28 February Friday

അവർ പറയുന്നു, കല മനുഷ്യർക്കുവേണ്ടിയാണ്‌

ഷംസുദീന്‍ കുട്ടോത്ത് shamsudheenkuttoth@gmail.comUpdated: Sunday Aug 18, 2019

കൊച്ചിയിലെ മാമാങ്കം സ്‌റ്റുഡിയോയിൽ ഡബ്ല്യുസിസി ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കുന്നതിനിടെ ഗായിക സിതാര കൃഷ്‌ണകുമാറിന്റെ സെൽഫിയിൽ റിമ കല്ലിംഗൽ, സജിത മഠത്തിൽ തുടങ്ങിയവർ

ദുരിതകാലത്ത്‌ ആഞ്ഞുകൊത്തിയ അനുഭവങ്ങൾക്കുമേൽ സ്‌നേഹത്തിന്റെ ഉറവകളായത് ഇവരാണ്. മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞ ഈ വഴികളിലൂടെ വെളിച്ചം തെളിച്ച നമ്മുടെ കലാപ്രവർത്തകർ. കല മനുഷ്യനന്മയ്‌ക്കു വേണ്ടിയാണെന്നത്‌ അവർ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.  ദുരിതാശ്വാസപ്രവർത്തനങ്ങൾക്കിറങ്ങി അവർ കാലത്തിന്റെ കാവൽക്കാരാകുന്നു. മനുഷ്യനുനേരെയുള്ള ഏതു ഭീഷണിയെയും മനുഷ്യത്വംകൊണ്ടാണ്‌ നേരിടേണ്ടത് എന്ന്‌ വിശ്വസിക്കുന്നു അവർ. ദുരിതബാധിതരെ സഹായിക്കരുതെന്ന ചിലരുടെ കൽപ്പനകൾക്ക്‌ ഈ മണ്ണിൽ സ്ഥാനമില്ലെന്നും അവർ തെളിയിക്കുന്നു. 
 
ഈ ആഗസ്‌തിലും പ്രകൃതി ദുരന്തം ആവർത്തിച്ചപ്പോൾ അവർ കൂടപ്പിറപ്പുകളുടെ കണ്ണീരു കണ്ടു. അതുകൊണ്ടാണ് യുവതലമുറയുടെ പ്രിയനടൻ ടൊവിനോ തോമസ് ദുരിതമനുഭവിക്കുന്നവരെ തന്റെ വീട്ടിലേക്ക്  വീണ്ടും ക്ഷണിച്ചത്. 2018ലും ടൊവിനോയുടെ വീട്ടിൽ നിരവധിപേർ  അഭയംതേടിയിരുന്നു. മാത്രമല്ല, വീട്ടിൽ ആരംഭിച്ച സംഭരണകേന്ദ്രംവഴി സ്വരൂപിച്ച ഒരു ലോഡ് സാധനങ്ങളുമായി ടൊവിനോ തന്നെ നിലമ്പൂരിലെത്തി. ഒപ്പം നടൻ ജോജു ജോർജും. ജിഎൻപിസി എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ജോജുവിന്റെ നേതൃത്വത്തിൽ നടൻ ബിനീഷ് ബാസ്റ്റിൻ ഉൾപ്പെടെയുള്ളവർ ദുരിതാശ്വാസകേന്ദ്രങ്ങളിൽ സാധനങ്ങളെത്തിച്ചു.  
 
വിമെൻ ഇൻ സിനിമ കലക്ടീവ്‌ (ഡബ്ല്യുസിസി) കൊച്ചിയിലെ മാമാങ്കം സ്റ്റുഡിയോയിൽ റിമ കല്ലിംഗൽ, സജിത മഠത്തിൽ, അർച്ചന പത്മിനി തുടങ്ങിയവരുടെ നേതൃത്വത്തിൽ ആരംഭിച്ച സംഭരണകേന്ദ്രത്തിലും മികച്ച പ്രതികരണമാണ്. വയനാട്ടിലെ നടവയലിൽ സംവിധായിക ലീല സന്തോഷ് നേതൃത്വംനൽകുന്ന സംഭരണകേന്ദ്രത്തിലും നിലമ്പൂരിലുമാണ് ഡബ്ല്യുസിസി സാധനങ്ങൾ എത്തിച്ചത്. തൃശൂരിലെ ദുരിതമനുഭവിക്കുന്ന മേക്കപ്പ് ആർട്ടിസ്റ്റുകളെയും സഹായിച്ചു. ‘‘കൊച്ചുകുട്ടികൾ അവരാൽ കഴിയുന്ന സാധനങ്ങളുമായി വന്നത് വലിയ പ്രതീക്ഷ തരുന്നു. 210 രൂപയുമായി വന്ന പ്രായമായ സ്‌ത്രീ ഞങ്ങളുടെ കണ്ണു നനയിച്ചു. മനുഷ്യരിൽ പ്രതീക്ഷ കൂടുകതന്നെയാണ്’’–-നടി സജിത മഠത്തിൽ പറഞ്ഞു.  
 
മമ്മൂട്ടി, മോഹൻലാൽ, ടിനി ടോം, ആഷിഖ് അബു, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, പൃഥ്വിരാജ്, നിവിൻ പോളി, അജു വർഗീസ്, ധർമജൻ ബോൾഗാട്ടി, ബിജിബാൽ, ഷഹബാസ് അമൻ, രമേശ് പിഷാരടി, അരുൺ ഗോപി, ഗിന്നസ് പക്രു, അലൻസിയർ, ഇന്ദ്രൻസ്, രാജേഷ് ശർമ, അമിത് ചക്കാലക്കൽ, സയനോര, സിതാര കൃഷ്‌ണകുമാർ, രാജീവ് രവി, പാർവതി തിരുവോത്ത്, സാവിത്രി ശ്രീധരൻ, സിദ്ധാർഥ് ശിവ, മാമുക്കോയ, ഇന്ദ്രജിത്‌, സരയു, ആസിഫലി, വിനയ് ഫോർട്, രശ്‌മി സതീഷ്, മധുപാൽ, പ്രേംകുമാർ, അയൂബ് ഖാൻ, സന്തോഷ് കീഴാറ്റൂർ, കൃഷ്ണൻ ബാലകൃഷ്‌ണൻ  തുടങ്ങി  നിരവധിപേരാണ്  രംഗത്തിറങ്ങിയത്. നേരിട്ടും സോഷ്യൽ മീഡിയയിലൂടെ നിർദേശങ്ങളും വിവരങ്ങളും പങ്കുവച്ചും മറ്റുചിലർ
ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളികളായി.  
 
മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ഇത്തവണയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി. 370 കുടുംബങ്ങളുടെ സംരക്ഷണവും മമ്മൂട്ടി ഏറ്റെടുത്തു. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ലിലുവിന് വീടുവച്ചു നൽകാൻ  മോഹൻലാൽ ചെയർമാനായ വിശ്വശാന്തി ഫൗണ്ടേഷൻ  തിരുമാനിച്ചു. ഇന്നസെന്റ് ഒരുവർഷത്തെ പെൻഷൻ തുകയായ മൂന്നു ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി. ദുരിതബാധിതർക്കായി പത്തോളം ഇ–-ടോയ്‌ലെറ്റുകളും ജയസൂര്യ സംഭാവന ചെയ്‌തു. 
 
ഇന്ദ്രജിത്ത്–-പൂർണിമ ദമ്പതികൾ  കടവന്ത്ര കേന്ദ്രീകരിച്ച് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അൻപോട് കൊച്ചിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചു.  ബ്രോഡ്‌വേയിലെ വഴിയോരക്കച്ചവടക്കാരനായ മാലിപ്പുറം സ്വദേശി പി എം നൗഷാദിനെ സോഷ്യൽ മീഡിയയിലൂടെ ലോകത്തിനു മുന്നിൽ എത്തിച്ചത് നടൻ രാജേഷ് ശർമയാണ്. കുസാറ്റിലെ വിദ്യാർഥികൾക്കൊപ്പം സാധനങ്ങൾ സംഭരിക്കുന്നതിനിടയിലാണ് രാജേഷ് ശർമ നൗഷാദിനെ കണ്ടുമുട്ടിയത്.
 
ദുരന്തം ഏറെ ബാധിച്ച വയനാട്ടിൽ രക്ഷാപ്രവർത്തനങ്ങളിൽ മുഴുവൻ സമയ പങ്കാളിത്തം വഹിച്ച നടനാണ് സണ്ണി വെയ്ൻ. ദുരന്തഭൂമിയായ കവളപ്പാറയിൽ ദുരന്തംകാണാൻ ടൂറിസ്‌റ്റുകൾ പോകുന്നതിനെ വിമർശിച്ച സണ്ണി നിലമ്പൂർ പോത്തുകല്ലിൽ പോർട്ടബിൾ ടവറിന്‌ ആവശ്യമായ സ്ഥലം താരാമെന്നു പറഞ്ഞത്‌ സോഷ്യൽ മീഡിയയിൽ വൈറലായി.
വിനയ് ഫോർട്‌ സോഷ്യൽ മീഡിയയിലൂടെയും ക്യാമ്പുകളിൽ നേരിട്ടും ഇടപെട്ടു. കേരളത്തിലെ ഓരോ ഫ്ളാറ്റിൽനിന്നും ഓരോ ലോഡ് സാധനങ്ങൾ ശേഖരിക്കുകയെന്ന വിനയ് ഫോർടിന്റെ ആശയത്തിനു മികച്ച പ്രതികരണമാണ്. ‘‘ദുരന്തങ്ങൾക്കു മുന്നിൽ എല്ലാ മനുഷ്യരും ഒന്നാണ് എന്ന തിരിച്ചറിവ് ഈ പ്രളയകാലങ്ങൾ സമൂഹത്തിനു നൽകി. ജാതി–-മത രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട ഒരു സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്.  പ്രതിസന്ധിയുണ്ടാക്കുന്ന ഒരാളെയും മനുഷ്യരായി കരുതാൻ പറ്റില്ല. ഒരുപാടുപേർക്ക്  സഹായം വേണം. ക്യാമ്പുകളിലെ പല കുട്ടികളും മാനസികമായി തകർന്ന അവസ്ഥയിലാണ്. അവരുടെ ഉന്മേഷവും കുസൃതിയും വീണ്ടെടുക്കാൻ നമ്മുടെ കലാപ്രവർത്തകർ അവരുമായി സംവദിക്കണം–- വിനയ് പറഞ്ഞു. 
 
തിരക്കഥാകൃത്ത് മുഹ്സിൻ പെരാരി, സംവിധായകൻ സക്കറിയ, നടൻ മുസ്‌തഫ തുടങ്ങിയവരെല്ലാം ദുരന്ത ഭൂമിയിലുണ്ട്‌. കണ്ണൂരിലെ സംഭരണകേന്ദ്രത്തിൽ ഗായിക സയനോര ഫിലിപ്പും സംഘവും ദിവസങ്ങളോളമാണ് സാധനങ്ങൾ സംഭരിച്ചത്. തിരുവനന്തപുരം കോർപറേഷന്റെ നേതൃത്വത്തിലുള്ള സംഭരണകേന്ദ്രത്തിൽ നടൻ ഇന്ദ്രൻസ്, പ്രേംകുമാർ, അലൻസിയർ ഉൾപ്പെടെയുള്ളവർ എത്തി സഹായങ്ങൾ കൈമാറി. സീരിയൽ രംഗത്തുള്ള നടീനടന്മാരും തിരുവനന്തപുരം മേയർ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തകരും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്. മനുഷ്യരിൽ തന്നെയാണ് ഇനിയും പ്രതീക്ഷ എന്ന വലിയ പാഠം ഇവരൊക്കെ നമ്മെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു.
പ്രധാന വാർത്തകൾ
 Top