11 August Tuesday

ഒരുവട്ടംകൂടി ഇരുവട്ടം മണവാട്ടി

എം എസ്‌ അശോകൻ msasokms@gmail.comUpdated: Sunday Aug 18, 2019

1994 ലെ യൂണിയൻ കലോ ത്സവത്തിൽ വിദ്യാർഥികൾ വികലമായി അരങ്ങേറ്റിയ നാടകത്തെ രമേഷ്‌ വർമ  ചോദ്യംചെയ്‌തിരുന്നു. അതൊരു വെല്ലുവിളിയായി ഏറ്റെടുത്താണ്‌ വിദ്യാർഥി സംഘം ഈ ദൗത്യമേറ്റെടു ത്തത്‌. രമേഷ്‌ വർമതന്നെ അതിന്‌ ചുക്കാൻ പിടിച്ചു. കോളേജിൽ വിപുലമായ ക്യാമ്പ്‌ സംഘടിപ്പിച്ച്‌ കഴിവുറ്റ ഒരുസംഘത്തെ തെരഞ്ഞെടുത്ത്‌ പരിശീലനം നൽകി

 

ആസ്വാദക ഹൃദയങ്ങളെ തുള്ളിച്ച ഒരു നാടകം കാൽനൂറ്റാണ്ടിനുശേഷവും വേദിയിൽ അതിന്റെ ഉലയാത്ത ചെറുപ്പം ആടുകയായിരുന്നു. ഏഴുവർഷത്തോളം നൂറ്റമ്പതോളം വേദികളിൽ നിറഞ്ഞാടിയ ആർഎൽവി  നാടകവേദിയുടെ ഇരുവട്ടം മണവാട്ടി ആദ്യാവതരണത്തിന്റെ ഇരുപത്തഞ്ചാം വാർഷികത്തിലാണ്‌ ഒരുവട്ടംകൂടി അരങ്ങുണർത്തിയത്‌. മൂലകൃതിയുടെ കലാമേന്മയും രാഷ്‌ട്രീയസത്തയും തരിമ്പും ചോരാതെ ആസ്വാദകരിലേക്ക്‌ എത്തിച്ചതിന്റെ ഓർമപ്പെടുത്തൽ കൂടിയായി ഇരുവട്ടം മണവാട്ടിയുടെ രണ്ടാം വരവ്‌.
അജ്ഞാത നാടകകൃത്തിനാൽ പതിമൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ചൈനീസ്‌ ക്ലാസിക്കൽ ഓപ്പറയുടെ മലയാള രംഗാവിഷ്‌കാരമായിരുന്നു ഇരുവട്ടം മണവാട്ടി. Twice a Bride എന്ന ഇംഗ്ലിഷ്‌ നാടകരൂപത്തിൽനിന്ന്‌ മലയാള രംഗഭാഷയൊരുക്കിയതും സംവിധാനം നിർവഹിച്ചതും പ്രമുഖ നാടകകാരൻ രമേഷ്‌ വർമ. 1994 ൽ തൃപ്പൂണിത്തുറ കളിക്കോട്ട പാലസിലെ ആദ്യാവതരണം ഉദ്‌ഘാടനംചെയ്‌തത്‌  എഴുത്തുകാരി മാധവിക്കുട്ടി.  ‘കൗതൂഹലത്തിന്റെ പാട്ടുകാർ ഞങ്ങൾ ആനന്ദത്തിന്റെ ദേവതമാർ ഞങ്ങൾ’ എന്ന പാട്ടിലൂടെയാണ്‌ അരങ്ങുണരുന്നത്‌. ഒാപ്പറ ചുവടുകളിലൂടെയും നാടകീയ മുഹൂർത്തങ്ങളിലൂടെയും ശക്തമായ അധഃസ്ഥിതവർഗ രാഷ്‌ട്രീയ ചരിത്രത്തിന്റെ അടിത്തറ അരങ്ങിൽ വികസിക്കുകയാണ്‌. ഭിക്ഷക്കാരുടെ കൂട്ടത്തിന്റെ മൂപ്പനും അദ്ദേഹത്തിന്റെ മകളുടെ വൈവാഹിക ഉടമ്പടിയും മൂന്നാംലോക രാഷ്‌ട്ര വ്യവഹാര ദൈന്യങ്ങളിലേക്ക്‌ കാഴ്‌ചയെ വളർത്തുന്നു. അതേസമയം നാടോടി കഥാവൃത്താന്തത്തിന്റെ മധുരമൂറുന്ന ചിട്ടവട്ടങ്ങളിലൂടെ നാടകം ആസ്വാദ്യതയുടെ അനന്യമായൊരു തലത്തിൽ പൂർണത നേടുകയും ചെയ്യുന്നു. നൂറ്റമ്പതോളം വേദികളിൽ മണവാട്ടിക്ക്‌ ഉയിരേകിയ  കലാകാരന്മാർതന്നെ അതേ ഊർജ വിസ്‌ഫോടനത്തോടെ ഇരുപത്തഞ്ചുവർഷത്തിനുശേഷം നാടകത്തെ ആടി ഫലിപ്പിച്ചു. തൃപ്പൂണിത്തുറ ആർഎൽവി കോളേജിലെ വിവിധ കലാവിഭാഗങ്ങളിൽ വിദ്യാർഥികളായിരിക്കെയാണ്‌ അവർ നാടകത്തിനായി വേഷമിട്ടത്‌.  പിന്നീട്‌ അവരാരെങ്കിലും നാടകരംഗത്ത്‌ സജീവമായി തുടർന്നിട്ടുമില്ല.   പ്രമോദ് ഗോപാലകൃഷ്ണൻ, ജോഷി കൊരട്ടി, മനോജ് ബ്രഹ്മമംഗലം, സുരേഷ് മുട്ടത്തി, മനോജ് പൂത്തോട്ട, പി എ ഉഷ, സി ബി ഹേമലത, സോയ പ്രഭാകർ, എം ഡി സില, സീന സുമേഷ് എന്നിവരാണ്‌ പ്രധാനവേഷങ്ങൾ ചെയ്‌തത്‌.
 
വിവിധ കലാപഠനത്തിനെത്തുന്ന വിദ്യാർഥികളുൾപ്പെട്ട  ആർഎൽവി കോളേജിന്റെ മറ്റൊരു സാധ്യതയെയാണ്‌ കാലടി സംസ്‌കൃത സർവകലാശാലയിലെ തിയറ്റർ വിഭാഗം മേധാവി കൂടിയായ സംവിധായകൻ രമേഷ്‌ വർമ ഇരുവട്ടം മണവാട്ടിയിൽ പ്രയോജനപ്പെടുത്തിയത്‌. 1994ലെ യൂണിയൻ കലോത്സവത്തിൽ വിദ്യാർഥികൾ വികലമായി അരങ്ങേറ്റിയ നാടകത്തെ രമേഷ്‌ വർമ  ചോദ്യംചെയ്‌തിരുന്നു. അതൊരു വെല്ലുവിളിയായി ഏറ്റെടുത്താണ്‌ വിദ്യാർഥി സംഘം ഈ ദൗത്യമേറ്റെടുത്തത്‌. രമേഷ്‌ വർമതന്നെ അതിന്‌ ചുക്കാൻ പിടിച്ചു. കോളേജിൽ വിപുലമായ ക്യാമ്പ്‌ സംഘടിപ്പിച്ചു. കഴിവുറ്റ ഒരുസംഘത്തിന്‌ പരിശീലനം നൽകി. അമച്വർ നാടകവേദിയിൽ വലിയ പരീക്ഷണങ്ങളും അതിന്റെ ഭാഗമായ വാദപ്രതിവാദങ്ങളും നടക്കുന്ന സമയം. നാടകത്തെ സാധാരണ കലാകാരന്മാരിലേക്കും  പ്രേക്ഷകരിലേക്കും കൂടുതൽ അടുപ്പിച്ച അവതരണശൈലിയും ക്ലിഷ്‌ടതകളെ മറികടക്കുന്ന ആസ്വാദന സാധ്യതകളും ഇരുവട്ടം മണവാട്ടിയെ ശ്രദ്ധേയമാക്കി. ഒരേയൊരു വേദിയിൽ അവതരിപ്പിച്ച്‌ അവസാനിപ്പിക്കാനിരുന്ന നാടകത്തിന്‌ ആദ്യ വേദിയിൽനിന്നുതന്നെ ആറ്‌ അവതരണത്തിന്‌ ബുക്കിങ്ങായി. 2010 ൽ രമേഷ്‌വർമയുടെ സംവിധാനത്തിൽത്തന്നെ  സംസ്‌കൃത സർവകലാശാല  വിദ്യാർഥികൾ ഡൽഹിയിൽ  ദേശീയ നാടകോത്സവത്തിലും ഇരുവട്ടം മണവാട്ടി അവതരിപ്പിച്ചു.  മലയാള നാടകവേദിയുടെ ചരിത്രമായി അടയാളപ്പെടുത്തിയ നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി, കൂട്ടുകൃഷി, അവനവൻ കടമ്പ എന്നീ  നാടകങ്ങൾക്കൊപ്പമാണ്‌ ഇരുവട്ടം മണവാട്ടി അവിടെ അരങ്ങേറിയത്‌. 
 
 ഹൃദയത്തോട്‌ സംവദിക്കുന്ന നാടകാനുഭവങ്ങൾക്ക്‌ മരണമില്ലെന്ന പ്രഖ്യാപനം തന്നെയാണ്‌ കാൽനൂറ്റാണ്ടിന്റെ ഇടവേളയ്‌ക്കുശേഷവും രണ്ട്‌ വേദിയിൽ ഇരുവട്ടം മണവാട്ടി ആവർത്തിച്ചുറപ്പിച്ചത്‌.  നിർജീവമായ അമച്വർ നാടകവേദിയുടെ വീണ്ടെടുപ്പിനായുള്ള ചർച്ചകൾക്കും അത്‌ കാരണമായേക്കും.  തൃപ്പൂണിത്തുറ ഗവ. ഗേൾസിലെ രണ്ടാം അവതരണമവസാനിക്കുമ്പോൾ അത്തരം ശുഭസൂചനകളുടെ തിരശീല ഉയരുന്നുണ്ടായിരുന്നു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top