04 August Tuesday

ഇരിണാവിന്റെ ഓസ്‌കാർ മൊട്ട

സതീഷ്‌ ഗോപിUpdated: Sunday Aug 18, 2019
നാടകമൈതാനങ്ങളിലും തെയ്യപ്പറമ്പുകളിലും  ഇളയച്‌ഛൻ എം ടി കുഞ്ഞിരാമന്റെ കൈപിടിച്ച്‌ അത്ഭുതക്കണ്ണുകൾ തുറിപ്പിച്ച്‌ നടന്ന ഒരു പയ്യനെ ഇരിണാവുകാർ ഓർക്കുന്നുണ്ട്‌. പിന്നീട്‌ നാടകവേദികളിലും പരിശീലനക്കളരികളിലും തെയ്യപാരമ്പര്യം ലയിപ്പിച്ച്‌ അവൻ നാടിന്റെ പേരും ഒപ്പം കൂട്ടി ആളറിയുന്നവനായി. സലിം അഹമ്മദിന്റെ ‘ആൻഡ്‌ ദ്‌ ഓസ്‌കാർ ഗോസ്‌ ടു’ സിനിമയുടെ ട്രെയിലർ നടൻ ടൊവിനോ പുറത്തുവിട്ടത്‌ ഈ ചെറുപ്പക്കാരന്റെ ചിത്രം സഹിതമാണ്‌. നടൻ ബിജു ഇരിണാവിന്റെ ചിരിക്ക്‌  പ്രതീക്ഷകളുടെ തിളക്കം. കലയ്‌ക്കായി സഹിച്ച കഷ്ടപ്പാടുകൾക്ക്‌ കാലം പ്രതിഫലം തരുമെന്ന്‌, കൂടുതൽ വേഷങ്ങളുമായി സിനിമ വിളിക്കുമെന്ന്‌ മോഹിച്ചിരിക്കെയാണ്‌ ഒരു ബമ്പർ ഓഫർ. ഏഷ്യാനെറ്റിലെ ‘മുൻഷി’യിലെ ‘മൊട്ട’യുടെ വേഷം. സഹനടനായ പൂവൻകോഴിയെ മാറോടണച്ച്‌ ബിജു ഇരിണാവ്‌ സംസാരിക്കട്ടെ.
ആൻഡ്‌ ദ്‌ ഓസ്‌കാർ ഗോസ്‌ ടു എന്ന ചിത്രത്തിൽ ടൊവിനോ, സലീം കുമാർ, സെറീന വഹാബ്‌  തുടങ്ങിയവർക്കൊപ്പം ബിജു ഇരിണാവ്‌

ആൻഡ്‌ ദ്‌ ഓസ്‌കാർ ഗോസ്‌ ടു എന്ന ചിത്രത്തിൽ ടൊവിനോ, സലീം കുമാർ, സെറീന വഹാബ്‌ തുടങ്ങിയവർക്കൊപ്പം ബിജു ഇരിണാവ്‌

 
ഓസ്‌കാറിലെ അഭിനയം കണ്ടവർ ബിജു യഥാർഥമായി തളർന്ന ആളാണെന്ന്‌ തെറ്റിദ്ധരിച്ചല്ലോ?
 
വീൽചെയറിൽ കഴിയുന്ന ചലനശേഷിയില്ലാത്ത അർഷാദ്‌ എന്ന ചെറുപ്പക്കാരനെയാണ്‌ അവതരിപ്പിച്ചത്‌. സലീം കുമാറും സറീന വാഹാബും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകനാണ്‌. സൗദി ജയിലിൽ കഴിഞ്ഞ അർഷാദിനെ ചുറ്റിയാണ്‌ സിനിമ വളരുന്നത്‌. അസോസിയേറ്റ്‌ ഡയറക്ടർ ഐ ഡി രഞ്‌ജിത്‌ എന്നെ സലീം അഹമ്മദിന്‌  പരിചയപ്പെടുത്തിയതാണ്‌ വഴിത്തിരിവ്‌.    തെയ്യം കലാകാരനായതിനാൽ കഥാപാത്രത്തിലേക്ക്‌ പരകായപ്രവേശം നടത്താൻ പ്രയാസമുണ്ടായില്ല.  ശരീരചലനമില്ലാതെ മുഖത്ത്‌ ഭാവങ്ങൾ പ്രതിഫലിപ്പിക്കുക  എളുപ്പമായിരുന്നില്ല. സംവിധായകൻ, ടൊവിനോ തോമസ്‌ എന്നിവരുടെ പിന്തുണ വളരെ സഹായകമായി. 
 
കലാരംഗത്തേക്കുള്ള പ്രവേശനം എങ്ങനെ?
 
നാടകപ്രിയനായ ഇളയച്‌ഛൻ എം ടി കുഞ്ഞിരാമനാണ്‌ മുഖ്യപ്രചോദനം.  നാട്ടിലെ കലാസമിതിയും അഭിനയമോഹം ഊതിക്കത്തിച്ചു. നാഷണൽ സ്‌കൂൾ ഓഫ്‌ ഡ്രാമയിൽ ചേരുന്നിടത്താണ്‌ ആ അന്വേഷണം അവസാനിച്ചത്‌. കേരളത്തിലും പുറത്തും  ഇംഗ്ലീഷ്‌, ഹിന്ദി, കന്നഡ, മലയാളം നാടകങ്ങൾ സംവിധാനംചെയ്‌തു. അവയിൽ  വേഷമിട്ടു.  കർണാടകയിൽനിന്നുള്ള മുൻ രാജ്യസഭാംഗവും ചലച്ചിത്രനടിയുമായ പത്മശ്രീ ഡോ. ബി ജയശ്രീയുടെ ശിഷ്യത്വവും ഊർജമായി. കണ്ണൂർ സർവകലാശാല കലോത്സവത്തിൽ പലവട്ടം മികച്ച നടനായി. പുരോഗമനപ്രസ്ഥാനവുമായി ബന്ധപ്പെട്ടും നാടകങ്ങൾ അവതരിപ്പിച്ചു. 
 
 റിട്ട. കെഎസ്‌ആർടിസി മെക്കാനിക്ക്‌ എം ടി കേളുവിന്റെയും പ്രേമജയുടെയും മകനാണ്‌.  കണ്ണൂരിലെ തിയറ്റർ ഗ്രൂപ്പായ ബിഹൈൻഡ്‌ ദ കർട്ടന്റെ ഡയറക്ടറും ബംഗളൂരു സ്‌കൂൾ ഓഫ്‌ ഡ്രാമയിൽ ഗസ്‌റ്റ്‌ അധ്യാപകനുമാണ്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top