04 August Tuesday

ഓര്‍മയിലെ ഓലപ്പുരയും പുറപ്പെട്ടുപോയ പൂച്ചയും

ജേക്കബ് ഏബ്രഹാംUpdated: Sunday Aug 18, 2019

ജേക്കബ് ഏബ്രഹാം

അപ്പന്റെ അനുജന് ഗൾഫിൽ അക്കൗണ്ടിങ്‌ വിഭാഗത്തിൽ പണി . അപ്പന് പഠിപ്പില്ലാത്തതിനാൽ കൺ സ്‌ട്രക്‌ഷൻ മേഖലയിലാണ് ജോലിസാധ്യത. ഒരു ദിവസം അപ്പൻ  പെയിന്റ് വാങ്ങി വന്ന്  ഓലപ്പുരയുടെ പലക ഭിത്തികൾ പെയിന്റ്‌ ചെയ്‌തുപഠിച്ചു.  ചിലയിട ത്ത് ചുവപ്പ്, ചിലയിടത്ത് കറുപ്പ്, ലക്ഷണംകെട്ടൊരു മഞ്ഞ, ഒലിച്ചിറങ്ങുന്ന നീല, ഒരു തത്തപ്പച്ചയുടെ പാട്. ചായം തൊട്ടതോടെ ഓലപ്പുരയ്‌ക്ക്‌ കുറച്ചൂകൂടെ സൗന്ദര്യം വന്നു

 

കുട്ടിക്കാലത്ത് മറക്കാൻ ശ്രമിച്ചതാണ് ഇന്നിപ്പോൾ  കൂടുതൽ  ഓർക്കുന്നത്. എല്ലാവർക്കുമുണ്ടാകും ഓർമകളുടെ ഒരു ഹെർബേറിയം.  ഇടയ്‌ക്കിടെ  മറിച്ചുനോക്കുന്ന പഴയ ആൽബം. എന്റെ ആൽബത്തിൽ പത്തനംതിട്ടയിലെ  ഇലന്തൂരിൽ നാരങ്ങാനത്തേക്ക് പോകുന്ന ഒരു റോഡുണ്ട്.  പിന്നെ റബർമരം തണലിടുന്ന മണ്ണുവഴി. നെടുമുരുപ്പ് മലയുടെ ഇടയിൽ തഴച്ചുനിൽക്കുന്ന വാഴക്കൂട്ടങ്ങൾ. ഏത്തവാഴയിലേക്ക് പടരുന്ന കാച്ചിലുവള്ളികൾ. കുടപോലെ ആടുന്ന  ചേമ്പും കിളിച്ചുണ്ടൻ മാവും വട്ടയും പാഷൻഫ്രൂട്ട് വള്ളികളും.  ഈ സെപ്പിയ കളർ ചിത്രങ്ങളിൽ മുറ്റത്തെ കമുക് പാലമിട്ട കിണറും ചാമ്പമരവും കാണാം.  പച്ചയുടെ ഇടയിൽ  ഒളിച്ചുനിൽക്കുന്ന ഓലപ്പുരയുടെ മുറ്റത്ത് നിക്കറിട്ട് നിൽക്കുന്ന ഒരു കുട്ടിയും അമ്മയുമുണ്ട്. ഇനിയുമുണ്ട് ചിത്രങ്ങൾ. താടിയുള്ള ഞങ്ങളുടെ ആട്, ആട്ടിൻകുട്ടികൾ, കിണറിൽ ഞാനും ചേട്ടനും കൂടെ തോട്ടിൽനിന്ന്‌ പിടിച്ചുകൊണ്ടിട്ട മുശി, വീഞ്ഞപ്പെട്ടിക്കൂട്ടിലെ മുയലുകൾ എന്നിങ്ങനെ  കുറെ മനുഷ്യരും മൃഗങ്ങളുമുണ്ട്.   

രാത്രിക്കൂട്ട് ചക്കിപ്പൂച്ചയാണ്. അവൾ വീടുപേക്ഷിച്ചു പോയി. ഇറങ്ങിപ്പോകാനുണ്ടായ കാരണം പിന്നീടാണറിഞ്ഞത്‌.  അപ്പന്റെ  കൂടെ  പണിക്കുപോകുന്ന തങ്കൻ എന്ന കൂട്ടുകാരനുണ്ടായിരുന്നു.  രണ്ടുപേരും  ചങ്ങാതിമാർ. തങ്കനപ്പാപ്പൻ എന്നു ഞാൻ വിളിച്ചിരുന്ന അങ്ങേര് ഒരു വിചിത്ര മനുഷ്യനാണ്‌. ഉടുമ്പിറച്ചിയും പെരുമ്പാമ്പിറച്ചിയും കാട്ടുപന്നിയുമൊക്കെ തിന്നിട്ടുണ്ടെന്ന് പുളുവടിക്കും. പട്ടച്ചാരായം കുടിക്കുന്ന തങ്കനപ്പാപ്പന്റെ കൈകൾ വിറച്ചിരുന്നു. കറുത്ത പൂച്ചയെ സൂപ്പ് വച്ച് കുടിച്ചാൽ കൈവിറയൽ മാറുമെന്ന് ആരോ അങ്ങേരെ ഉപദേശിച്ചിരുന്നു.   പ്രേതപ്പടങ്ങളും മന്ത്രവാദികളും ഒക്കെക്കൂടി കറുത്ത പൂച്ചയെ പേടിയുടെ പ്രതീകമാക്കിയിട്ടുണ്ട്.  എന്റെ കറുമ്പിയെ തങ്കനപ്പാപ്പൻ നോട്ടമിട്ടു. പൂച്ചസൂപ്പടിക്കുന്ന സ്വപ്‌നങ്ങളുമായി തങ്കനപ്പാപ്പൻ  ചക്കിയെ നോക്കി.  അപ്പനും പൂച്ചയെ ഇഷ്ടമല്ല. കൂട്ടുകാരന്റെ ആഗ്രഹത്തിനുമുന്നിൽ അപ്പൻ കീഴടങ്ങി.  എങ്ങനെയെങ്കിലും പൂച്ചയെ പുറത്താക്കാൻ കാത്തിരുന്ന അവസരം  ഉപയോഗിച്ചു. ഞാനില്ലാത്തപ്പോൾ തട്ടിൻപുറത്താണ് ചക്കിയുടെ ഉച്ചയുറക്കം. 
 
ഞാൻ സ്‌കൂളിൽ പോയ സമയംനോക്കി  അവർ  തട്ടിൻപുറത്തുകയറി. രണ്ടുപേർക്കും മാന്തും അള്ളും ആവോളം കിട്ടി.  ശ്രമം ഉപേക്ഷിച്ചു.  ചക്കി പൂച്ച ആ തക്കത്തിൽ ചാമ്പയുടെ സൈഡിലൂടെ കൈത്തോടുവഴി നടന്നുപോയെന്നാണ്  അമ്മച്ചി എന്നോടുപറഞ്ഞത്. ഞാൻ   ഇടവഴി ഇറങ്ങി ഓടി. റബർത്തോട്ടത്തിലും മലകളിലും റോഡിലും നോക്കി. ചക്കീ..ചക്കീ..മ്യാവൂ..മ്യാവൂ..എന്ന് വിളിച്ചു നടന്നു. പലരോടും ചോദിച്ചു. മനുഷ്യരെത്തന്നെ മറ്റ് മനുഷ്യർ കാണുന്നില്ല പിന്നെയാ പൂച്ചയെ..ആരും സഹായിച്ചില്ല. അന്ന് രാത്രി  ചക്കിയെ ഓർത്ത് രാത്രിയിൽ  പത്തായത്തിനുപുറത്ത് കരഞ്ഞുകൊണ്ടു കിടന്നു. പിന്നീടൊരിക്കലും പൂച്ചയെ വളർത്തിയിട്ടില്ല.  
 
ഞാനും അപ്പനും അമ്മയും മാത്രമാണ് വീട്ടിൽ.  ആ സമയത്ത് ദൈവം വന്ന് എന്റെ മുമ്പിൽനിന്ന് വരം ചോദിച്ചാൽ ഓടിട്ട  വീടെന്നാകും ഞാനാദ്യം പറയുക. കൂടെ പഠിക്കുന്ന പല കൂട്ടുകാരുടെയും വീട് ഓലപ്പുരയാണ്. ഓടിട്ട വീടുകളിൽനിന്ന്‌ വരുന്ന കുട്ടികളെ  അത്ഭുതത്തോടെ ഞങ്ങൾ നോക്കിക്കണ്ടു. 
 
അപ്പന് കൂലിപ്പണിയായിരുന്നു. അപ്പനെ അദ്ദേഹത്തിന്റെ അനുജൻ ഗൾഫിലേക്ക് കൊണ്ടുപോകുമ്പോൾ ഞാൻ നാലാം ക്ലാസിൽ പഠിക്കുകയായിരുന്നു.   അപ്പന്റെ അനുജന് ഗൾഫിൽ അക്കൗണ്ടിങ്‌ വിഭാഗത്തിൽ പണി . അപ്പന് പഠിപ്പില്ലാത്തതിനാൽ കൺസ്‌ട്രക്‌ഷൻ മേഖലയിലാണ് ജോലിസാധ്യത. ഒരു ദിവസം അപ്പൻ  പെയിന്റ് വാങ്ങിവന്ന്  ഓലപ്പുരയുടെ പലകഭിത്തികൾ പെയിന്റ്‌ ചെയ്‌തുപഠിച്ചു.  ചിലയിടത്ത് ചുവപ്പ്, ചിലയിടത്ത് കറുപ്പ്, ലക്ഷണംകെട്ടൊരു മഞ്ഞ, ഒലിച്ചിറങ്ങുന്ന നീല, ഒരു തത്തപ്പച്ചയുടെ പാട്. ചായം തൊട്ടതോടെ ഓലപ്പുരയ്‌ക്ക്‌  കുറച്ചൂകൂടെ സൗന്ദര്യം വന്നു. നല്ല നക്ഷത്രരാവുകളിൽ മലർന്നുകിടന്നാൽ കെട്ടോലകളുടെ വിടവിലൂടെ താരകങ്ങളെ കാണാം, മഴക്കാല രാത്രികളിലെ ഉണ്ണിമൂത്രംപോലെ മഴനൂല് ഓലവിടവിലൂടെ വീണ് ഉറക്കമുണർത്തും. ആ സമയത്താകും വീണ്ടും ഓലമേയലിന് സമയമായെന്ന് അപ്പനും അമ്മച്ചിക്കും തോന്നുന്നത്.  
 
അപ്പൻ ഗൾഫിലേക്കു പോയതോടെ അമ്മയും ഞാനും ചേട്ടനും കൂടെ ടംബോ വാനിൽ ഓലവാങ്ങാൻ പോയി . പുരകെട്ടി മേയുന്നത് നാട്ടിലെ നല്ല പണിക്കാരാണ്. പഴയ ദ്രവിച്ച ഓലകൾ മാറ്റുമ്പോൾ മജ്ജപോയ മനുഷ്യനെപ്പോലെ പുരയുടെ ഫോസിൽ കാണാം.  കാണാക്കാഴ്‌ചകൾ പലതും കാണാം. നീല ആകാശം, പറക്കുന്ന പക്ഷികൾ.  ഇളം ഓലക്കാല് വാട്ടിയാണ് മെടഞ്ഞ ഓല കെട്ടിമേയുന്നത്. പുരപ്പുറത്തിരിക്കുന്ന  ആളിലേക്ക് മെടഞ്ഞ ഓല താഴെ നിൽക്കുന്നയാൾ പറത്തിവിടും. അയാൾ പട്ടികയോടുചേർത്ത് കണ്ണിയിട്ട് ഓലയ്‌ക്കുമുകളിൽ മറ്റൊരു കെട്ടോലവച്ച് കെട്ടിക്കെട്ടിപ്പോകും. ആകെപ്പാടെ ഒരുതരം ഉത്സവാന്തരീക്ഷം.
    
രാവിലെ തുടങ്ങുന്ന പുരമേയൽ വൈകിട്ടോടെ തീരും. ഈ സമയങ്ങളിലൊക്കെ വീടിനകം തൂക്കാനും പരിസരം വൃത്തിയാക്കാനുമൊക്കെ അമ്മച്ചിക്കൊപ്പം കാളിക്കൊച്ച് വരും. നാട്ടിലെ അംഗീകൃത തൂപ്പുകാരി. നാടൻപണികൾ ചെയ്‌ത്‌ കരുത്തുറ്റ ശരീരം. വെറ്റില മുറുക്കിത്തുപ്പി കാശാവിൻകുറ്റികൾ കൊണ്ടാരു ചൂലുണ്ടാക്കി പറമ്പുകൾ തൂത്തുതൂത്ത് ഇലകൾ കൂട്ടിയിട്ട് കത്തിക്കും. ചില സമയത്തൊക്കെ എന്നെയാകും  മുറുക്കാൻ വാങ്ങാൻ പറഞ്ഞുവിടുക. വരുന്ന വരവിന് മുറുക്കാൻകടക്കാരൻ കഷണിച്ചുതരുന്ന പൊകയില മണക്കും.  പുരപ്പണി കഴിഞ്ഞ് കെട്ടുകാർ പോയിക്കഴിയുമ്പോൾ ഞങ്ങളുടെ ഓലപ്പുരയ്‌ക്ക്‌ നവവധുവിനെപ്പോലെ ഒരു നാണം വരും. ആ ആദ്യരാത്രിയിൽ ഓലപ്പുര മറ്റൊരു വീടുപോലെ.  
ചിമ്മിനി വിളക്കിന്റെ വെട്ടത്തിൽ ചാണകത്തറയിലെ പുൽപ്പായയിൽ കിടന്നായിരുന്നു ആദ്യ  വായനകൾ. സ്‌കൂളിൽവന്ന പള്ളീലച്ചൻ എല്ലാ കുട്ടികൾക്കും തന്നു ചുവപ്പൻ മിനുമിനുപ്പുള്ള പുതിയ നിയമം വേദപുസ്‌തകം. എന്റെ ആദ്യത്തെ സ്വകാര്യഗ്രന്ഥം. വീട്ടിലെ വേദപുസ്‌തകം, പഴയ നിയമവും പുതിയ നിയമവും കൂടിയുള്ളത് പല പല കൈകൾ കൈമാറി  പഴഞ്ചനായതാണ്. എന്റെ കുഞ്ഞുബൈബിൾ ഞാനാർക്കും കൊടുത്തില്ല.  
 
ആദ്യത്തെ അവധിക്ക്‌ അപ്പൻ രണ്ടുമാസത്തേക്ക് നാട്ടിൽ വന്നു. വലിയ ഫിലിപ്‌സ്‌ ടേപ്പ്‌ റെക്കോഡറൊക്കെ കൈയിലുണ്ടായിരുന്നു. ഓലപ്പുരയുടെ മുറ്റത്തെ ബെഞ്ചിൽ റോത്ത്മാൻസ് സിഗരറ്റും വലിച്ചിരുന്ന് കൂട്ടുകാരോടൊപ്പം കാസറ്റു പാട്ടുകേൾക്കുന്ന അപ്പനെ  ഇപ്പോഴും കാണാം. അങ്ങനെ ഓലപ്പുരയിൽ അപ്പൻ രണ്ടുമാസത്തെ അവധിക്ക്‌  വന്നുംപോയുമിരുന്നു. 
നാലാമത്തെ വരവിന്, നാലാമത്തെ പ്രവാസവർഷത്തിൽ അദ്ദേഹം വീടിനുവേണ്ട പണം സമ്പാദിച്ചു. കുട്ടപ്പനാശാരി തിണ്ടുകയറി ഞങ്ങളുടെ വീട്ടിൽ വന്നു. ഓലപ്പുരയുടെ ചുറ്റുംനടന്ന് ഒരു കുറ്റിയും കോലും പിടിച്ച്  ചില കണക്കുകൂട്ടലുകൾ നടത്തി. പിന്നെ ഒരൊറ്റ പ്രഖ്യാപനമായിരുന്നു. അടുത്താഴ്‌ച പുര പൊളിക്കാം.  തറയുടെ പണി തുടങ്ങാം.  അന്ന് ഞാൻ എട്ടാം ക്ലാസിൽ. മൂന്നാം ആഴ്‌ച   ഓലപ്പുര പൊളിച്ചു. മൂന്നുമുറി ഓടിട്ട വീടിന്റെ തറ ഭൂമിയിൽ ഓലപ്പുരയുടെ നഖങ്ങൾക്കിടയിൽ തെളിഞ്ഞു. ഇന്ന് വീട് ആ മൂന്നുമുറി ഓടിട്ട വീടിനുമുമ്പിൽ കോൺക്രീറ്റുകേറിയ രണ്ടുമുറിയും ചേർന്ന ഒരു ഇടത്തരം വീടാണ്. വീട്ടിലെത്തുമ്പോൾ ഞാനിപ്പോഴും ആ പഴയ ഓലപ്പുരയുടെ നഖപ്പാടുകൾ നോക്കാറുണ്ട് ഭൂമിക്കടിയിൽ എവിടെയെങ്കിലും കണ്ടാലോ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top