05 July Sunday

ബെല്ലടിച്ചു കഴിഞ്ഞുപോയ്‌; തല്ലരുതേ സാറേ എന്നെ

മണമ്പൂർ രാജൻബാബുUpdated: Sunday Nov 17, 2019

ഫസ്‌റ്റ്‌ ഫോറത്തിൽ പഠിക്കുമ്പോഴാണ്‌ ആ അപ്രതീക്ഷിത സംഭവം. പല ദിവസങ്ങളിലും ക്ലാസിൽ വൈകിയെത്തുന്ന  കുട്ടിയായിരുന്നു ഞാൻ. വൈകുന്നത്‌ മനഃപൂർവമല്ല. വളരെ രാവിലെ എഴുന്നേൽക്കു മെങ്കിലും ദിവാസ്വപ്‌നങ്ങൾകണ്ട്‌ നടന്ന്‌ നടന്ന്‌ തയ്യാറാകാൻ വൈകും. വൈകി എത്തിയാൽ അടി ഉറപ്പ്‌. അടിയെ നല്ല പേടിയും. അങ്ങനെ വൈകിപ്പോയ ഒരു ദിവസം വയൽവരമ്പിലൂടെ ഒറ്റയ്‌ക്കു പോകുമ്പോൾ, മനസ്സിൽ ഇടിമിന്നൽപോലെ ചില വാക്കുകൾ വരുന്നു. നോട്ടുപുസ്‌തകത്തിന്റെ മുഷിഞ്ഞ പുറംചട്ടയിൽ പെൻസിൽകൊണ്ട്‌ അവ കുറിച്ചു 

മണമ്പൂർ രാജൻബാബു

മണമ്പൂർ രാജൻബാബു

ജീവിതത്തിൽ എന്നെങ്കിലും കവിത എഴുതുമെന്നു കരുതിയ ഒരാളല്ല ഞാൻ,- വീട്ടിൽ കവിതയുടെ അന്തരീക്ഷം ഉണ്ടായിരുന്നെങ്കിലും. അച്ഛൻ എം ശിവശങ്കരൻ, കുമാരനാശാന്റെ കടുത്ത ആരാധകനായിരുന്നു. ആശാന്റെ എല്ലാ കാവ്യഗ്രന്ഥങ്ങളും വീട്ടിലുണ്ടായിരുന്നു. പല കവിതകളും അച്ഛന്‌ ഹൃദിസ്ഥമായിരുന്നു. ആശാൻ കവിതകൾ പലതും പുസ്‌തകത്തിൽ വായിക്കുംമുമ്പേ അച്ഛന്റെ മുഖത്തുനിന്നാണ്‌ ലഭിച്ചത്‌. എഴുത്തുകാരനായില്ലെങ്കിലും അച്‌ഛന്റെ നോട്ടുപുസ്‌തകങ്ങളിൽ കാവ്യസ്‌പർശമുള്ള കഥയുള്ള ചില കുറിപ്പുകൾ അങ്ങിങ്ങു കണ്ട ഓർമയുണ്ട്‌. 

ഫസ്‌റ്റ്‌ ഫോറ (ഇപ്പോഴത്തെ അഞ്ചാം സ്‌റ്റാൻഡേർഡ്‌) ത്തിൽ പഠിക്കുമ്പോഴാണ്‌ ആ അപ്രതീക്ഷിത സംഭവം. പല ദിവസങ്ങളിലും ക്ലാസിൽ വൈകിയെത്തുന്ന  കുട്ടിയായിരുന്നു ഞാൻ. വൈകുന്നത്‌ മനഃപൂർവമല്ല. പുലർച്ചെ എഴുന്നേൽക്കുമെങ്കിലും ദിവാസ്വപ്‌നങ്ങൾകണ്ട്‌ നടന്ന്‌ നടന്ന്‌ തയ്യാറാകാൻ വൈകും. വൈകി എത്തിയാൽ അടി ഉറപ്പ്‌. അടിയെ നല്ല പേടിയും. അങ്ങനെ വൈകിപ്പോയ ഒരു ദിവസം വയൽവരമ്പിലൂടെ ഒറ്റയ്‌ക്കുപോകുമ്പോൾ, മനസ്സിൽ ഇടിമിന്നൽപോലെ ചില വാക്കുകൾ വരുന്നു. നോട്ടുപുസ്‌തകത്തിന്റെ മുഷിഞ്ഞ പുറംചട്ടയിൽ പെൻസിൽകൊണ്ട്‌ അവ കുറിച്ചു: 

‘‘ബെല്ലടിച്ചു കഴിഞ്ഞുപോയ്‌
തല്ലരുതേ സാറേ എന്നെ
അറിയാതെ വന്ന കുറ്റം 
പൊറുക്കേണമേ...’’
 
ഇത്‌ കവിതയൊന്നുമല്ല. എങ്കിലും വല്ലാത്ത  ഒരാത്മബലം മനസ്സിൽ കൊടി നാട്ടി. അങ്ങനെ ആകെ പന്ത്രണ്ട്‌ വരി ഉണ്ടായി (മറ്റുവരികളെല്ലാം കാലം മായ്‌ച്ചുകളഞ്ഞു). ഇനി അടി കിട്ടിയാലും സാരമില്ല എന്നൊരു ധൈര്യം എങ്ങനെയോ കൈവന്നു. ഞാൻ പഠിച്ചിരുന്ന ഒറ്റൂർ കെജിഎസ്‌പിയുപി സ്‌കൂളിലെത്തിയപ്പോൾ ക്ലാസ്‌ ടീച്ചർ കൃഷ്‌ണൻനായർ സാർ ഹാജരെടുത്ത ശേഷം ക്ലാസെടുക്കാൻ ഏഴാംക്ലാസിലേക്കു പോയിരുന്നു. ഏഴിലെ വലിയ കുട്ടികളുടെ മുന്നിൽ വച്ചായിരിക്കും അടികിട്ടി അപമാനിതനാകുക എന്ന ഭയത്തോടെ ചെന്നു. പക്ഷേ സംഭവിച്ചത്‌ മറ്റൊന്നാണ്‌. ‘കയറി ഇരുന്നോ’ എന്ന്‌ വാത്സല്യപൂർവം സാർ പറയുന്നു. രചനയ്‌ക്കുള്ള ആദ്യ സമ്മാനമായി മനസ്സിൽ കരുതി. 
ഏഴാംക്ലാസിൽ പഠിക്കുമ്പോൾ അക്ഷരശ്ലോകമത്സരം പതിവായിരുന്നു. പെൺകുട്ടികളാണ്‌ എതിർവിഭാഗം. അവർ ഒന്നാന്തരം പദ്യങ്ങൾ പഠിച്ച്‌ മിടുക്കികളായി തയ്യാറായി വരും. ഞങ്ങൾ ആൺകുട്ടികൾ ഒന്നാന്തരമായി ഉഴപ്പും. 
 
അന്ന്‌ ‘ഘ’ എന്ന അക്ഷരം അവർ ഞങ്ങൾക്കിട്ടു തന്നു. ‘ഘ’യിൽ തുടങ്ങുന്ന പദ്യം പഠിച്ച്‌ ഞങ്ങളെ തോൽപ്പിക്കാൻ ഒരുങ്ങി ഇരുപ്പാണ്‌ പെൺകുട്ടികൾ. ഗത്യന്തരമില്ലാത്തതിനാൽ പെട്ടെന്ന്‌ ഒരു പദ്യമുണ്ടാക്കി ചൊല്ലി: 
 
‘‘ ഘോഷയാത്രയും തീർന്നു രാഘവൻ വന്നീടുമ്പോൾ 
ഈഷലും മടിയാതെ മന്ത്രിയും എത്തീടുന്നു 
മന്ത്രിതൻ വാക്യം കേട്ടു ജാനകി സമീപിച്ചു 
ഘോരമാം കാട്ടിലേക്ക് യാത്രയും പുറപ്പെട്ടു
 
പദ്യം സ്വീകരിക്കപ്പെട്ടതോടെ തൽക്കാലം തോൽ‌വിയിൽനിന്ന് രക്ഷപ്പെട്ടു. ആത്മവിശ്വാസം കൂട്ടുന്നതായി ഈ സംഭവവും.
 
ഞെക്കാട് ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കാലം. അക്ഷരശ്ലോക മത്സരംതന്നെയാണ് വിഷയം. പെൺകുട്ടികൾ, ഞങ്ങൾക്ക് ‘സ' എന്ന അക്ഷരം ഇട്ടുതന്നു. ‘സ'യിൽ തുടങ്ങുന്ന പദ്യങ്ങളുടെ സ്റ്റോക്ക് തീർന്നു ഞങ്ങൾ നട്ടം തിരിയുന്ന സന്ദർഭം. തോറ്റു സുല്ലിടുകയല്ലാതെ നിവൃത്തിയില്ല. പെട്ടെന്ന് നാലുവരി ഉണ്ടാക്കി. എഴുന്നേറ്റ് ഒറ്റച്ചൊല്ലൽ. 
 
"സിദ്ധാർഥനെന്നോരസാധാരണ നരൻ
സിദ്ധിക്കുവാൻ ഭാഗ്യമുണ്ടായ ഭാരതം
സിദ്ധാർഥനെന്നായിരുന്നെങ്കിലും പേര് 
വർധിച്ചു വർധിച്ചു ബുദ്ധനെന്നായില്ലേ?’
 
പദ്യം എല്ലാവരാലും സ്വീകരിക്കപ്പെട്ടതിനാൽ, ഞങ്ങൾ തോൽ‌വിയിൽനിന്ന് കരകയറി. എന്നാൽ, അടുത്തിരുന്ന എന്റെ ഉറ്റ സ്‌നേഹിതൻ ശ്രീധരക്കുറുപ്പിന് സന്തോഷവും അഭിമാനവും അണപൊട്ടി. അയാൾ എഴുന്നേറ്റ്‌ ഒറ്റ പ്രഖ്യാപനം: "സർ ഇത് ഈ കുട്ടി എഴുതിയതാണ്." അതോടെ സാർ എന്നോട് എഴുന്നേൽക്കാൻ പറഞ്ഞു. "കൈനീട്ടൂ’- അദ്ദേഹം ആജ്ഞാപിച്ചു. വിറച്ചു വിറച്ചു ഞാൻ വലതു കൈ നീട്ടി. ചൂരലുമായി അടുത്ത് വന്നു സാർ എന്റെ ഉള്ളംകൈയിൽ ചൂരൽ വച്ച ശേഷം, വടി താഴെയിട്ടു വലതുകൈകൊണ്ട് ഷേക്ക്‌ ഹാൻഡ് തന്നു. അതോടെ പെൺകുട്ടികളുടെ തേനീച്ചക്കൂട്ടം ഇളകി. അവരുടെ കോറസ്: ‘ആ കുട്ടി എഴുതിയതാണെങ്കിൽ സമ്മതിക്കില്ല" 
 
ഞങ്ങളുടെ മലയാളം അധ്യാപകൻ, സ്‌നേഹബഹുമാനങ്ങളോടെ എല്ലാവരും ‘ഭാസി സാർ' എന്ന് വിളിക്കുന്ന ഭാസ്‌കരൻസാർ ഉടൻ ഇടപെട്ടു. "‘ആ കുട്ടി എഴുതിയതാണെന്ന് നിങ്ങൾക്കു മനസ്സിലായില്ലല്ലോ. എനിക്ക് പോലും മനസ്സിലായില്ല. നിങ്ങളുടെ കൂട്ടത്തിൽ ഒരാൾ ഇങ്ങനെ എഴുതിയതിൽ നിങ്ങൾ അഭിമാനിക്കുകയും ആ കുട്ടിയെ അഭിനന്ദിക്കുകയുമാണ് വേണ്ടത്.’’ പെൺകുട്ടികൾ അതിന് കണ്ടുപിടിച്ച ന്യായം: ‘‘സാറങ്ങനെയല്ലേ പറയൂ, സാറും ഒരാണല്ലേ.’’
 
വാദത്തിനുവേണ്ടി അങ്ങനെ പറഞ്ഞ കൂട്ടുകാരികൾ എല്ലാവരും പിൽക്കാലത്ത്‌ അച്ചടി–-ദൃശ്യ–--ശ്രവ്യ  മാധ്യമങ്ങളിൽ വന്നപ്പോൾ കലവറയില്ലാതെ എന്നെ അഭിനന്ദിച്ചിട്ടുണ്ടെന്ന്‌ കൃതജ്ഞതയോടെ ഓർക്കുന്നു.  ശ്രീധരക്കുറുപ്പ് എന്ന ആ കൂട്ടുകാരൻ തപാൽ വകുപ്പിൽ വലിയ ഉദ്യോഗസ്ഥനായിരിക്കെ ജോലി രാജിവച്ചു മികച്ച സംരംഭകനായി വളർന്നു. ഇടയ്‌ക്കിടെ ഫോണിൽ വിളിക്കുമായിരുന്നു. എന്റെ ആ പേരേറ്റിൽക്കാരൻ ഇപ്പോഴില്ലെന്ന ദുഃഖം ബാക്കി.
പ്രധാന വാർത്തകൾ
 Top