02 July Saturday

നിഗൂഢതകൾ ഒളിപ്പിച്ച് പുഴു

ജസ്‌ന ജയരാജ് jas33jay@gmail.comUpdated: Sunday Apr 17, 2022

മലയാളത്തിലെ സംവിധായികമാരുടെ നിരയിലേക്ക് ഒരാൾ കൂടി.  റത്തീന എന്ന കോഴിക്കോട്ടുകാരി.  റത്തീനയുടെ  ആദ്യചിത്രമായ പുഴുവിൽ നായകൻ മമ്മൂട്ടി. പെരുന്നാളിനു ശേഷം സോണി ലിവിൽ റിലീസ് ചെയ്യുന്ന പുഴു ആവേശകരമായ അനുഭവമാകുമെന്ന് സംവിധായിക ഉറപ്പുതരുന്നു. സിപിഐ എം പാർടി കോൺഗ്രസിന്റെ സമാപന ദിവസം നായനാർ അക്കാദമിയിൽ എത്തിയ റത്തീന സംസാരിക്കുന്നു

പേരുപോലെ ആർക്കും പിടികൊടുക്കാത്ത കൗതുകങ്ങളുമായാണ്‌ പുഴു എന്ന  ചിത്രം പ്രേക്ഷകരിലെത്തുന്നത്‌. മലയാള സിനിമയുടെ ശീലങ്ങൾക്ക്‌ വിരുദ്ധമായി ഒരു പെണ്ണൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്‌  മമ്മൂട്ടി നായകനായ ഈ തില്ലറിന്. പുഴുവിന്റെ കഥ തന്നെ ആവേശം കൊള്ളിച്ചെന്നും അഭിനേതാവെന്നനിലയിൽ എന്നെത്തന്നെ കണ്ടെത്താനാകുന്ന   ആവേശകരമായ പ്രോജക്ടുകൾ ഏറ്റെടുക്കുമെന്നും  മമ്മൂട്ടി  പറഞ്ഞത്‌ പുഴുവിനെക്കുറിച്ച്‌ പ്രേക്ഷകർക്ക്‌ പ്രതീക്ഷ പിന്നെയും ഉയർത്തി.

വർഷങ്ങളായി സിനിമാ മേഖലയിൽ  സജീവമായ റത്തീനയുടെ ആദ്യസ്വതന്ത്ര സംവിധാന സംരംഭമാണ്‌ ഇത്‌. കോഴിക്കോട്‌ സ്വദേശിയായ  റത്തീന തന്റെ സ്വപ്‌ന സിനിമയെക്കുറിച്ച്‌ സംസാരിക്കുന്നു.

പുഴു എന്ന പേര്‌

എല്ലാവരും ചോദിച്ചു സിനിമയ്‌ക്ക്‌ പുഴു എന്ന്‌  പേരുവച്ചത്‌ എന്താണെന്ന്‌. അതിനെക്കുറിച്ച്‌ ഇപ്പോഴൊന്നും പറയുന്നില്ല. എല്ലാംകൊണ്ടും ഒരു പുതിയ അനുഭവം നൽകാനാണ്‌  ഉദ്ദേശിക്കുന്നത്‌. പ്രമേയത്തിലും മേക്കിങ്ങിലും അത്‌ കൊണ്ടുവരാനാണ്‌ ഞങ്ങൾ ശ്രമിച്ചത്‌. ബാക്കി പ്രേക്ഷകർ തീരുമാനിക്കട്ടെ.

ആദ്യ ചിത്രത്തിൽത്തന്നെ  മമ്മൂട്ടി

കഥ കേട്ട്‌ ഇഷ്ടപ്പെട്ടാണ്‌ മമ്മൂക്ക ചിത്രം ചെയ്യാമെന്നു പറഞ്ഞത്‌. ഉണ്ടയ്ക്കുശേഷം ഹർഷാദും വൈറസിനുശേഷം ഷറഫ്- സുഹാസ് കൂട്ടുകെട്ടും തിരക്കഥ എഴുതുന്ന ചിത്രമാണ്‌ ഇത്‌. പ്രമേയത്തെക്കുറിച്ച്‌ ഒരുപാട്‌ പറയുന്നില്ല.

പാർവതി തിരുവോത്ത്‌, നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ, ബാലതാരം വസുദേവ്‌ തുടങ്ങി പ്രമുഖ താരനിര ചിത്രത്തിലുണ്ട്‌.

ക്യാമറയ്‌ക്ക്‌ പിന്നിലെ സ്ത്രീകൾ

മലയാള സിനിമയ്‌ക്ക്‌  ‘സംവിധായിക’ എന്നത്‌ ഇപ്പോഴും പുതിയ ശീലമാണ്‌. വിരലിലെണ്ണാവുന്ന സംവിധായികമാർ മാത്രമേ മുഖ്യധാരാ മലയാള സിനിമയിൽ നമുക്കുള്ളൂ. വർഷങ്ങളായി സിനിമയ്‌ക്കൊപ്പം നടന്ന സ്‌ത്രീയെന്നനിലയിൽ പോസിറ്റീവായ  മാറ്റത്തെ എനിക്ക്‌ കാണാനാകുന്നുണ്ട്‌.

ആധികാരികമായി പഠിച്ചും അനുഭവസമ്പത്തുണ്ടാക്കിയും സാങ്കേതികമേഖലയിലേക്ക്‌ കടന്നുവരാൻ തയ്യാറായി നിൽക്കുന്ന പുതുതലമുറ പെൺകുട്ടികൾ നമുക്കുണ്ട്‌.  സിനിമയും ഒരു  പ്രൊഫഷണൽ മേഖലയായി മാറുകയാണ്‌.

സ്‌ത്രീയെന്ന നിലയിലുള്ള  പ്രതിസന്ധി

പുഴു അക്ഷരാർഥത്തിൽ ഒരു ടീം വർക്കായിരുന്നു. നവാഗതയാണെന്നതുപോലും മറന്നുപോകുന്ന അനുഭവങ്ങളായിരുന്നു സെറ്റിൽ. അഭിനേതാക്കളും സഹപ്രവർത്തകരും അത്രയും സഹകരണത്തോടെയാണ്‌ ഒപ്പംനിന്നത്‌. ഇതൊരു പുതുവഴിയാണ്‌. അധികം സ്‌ത്രീകൾ നടന്നിട്ടില്ലാത്ത വഴി. അത്‌ വെട്ടിത്തെളിച്ചുതന്നെ മുന്നോട്ടുപോകണം.

സംവിധാനം സ്‌ത്രീയുടെ ഇടമാണോ

സിനിമ എക്കാലവും പാഷനായി കാണുന്നവർക്ക്‌ മാത്രമുള്ള ഇടമാണ്‌. ആണായാലും പെണ്ണായാലും അതാണ്‌ സത്യം. സ്ഥിരവരുമാനം പ്രതീക്ഷിക്കുന്ന  ജോലിയായി സിനിമയെ കാണാനാകില്ല. പക്ഷേ, സിനിമയെ പാഷനായി കരുതി ഇറങ്ങിത്തിരിക്കാനുള്ള സാഹചര്യം ഇക്കാലത്തും സ്‌ത്രീകൾക്കുണ്ടോ എന്നത്‌ വലിയ ചോദ്യമാണ്‌. സിനിമയെക്കുറിച്ചുള്ള ചിന്തകളിലെല്ലാം മറന്നിരിക്കാനും അതിനു മാത്രമായി സമയം ചെലവിടാനും  പുരുഷന്‌ പറ്റും. ഒരു സ്‌ത്രീക്ക്‌ ഇത്‌ സാധ്യമാകണമെങ്കിൽ അവർ എത്രയോ അധികം ശ്രമിക്കണം. ക്യാമറയ്‌ക്ക്‌ പിന്നിൽ നിൽക്കുമ്പോൾ പോലും പലചരക്കുകടയിൽനിന്ന്‌ വാങ്ങിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ്‌ ഓർത്തുവയ്‌ക്കേണ്ട ഗതികേടുകൾ ചിലപ്പോഴെങ്കിലും നമ്മളെ സങ്കടത്തിലാക്കും. പക്ഷേ, ഞാൻ ഹാപ്പിയാണ്‌. എന്റെ സിനിമ സംഭവിച്ചല്ലോ...

പെരുന്നാൾ കഴിഞ്ഞാൽ റിലീസ്‌

പെരുന്നാളിനുശേഷം സോണി ലിവിൽ പുഴു റിലീസ്‌ ചെയ്യും. എസ്‌ ജോർജാണ്‌ നിർമാതാവ്.  തേനി ഈശ്വർ ക്യാമറ. എഡിറ്റിങ്: ദീപു ജോസഫ്, സംഗീതം: ജേക്‌സ് ബിജോയ്. ആർട്: മനു ജഗത് ആർട്ട്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറുമാണ്  സൗണ്ട് ഡിസൈൻ. സമീറാ സനീഷ് വസ്ത്രാലങ്കാരവും ബാദുഷ പ്രോജക്ട് ഡിസൈനും. രോഹിത് കെ സുരേഷാണ് സ്റ്റിൽസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top