10 August Monday

മസ്‌തിഷ്‌കത്തിന്റെ പാട്ട്

മുകുന്ദനുണ്ണി unni.mukundan@gmail.comUpdated: Sunday Aug 18, 2019

സംഗീതമില്ലാത്ത മനുഷ്യര്‍ക്ക് സംഗീതം തിരിച്ചറിയാന്‍ കഴിയില്ല.  ലോകമര്യാദ പാലിക്കാന്‍ ഇവര്‍ കച്ചേരിക്കൊക്കെ പോയി സഹിച്ചിരിക്കും.  ‘ഹാപ്പി ബെര്‍ത്ത്‌ഡെ ടു യു’  എന്ന പാട്ടുപോലും സംഗീതത്തിന്റെ അകമ്പടി കാരണം മനസ്സിലാകാത്തവരുണ്ട്.  വാക്കുകള്‍ക്കൊപ്പം വരുന്ന ഓര്‍ക്കസ്ട്രയുടെ അനുഭവത്തെ വിവരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു സംഗീതരഹിത പറഞ്ഞത് അടുക്കളയില്‍ കിണ്ണവും പാത്രങ്ങളുമൊക്കെ വലിച്ചിടുമ്പോഴു ണ്ടാകുന്ന ശബ്‌ദം  കേള്‍ക്കുന്നതുപോലെ എന്നാണ്

 

ജീവികളുടെ കഴിവുകളെല്ലാം അതിജീവനവുമായി ബന്ധപ്പെട്ടതാണ്.  എന്നാൽ, മനുഷ്യന്റെ പ്രധാനപ്പെട്ട കഴിവുകളിലൊന്നായ സംഗീതവാസന പ്രത്യക്ഷത്തിൽ ഒരു ധർമവും നിർവഹിക്കുന്നില്ല. ഡാർവിന് നിഗൂഢമായി തോന്നിയ കാര്യങ്ങളിലൊന്നാണ് മനുഷ്യന്റെ സംഗീതക്കഴിവ്. പരിണാമപ്രക്രിയകളിലൊന്നും സംഗീതം അവശ്യഘടകമാകുന്നില്ല. പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്ത ഈ പരിപാടിക്ക്‌ മനുഷ്യർ ജീവിതത്തിന്റെ വലിയ ഒരു ഭാഗം ചെലവിടുന്നത് എന്തുകൊണ്ടാണ്? 

സംഗീതം മനുഷ്യർക്ക് എന്താണ് എന്ന് പഠിക്കാൻ ഒരു അന്യഗ്രഹജീവി ഭൂമിയിലെത്തി എന്നു കരുതുക. ആ ജീവിയുടെ നോട്ടത്തിൽ സംഗീതം അർഥമില്ലാത്ത ശബ്‌ദത്തിന്റെ പല മാതൃകകൾ മാത്രം. പക്ഷേ, മനുഷ്യർ അവരുടെ സമയത്തിന്റെ വലിയൊരു ഭാഗം ചെലവഴിക്കുന്നത് സംഗീതം ഉണ്ടാക്കിയും കേട്ടുമാണ് എന്ന് ആ ജീവി കാണുന്നു.  ഇത്രയേറെ പ്രിയമുള്ളതിനാൽ സംഗീതം, ഏറ്റവും ചുരുങ്ങിയത് മനുഷ്യർക്ക്, ഒരു വിഡ്ഢിത്തമാകാനിടയില്ല എന്ന് മനസ്സിലാക്കി, താൻ കഥയറിയാതെ ആട്ടം കാണുകയാണെന്ന് എന്ന് തിരിച്ചറിഞ്ഞ്, ജീവി സ്വഗ്രഹത്തിലേക്ക്‌ മടങ്ങുകയേയുള്ളു.       
 
സംഗീതത്തിൽ പ്രസ്‌താവനയില്ല, സങ്കൽപ്പനമില്ല, പ്രതിച്ഛായയില്ല. സംഗീതം ഒന്നിനെയും പ്രതിനിധീകരിക്കുന്നില്ല.  അതിന് ലോകവുമായി ഒഴിവാക്കാനാകാത്ത ബന്ധവുമില്ല.  എങ്കിലും മനുഷ്യർക്കെല്ലാം കുട്ടിക്കാലംമുതൽക്കേ സംഗീതത്തിനോട് പ്രിയമാണ്. മാത്രമല്ല, നാദത്തെ തിരിച്ചറിയാനുള്ള സിരാസംവിധാനങ്ങൾ ഇല്ലാത്ത ശരീരങ്ങൾ  വിരളവുമാണ്.  മനുഷ്യന് ജീവനുള്ളവയോട് ഒരു പ്രത്യേക പ്രിയമുണ്ട്.  ഒരുപക്ഷേ, അതുതന്നെയാകാം, ജീവനുള്ള,  സംഗീതത്തോടുള്ള പ്രിയവും.   
 
പക്ഷികൾ പാടാറുണ്ട്.  ഇണയെ ആകർഷിക്കാനും അതിന്റെ ഇടം പ്രഖ്യാപിക്കാനും. ആക്രമണപ്രത്യാക്രമണങ്ങൾക്കിടയിലും. അതിജീവനത്തിന്റെ ഭാഗമാണത്‌.  പക്ഷികളുടെ സിരാഘടനയിൽ ജീവിതസഹായിയായ സംഗീതം ക്രിയാത്മകതയ്‌ക്ക്‌ സാധ്യതയില്ലാത്തവിധം നിശ്ചിതമാണ്.  യുഗ്മഗാനം പാടുന്ന ചില കിളികൾ അപവാദമായുണ്ടെങ്കിലും.    
അതിജീവനത്തിന് നേരിട്ട് പ്രയോജനപ്പെടുംവിധമല്ലാതെ, സംഗീതം പരോക്ഷമായി സഹായിക്കുകയാകാം. അതുകൊണ്ടായിരിക്കാം സംഗീതക്കഴിവിന് മസ്‌തിഷ്‌കത്തിൽ പ്രത്യേക കേന്ദ്രം ഇല്ലാതിരിക്കുന്നത്.  സംഗീതം നിർമിക്കുന്നതിൽ മസ്‌തിഷ്‌കത്തിലെ ഒരു ഡസൻ കേന്ദ്രങ്ങൾ പങ്കെടുക്കുന്നുണ്ട്. എവിടെയും കേന്ദ്രീകരിച്ചല്ല.  പകരം ഒരു സിരായോഗമായി.  മസ്‌തിഷ്‌കത്തിൽ മറ്റു കാര്യങ്ങൾ നിർവഹിക്കുന്നതിനുവേണ്ടി രൂപപ്പെട്ട കഴിവുകളെയാണ് സംഗീതത്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്നത്.  അഥവാ സംഗീതമുണ്ടാക്കാൻ പ്രവർത്തിക്കുന്ന മസ്‌തിഷ്‌കത്തിലെ ഭാഗങ്ങൾ മറ്റു ധർമങ്ങൾ നിർവഹിക്കാൻ വേണ്ടിയുള്ളവയാണ് (Oliver Sacks, Musicophilia).    
 
വളരെ ചുരുക്കം ചിലരൊഴിച്ച് നാമെല്ലാം ഉള്ളിൽ സംഗീതമുള്ളവരാണ്.  നാദം, ശബ്ദത്തിന്റെ ഗുണം, ശ്രുതിവ്യത്യാസം, മാധുര്യം, പൊരുത്തം, പ്രാഥമികമായ താളം എന്നിവ നമുക്ക് ജന്മനാ തിരിച്ചറിയാൻ കഴിയും.  മസ്‌തിഷ്‌കത്തിന്റെ പല ഭാഗങ്ങളും ചേർന്ന് ഈ പറഞ്ഞവയെ എല്ലാം കൂട്ടിയിണക്കി സംഗീതം സൃഷ്ടിക്കും.  അബോധതലത്തിലുള്ള ഈ ഘടനകൾക്ക് വൈകാരികതലവുമായി ബന്ധമുണ്ട്.  പറഞ്ഞറിയിക്കാനാകാത്ത ആഴത്തിലുള്ള സംഗീതാനുഭവം എന്താണെന്ന് നമുക്കനുഭവിച്ചറിയാം. പക്ഷേ, അത് എന്താണെന്ന് പറയാൻ കഴിയില്ല.  ഫ്രീഡ്‌റീക് നീഛ പറഞ്ഞതുപോലെ നാം സംഗീതം കേൾക്കുന്നത് പേശികളിലൂടെയാണ്.  നാം പാട്ട് ശ്രദ്ധിക്കാതിരിക്കുമ്പോഴും അറിയാതെ താളം പിടിച്ചുപോകാറുണ്ട്.  പാട്ടിന്റെ വളവുതിരുവുകൾക്കനുസരിച്ച് ശരീരം ആടും.  പാട്ടിന്റെ പ്രതിഫലനം കണ്ണാടിയിലെന്നപോലെ ശരീരത്തിൽ കാണാം, പാട്ട് ശ്രദ്ധിക്കുന്നില്ലെങ്കിൽപ്പോലും.  നീഛ ഉദ്ദേശിച്ചത് അതായിരിക്കാം.   
 
സംഗീതത്തിന് ആന്തരഘടനയുണ്ട്.  ശബ്‌ദത്തിന്റെ മാതൃകകളുണ്ട്. അതിന്റേതായ യുക്തിയുണ്ട്. ഗതിയുണ്ട്.  അഭംഗുരസഞ്ചാരങ്ങളുണ്ട്. ഇവയ്‌ക്ക്‌ അനുബന്ധമായി കേൾവിയുടെ ശരീരസംവിധാനങ്ങളും തലയ്‌ക്കുള്ളിലെ ഘടനാവൈഭവങ്ങളും സംഗീതത്തെ നിർമിക്കാൻ സജ്ജമായിരിപ്പുണ്ട്.  ശ്രവണേന്ദ്രിയം നൽകുന്നതിനെ അഴിച്ചുപണിഞ്ഞ് അനുഭവമായി സൃഷ്ടിക്കുന്ന സിരായോഗങ്ങളുടെ സങ്കീർണമായ ധർമം ശരീരത്തിന്റെ ഭാഗത്തുനിന്നുണ്ട്.  നിഗൂഢമായ രീതിയിൽ ഇവയെല്ലാം വികാരവുമായി കെട്ടുപിണയുന്നുമുണ്ട്. അതായത്, അകത്തുനിന്നാണോ പുറത്തുനിന്നാണോ സംഗീതം ഉണ്ടാകുന്നത് എന്ന നിശ്ചയിക്കാൻ പറ്റാത്തവിധം കൂടിച്ചേർന്ന ഒരു പ്രക്രിയയാണ് സംഗീതനിർമിതി.   
സംഗീതജ്ഞർ മണിക്കൂറുകളോളം പാടാറുണ്ട്.  ദീർഘമായ രചനകൾ സൃഷ്ടിക്കാറുണ്ട്.  വിസ്‌മയംപൂണ്ട് നാം ഈ കഴിവിനെ ദൈവാനുഗ്രഹം എന്ന് വിശേഷിപ്പിക്കും.  സംഗീതജ്ഞാനത്തിന്റെ, മസ്‌തിഷ്‌കം സൂക്ഷിക്കുന്ന, പ്രതിരൂപമാണ് ഇത് എന്നാണ് സിരാവിജ്ഞാനശാഖ വിശദീകരിക്കുന്നത്.  ഈ പ്രതിരൂപത്തിന്റെ സാന്നിധ്യം പ്രഗത്ഭരിൽ പ്രകടമാണ്.  ഏറ്റവും നല്ല ഉദാഹരണം ബിഥോവൻതന്നെ.  ചെവി കേൾക്കാതിരുന്നിട്ടും നിരവധി വിശേഷപ്പെട്ട സംഗീതരചനകളെ അദ്ദേഹം സൃഷ്ടിച്ചു. ബാധിര്യം അദ്ദേഹത്തിന്റെ സംഗീതഭാവനയെ കൂടുതൽ ഉത്തേജിപ്പിക്കുകയാണുണ്ടായത്.  അവസാനകാല രചനകളുടെ ശിൽപ്പഘടന കുറേക്കൂടി സങ്കീർണമായതിന് കാരണം, ഒരുപക്ഷേ, സംഗീതാത്മകമായ പ്രതിരൂപത്തിന്റെ പ്രകാശനം പൂർണമായതുകൊണ്ടാകാം.   
 
സംഗീതത്തിനുവേണ്ടിയുള്ള സിരാസംവിധാനങ്ങളുടെ സാന്നിധ്യം പ്രകടമാകുന്ന പ്രതിഭാസങ്ങളിലൊന്നാണ് മായാസംഗീതശ്രവണം (Musical Hallucination). കേൾവിക്കുറവും അപസ്‌മാരവുമൊക്കെ ഉള്ളവരിലാണ് ഇത് കൂടുതൽ. മായാശ്രവണത്തിൽ മസ്‌തിഷ്‌കം ഉണ്ടാക്കുന്ന സംഗീതം നാം പുറത്തുനിന്നെന്നപോലെ കേൾക്കുകയാണ്.  ഓൺ ചെയ്യാൻമാത്രം സ്വിച്ചുള്ള ഒരു റേഡിയോ തലയ്‌ക്കുള്ളിൽ പാടുകയാണ്. പക്ഷേ, ഇതാർക്കും സുഖകരമല്ല.  കാരണം നമ്മുടെ ഇഷ്ടഗാനങ്ങളല്ല കേൾക്കുന്നത്.  പകരം നാം കേൾക്കാനിടയായ, കേൾക്കുമ്പോൾ ശ്രദ്ധിക്കാതിരുന്നവയടക്കം, പാട്ടുകളാണ് കേൾക്കുക.  കാലത്തിന്റെ അഭിരുചിയെയാണ് മായാസംഗീതം പ്രതിഫലിപ്പിക്കുക, വ്യക്തിയുടെ അഭിരുചിയെ അല്ല. 
 സംഗീതമില്ലാത്ത മനുഷ്യർക്ക് സംഗീതം തിരിച്ചറിയാൻ കഴിയില്ല.  ലോകമര്യാദ പാലിക്കാൻ ഇവർ കച്ചേരിക്കൊക്കെ പോയി സഹിച്ചിരിക്കും.  "ഹാപ്പി ബെർത്ത്‌ഡെ ടു യു' എന്ന പാട്ടുപോലും സംഗീതത്തിന്റെ അകമ്പടി കാരണം മനസ്സിലാകാത്തവരുണ്ട്.  വാക്കുകൾക്കൊപ്പം വരുന്ന ഓർക്കസ്ട്രയുടെ അനുഭവത്തെ വിവരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഒരു സംഗീതരഹിത പറഞ്ഞത് അടുക്കളയിൽ കിണ്ണവും പാത്രങ്ങളുമൊക്കെ വലിച്ചിടുമ്പോഴുണ്ടാകുന്ന ശബ്‌ദം  കേൾക്കുന്നതുപോലെ എന്നാണ്.  ഇവിടെ സംഗീതരഹിതയ്‌ക്ക്‌ സ്വരസ്ഥാനഭേദം മാത്രമല്ല, ടെംബ(ർ),Timbre, കൂടി മനസ്സിലാകുന്നില്ല.  ഒരു ശബ്ദത്തിന്റെ നാദസ്ഥിരതയാണ്, ധ്വനിഗുണമാണ്, ടെംബ(ർ). വർണത്തിന്റെ കാര്യത്തിൽ കളർടോൺ എന്നൊക്കെ പറയുന്നതുപോലെ, പുറപ്പെടുവിക്കുന്ന ശബ്‌ദത്തിന്റെ ധ്വനിയുടെ തോത് നിറവാർന്ന് നിർത്തുന്നതാണ് ടെംബ(ർ). 
   
സിരാവിജ്ഞാനീയമനുസരിച്ച് സംഗീതത്തെ മനസ്സിലാക്കുന്നതിൽ രണ്ടു പ്രധാന ഘടകമുണ്ട്‌.  ഒന്ന്, ഈണം മനസ്സിലാക്കൽ.  രണ്ട്, താളം മനസ്സിലാക്കൽ.  മസ്‌തിഷ്‌കത്തിന്റെ വലതുപകുതിക്ക്‌ തകരാറ് സംഭവിക്കുമ്പോഴാണ് ഈണഗ്രഹണത്തെ ബാധിക്കുന്നത്.  അതുകൊണ്ട് ആ ഭാഗമാണ് ഈണഗ്രഹണത്തിന് ഉത്തരവാദി എന്ന് ഊഹിക്കാം. താളത്തെ പ്രതിനിധീകരിക്കുന്ന ഭാഗങ്ങൾ കുറേക്കൂടി സ്ഥൂലമാണ്.  മസ്‌തിഷ്‌കത്തിന്റെ ഇടതുവശം മാത്രമല്ല, ബെയ്‌സൽ ഗാൻഗ്ലിയയിലെ (Basal Ganglia) ധാരാളം ഉപവിഭാഗങ്ങൾ (subcortical systems) കൂടി ഇതിൽ പങ്കുകൊള്ളുന്നുണ്ട്. 
 
സ്റ്റീവെൻ മിഥെൻ (Steven Mithen) പറയുന്നത് പരിണാമദശയിൽ ഭാഷയുടെയും സംഗീതത്തിന്റെയും ഉത്ഭവം ഒരുമിച്ച് ചേർന്ന നിലയിലായിരുന്നു എന്നാണ്. നിയൻഡർതാൽ മനുഷ്യർക്ക് അർഥമുള്ള ഭാഷയുണ്ടായിരുന്നു.  വാഗർഥമല്ല.  അർഥമുണ്ടാക്കിയിരുന്നത് ശ്രുതിഭേദത്തിലൂടെയാണ്.  കേവലമായ സ്വരസ്ഥാനബോധമാണ് (Absolute Pitch) അർഥത്തെ നിർണയിച്ചിരുന്നത്.  ഒരു തരം പാട്ടുഭാഷ.  ഭാഷയുടെയും സംഗീതത്തിന്റെയും പ്രാഗ്‌രൂപമായിരുന്നു അത്.  മനുഷ്യരിലും കേവലമായ സ്വരസ്ഥാനബോധം കാണാം. മനുഷ്യരിൽ ഇത് ഗുണമായും ദോഷമായും പ്രവർത്തിക്കും.  ഇതര സ്വരങ്ങളുമായി താരതമ്യം ചെയ്യാതെ ഏതെങ്കിലും സ്വരത്തിന്റെ സ്ഥാനം കൃത്യമായി അറിയാനുള്ള ജന്മസിദ്ധിയാണിത്. പക്ഷേ, മറ്റൊരു ശ്രുതിയിൽ ഇതേ സ്വരം വരുമ്പോൾ ഇത് അതേ സ്വരമായിരുന്നു എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ ഈ ഗുണത്തിന്റെ ദോഷഫലമാണ്.  പറഞ്ഞാൽ തീരാത്തത്ര പദങ്ങളും വാക്യഘടനകളുമുള്ള ഭാഷ സംഗീതഭാഷയുടെ സ്ഥാനത്ത് പകരംവന്നപ്പോൾ സംഗീതം പ്രയോജനപഥത്തിൽനിന്ന് പുറത്താക്കപ്പെടുകയായിരുന്നോ? സംഗീതത്തിന്റെ നഷ്ടത്തിലാണോ നാം ഭാഷാജീവികളായത്?

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top