14 July Tuesday

ലോക്ക്‌‌ഡൗണില്ലാത്ത സ്‌നേഹവായ്‌പ്‌

ജസ്‌ന ജയരാജ്‌ jas33jay@gmail.comUpdated: Sunday May 17, 2020

കശ്‌മീരി വിദ്യാർഥികളായ ഉമർ ഫാറൂഖും ഇല്യാസ്‌ ഫയാസും (ഇടത്തുനിന്ന്‌ നാലാമതും അഞ്ചാമതും) സഹപാഠി ബ്രിൽസ്‌ സോജനും (വലത്തെ അറ്റം) കുടുംബാംഗങ്ങൾക്കുമൊപ്പം

കണ്ണൂരിലെ കണിച്ചാർ ഗ്രാമത്തിലെ ഈ വീട്ടിൽ ലോക്ക്‌ഡൗണിൽ രണ്ട്‌ കശ്‌മീരി വിദ്യാർഥികൾ ഉണ്ടായിരുന്നു. അതിഥികളായല്ല,  കുടുംബാംഗങ്ങളായിത്തന്നെ.  വിലങ്ങുകളും വിലക്കുകളും വെടിയൊച്ചയുമൊന്നുമില്ലാത്ത കേരളത്തിന്റെ സ്വച്ഛത അവർ ആവോളം നുകർന്നു.  അപരിചിതരുമായി ഹൃദ്യമായ ആത്മബന്ധം സ്ഥാപിച്ചു. അവരെക്കുറിച്ചും  അവർക്ക്‌ അവിസ്‌മരണീയമായ റമദാൻ കാലം ഒരുക്കിയ വീടിനെക്കുറിച്ചും

 

ഭക്ഷണം വിളമ്പുമ്പോഴോ തുണി അലക്കാൻ തുടങ്ങുമ്പോഴോ എപ്പോഴാണ് ഉമറും ഇല്യാസും തന്നെ അമ്മേ എന്ന് വിളിച്ചുതുടങ്ങിയതെന്ന് സ്വർണയ്‌ക്ക്‌ അറിയില്ല. സ്വന്തം മക്കൾ മമ്മിയെന്ന് വിളിക്കുമ്പോഴും മലയാളം അറിയാത്ത കശ്‌മീരി പിള്ളേർ അമ്മയെന്ന് വിളിക്കാനുള്ള മലയാളം എങ്ങനെ പഠിച്ചെന്ന് സ്വർണ ചോദിച്ചിട്ടുമില്ല. അത്രമേൽ ഹൃദ്യമായ ആത്മബന്ധങ്ങളാണ്  ലോക്ക്‌ഡൗൺ കാലം ഈ മനുഷ്യർക്ക്‌ നൽകിയത്‌.  

ദേശത്തിനും മതത്തിനും ഭാഷയ്‌ക്കുമെല്ലാം മീതെ ഒരു ദുരിതകാലത്തെ ഒരുമിച്ച് നേരിടാൻ  മനുഷ്യൻ  മനുഷ്യന് എങ്ങനെ തുണയാകണമെന്നതിന്റെ പാഠം കണ്ണൂർ കണിച്ചാറിലെ നെല്ലിക്കുന്നേൽ വീടും വീട്ടുകാരും നമുക്ക് കാണിച്ചു തരുന്നു. സ്വന്തം നാട്ടിലെ ആജീവനാന്ത ലോക്ക്‌ഡൗൺ ഞെരുക്കങ്ങളിൽനിന്ന്  കേരളത്തിന്റെ സ്വച്ഛതയിലെത്തിപ്പെട്ട രണ്ട് വിദ്യാർഥികളുടെ അനുഭവം  ആ പാഠത്തിന് കരുത്താകുന്നു.
 
കണ്ണൂർ ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിങ് കോളേജിലെ രണ്ടാം വർഷ സിവിൽ എൻജിനിയറിങ് വിദ്യാർഥികളാണ് കണിച്ചാർ സ്വദേശി ബ്രിൽസ് സോജനും കശ്‌മീർ സ്വദേശികളായ ഉമർ ഫാറൂഖും ഇല്യാസ് ഫയാസും.  
കോവിഡ് ജാഗ്രതയെ തുടർന്ന്  കോളേജ്  അടച്ചു. നാട്ടിലേക്ക് മടങ്ങാൻ ഉമറും ഇല്യാസും എടുത്ത വിമാന ടിക്കറ്റ്‌ വെറുതെയായി.  ഇരുവരും ഹോസ്റ്റലിൽ കുടുങ്ങി. സുഹൃത്ത് ബ്രിൽസിനൊപ്പം കണിച്ചാർ വളയഞ്ചാലിലെ നെല്ലിക്കുന്നേൽ വീട്ടിലേക്ക് പുറപ്പെടുമ്പോൾ 42 ദിവസം അവിടെ തങ്ങേണ്ടി വരുമെന്ന് അവർ കരുതിയിരുന്നില്ല.
 

സ്‌നേഹത്തിന്റെ രുചികൾ

 

നെല്ലിക്കുന്നേൽ വീട്ടിൽ അവർക്ക് എല്ലാം പുതിയ അനുഭവങ്ങൾ. പഴുത്ത ചക്കയും മാങ്ങയും മുതൽ ആകാശത്തേക്ക് നീണ്ടുവളർന്ന നിൽക്കുന്ന തെങ്ങിൽ കയറി തേങ്ങയിടുന്ന ആൾവരെ  കൗതുകമേകി.  അതിഥികളായി ഇരുവരും ചടഞ്ഞിരുന്നില്ല. നെല്ലിക്കുന്നേൽ വീട്ടിലും പരിസരത്തും അവർ ബ്രിൽസിനൊപ്പം നടന്നു. വീട്ടുകാർക്കൊപ്പം മിക്ക ദിവസങ്ങളിലും കൃഷിയിടം നനച്ചു. വിറക് അടുക്കി. തേങ്ങ പെറുക്കിക്കൂട്ടി. ഓരോ നിമിഷും അവർ ആസ്വദിച്ചു. ആദ്യമായി കഴിച്ച കരിക്കിന്റെ മധുരത്തിനൊപ്പം അവയെല്ലാം  ഹൃദയത്തിൽ ചേർത്തുവച്ചു
 
"ഇഷ്ടമുള്ളതൊക്കെ കടയിൽനിന്ന് വാങ്ങിച്ചാണ് അവർ തിന്നോണ്ടിരുന്നത്. അതില്ലാണ്ടായപ്പിന്നെ എന്താ ചെയ്യാ... വേറെ നാട്ടിൽനിന്നുള്ള കുട്ടികളല്ലേ. ഓർത്തപ്പോ സങ്കടം തോന്നി. അതാ ഒന്നും നോക്കാണ്ട് ബ്രിൽസിനോട് ഇങ്ങോട്ട് കൂട്ടിക്കോളാൻ പറഞ്ഞത്–- സ്വർണ പറഞ്ഞു.
  
അവർക്കായി ആ അമ്മ ചപ്പാത്തിയും പൊന്നിയരിച്ചോറും കുരുമുളകിട്ട ബീഫും വറുത്തരച്ച ചിക്കൻ കറിയും ദാൽ കറിയും മാറി മാറിയുണ്ടാക്കി. പഴംപൊരിയും കടലമസാലയും ചൂടോടെ വിളമ്പി. മൂന്ന് നാല് തവണ നെയ്ച്ചോറും ഫ്രൈഡ് റൈസുമുണ്ടാക്കി.  കേരളം സമ്മാനിച്ച പൊറോട്ട പ്രേമം മനസ്സിലാക്കി  യൂട്യൂബ് നോക്കി പഠിച്ച് അസ്സൽ പൊറോട്ടയും ഉണ്ടാക്കി.
 
അവരുടെ റമദാൻ നോമ്പുദിനങ്ങളിൽ അമ്മയ്‌ക്കും ഉറക്കം വന്നില്ല. പുലർച്ചെ നാലിന് അവർ എഴുന്നേൽക്കും മുമ്പ് എഴുന്നേറ്റ് ഭക്ഷണമുണ്ടാക്കി. നോമ്പുതുറക്കാനുള്ള ഈത്തപ്പഴം മുടങ്ങാതെ കരുതി.  വിശപ്പിന്റെ കാഠിന്യം കുറയാൻ രണ്ട് നേരവും പുഴുങ്ങിയ മുട്ട നൽകി.
 

ഒരുമയുടെ  വൈകുന്നേരങ്ങൾ

 

കണിച്ചാറിലെ വൈകുന്നേരങ്ങളാണ് ഉമറിനും ഇല്യാസിനും കൂടുതൽ സന്തോഷം പകർന്നത്.  വേനലിൽ വെന്തുരുകുന്ന പകലുകൾക്കൊടുവിൽ വൈകുന്നേരമാകാൻ അവർ കാത്തിരിക്കും.  വീടിനു താഴെ തിരക്കിട്ടൊഴുകുന്ന ചീങ്കണ്ണിപ്പുഴ അവരെ തണുപ്പിച്ചു. ബ്രിൽസിനും  അനിയൻ ജോയലിനുമൊപ്പം ആദ്യം നീന്തിത്തുടങ്ങിയത് ഉമർ ആണെങ്കിലും  നീന്തലറിയാത്ത ഇല്യാസും അഞ്ച് ദിവസം കൊണ്ട് നീന്തൽ പഠിച്ചു. നെല്ലിക്കുന്നേൽ വീട്ടിൽ ഭാഷ  പ്രശ്നമേ ആയിരുന്നില്ല. സന്ധ്യ ആയാൽ ബ്രിൽസിന്റെ അച്ഛൻ സോജനും അമ്മ സ്വർണയും  അനിയൻ ജോയലും അമ്മച്ചി ത്രേസ്യാമ്മയും  അവർക്കൊപ്പം കൂടും.
 
പഴയ പത്താം ക്ലാസുകാരിയായ  ത്രേസ്യാമ്മ അടക്കം എല്ലാവരും അറിയാവുന്ന ഭാഷയിൽ  അവരോട് സംസാരിക്കും.. സ്‌നേഹത്തിന്റെയും കൂടിച്ചേരലിന്റെയും നിമിഷങ്ങളിൽ  ഭാഷയുടെ അതിരുകൾ മാഞ്ഞു. അവർ ഒരുമിച്ചിരിക്കുമ്പോൾ ഉമറും ഇല്യാസും സ്വന്തം വീടുകളിലേക്ക് വീഡിയോ കോൾ ചെയ്യും. കിലോമീറ്ററുകൾക്കപ്പുറം പ്രാർഥനയോടെ കാത്തിരിക്കുന്ന അവരുടെ ഉമ്മമാർ മൊബൈൽ സ്‌ക്രീനിൽ തെളിഞ്ഞു വരും.   ഉരുകുന്ന ആ അമ്മ മനസ്സുകൾ കേരളത്തിലെ അമ്മയ്‌ക്ക്‌ മുന്നിൽ ഈറൻ കണ്ണുകളോടെ കൈകൂപ്പി നന്ദി പറഞ്ഞാണ് പലപ്പോഴും ആ കോളുകൾ അവസാനിപ്പിച്ചത്.
 

ഇവിടം സേഫാണ്

 

കാതടപ്പിക്കുന്ന വെടിയൊച്ചകളുടെയും പൊട്ടിച്ചിതറുന്ന ഗ്രനേഡുകളുടെയും കശ്‌മീർ ചിത്രം തന്നെയാണ് ഉമറിനും ഇല്യാസിനും പങ്കുവയ്‌ക്കാനുളളത്. "കേരളത്തിലുള്ളവർ എത്ര ഭാഗ്യവാന്മാരാണ്... സ്വാതന്ത്ര്യമില്ലാത്ത ജീവിതം നിങ്ങൾക്ക് അറിയേണ്ടിവന്നിട്ടേയില്ല"–-ഉമർ പറഞ്ഞു. അനന്ത്നാഗ് ജില്ലയിലെ  കാസിഗുണ്ടാണ് ഉമറിന്റെ സ്വദേശം. ശ്രീനഗറിലെ കൗഡാരയാണ്  ഇല്യാസിന്റ നാട് .
 
"പ്രത്യേക പദവി ഒഴിവാക്കിയ ശേഷം അവിടുത്തെ കാര്യം കൂടുതൽ കഷ്ടമാണ്. ഞാൻ ഇവിടെയെത്തിയ ശേഷം ആദ്യത്തെ മൂന്ന് മാസം ഉപ്പ പൊലീസ് സ്റ്റേഷനിൽ വരിനിന്നാണ് എന്നെ  വിളിച്ചിരുന്നത്. ഇന്റർനെറ്റ് സൗകര്യം പുനഃസ്ഥാപിച്ചിട്ട്‌  മൂന്ന് മാസമേ ആയിട്ടുള്ളൂ. ഇപ്പോൾ  അവിടെ കൊറോണയും ഭീഷണിയുയർത്തുന്നുണ്ട്‌. ഇവിടുത്തെ പോലെ നിയന്ത്രണ വിധേയമല്ലെന്ന് മാത്രം’–-  ഉമർ പറഞ്ഞു.
 
"ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. കേരളത്തിൽ മതത്തിന്റെ പേരിലുള്ള സംഘർഷങ്ങളില്ല. കേരളത്തിലേക്ക് പഠിക്കാൻ വരുമ്പോൾ പേടിയായിരുന്നു. ഒറ്റപ്പെടുമെന്ന ഭയം. ഇല്ല, ഇവിടം സേഫാണ്. എല്ലാവർക്കും’–-  ഉമർ ചിരിച്ചു.
ഒന്നരമാസക്കാലത്തെ ‘തനി മലയാളി ജീവിതത്തോട്' ബൈ പറഞ്ഞ് ഉമറും ഇല്യാസും ഹോസ്റ്റലിലേക്ക് തിരിച്ചു പോയി. കശ്‌മീരിലേക്ക് പോകാനുള്ള നടപടികൾ വേഗത്തിലാക്കാൻ.
 
ഉമറിന്റെ സഹോദരന്റെയും ബ്രിൽസിന്റെ കൂട്ടുകാരുടെയും  സഹായത്തോടെ കേരളത്തിൽ പഠിക്കുന്ന കശ്‌മീരികളുടെ വിവരം ശേഖരിച്ചു വരികയാണ്. വിവരം കൈമാറാൻ എല്ലാവരെയും ചേർത്ത് വാട്സാപ് ഗ്രൂപ്പുമുണ്ടാക്കി. എല്ലാവർക്കും ഒരുമിച്ച് നാട്ടിലേക്ക് പോകാനുള്ള വഴിയൊരുങ്ങുമെന്ന പ്രതീക്ഷയിലാണ് ഇവർ .  
പ്രധാന വാർത്തകൾ
 Top