24 May Friday

ഒരാൺകുട്ടി വാങ്ങിയ ആർത്തവപ്പൂമെത്ത

അജിജേഷ്‌ പച്ചാട്ട്‌Updated: Sunday Feb 18, 2018

വർഷങ്ങൾക്കു മുമ്പ് ചേളാരിയിലെ ചെറിയൊരു പ്രൊഡക്ഷൻ കമ്പനിയിൽ മെഷീനിസ്റ്റ് ആയി ജോലിയെടുക്കുന്ന കാലം. രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെയാണ് ഡ്യൂട്ടി. അക്കാലത്താണ് ഇറച്ചിക്കലപ്പ എന്ന കഥയുടെ ആശയം മനസ്സിൽ തോന്നുന്നത്. ശീഘ്രസ്ഖലനം കൊണ്ട് പൊറുതി മുട്ടുന്ന ഡാനി എന്ന യുവാവിന്റെ കഥ. അവൻ ഗതികെട്ട് കാമുകിയായ ജൂലിയറ്റിന്റെ അരികിലെത്തി ശീഘ്രസ്ഖലനത്തിന്റെ സങ്കടം പറയുമ്പോൾ അവൾ അതിന് പ്രതിവിധികൾ കൽപ്പിക്കുന്ന രംഗമുണ്ട്. ജൂലിയറ്റ് ആദ്യം പറഞ്ഞ പ്രതിവിധി തികഞ്ഞ മതവിശ്വാസിയായ അവന് ചിന്തിക്കാൻ പോലും പറ്റാത്തതായിരുന്നു. അതുകൊണ്ടുതന്നെ സ്ത്രീകളെപ്പോലെ പാഡുകൾ ഉപയോഗിക്കുക എന്ന  രണ്ടാമത്തെ പ്രതിവിധിയാണ് സ്വീകരിച്ചത്. എന്റെ ജീവിതത്തിലാണെങ്കിൽ ഞാൻ സാനിട്ടറി നാപ്കിൻ  കണ്ടിട്ടേയില്ല. ആ വസ്തുവുമായി ആകെയുള്ള പരിചയം, കെയർഫ്രീ ഉൽപ്പന്നത്തിന്റെ ഒന്നും മനസ്സിലാകാത്ത ടിവി പരസ്യം മാത്രം. എഴുതി വന്നപ്പോൾ അതിനെക്കുറിച്ച് വിശദീകരിക്കാനല്ലെങ്കിലും എന്തുകൊണ്ടോ പതിവിന് വിപരീതമായി അത് കണ്ടശേഷമേ കഥ മുന്നോട്ടുപോകൂ എന്ന അവസ്ഥയായി. അങ്ങനെ അന്ന് കമ്പനിയിൽ സെയിൽസിലുള്ള മൻസൂറുമായി കാര്യം പങ്കുവച്ചു. അവനന്ന് കല്യാണമൊക്കെ കഴിച്ചിട്ടുണ്ട്. അതുകൊണ്ട് നാപ്കിൻ കിട്ടാൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ഉറപ്പായി. മാത്രവുമല്ല എന്റെ കഥയെഴുത്തിന്റെ അസ്കിതയൊക്കെ അവനറിയുകയും ചെയ്യാം. പക്ഷേ, കാര്യം പറഞ്ഞപ്പോൾ വിചാരിച്ചതിനപ്പുറത്തേക്ക് അവൻ എന്നെയൊന്ന് ചുഴിഞ്ഞുനോക്കുകയാണ് ചെയ്തത്.

‐സത്യം പറഞ്ഞോ, ഞാനറിയാതെ എന്തോ തിരിഞ്ഞുകളിയുണ്ടല്ലോ...
എത്ര പറഞ്ഞിട്ടും കഥയെഴുതാൻ മാത്രമാണ് നാപ്കിൻ പാഡെന്ന് അവൻ വിശ്വസിച്ചതേയില്ല. കാമുകിക്ക് ഗിഫ്റ്റ് കൊടുക്കാനല്ലേ സംഗതിയെന്നുമൊക്കെ ചോദിച്ച് അവൻ എന്നേക്കാൾ വലിയ കഥ മെനയലുകാരനായി. കാമുകി പോയിട്ട് ഒരു പെൺസുഹൃത്തുപോലും ഇല്ലാത്ത കാലം. അറിയുന്ന ആരോടെങ്കിലും ചോദിക്കാമെന്ന് വച്ചാൽ ഇത്തരം കാര്യങ്ങൾ കണ്ടും ചർച്ച ചെയ്തുമൊന്നുമായിരുന്നില്ല എന്റെ വളർച്ച. അതുകൊണ്ടുതന്നെ ഇത് വളരെ രഹസ്യമായി കൊണ്ടുനടക്കേണ്ട സംഗതിയാണെന്നു തന്നെയായിരുന്നു ധാരണയും. അല്ലെങ്കിൽ ഞാൻ എന്റെ വീട്ടിൽ വച്ച് കാണുമായിരുന്നല്ലോ, കാരണം അവിടെയും രണ്ട് സ്ത്രീകളുണ്ടല്ലോ എന്നൊക്കെ കരുതുകയും ചെയ്തു.
ഒടുവിൽ  സഹായിക്കാൻ ആരെയും കിട്ടില്ല എന്നായതോടെ ഒരു വൈകുന്നേരം സ്വന്തമായി പാഡ് വാങ്ങാൻ തീരുമാനിച്ചു. കെയർഫ്രീ എന്ന പേര് മാത്രമേ ഓർമയിലുള്ളൂ. അതിന് സൈസുണ്ടോന്നും വിവിധതരം ഇനങ്ങളുണ്ടോന്നും ഒന്നും അറിയില്ല. കണ്ണും പൂട്ടി കടക്കാരനോട് ഒരു പായ്ക്കറ്റ് കെയർഫ്രീ വേണമെന്ന് ആരും ഇല്ലാത്ത നേരത്ത് ഞാൻ പറഞ്ഞു. എന്റെ പരവേശം കണ്ടാകാം അയാൾ പതുക്കെ ചിരിച്ച് ഉള്ളിൽ പോയി കവറിൽ സാധനം ഇട്ടുകൊണ്ടുവന്ന് തന്നു. ഇതൊക്കെ ഇപ്പോൾ ആലോചിക്കുമ്പോൾ വലിയ വിഡ്ഢിത്തമായാണ് അനുഭവപ്പെടുന്നത്. കാരണം നമ്മൾ അധ്വാനിച്ച പണം കൊടുത്ത്, മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാത്ത എന്ത് സാധനം വാങ്ങുമ്പോഴും നാണിക്കേണ്ട കാര്യമൊന്നുമില്ല. എന്തായാലും അതു പതുക്കെ ബാഗിൽ തിരുകി കമ്പനിയിലേക്ക് തിരിച്ചുനടന്നു. പണ്ട് ഏതോ മുതലാളിമാർക്ക് ഇറങ്ങാൻ ഉണ്ടാക്കിയ ഹെലിപ്പാഡുണ്ട് മേലെ ചേളാരിയിൽ. അവിടെ അക്കാലത്ത് കമ്പി കുത്തി ഡ്രൈവിങ് സ്കൂളിന്റെ ട്രയൽ നടത്തുന്ന ഇടമായി ചുരുങ്ങിയിട്ടുണ്ട്. അതിന് തൊട്ടപ്പുറത്ത് വലിയൊരു പൊന്തയുണ്ട്. പുല്ലാഞ്ഞിയും പാലയുമൊക്കെയുള്ള ഒരു സ്ഥലം. അതിനരികിലിരുന്ന് കണ്ടശേഷം സാധനം പതുക്കെ പൊന്തയിലേക്ക് വലിച്ചെറിയാം എന്നായിരുന്നു കണക്കുകൂട്ടൽ. അവിടെയെത്തിയപ്പോൾ ഒരുപാട് സ്കൂൾ പയ്യന്മാരും വേറെ ഒന്ന് രണ്ടാളുകളും ചേർന്ന് പുകവലിക്കുന്നു. പയ്യന്മാർ ഉടൻ പോയേക്കുമെന്ന് തോന്നി. പക്ഷേ, മറ്റു രണ്ടുപേർ മദ്യത്തിന്റെ തരിപ്പിലാണ്. ഉടനൊന്നും സ്ഥലംവിടില്ല. ആസൂത്രണമൊക്കെ തെറ്റിയതോടെ പതുക്കെ വീട്ടിലേക്ക് പോന്നു. വീട്ടിലെത്തിയതും ആധി തുടങ്ങി. ബാഗ് ആരെങ്കിലും കഷ്ടകാലത്തിന് തുറന്നുനോക്കിയാൽ തീർന്ന് അതോടെ. ആർക്കുവേണ്ടി വാങ്ങിയതാണെന്ന് ചോദിച്ചാൽ എന്തു പറയും. അമ്മയ്ക്ക് ചിലപ്പോൾ മനസ്സിലായേക്കും. മറ്റാരുടെയെങ്കിലും കൈയിലാണ് കിട്ടുന്നതെങ്കിലോ... അതോടെ രാത്രി ഉറങ്ങാൻ കഴിയാതെയായി. ഒരുവിധം നേരം വെളുപ്പിച്ച് നേരത്തെ കമ്പനിയിലേക്കിറങ്ങി. തലേന്നാളത്തെ സ്ഥലത്തെത്തിയപ്പോൾ ആരുമില്ല. പതുക്കെ പുല്ലാഞ്ഞിക്കാട്ടിലിനരികിൽ ഇരുന്ന് പായ്ക്കറ്റ് തുറന്ന് നാപ്കിൻ പാഡ് ജീവിതത്തിലാദ്യമായി നേരിട്ട് കണ്ടു. കണ്ടതിനുശേഷം പുല്ലാഞ്ഞിക്കാട്ടിൽ ഉപേക്ഷിച്ച് കമ്പനിയിലേക്ക് തിരിക്കുകയും ചെയ്തു. 
ഇറച്ചിക്കലപ്പയുടെ എഴുത്ത് എന്നതിലുപരി എന്റെ പിന്നീടുള്ള ആലോചന മുഴുവൻ സ്ത്രീകളെക്കുറിച്ചായി മാറി. അവർ ആർത്തവസമയത്ത് എത്രത്തോളം സൂക്ഷിക്കുന്നുണ്ടാകണം ഇതൊക്കെ പുറത്ത് കാണാതിരിക്കാൻ. ആർത്തവകാലം അത്ര സുഖകരമല്ല എന്നാണ് ഞാൻ വായിച്ചറിഞ്ഞത്. എന്തൊക്കെയോ ചില്ലറ അസ്വസ്ഥതകൾ ഉണ്ടാകുമെന്നും അറിയാം. എനിക്ക് ബാഗിൽ ഒരു പായ്ക്കറ്റ് നാപ്കിൻ ഉണ്ടായിട്ട് ഒരുദിവസം ഉറങ്ങാൻ കഴിഞ്ഞില്ല. അപ്പോൾ ഉപയോഗശേഷം ആരും കാണാതെ പാഡുകൾ സംസ്കരിക്കാൻ അവർ എത്രത്തോളം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാകും? അവരെങ്ങനെയായിരിക്കും അത് ഒഴിവാക്കുക? തീർച്ചയായും ഈ ചിന്തകളൊക്കെ ആ കഥയെഴുതുന്ന സമയത്ത് ഡാനി എന്ന കഥാപാത്രത്തെ പിടികൂടുക തന്നെ ചെയ്തു. ആരോടെങ്കിലും ചോദിക്കാൻ മടിയായതുകൊണ്ട് എന്റേതായ രീതിയിൽ ഞാൻ അവതരിപ്പിക്കുകയും ചെയ്തു. ഒളിപ്പിച്ചുവയ്ക്കുന്നതും സെപ്റ്റിക് ടാങ്കിൽ കളയുന്നതും കത്തിക്കുന്നതും അങ്ങനെ... എന്തുകൊണ്ടാണ് ആൺകുട്ടിയായ ഞാൻ കേവലമൊരു നാപ്കിൻ വാങ്ങാൻ അത്രയും ബുദ്ധിമുട്ടി എന്നത് എന്നെ സംബന്ധിച്ച് ചിന്തിപ്പിക്കുന്ന ചോദ്യമായിരുന്നു. പ്രശ്നം നമ്മുടെ വിദ്യാഭ്യാസത്തിനാണ്. സ്വന്തം വർഗത്തിൽപെട്ട ശരീരങ്ങളെ മുഴുവനായി അറിയുക എന്നതിൽ കൂടുതലുള്ള ഒരു വിദ്യാഭ്യാസവും പവിത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നമ്മുടെ അറിവ് തന്നെയാണ് പ്രശ്നം. ആൺകുട്ടിയായതുകൊണ്ടു മാത്രമാണ് ഞാൻ അമ്മയുടെയോ പെങ്ങളുടെയോ ആർത്തവെത്തക്കുറിച്ച് അറിയാതെ പോയത്. ഒരു മനുഷ്യൻ എന്ന രീതിയിൽ എന്റെ വളർച്ച ശരിയാണോ എന്നുവരെ അക്കാലത്ത് ഞാൻ ചിന്തിച്ചിട്ടുണ്ടായിരുന്നു. ആർത്തവമൊക്കെ ജനകീയമാകേണ്ട കാലം എന്നോ കഴിഞ്ഞിരിക്കുന്നു. നമ്മുടെ സിസ്റ്റം എന്തൊക്കെയോ സംരക്ഷിക്കാനെന്ന പേരിൽ അറിവില്ലായ്മ വാരിവിതറുകയാണ്. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുപോലെയാണ് വളർത്തേണ്ടത്. അതായത് പറഞ്ഞുകൊടുക്കുന്നത് ആൺകുട്ടികൾക്ക് ഒരു രീതിയിലും പെൺകുട്ടിക്ക് മറ്റൊരു രീതിയിലും ആകരുത്. ഒരുമിച്ച് പരസ്പരം പഠിക്കട്ടെ അവർ.
ഇറച്ചിക്കലപ്പയെ കുറിച്ചാലോചിക്കുമ്പോൾ ഇപ്പോഴും സന്തോഷമാണ്. കാരണം ആ കഥയെഴുത്ത് എനിക്ക് തന്നത് വലിയ കുറച്ച് തിരിച്ചറിവുകളും കൂടിയായിരുന്നു. അല്ലെങ്കിലും ഓരോ ചിന്തകളും ഉണ്ടാകുമ്പോഴാണല്ലോ നമ്മൾ പുതുതാകുന്നത്... അല്ലേ?
പ്രധാന വാർത്തകൾ
 Top