകാരുടെതായി വന്നിട്ടുണ്ട്. സൂസൻ അബുൽ ഹവായുടെ മോണിംഗ്സ് ഇൻ ജെനിൻ, ദി ബ്ലൂ ബിറ്റ് വീൻ ദി സ്‌കൈ ആൻഡ് വാട്ടർ, ഏലിയാസ് ഖൗറിയുടെ ഗേറ്റ് ഓഫ് ദി സൺ, റൂല ജെബ്രിയെലിന്റെ മിറാൽ, ഗസ്സാൻ കനഫാനിയുടെ മെൻ ഇൻ ദി സൺ, ഹനാൻ അൽ ഷെയ്ഖിന്റെ ബൈറുത്ത് ബ്ലൂസ് തുടങ്ങിയവ ഉദാഹരണം. ഇക്കൂട്ടത്തിലേക്ക്  മികച്ച മുതൽക്കൂട്ടാണ് ‘ശിഥില നിയതികൾ.'
പ്രധാന വാർത്തകൾ
 Top