24 May Friday

യുദ്ധത്തിനും സംഗീതത്തിനും ഇടയിൽ

സജയ്‌ കെ വിUpdated: Sunday Feb 18, 2018

പ്രണയത്തിന്റെയും യുദ്ധത്തിന്റെയും അശാന്തിയുടെയും കവിതകളാണ് ചേരൻ എഴുതുന്നത്, രണ്ടാമുദയം എന്ന തന്റെ കാവ്യസമാഹാരത്തിൽ. 'ഇരണ്ടാവതു സൂരിയ ഉദയം' എന്ന പേരിൽ 1983ൽ പ്രസിദ്ധീകരിച്ച തമിഴ് കവിതകളുടെ സമാഹാരം, ലക്ഷ്മി ഹോംസ്ട്രാമും സാഷാ എബെലിങ്ങും ചേർന്നാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്്. ശ്രീലങ്കൻ തമിഴ്കവിയാണ് രുദ്രമൂർത്തി ചേരൻ എന്ന ആർ ചേരൻ. വംശഹത്യയുടെയും വംശീയസംഘട്ടനങ്ങളുടെയും ചോരയും പൊടിയും ചൂടും നിറഞ്ഞ ഒരു സമീപഭൂതകാലം ശ്രീലങ്കയ്ക്കുണ്ടായിരുന്നു. ആ അശാന്തി പർവമാണെഴുതുന്നത് ചേരൻ, തന്റെ കവിതകളിൽ. അതിനാൽ ഹിംസയുടെയും നാശത്തിന്റെയും അസമാധാനത്തിന്റെയും ഇരുണ്ട രൂപകങ്ങളാൽ നെയ്തെടുത്ത പേടിക്കിനാവുപോലുള്ളൊരന്തരീക്ഷം അവയിലെല്ലാമുണ്ട്. 'കസിൻ' എന്നു പേരായ കവിതയിൽ ചേരൻ എഴുതുന്നു:

'മുകളിലെരിയുന്ന ഒറ്റ വൈദ്യുതവിളക്ക്
ഇരുട്ടുകൂട്ടുന്നതേയുള്ളു.
മരിച്ചവന്റെ തലയ്ക്കൽ കൊളുത്തിവച്ച
വിളക്കുപോലെ
സദാനീറിക്കൊണ്ടിരിക്കുന്ന നഷ്ടബോധം'.
ഈ വിളക്കിന് പിക്കാസോയുടെ പ്രസിദ്ധമായ 'ഗുവർണിക്ക' എന്ന ചിത്രത്തിൽ, അനേകം ശകലിതഹിംസാ ചിത്രങ്ങളുടെ കൂമ്പാരത്തിനു മുകളിൽ പ്രകാശിച്ചുനിൽക്കുന്ന വൈദ്യുതവിളക്കിന്റെ സാദൃശ്യമാണുള്ളത്. പിക്കാസോ ചിത്രത്തിലാവിഷ്കരിച്ചതിനെ, മറ്റൊരു ചരിത്രസന്ദർഭത്തിൽനിന്നുകൊണ്ട്, കവിതയിലാവിഷ്കരിക്കുകയാണ് ചേരൻ എന്നതിനാൽ അത്തരമൊരു താരതമ്യത്തിന് പ്രസക്തിയുമുണ്ട്. 'ഇരുണ്ട കടൽ' എന്ന കവിതയിലേതാണ് ഈ വരികൾ:
'അസ്തിവാരമറ്റ വീട്
ശിരസ്സറ്റ ദൈവങ്ങൾ
ജലത്തിന്റെ രക്തരേഖ
ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ കരച്ചിൽ
തിരയിരമ്പമായി അലമുറയിടുന്നു.' 
പിക്കാസോയുടെ പെയിന്റിങ്ങിനുള്ള ശകലിതസ്വഭാവം ചേരന്റെ കവിതയിലെ ഇത്തരം ബിംബങ്ങൾക്കുമുണ്ട്. യുദ്ധത്തിന്റെയും നാശത്തിന്റെയും സാർവത്രികാന്തരീക്ഷം അവയെ പരസ്പരം അന്വയിക്കുന്നു.
'വീഞ്ഞുകോപ്പ ചിതറിത്തെറിക്കട്ടെ
നമ്മുടെ ലഹരി ബാധിച്ച സ്വപ്നങ്ങൾ
ശിശിരത്തിന്റെ ഹിമാഗ്നിയിലെരിഞ്ഞുതീരട്ടെ' എന്ന് മറ്റൊരു കവിതയിൽ. തുടർന്ന് ഇങ്ങനെയും:
'ഞാൻ, എന്നെന്നേയ്ക്കുമായി
എന്റെ ഹൃദയഗുഹയിലേക്കുള്ള വാതിൽ
അടയ്ക്കാൻ പോകുന്നു.
ഒരിക്കൽ അതുണർന്നിരുന്നു
തുറന്നുമടഞ്ഞുമിരുന്നു.
ഇപ്പോൾ അതു തള്ളിത്തുറക്കാൻ ശ്രമിക്കുന്ന
കവിതയോരോന്നും ചിതറിപ്പോകുന്നു
ഓരോ വികാരകണവും പതറിക്കൊഴിയുന്നു.' 
ചിതറലിന്റെയും ശിഥിലനത്തിന്റെയും വരികൾ സുലഭമാണ്് ചേരന്റെ കവിതയിൽ. കാരണം അവ യുദ്ധഭൂമിയുടെ കവിതകളാണ്. അവിടെ എന്തും എപ്പോഴും തകർന്ന് നിലംപൊത്താവുന്ന നിലയിൽ. മറ്റുള്ളവയാകട്ടെ, എപ്പോഴോ ചിതറിത്തെറിച്ച നിലയിലും. അങ്ങനെ ചിതറിപ്പോയവയുടെ കൂട്ടത്തിൽ വീടുകളും മനുഷ്യശരീരങ്ങളും മരങ്ങളുമുണ്ട്. ശിരസ്സറ്റ പക്ഷികളും കബന്ധങ്ങളുമാണ് അവിടെ, അല്ലാത്തവയേക്കാൾ കൂടുതൽ.
'അഗ്നി' എന്നു പേരായ കവിതയിൽ ചേരൻ എഴുതുന്നു:
'ചൂടോ പുകയോ ഇല്ലാതെ
മരങ്ങൾക്ക് തീ പിടിച്ചിരിക്കുന്നു.
അവയുടെ ഇലകൾ ആയിരം തീനാമ്പുകൾ.
അവയ്ക്ക് തീയുടെ എണ്ണമറ്റ
വർണഭേദങ്ങൾ:
തീപിടിച്ച മരങ്ങൾ, തീ പിടിച്ച ലതകൾ
തീപിടിച്ച സസ്യങ്ങൾ‐
എല്ലാറ്റിനെയും ചുട്ടുനീറ്റുന്ന കാലാഗ്നി'. 
ഇത്തരത്തിൽ എവിടെയും തീപ്പാമ്പുകൾ ഇഴഞ്ഞുനടക്കുന്ന, എല്ലാറ്റിനെയും കാലാഗ്നി ചുട്ട് ചാരമാക്കുന്ന അശാന്തിയുടെ ഒരന്തരീക്ഷത്തെ നിശിതമായും ശക്തമായും വാങ്മയപ്പെടുത്താനാകുന്നു, ചേരന്റെ കവിതകൾക്ക്. യുദ്ധം ഒരു കേട്ടുകേൾവി മാത്രമായ മലയാളിയെ ഒരു യുദ്ധഭൂമിയുടെ നടുവിൽക്കൊണ്ടു നിർത്തും ആ കവിതകൾ.
പ്രണയകവിതകളെഴുതുമ്പോൾ ഇതിൽനിന്ന് തീർത്തും വ്യത്യസ്തമായ ഒരു ശ്രുതിയാണ് പിന്തുടരുന്നത്, ചേരൻ‐
'ഇന്നു രാത്രി
എന്റെ ഹൃദയം
വിദൂരതാരകളോടൊപ്പം
സ്പന്ദനം കൊണ്ടു'. 
സ്ഫോടനശബ്ദത്തിനും സംഗീതത്തിനുമിടയിൽ നിൽക്കുന്ന നിസ്സഹായന്റെ മൊഴികളാണ് ഈ കവിയുടേത്. 'രണ്ടാമുദയം' എന്ന കവിതയിൽ തന്റെ പട്ടണം പരദേശികൾ ചുട്ടുചാമ്പലാക്കിയതിനെപ്പറ്റിയാണ് ചേരൻ എഴുതുന്നത്. അകലെയൊരു തീരത്തുനിന്നുകൊണ്ട് കവി അതു കാണുന്നു;  ഒരു രണ്ടാം സൂര്യോദയമെന്നോണം:
 
'കാറ്റുവീശാത്ത പകലായിരുന്നു അത്;
കടൽപോലും ജഡമായിരുന്നു;
തിരമാലകളുയർന്നില്ല.
മണലിൽ കാൽ പുതഞ്ഞുനടക്കവേ
ഞാൻ മറ്റൊരു സൂര്യോദയം കണ്ടു
ഇത്തവണ, അതു തെക്കുനിന്നായിരുന്നു.
എന്തുപറ്റി?
എന്റെ പട്ടണം തീവയ്ക്കപ്പെട്ടിരിക്കുന്നു,
എെൻ ജനതയ്ക്ക് മുഖം നഷ്ടമായിരിക്കുന്നു
എന്റെ നാടിനുമേൽ, അവിടെ വീശുന്ന കാറ്റിനുമേൽ പരദേശിയുടെ മുദ്ര.'
 
 
 
പ്രധാന വാർത്തകൾ
 Top