02 July Thursday

കൊറോണക്കാലത്തെ ഇരുട്ടും വെളിച്ചവും; മകളായി എത്തിയ ജർമൻ പെൺകുട്ടി - അശോകൻ ചരുവിൽ എഴുതുന്നു

അശോകൻ ചരുവിൽ ashokancharuvil@gmail.comUpdated: Sunday May 17, 2020

രഞ്ജിനി, നാദിയ, അശോകൻ, രാജ

ഈ ലോക്ക്‌‌ഡൗൺ കാലം  കഥാകൃത്ത്‌ അശോകൻ ചരുവിൽ എങ്ങനെയാണ്‌ വിനിയോഗിക്കുന്നത്‌? രാജ്യത്തും വിദേശത്തും നമ്മുടെ സഹോദരങ്ങൾ മരിച്ചുവീഴുന്ന കാലം. യുദ്ധങ്ങൾ രാജ്യാതിർത്തികൾ മാറ്റി വരച്ചതുപോലെ കോവിഡ്‌ അനന്തര കാലത്തും ചില മാറ്റങ്ങളുണ്ടാകുമെന്നും സാമൂഹ്യവ്യവസ്ഥകളിൽ മാറ്റം വരുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. സാമ്പത്തിക വ്യവസ്ഥകൾ ചോദ്യംചെയ്യപ്പെടുമെന്നും വിശ്വസിക്കുന്നു. ഈ ലോക്ക്‌‌ഡൗൺ കാലത്ത്‌ നഷ്‌ടപ്പെട്ട പൂരങ്ങളെക്കുറിച്ചും പള്ളിപ്പെരുന്നാളുകളെക്കുറിച്ചും, മകളായി എത്തിയ ജർമൻ പെൺകുട്ടിയെക്കുറിച്ചും പുരോഗമന കലാസാഹിത്യസംഘം ജനറൽ സെക്രട്ടറി കൂടിയായ അശോകൻ ചരുവിൽ എഴുതുന്നു

 
കഴിഞ്ഞ മാർച്ച് അഞ്ച്‌. പുലർച്ചെ രണ്ടു മണിക്ക് അലാറം വച്ച് ഉണർന്ന് കുളിച്ചൊരുങ്ങി നെടുമ്പാശേരി എയർപോർട്ടിലേക്ക് പുറപ്പെട്ടു. മകൻ രാജ ലണ്ടനിൽനിന്നും വരുന്നുണ്ട്. പുലർനേരത്തെ യാത്ര ഉന്മേഷകരമാണല്ലോ. വലിയ സന്തോഷമുള്ള ദിവസമായിരുന്നു അത്. വിദേശത്ത് ജോലി ചെയ്യുന്ന മക്കൾ നാട്ടിൽ വരുന്നത് ആദ്യത്തെ അനുഭവമല്ല. ഇത്തവണത്തെ പ്രത്യേകത മകന്റെകൂടെ അവന്റെ കൂട്ടുകാരിയും പ്രതിശ്രുത വധുവുമായ  ജർമൻ പെൺകുട്ടിയും ഉണ്ട് എന്നതാണ്.  സ്‌കൈപ്പിലൂടെയും മറ്റും കണ്ട് സംസാരിച്ചിട്ടുണ്ടെങ്കിലും അവളെ ആദ്യമായി നേരിൽ കാണാൻ പോവുകയാണ്.
 
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിലൂടെ കടന്നുപോകുമ്പോൾ വരാനിരിക്കുന്ന ഉത്സവകാലത്തെക്കുറിച്ച് ഓർത്തു. തൃശൂർ പൂരത്തിന്റെ പിറ്റേന്ന് തുടങ്ങി പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം കുട്ടിക്കാലം മുതലേ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമാണ്. സന്തോഷവും സൗന്ദര്യവും പകർന്നു കിട്ടുന്ന നാളുകൾ. നാട്ടിൽ പൂരക്കാലം തുടങ്ങിയിരുന്നു. കാട്ടൂരിൽ വീടിന്നടുത്ത പൊഞ്ഞനം ക്ഷേത്രത്തിൽ വേല കഴിഞ്ഞു. പൂരം കൊടികയറിയിരിക്കുന്നു. വാരാന്ത്യങ്ങളിൽ പള്ളികളിൽ പെരുന്നാളുകളുണ്ട്. വരാൻ പോകുന്ന പെൺകുട്ടിയോട് ഞങ്ങൾ വിളിച്ചു പറഞ്ഞിരുന്നു. പൂരക്കാലത്താണ് നിന്റെ വരവ്. വെയിലു കൊള്ളാൻ താൽപ്പര്യമുണ്ടോ? അയാം റെഡി എന്ന് അവൾ പൊട്ടിച്ചിരിച്ചു.
 
നാദിയയും രാജയും

നാദിയയും രാജയും

വിമാനത്താവളത്തിൽ എല്ലാ സംഗതികളും പതിവുപോലെ തന്നെ. പുലർച്ചയ്‌ക്കാണല്ലോ ഒട്ടുമിക്ക ഫ്ലൈറ്റുകളും വരുന്നത്. പ്രിയപ്പെട്ടവരെയും കാത്ത് സ്‌ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന നൂറുകണക്കിനു കുടുംബങ്ങൾ അറൈവൽ ഏരിയയിൽ കൂട്ടംകൂടി നിൽക്കുന്നു. ലഗേജുകൾ നിറച്ച ട്രോളിയുരുട്ടി ഓരോരുത്തരായി കടന്നു വരുന്നു. അകലെനിന്ന് ബന്ധുക്കളെ കണ്ട് കൈവീശി ചിരിക്കുന്നു. എയർപോർട്ട് ജീവനക്കാർ മാത്രമേ അന്ന് മാസ്‌ക്‌ ധരിച്ചിരുന്നുള്ളു.
 
കേരളത്തിന്റെ മഹത്തായ കോവിഡ് 19 പ്രതിരോധ പോരാട്ടം അപ്പോൾ ഒന്നാംഘട്ടം പിന്നിട്ടിരുന്നു. ഇന്ത്യയിൽ ആദ്യമായി ഈ മാരക വൈറസ് കടന്നു വന്നത് കേരളത്തിലേക്കാണല്ലോ. അതും ഞങ്ങളുടെ തൃശൂരിലേക്ക്. ചൈനയിലെ വുഹാനിൽനിന്ന് വന്ന വിദ്യാർഥികളെ കരുതലോടെ പിന്തുടർന്നു. രോഗബാധ സ്ഥിരീകരിച്ചതോടെ കേരളത്തിലെ പൊതുജനാരോഗ്യരംഗം സജീവമായി. രണ്ടു മന്ത്രിമാർ തൃശൂരിൽ പാഞ്ഞെത്തി അർധരാത്രിയിൽ തന്നെ കലക്ടറേറ്റിൽ യോഗം ചേർന്ന് ഒരുക്കിയ യുദ്ധസന്നാഹത്തിന്റെ മുമ്പിൽ വൈറസ് അടിപതറി. മഹാമാരിയെ തുടക്കത്തിൽ തന്നെ പിടിച്ചുകെട്ടിയതിന്റെ ആവേശത്തിലും ആത്മബലത്തിലുമായിരുന്നു അന്ന് കേരളം.
 
കോവിഡ് പ്രതിരോധം ഒന്നാംഘട്ടത്തിനുശേഷം ഞാൻ ഒരു വിദേശയാത്ര നടത്തിയിരുന്നു. ഫെബ്രുവരിയിൽ യുഎഇയിലേക്ക്. അന്ന് നേരത്തേ എത്തി നെടുമ്പാശേരി എയർപോർട്ടിൽ കാത്തിരിക്കുമ്പോൾ എയർ ഏഷ്യയിൽ ജോലി ചെയ്യുന്ന യുവാവിനെ പരിചയപ്പെട്ടിരുന്നു. ധരിച്ചിരുന്ന മാസ്‌കിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കിയതുകൊണ്ടാകണം അദ്ദേഹം പറഞ്ഞു: "ഇവിടെ ഇപ്പോഴും കർശന സുരക്ഷയും ആശങ്കയുമാണ്. ചൈനയിൽനിന്നുള്ള യാത്രക്കാർ പലവഴിക്ക് ഇവിടെ വരുന്നുണ്ട്.’
 
അക്കാലത്ത് ലോകത്തിന്റെ മുമ്പാകെ ചൈന മാത്രമായിരുന്നു പ്രശ്നം. ആ രാജ്യം തികച്ചും ഒറ്റപ്പെട്ടിരുന്നു. ചൈന തകരുന്നു. അതിജീവിക്കുമോ? എന്ന മട്ടിലുള്ള വാർത്തകളും വിശകലനങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
 
യുഎഇയിൽ ചെന്നിറങ്ങിയ ഷാർജ എയർപോർട്ടിലോ, തിരിച്ചുപോന്ന അബുദാബി എയർപോർട്ടിലോ പതിവുവിട്ടുള്ള സുരക്ഷാ പരിശോധനകൾ ഉണ്ടായിരുന്നില്ല. പക്ഷേ കേരളത്തിൽ നെടുമ്പാശേരിയിൽ ഇറങ്ങിയപ്പോൾ സംഗതി മാറി. പുലർച്ചയ്‌ക്കാണ് എത്തിയത്. ഒരു വലിയ മെഡിക്കൽ സംഘം ഉറക്കമൊഴിച്ച് കാത്തിരിക്കുന്നുണ്ടായിരുന്നു.
 
മാർച്ച് അഞ്ചിലേക്ക് തിരിച്ചു വരാം. മകൻ വരുന്ന ഖത്തർ എയർലൈൻസിന്റെ വിമാനം എത്തിയ വിവരം ഇൻഫർമേഷൻ സ്‌ക്രീനിൽ തെളിഞ്ഞു. പക്ഷേ അതുകഴിഞ്ഞ് ഒരു മണിക്കൂർ പിന്നിട്ടിട്ടും അവർ പുറത്തുവന്നു കണ്ടില്ല. ഡ്യൂട്ടീ ഫ്രീ ഷോപ്പിങ്‌‌ ഏരിയയിൽ ചുറ്റിക്കറങ്ങുകയാകും എന്നു സമാധാനിച്ചുനിന്നു. ഉൽക്കണ്ഠകളെ ശമിപ്പിച്ചു കൊണ്ട് അകലെ രണ്ടുപേർ കൈ ഉയർത്തി. അടുത്തുവന്ന് മകൻ പറഞ്ഞു.
 
"വലിയ പരിശോധനയായിരുന്നു. എവിടെയൊക്കെ പോയി എന്നാണറിയേണ്ടത്. വീട്ടുകാരുടേയും നാട്ടുകാരുടേയുമെല്ലാം ഫോൺ നമ്പർ എഴുതിയെടുത്തിട്ടുണ്ട്."
 
കടന്നു പോന്ന മറ്റ് എയർപോർട്ടുകളിലൊന്നും കാണാത്ത മട്ടിലുള്ള പരിശോധന ജർമൻ പെൺകുട്ടിയേയും ആശ്ചര്യപ്പെടുത്തിയിരുന്നു. നാദിയ എന്നാണ് അവളുടെ പേര്. സ്‌നേഹവും പൊട്ടിച്ചിരിയും എന്നാണ് ആ പേരിന്റെ അർഥമെന്ന് ഞാൻ സങ്കൽപ്പിക്കുന്നു. കൊറോണക്കാലത്തെ അനിശ്ചിതത്വത്തിനും മരവിപ്പിനും ഇടയിൽ ഞങ്ങൾക്ക് കിട്ടിയ സമ്മാനമായി മാറി അവൾ. വീട് പതിവിൽ കവിഞ്ഞ് ജൈവമായതു പോലെയായി. എനിക്കും രഞ്‌ജിനിക്കും രണ്ട് ആൺകുട്ടികളാണ്. ഒരു മകൾ എന്നാൽ എത്രമാത്രം വിലപിടിച്ച സമ്പത്താണെന്ന് ശരിക്കും ബോധ്യപ്പെട്ടു. മാത്രമല്ല സ്‌നേഹത്തിന് രാജ്യത്തിന്റെയോ മതത്തിന്റെയോ അതിർത്തികൾ ഇല്ല എന്നും. ഒരുപക്ഷേ തന്നിൽ കലർന്ന സംസ്‌കാരങ്ങളുടെ സമന്വയമാകാം ഈ പെൺകുട്ടിയെ ഇത്രമാത്രം സ്‌നേഹസമ്പന്നയാക്കിയത്. ജർമൻ പൗരയാണെങ്കിലും നാദിയയുടെ വേരുകൾ രണ്ട് ഭൂഖണ്ഡങ്ങളിലാണ് കിടക്കുന്നത്. അമ്മ പോളിഷ് വംശജ. അച്ഛൻ അൾജീരിയയിൽനിന്ന്. അവൾ പറഞ്ഞു: അമ്മ ക്രിസ്‌തുമത വിശ്വാസി. അച്ഛൻ മുസ്ലിം. ഞങ്ങൾ മക്കൾ എല്ലാ മതങ്ങളിലും വിശ്വസിക്കുന്നു.
 
മാർച്ച് അഞ്ചിന് കേരളത്തിൽ എയർപോർട്ടുകളിലൊഴികെ കർശന നിരീക്ഷണം ആരംഭിച്ചിരുന്നില്ല. സാമൂഹ്യജീവിതം സാധാരണ മട്ടിലായിരുന്നു. അതുകൊണ്ട് പുതിയ പെൺകുട്ടിയെ കാണാൻ അയൽക്കാരും ബന്ധുക്കളും വന്നു. അവരും പുറത്ത് പലയിടത്തേക്കും യാത്ര ചെയ്തിരുന്നു. വെയിലുകൊണ്ട് ജലദോഷം പിടിച്ചാൽ എയർപോർട്ടിൽ കടക്കാൻ പറ്റില്ല എന്നറിയാവുന്നതുകൊണ്ട് ഉത്സവപ്പറമ്പുകളിലെ വെയിൽ കൊള്ളാൻ പോയില്ല എന്നു മാത്രം.
 
പക്ഷേ രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും അന്തരീക്ഷം കലുഷിതമായി. കേരളത്തിൽ രോഗവ്യാപനത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. എയർപോർട്ടിൽ കൊടുത്ത രേഖകൾ പരിശോധിച്ച് ആരോഗ്യ പ്രവർത്തകർ ബന്ധപ്പെട്ടു. കാട്ടൂർ പോലീസ് എസ്ഐ എന്നെ വിളിച്ചു. ആശാവർക്കർ വീട്ടിൽ വന്നു. പഞ്ചായത്ത് മെമ്പർ ഹൈദ്രോസ് അയൽക്കാരനാണ്. അദ്ദേഹം നിത്യേന വന്നു ക്ഷേമാന്വേഷണം നടത്തി. വിദേശത്തുനിന്നു വന്നവർക്ക് ഇരുപത്തിയെട്ടു ദിവസത്തെ ക്വാറന്റൈൻ ആണ് ആരോഗ്യ വകുപ്പ് (ദിശ) നിർദേശിച്ചത്. താമസിയാതെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. എല്ലാവരും ഒന്നിച്ച് വീട്ടിലിരിപ്പായി.
 
രണ്ടു ദിവസത്തിലേറെ ഒരിടത്ത് ഇരിപ്പുറയ്‌ക്കാത്ത ആളാണ് ഞാൻ. സഞ്ചരിച്ചുകൊണ്ടിരിക്കണം. കുട്ടിക്കാലം മുതലേയുള്ള സ്വഭാവമാണ്. ഇപ്പോൾ മീറ്റിങ്ങുകൾക്കും സാംസ്‌കാരിക സംഘടനാ പ്രവർത്തനങ്ങൾക്കുമായിട്ടാണ് യാത്രയെങ്കിൽ പണ്ട് അത് സുഹൃത്തുക്കളെ സന്ദർശിക്കാനായിരുന്നു. ഒന്നിനുമല്ലാതെയും കുറെ അലഞ്ഞു നടന്നിട്ടുണ്ട്. നാദിയയുടെ സാന്നിധ്യമാണ് ഈ അടച്ചിരിപ്പിന്റെ അനിശ്ചിതത്വത്തെ മറികടക്കാൻ സഹായിച്ചത് എന്നു നിശ്ചയമായും പറയാം. ജർമനിയിലാണ് ജീവിക്കുന്നതെങ്കിലും അവൾ അസ്സലായി ഇംഗ്ലീഷ് സംസാരിക്കും. അത്ഭുതമെന്ന് പറയട്ടെ എന്റെ ബ്രോക്കൺ ഇംഗ്ലീഷ് അവൾക്ക് മനസ്സിലാവുകയും ചെയ്യൂം. കാണുന്നതെല്ലാം കൗതുകമായതുകൊണ്ടും ഇഡ്ഡലിയും സാമ്പാറും ചേമ്പും കാവത്തും ഇഷ്ടപ്പെട്ടു പോയതുകൊണ്ടും അവൾക്ക് അശേഷം മടുപ്പില്ല.
 
കേരളം ഭദ്രമായാലും മലയാളിക്ക് സമാധാനപ്പെടാനാകില്ലല്ലോ. രണ്ടാമത്തെ മകൻ ഹരികൃഷ്ണൻ ഇപ്പോഴും ജർമനിയിൽ തുടരുകയാണ്. അവിടുത്തെ റോസ്റ്റാക്ക് യൂണിവേഴ്സിറ്റിയിൽ അറ്റ്മോസ്‌ഫെറിക് ഫിസിക്‌സിൽ ഗവേഷണം നടത്തുകയാണ് അയാൾ. എല്ലാ ദിവസവും മെസഞ്ചറിൽ വിളിക്കും. പിന്നെ നീണ്ട സമയത്തെ കുടുംബ സമ്മേളനം. കോവിഡ് പ്രതിരോധത്തിൽ കേരളം പോലെ മുൻനിരയിലാണ് ജർമനിയെന്ന് അയാൾ പറയുന്നു. മരണനിരക്ക് തീരെ കുറവ്. രണ്ട് സ്‌ത്രീകളാണ് പുതിയ പോരാളികൾ. ആംഗല മെർക്കലും  ശൈലജയും. വിഷയം ഫിസിക്‌സാണെങ്കിലും പൊളിറ്റിക്‌സും സോഷ്യൽ മീഡിയയുമാണ് ഗവേഷകന്റെ ലോകം.
 
അടച്ചിരിപ്പു കാലം എഴുത്തിനെ സഹായിക്കുന്നുണ്ടോ എന്ന് പല സുഹൃത്തുക്കളും ചോദിക്കുന്നുണ്ട് പ്രൊഫഷണൽ റൈറ്റർമാർ ഈ കാലം ഉപയോഗപ്പെടുത്തുന്നുണ്ടാകാം. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം എന്തെങ്കിലും എഴുതി അവിടെനിന്ന് അതിവേഗം ജീവിതത്തിന്റെ ബഹളങ്ങളിലേക്ക് രക്ഷപ്പെടുന്നവരുടെ കൂട്ടത്തിലാണ് ഞാൻ. എഴുതാനിരുന്നാൽ എഴുത്ത് നമ്മെ വലിച്ചുകൊണ്ടു പോയ്‌ക്കളയും എന്ന ഒരു പ്രശ്നമുണ്ട്.
 
അങ്ങനെ വേർപെട്ടു നിൽക്കാവുന്ന കാലമാണോ ഇത്? ഈ വർത്തമാനപ്രപഞ്ചം നഷ്ടപ്പെട്ടു കൂടാ. ഇവിടെ ജീവിച്ചിരിക്കെ നമ്മൾ സാക്ഷിയാവാതെ ഈ കാലത്തെ പോകാൻ വിട്ടു കൂടാ. കാരണം ഇത് വലിയൊരു പ്രതിസന്ധിയാണ് എന്നതുപോലെ വലിയൊരു വഴിത്തിരിവുമാണ്. ലോകത്തെ കാൽച്ചുവട്ടിൽ നിർത്തിയ അധികാരങ്ങളും അഹന്തകളും അമ്പരന്നു നിൽക്കുന്നു. ലാഭം മാത്രം മുന്നിൽ കാണുന്ന സ്വകാര്യ കോർപറേറ്റ് മൂലധനം നിർണായക ഘട്ടങ്ങളിൽ നിഷ്‌പ്രഭമാകുമെന്ന് തെളിഞ്ഞിരിക്കുന്നു. അമേരിക്ക പരാജയപ്പെടുന്നിടത്ത് കൊച്ചു കേരളം വിജയിക്കുന്നു.
 
ഈ പ്രതിസന്ധിഘട്ടത്തെയും മനുഷ്യവംശം അതിജീവിക്കും എന്നതിൽ സംശയമില്ല. കുറേയേറെ സഹോദരങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു എന്ന പ്രശ്നമുണ്ട്. ഇനിയും ആരൊക്കെ? ബാക്കിയാവുന്ന മനുഷ്യരുടെ മുന്നിൽ ഒരു പുതിയ ലോകമാണുണ്ടാവുക. ലോകമഹായുദ്ധങ്ങൾക്കു ശേഷം ലോക ഭൂപടം മാറ്റി വരയ്‌ക്കപ്പെട്ടുവല്ലോ. ഇത്തവണ ഭൂപടങ്ങൾക്ക് മാറ്റമുണ്ടാവില്ലായിരിക്കാം. പക്ഷേ ഭൂമിക്ക് മാറ്റമുണ്ടാവും. സാമൂഹ്യ വ്യവസ്ഥകൾ മാറും. മേധാവിത്വം വഹിക്കുന്ന സാമ്പത്തിക വ്യവസ്ഥകൾ ജനങ്ങളാൽ ചോദ്യം ചെയ്യപ്പെടും. മനുഷ്യൻ, സമൂഹം, സംസ്‌കാരം; എന്താണ് ജീവിതം? ലക്ഷ്യം? സംതൃപ്തി? എല്ലാം പുനർനിർണയിക്കപ്പെടും. 
ശ്രദ്ധ പാളാതെ കാതോർത്തിരിക്കണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top