08 December Wednesday

അഭയാർഥികളുടെ കാൽപ്പാടുകൾ

എം നന്ദകുമാർ nandankm@gmail.comUpdated: Sunday Oct 17, 2021

ഗുർണയുടെ രചനകൾ

ശരീരത്തിൽ തൊലിയുടെ നിറം കൊണ്ടെഴുതിയ തിക്താനുഭവങ്ങളുടെ പുരാവൃത്തമാണ്  നൊബേൽ  ജേതാവ്  അബ്‌ദുൾ റസാക്ക് ഗുർണയുടെ രചനകൾ. കീഴടങ്ങലിന്റെയും ഓടിപ്പോകലിന്റെയും ദിശാസൂചികകൾ നാട്ടിയ നാൽക്കവലകളാണ് ആ സാഹിത്യഭൂമിക. ഗുർണയുടെ ജന്മദേശമായ ടാൻസാനിയയുടെ ഭാഗമായ സാൻസിബാർ എന്ന ദേശത്തെ അനുഭവങ്ങൾ മുൻനിർത്തി ഗുർണയുടെ നോവലുകളെ പ്രശസ്ത കഥാകൃത്ത് എം നന്ദകുമാർ വിലയിരുത്തുന്നു

സാൻസിബാർ എന്ന സ്ഥലനാമത്തിന്‌ കറുത്തവരുടെ നാട് എന്ന് അർഥംപറയാം. കിഴക്കൻ ആഫ്രിക്കൻ രാഷ്ട്രമായ ടാൻസാനിയയുടെ ഭാഗം. ഈവർഷം സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച അബ്‌ദുൾറസാക്ക് ഗുർണയുടെ ജന്മദേശം. നൂറ്റാണ്ടുകളായി രാജ്യാന്തര വ്യാപാരങ്ങളിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നാണ് സാൻസിബാർ. 1499-ൽ കോഴിക്കോട്ടുനിന്നുള്ള മടക്കയാത്രയ്‌ക്കിടയിൽ വാസ്‌കോ ദ ഗാമ ഇടത്താവളമാക്കിയത്‌ ഈ തുരുത്തിനെയാണ്‌.

അതിനുശേഷം പോർച്ചുഗീസുകാരുടെയും പിന്നീട് ഒമാനി സുൽത്താന്മാരുടെയും 20–-ാം നൂറ്റാണ്ടിന്റെ പകുതിവരെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും ആധിപത്യത്തിനു കീഴിലായിരുന്നു ഈ ദ്വീപ്‌സമൂഹം. ബ്രിട്ടീഷുകാർ നിരോധിക്കുംവരെ ആഫ്രിക്കയിലെ അടിമക്കച്ചവടത്തിന്റെ പ്രമുഖ കേന്ദ്രങ്ങളിലൊന്ന് സാൻസിബാർ തീരങ്ങളായിരുന്നു. 1964ൽ കൊളോണിയൽ ശക്തികളിൽനിന്നും സ്വാതന്ത്ര്യം പ്രാപിച്ച് ഒരു മാസത്തിനകം ദ്വീപിൽ തദ്ദേശീയരുടെ വിപ്ലവം അരങ്ങേറി. അറബ്, ഏഷ്യൻ വംശജർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയുംചെയ്‌ത കലാപത്തിൽനിന്നും രക്ഷപ്പെടാൻ സ്വന്തം കഥാപാത്രങ്ങളെപ്പോലെ 18–-ാം വയസ്സിൽ ഗുർണ ബ്രിട്ടനിലേക്ക്‌ പലായനം ചെയ്തു. അദ്ദേഹത്തിന്റെ അക്ഷരലോകം അഭയാർഥികളുടെ സ്വത്വനഷ്ടങ്ങളെപ്പറ്റിയുള്ള വിഹ്വലചിത്രങ്ങളായി പരിണമിക്കുന്നതിന്റെ പശ്ചാത്തലം ഇതാണ്.

നൊബേൽ ലഭിക്കുംവരെ സാഹിത്യവൃത്തങ്ങൾ ഗുർണയുടെ പുസ്‌തകങ്ങളെ വലിയ ചർച്ചകൾക്ക്‌ വിധേയമാക്കിയിട്ടില്ല. ഇപ്പോൾ ആ നോവലുകൾ വായിച്ചുതുടങ്ങുമ്പോൾ രണ്ടുവർഷത്തെ ടാൻസാനിയൻ ജീവിതത്തിന്റെ ഓർമകൾ എനിക്കുള്ളിൽ മടങ്ങിയെത്തുന്നു. മറവിയിലാണ്ട അനുഭവങ്ങളുടെയും പൊയ്‌പ്പോയ ചങ്ങാത്തങ്ങളുടെയും നിഴലുകൾ സ്ഥലകാലത്തിന്റെ തിരശ്ശീലയിൽ മങ്ങിത്തെളിയുന്നു. ദാർ എസ് സലാമിൽനിന്നും സാൻസിബാറിലേക്ക്‌ പറക്കുന്ന കോസ്റ്റൽ എയർലൈനിന്റെ തകരക്കളിപ്പാട്ടം പോലെയുള്ള കൊച്ചുവിമാനങ്ങൾ. വിമാനത്തിന്റെ സീറ്റുകൾക്കടിയിൽ തിക്കിവച്ച പഴക്കുലകളും കോഴിക്കൂടുകളും. അവയ്‌ക്കിടയിൽ തറയിലിരിക്കുന്ന പർദയണിഞ്ഞ സ്‌ത്രീകളുടെ വാ തോരാത്ത സ്വാഹിലി കലപിലകൾ. കടൽക്കരയിൽ ടൂറിസത്തിന്റെയും സുഗന്ധദ്രവ്യങ്ങളുടെയും തെരുവുകളിലൂടെ അലഞ്ഞ സന്ധ്യകൾ. സാൻസിബാറിലെ പഴയ പട്ടണമായ സ്റ്റോൺ ടൗണിൽ ഓരോ ഗലികളുടെ ആരംഭങ്ങളിലുമുള്ള ചായപ്പീടികകൾ. കൽബഞ്ചുകളിലിരുന്ന്‌ സുലൈമാനി മൊത്തുകയും ഹുക്ക വലിക്കുകയും ചെയ്യുന്ന വൃദ്ധന്മാർ… സ്റ്റോൺ ടൗണിലെ ഒരിടത്ത് ഓരോ വീടിന്റെയും ഒന്നാം നിലകൾ വരാന്തകൾ വഴി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. പുരുഷന്മാർ താഴെയുള്ള പാതകളിലും കടകളിലും നിത്യവൃത്തിയുടെ ക്രമങ്ങളിലും കച്ചവടങ്ങളിലും മുഴുകുമ്പോൾ സ്‌ത്രീകൾ മട്ടുപ്പാവിലെ ഇടനാഴികളിലൂടെ പലഹാരങ്ങളും വർത്തമാനങ്ങളും പങ്കുവയ്‌ക്കുന്നു. ആ ഉപരിതല നഗരത്തിന്റെ വിചിത്രമായ വാസ്‌തുവിദ്യ ഇന്നോളം ആരുംപറയാത്ത ഏതോ അറബിക്കഥയെന്നപോലെ എനിക്ക്‌ ഇന്നും വിസ്‌മയമാണ്.

സഞ്ചാരിയുടെ ടൂറിസ്റ്റ് നോട്ടങ്ങൾക്കപ്പുറമുള്ള നിശിത യാഥാർഥ്യങ്ങളാണ് ഗുർണയുടെ കൃതികളിലെ മുഖ്യപ്രമേയം. അധിനിവേശത്തിന്റെ പ്രത്യാഘാതങ്ങൾ, സംസ്‌കാരങ്ങൾക്കും വൻകരകൾക്കും ഇടയിലെ അന്തരത്തിൽ അഭയാർഥിയുടെ വിധി- ഇവയെല്ലാം സൂക്ഷ്‌മ ഗ്രഹണത്തിനു വിധേയമാക്കുന്ന രചനകൾ എന്നാണ് നൊബേൽ പുരസ്‌കാര കമ്മിറ്റിയുടെ നിരീക്ഷണം. വേരുകൾ പറിച്ചെറിയപ്പെട്ടു പ്രവാസത്തിൽ ഏർപ്പെടുന്നവരുടെ വ്യഥകളാണ് ഗുർണയുടെ ആകാംക്ഷകൾ. ആശ്രയംതേടി എത്തിപ്പെടുന്ന രാജ്യങ്ങളിൽ വർണവിവേചനത്തിന്റെ അപമാനങ്ങൾ അവരെ കാത്തിരിപ്പുണ്ട്. പുതിയ പരിസരങ്ങൾക്ക് അനുസൃതമായി നിരന്തരം നിലനിൽപ്പിനെ പുതുക്കിപ്പണിയുമ്പോൾ സംഭവിക്കുന്ന നഷ്ടങ്ങളുടെ ആഘാതവും. ഉള്ളിൽ കലർപ്പുകൾ അടിഞ്ഞുകൂടുമ്പോൾ നിശ്ശബ്ദതയുടെയും സ്വയംവഞ്ചനയുടെയും പിറകിൽ ഒളിക്കേണ്ടിവരുന്നവരുടെ ശകലിത വ്യക്തിത്വങ്ങളെയാണ് ഈ നോവലുകൾ ആവിഷ്കരിക്കുന്നത്. അന്നേരം ആത്മഭാഷണത്തിൽ ഏർപ്പെടുന്നവർക്ക്‌ പേരുപോലും ഉണ്ടാകണമെന്നില്ല (Admiring Silence).

കീഴടങ്ങലിന്റെയും ഓടിപ്പോകലിന്റെയും ദിശാസൂചികകൾ നാട്ടിയ നാൽക്കവലകൾ നിറഞ്ഞതാണ് ഗുർണയുടെ സാഹിത്യഭൂമിക. ഇടം, സമയം, സംഭവങ്ങൾ എന്നിവയിലേക്ക് അറുതിയും പൊറുതിയുമില്ലാത്ത അലച്ചിലുകൾ പോലെയുള്ള കഥ പറച്ചിൽ രീതിയാണ് ഗുർണ അവലംബിക്കുന്നത്. പീഡനങ്ങളുടെ ചരിത്രത്തോട് ഒത്തുതീർപ്പില്ലാത്തതും കുരുതിയാക്കപ്പെട്ടവരോട്‌ സഹാനുഭൂതി പുലർത്തുന്നതുമായ വർണനകൾ. അഗാധമായ അനുകമ്പയിലൂടെ, അതിന് അനുയോജ്യമായ ആലോചനാരൂപമുള്ള ഒരു ഭാഷയുടെ ഗതിവേഗത്തിലൂടെ താളുകൾ മറിയുന്നു. ദൈനംദിന ജീവിതത്തിലെ പതിവുക്രിയകളിൽനിന്നും മനസ്സിന്റെ ദുർഘട വ്യൂഹത്തിലേക്കുള്ള ഗൂഢയാത്രകൾ ഏടുകൾക്കിടയിലുണ്ട്. ദാരിദ്ര്യം, അപകർഷത, കുറ്റബോധം, നിരാശ, വ്യർഥത, ഭയം എന്നിവയുടെ കെണികളിൽ കുടുങ്ങിപ്പോയ മനുഷ്യരുടെ ഏകാന്തത നമുക്കുള്ളിലും പടർന്നുപിടിക്കുന്നു. വായനക്കാർ പ്രതീക്ഷിക്കാത്ത അവസാനങ്ങളിൽ പൊടുന്നനെ കഥ ചെന്നുനിൽക്കുന്നു. ഈ ദുരിതാഖ്യാനങ്ങൾ നമുക്കിടയിൽ എന്നെന്നും തുടർന്നുപോകുകയാണെന്ന മട്ടിൽ.

ശരീരത്തിൽ തൊലിയുടെ നിറം കൊണ്ടെഴുതിയ തിക്താനുഭവങ്ങളുടെ പുരാവൃത്തം ഗുർണയുടെ വാക്യങ്ങളിലെ അടിയൊഴുക്കായി കണ്ടെത്താം. അതോടൊപ്പംതന്നെ മതാന്ധതയുടെ മൂടുപടങ്ങൾക്കുള്ളിലെ അനീതികൾ സ്വാഭാവികജീവിതമായി പേറേണ്ടിവരുന്ന സ്‌ത്രീകൾ, പട്ടിണിയും മർദനവും ഞെരിച്ചമർത്തിയ കുഞ്ഞുങ്ങൾ, സഹനത്തെ ന്യായീകരിക്കാൻ ഒരു ജനത സ്വയം പറഞ്ഞു ബോധിപ്പിക്കുന്ന നുണകൾ-‐ അസ്ഥി തുളച്ചിറങ്ങുന്ന യാതനയുടെ സ്‌മരണകൾക്കിടയിലും ഇരകളെ തീർത്തും നിഷ്‌കളങ്കരായല്ല ഗുർണ അവതരിപ്പിക്കുന്നത്. വരാനിരിക്കുന്ന ഏതോ അപകടത്തെ പ്രതീക്ഷിച്ചു ജീവിക്കുന്ന അഭയാർഥികൾക്ക് അനുനിമിഷം ഭീകരപ്രവർത്തനമായാണ് ലോകം അനുഭവപ്പെടുന്നത്. ഒരിക്കലും എത്തിച്ചേരാനാകാത്ത വിദൂരതയിലെ സ്ഥാനമായി ജന്മദേശം അവരുടെ സ്വപ്‌നത്തിൽ ആവർത്തിക്കുന്നു.

കിഴക്കൻ ആഫ്രിക്കയെക്കുറിച്ചുള്ള വെളുത്ത വാർപ്പുമാതൃകയിലുള്ള വിവരണങ്ങളിൽനിന്നും ഗുർണയുടെ രചനകൾ വിട്ടുമാറുന്നു. ആക്രമിച്ചു കൈയടക്കിയവരുടെ പരിഷ്‌കൃത ധാർഷ്ട്യം ഇരുണ്ട ഭൂഖണ്ഡമെന്ന്‌ അധിക്ഷേപിച്ച വൻകരയെ ചുറ്റിപ്പറ്റിയുള്ള വ്യവസ്ഥാപിത ധാരണകളെ അട്ടിമറിക്കുന്നവയാണ് അദ്ദേഹത്തിന്റെ ഭാവബോധം. കാൽക്കീഴിൽനിന്നും മണ്ണ് നഷ്ടപ്പെട്ട മനുഷ്യരുടെ ഒരിക്കലും തീരാത്ത ഉരിയാട്ടങ്ങളായി വ്യതിരിക്ത ജീവിതങ്ങൾ ഗുർണയുടെ എഴുത്തിൽ ചുരുൾ നിവരുന്നു. അപരിചിതമായ ഒരു പ്രദേശത്തിന്റെ നാനാപ്രകാരത്തിലുള്ള സാംസ്‌കാരിക വീഥികളിലേക്ക്‌ തുറക്കുന്ന ജാലകങ്ങളായും.

ദേശത്തിന്റെ വൈവിധ്യങ്ങളെ തകർത്തും ജനങ്ങളെ ഭിന്നിപ്പിച്ചുമാണ് ഏകാധിപത്യങ്ങൾ എല്ലായ്‌പ്പോഴും സിംഹാസനങ്ങൾ ഉറപ്പിക്കാൻ ശ്രമിക്കാറുള്ളത്. വർഗീയലഹളകളും അഭയാർഥി പ്രവാഹങ്ങളും ആസ്വദിച്ച്‌ പരമാധികാരം കൊണ്ടാടുന്ന ഭരണകൂടങ്ങളുടെ കാലത്ത്‌ ഗുർണയുടെ കൃതികൾ ഒട്ടേറെ വായനകൾക്ക്‌ വഴിതെളിക്കും. സമഗ്രാധിപത്യത്തിന്റെ ക്രൂരതകൾ തകർത്തെറിയുന്ന മനുഷ്യരുടെ ദുരന്തരേഖകളെന്ന നിലയ്‌ക്ക് നമുക്കുള്ള മുന്നറിയിപ്പുകൾ കൂടിയാണ് അവ. 

അബ്‌ദുൾറസാക്ക് ഗുർണയുടെ നോവലുകൾ: Memory of Departure, Pilgrims Way, Dottie, Paradise, Admiring Silence, By the Sea, Desertion, The Last Gift, Gravel Heart, Afterlives.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top