02 July Thursday

ആദ്യപതിപ്പുകൾ ഏറെ‌; പ്രിയം ഖസാക്കിനോട്‌

സജില്‍ ശ്രീധര്‍ sajilsreedhar@gmail.comUpdated: Sunday May 17, 2020

സാഹിത്യ ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ പല പുസ്‌തകങ്ങളുടെ ആദ്യ പതിപ്പുകൾ സൂക്ഷിക്കുന്നതിൽ അഭിമാനിക്കുന്നു സംവിധായകൻ ഹരികുമാർ. അപൂർവങ്ങളായ പുസ്‌തകങ്ങളും സുവനീറുകളും കൈവശമുണ്ടെങ്കിലും ആറു രൂപകൊടുത്തു വാങ്ങിയ ഖസാക്കിന്റെ ഇതിഹാസത്തിന്റെ ആദ്യപതിപ്പിനോട്‌ അദ്ദേഹത്തിന്‌ പ്രിയമേറെ

 
പിൽക്കാലത്ത് ചരിത്രമായി മാറിയ പല പുസ്‌തകങ്ങളുടെയും ആദ്യപതിപ്പുകളുടെ ഉടമയെന്നതിൽ അഭിമാനിക്കുന്ന വായനക്കാരനാണ്‌ ചലച്ചിത്ര സംവിധായകൻ ഹരികുമാർ. അദ്ദേഹത്തിന്റെ ശേഖരത്തിൽ ഖസാക്കിന്റെ ഇതിഹാസവുമുണ്ട്‌. ഒ വി വിജയൻ തന്നെ രൂപകൽപ്പന ചെയ്‌ത പുറംചട്ടയുള്ള  ഈ പതിപ്പിന് 52 വർഷം മുമ്പ്‌ വില ആറ്‌ ഉറുപ്പിക.
   
സമീപകാലത്ത് ഖസാക്കിന്റെ അരനൂറ്റാണ്ട്  വിപുലമായി കൊണ്ടാടി. അഞ്ച്‌ പതിറ്റാണ്ടിനുള്ളിൽ ഖസാക്കിനെക്കുറിച്ച് എത്രയെത്ര പഠനങ്ങൾ. ഇന്നും ഖസാക്ക് പുതിയ പുതിയ പഠനങ്ങൾക്ക് വിധേയമാകുന്നു.  അരനൂറ്റാണ്ടിനിടയിൽ ഇത്രയേറെ പതിപ്പുകൾ ഇറങ്ങിയ കൃതികൾ മലയാളത്തിൽ അധികമില്ല. ദാർശനിക ധ്വനികളുള്ള ഒരു കൃതി ഇത്രമേൽ വിറ്റഴിക്കപ്പെടുന്നതും ജനകീയമാകുന്നതും സമാനതകളില്ലാത്ത അത്ഭുതം.
 
തൃശൂർ കറന്റ്‌  ബുക്‌സ്‌ 52 വർഷങ്ങൾക്ക് മുൻപ് പുറത്തിറക്കുമ്പോൾ  2000 കോപ്പിയാണ്   അച്ചടിച്ചിരുന്നത്. പുസ്‌തകത്തിന്റെ പുറംചട്ടയിൽ ഗ്രന്ഥകാരന്റെ പേര്‌ ഒ വി വിജയൻ എന്നല്ല, വിജയൻ എന്ന് മാത്രം.  പിന്നീട് ഒട്ടേറെ പ്രതിഭാശാലികൾ ഖസാക്കിന്റെ ഇതിഹാസത്തിന്റെ പുറംചട്ട രൂപകൽപ്പനചെയ്‌തു. വിജയൻ, ഒ വി വിജയൻ എന്ന പേരിൽ  പ്രസിദ്ധനായി. അപ്പോഴേക്കും ആദ്യപതിപ്പും അതിന്റെ കവർചിത്രവും ഏറെക്കുറെ വിസ്‌മൃതമായിരുന്നു. ഇങ്ങനെയൊരു കവർചിത്രത്തെ ഓർമിക്കുന്നവരോ അത് സൂക്ഷിക്കുന്നവരോ ഹരികുമാറിനെപ്പോലെ അപൂർവമായിട്ടുണ്ടാകാം.
  
ഹരികുമാർ തന്റെ ലോക്ക്ഡൗൺ കാല വായനയുടെ ഭാഗമായി ഹോംലൈബ്രറിയിലെ പുസ്‌തകത്തിരച്ചിലിനിടയിലാണ്‌  ഖസാക്കിന്റെ പഴയ പതിപ്പ് കണ്ണിലുടക്കിയത്‌. കാലമേൽപ്പിച്ച പരിക്കുകളുണ്ടതിന്‌. അദ്ദേഹത്തിന്റെ പക്കൽ തന്നെ ഖസാക്കിന്റെ നിരവധി പുതിയ പതിപ്പുകളുമുണ്ട്. അവയൊക്കെ ആവർത്തിച്ചുള്ള വായനയ്‌ക്കായി എടുക്കുമ്പോഴും ആദ്യപതിപ്പ് ഹരികുമാർ ഒരു നിധി പോലെ  സൂക്ഷിക്കുന്നു.  വിജയന്റെ കരസ്‌പർശമുള്ളതാണ്‌ ഈ പതിപ്പെന്ന് ഹരികുമാർ.  
സാഹിത്യ കുതുകിയായ ഹരികുമാറിന്റെ സ്വകാര്യശേഖരത്തിൽ മലയാളത്തിലെയും പാശ്ചാത്യസാഹിത്യത്തിലെയും അമൂല്യമായ ഒട്ടേറെ കൃതികളുടെ ആദ്യപതിപ്പുകളുണ്ട്.
 
സ്‌കൂൾ പഠനം കഴിഞ്ഞിറങ്ങിയ കാലത്താണ് ഹരികുമാർ ഖസാക്ക്‌ സ്വന്തമാക്കുന്നത്. അതിലേക്ക് നയിച്ച സാഹചര്യം അദ്ദേഹം  ഓർക്കുന്നു...
 
‘‘ഞാനന്നും ധാരാളം വായിക്കാറുണ്ട്‌.ആനുകാലികങ്ങളെല്ലാം വാങ്ങും. മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ തുടർച്ചയായി വന്നപ്പോൾ തന്നെ അത്ഭുതമായിരുന്നു. പുസ്‌തകം വാങ്ങിയത്‌ തിരുവനന്തപുരം സ്റ്റാച്ച്യൂവിലുള്ള കടയിൽ നിന്ന്‌.   അന്ന് മലയാള നോവൽ സാഹിത്യത്തിലെ നാഴികക്കല്ല് എന്ന പദവിയിലേക്ക് ഖസാക്ക് ഉയരുമെന്നൊന്നും കരുതിയിരുന്നില്ല.  ദസ്‌തയേവ്‌സ്‌കിയുടെ കാരമസോവ് സഹോദരൻമാർ, കുറ്റവും ശിക്ഷയും എന്നിവയുടെ മലയാള പരിഭാഷകൾ അക്കാലത്ത് വാങ്ങിയതാണ്. ''
 
ചിത്രലേഖ ഫിലിം സൊസൈറ്റി പ്രസിദ്ധീകരിച്ച സുവനീർ  ഇന്നും ശേഖരത്തിലുണ്ട്. സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളായ അടൂരിന്റെ പക്കൽ പോലും അതിന്റെ കോപ്പിയില്ല.  അന്നതിന്റെ വില 50 പൈസ.  അന്ന് സിനിമയെക്കുറിച്ച് ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിക്കുന്നത് അപൂർവം. ഈ സുവനീറിൽ നിറയെ സിനിമാ സംബന്ധിയായ ലേഖനങ്ങളാണ്. 1965ലെ സുവനീർ പഴവങ്ങാടിയിൽ ഉണ്ടായിരുന്ന സെക്കൻഡ് ഹാൻഡ് പുസ്‌തകക്കടയിൽനിന്നാണ്‌ കിട്ടുന്നത് 1970ൽ.
 
എ അയ്യപ്പൻ എഡിറ്റ് ചെയ്‌ത ‘അക്ഷരം' മാസികയുടെ ആദ്യപതിപ്പും ഹരികുമാറിന്റെ പക്കലുണ്ട്‌.  ‘‘അയ്യപ്പൻ അങ്ങനെയൊരു മാസിക ഇറക്കിയ വിവരം അറിയുന്നത്‌ അന്നും ഇന്നും  കുറച്ചുപേർക്ക്‌ മാത്രം.’’
 
അയ്യപ്പപണിക്കർ പുറത്തിറക്കിയ കേരളകവിത മാസികയും  എൻ എൻ പിള്ളയുടെ നാടകദർപ്പണവും അടക്കം  അമൂല്യമായ പലതും ശേഖരത്തിലുണ്ടെങ്കിലും ഖസാക്കാണ് എന്നും ഹരികുമാറിന്റെ ഫേവറിറ്റ്. ഖസാക്കിന് പ്രധാന പുരസ്‌കാരങ്ങളൊന്നും ലഭിച്ചിട്ടില്ല. ആകെ ലഭിച്ച അംഗീകാരം മുട്ടത്തു വർക്കി അവാർഡ്‌. പുരസ്‌കാരങ്ങളല്ല മികവിന്റെ മാനദണ്ഡം എന്ന് ഖസാക്ക്‌ നമ്മെ ഓർമിപ്പിക്കുന്നു. 
 
ആദ്യപതിപ്പുകളുടെ ആരാധകനായ ഹരികുമാറിന് ഒരു അവസാന പതിപ്പിന്റെയും സൂക്ഷിപ്പുകാരനാകേണ്ടി വന്നു. 
 
‘‘ഒരു പ്രസിദ്ധീകരണം നിർത്തുമ്പോൾ അവർ ആരെയും അറിയിക്കാതെ അവസാനിപ്പിക്കുകയാണ് പതിവ്. എന്നാൽ ഇലസ്ട്രേറ്റഡ് വീക്‌ലി വിടവാങ്ങൽ പതിപ്പോടുകൂടിയാണ്‌ പ്രസിദ്ധീകരണം നിർത്തിയത്‌. ആ  സ്‌പെഷ്യൽ പതിപ്പും ശേഖരത്തിലുണ്ട്‌’’–-- സാഹിത്യചരിത്രത്തിനൊപ്പം സഞ്ചരിക്കുന്ന ആ മികച്ച വായനക്കാരൻ പുഞ്ചിരിയോടെ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top