20 January Wednesday

കഥയുടെ കടലിരമ്പങ്ങള്‍

പി എസ് പ്രദീപ്Updated: Sunday Nov 17, 2019

സര്‍ഗാത്മക വിമര്‍ശനത്തില്‍ 50 വര്‍ഷം പിന്നിടുന്ന  ഡോ. വി രാജകൃഷ്ണ ന്റെ  ചെറുകഥയുടെ രാഗതാളങ്ങള്‍  എന്ന സൗന്ദര്യശാസ്‌ത്ര പഠന ഗ്രന്ഥത്തെക്കുറിച്ച് ഒരു അവലോകനം

 

ലോകസാഹിത്യത്തിലെ മികച്ച കഥകളോട്‌ ചേർത്തുവായിക്കാവുന്ന കഥകളും പ്രതിഭാശാലികളായ കഥയെഴുത്തുകാരും നമുക്കുണ്ട്. ലോക കഥാസാഹിത്യത്തിന്റെ പശ്ചാത്തലത്തിൽ, മലയാളത്തിലെ മികച്ച രചനകളെ അപഗ്രഥിക്കുന്ന, ചെറുകഥയുടെ ലാവണ്യശാസ്‌ത്രം രൂപപ്പെടുത്തുന്ന സർഗാത്മക വിമർശനഗ്രന്ഥമാണ് ഡോ. വി രാജകൃഷ്‌ണന്റെ  ‘ചെറുകഥയിലെ രാഗതാളങ്ങൾ.' എം പി പോളിന്റെയും എം അച്യുതന്റെയും ഡോ. എം എം ബഷീറിന്റെയും ശ്രേഷ്‌ഠകൃതികൾക്കുശേഷം മലയാള ചെറുകഥയെക്കുറിച്ചുള്ള ഏറ്റവും  ശ്രദ്ധേയവും ഗൗരവപൂർണവുമായ പഠനം.  കെ പി അപ്പനോടും നരേന്ദ്രപ്രസാദിനോടും ഒപ്പം സഞ്ചരിച്ച്, ആധുനിക മലയാളസാഹിത്യത്തിന്റെ ഭാവുകത്വത്തിലെ മാറ്റങ്ങളെ സൂക്ഷ്‌മമായി അടയാളപ്പെടുത്തിയ ഡോ. വി  രാജകൃഷ്‌ണൻ തന്റെ സാഹിത്യസപര്യയുടെ അമ്പതാംവർഷത്തിൽ, മലയാളത്തിനു സമർപ്പിച്ച  മാസ്റ്റർ പീസ് എന്നിതിനെ വിശേഷിപ്പിക്കാം.

ഒന്നാംഭാഗത്തിലുള്ള പതിനഞ്ച്‌ അധ്യായങ്ങളിൽ ഓരോന്നും ചെറുകഥയുടെ ആധാരഘടകങ്ങളിൽ ഓരോന്നിനെ ലക്ഷ്യമിടുന്നു. കവിതയ്‌ക്കെന്നപോലെ കഥയ്‌ക്കും നോവലിനും  ലാവണ്യശാസ്‌ത്രം ആവശ്യമാണ് എന്ന് രാജകൃഷ്‌ണൻ കരുതുന്നു. സാഹിത്യവും സമൂഹവുമായുള്ള ബന്ധത്തെ അതിസരള സമവാക്യങ്ങളിൽ കുരുക്കുകയും സിദ്ധാന്തങ്ങൾ നിർമിക്കുകയും ചെയ്യുന്നവർക്ക് ഒരുപക്ഷേ, ഈ സൗന്ദര്യശാസ്‌ത്രപരമായ അപഗ്രഥനത്തെ അംഗീകരിക്കാൻ പ്രയാസമാകും എന്ന് രാജകൃഷ്‌ണൻ പറയുന്നുണ്ട്. ‘ഷഹ്റസാദ് കഥയെഴുതുകയാണ്' എന്ന ഒന്നാം അധ്യായത്തിൽ  ആയിരത്തൊന്നു രാവുകളുടെ കഥയിലൂടെ, വീർപ്പുമുട്ടിക്കുന്ന രാഷ്ട്രീയസാഹചര്യങ്ങളിൽ എഴുതാനും ചിത്രം വരയ്‌ക്കാനും പാടാനും ആടാനും വിധിക്കപ്പെട്ടവരുടെ കഥകൾക്ക് ചരിത്രാതീതകാലത്തോളം പഴക്കമുണ്ട് എന്ന്  നിരീക്ഷിക്കുന്നു.  അതിജീവനത്തിന്റെ പുതിയ തന്ത്രങ്ങൾ മെനയുന്നവരെക്കുറിച്ചുള്ള അന്വേഷണങ്ങളും അപഗ്രഥനങ്ങളുമാണ് ഷഹ്റസാദിൽനിന്ന് സൽമാൻ റുഷ്ദിയിലേക്ക് നീളുന്ന കഥാചരിത്രത്തിന്റെ ശക്തിയും സൗന്ദര്യവുമെന്ന് തുടർന്നുള്ള അധ്യായങ്ങളിൽനിന്ന്‌ നാം മനസ്സിലാക്കുന്നു.

 
 ടോൾസ്റ്റോയിയും ദസ്‌തയേവ്സ്‌കിയും ആന്റൺ ചെക്കോവും ഒ ഹെൻറിയും മോപ്പസാങ്ങും ജെയിംസ് ജോയ്സും ഫ്രാൻസ് കാഫ്‌കയും മാക്‌സിം ഗോർക്കിയും ഹെമിങ്‌വേയും  ബോർഹസും ഇവാൻ ബുനിനും തോമസ് മന്നുമൊക്കെ രചിച്ച വിഖ്യാതസൃഷ്ടികൾ അവർ സ്വീകരിച്ച രചനാതന്ത്രങ്ങൾ, ആവിഷ്‌കാരശൈലികൾ, പതിനെട്ട് അധ്യായങ്ങളിൽ വിശദമാക്കുന്നു. തകഴി‌, ദേവ്‌, ഉറൂബ്‌, ബഷീർ, എസ് കെ, എം ടി,  ടി പത്മനാഭൻ, മാധവിക്കുട്ടി, മുകുന്ദൻ, സേതു, സക്കറിയ തുടങ്ങിയവരുടെ  ഉൽക്കൃഷ്ടകഥകൾ വിശ്വസാഹിത്യത്തോട്‌ ചേർത്തുവായിക്കുന്നു. 
 
ബാല്യവും വാർധക്യവും മരണവും പോലുള്ള ജീവിതാവസ്ഥകളിൽ വ്യത്യസ്‌ത ജീവിതപശ്ചാത്തലങ്ങളിൽ, രാഷ്ട്രീയപശ്ചാത്തലങ്ങളിൽ മനുഷ്യൻ ജീവിക്കുകയും അതിജീവിക്കുകയും ചെയ്യുന്നതിന്റെ കഥകൾ തുടർന്നുള്ള അധ്യായങ്ങളിൽ അപഗ്രഥിക്കപ്പെടുന്നു. ഉദാഹരണത്തിന്, വർണവിവേചനവും അതിൽനിന്ന്‌  ഉടലെടുത്ത സംഘർഷങ്ങളും കൊടുമ്പിരിക്കൊണ്ട അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻപ്രവിശ്യകളിൽനിന്ന് ഉയർന്നുവന്ന  കലാകാരിയായ യൂഡോറാ വെൽറ്റിയെക്കുറിച്ചുള്ള പഠനം, ജ്വലിച്ചുനിൽക്കുന്ന പീഡാനുഭവങ്ങളിലൂടെയും സഹനത്തിലൂടെയുമുള്ള അതിജീവനത്തിന്റെ, ജീവിതതത്വശാസ്‌ത്രത്തിന്റെ കഥാലോകത്തെക്കുറിച്ച് വായനക്കാരന്റെ പ്രജ്ഞയെ ജാഗ്രത്താക്കുന്നു.
വി കെ എന്നിനെക്കുറിച്ചുള്ള ഏറ്റവും ശക്തവും പ്രൗഢഗംഭീരവുമായ പഠനമാണ് ‘മലയാളസാഹിത്യത്തിലെ ചിരിയുടെ മുഴക്കവും വറ്റിത്തീർന്ന കണ്ണുനീർത്തുള്ളി’യും  എന്ന അധ്യായം.  സാറാ ജോസഫിന്റെ പുതുരാമായണത്തെക്കുറിച്ചുള്ള  പഠനവും സർഗാത്മകസ്വാതന്ത്ര്യത്തിനുമേൽ നാൾക്കുനാൾ വിലക്കുകൾ വീണുകൊണ്ടിരിക്കുന്ന എഴുത്തുകാരന്റെ പൊള്ളുന്ന ഉൽക്കണ്ഠകളും ഗ്രന്ഥത്തെ കാലികവുമാക്കുന്നു. ചന്ദ്രമതിയുടെ ‘കഥയുടെ കഥ'യെന്ന സർഗക്രിയ,  അപനിർമാണത്തിനു വിധേയമാകുന്ന ധൈഷണികസ്വഭാവമുള്ള ഭ്രമകല്പനയിലുള്ള അവസാനഭാഗം കഥയുടെ കഥ പറയുന്ന ഈ അമൂല്യഗ്രന്ഥത്തെ അതിന്റെ അർഥപൂർണവും അനുഭൂതി സാന്ദ്രവുമായ സാക്ഷാൽക്കാരത്തിലെത്തിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top