18 October Friday

കാളിദാസന്റെ മരണം

ശ്രീകല പിUpdated: Sunday Feb 17, 2019

പ്രണയവും വേർപാടും  കാമവും അപമൃത്യുവും സ്നേഹവും  പകയും ചതിയും ചാരപ്രവർത്തികളും അധികാരമോഹങ്ങളും യുദ്ധങ്ങളും കാവ്യനാടക നൃത്ത കലാരൂപങ്ങളുടെ പദവിന്യാസങ്ങളിൽ ഇഴപാകിയ മാന്ത്രികമായ കഥപറച്ചിൽ.  അതാണ് എം നന്ദകുമാറിന്റെ ‘കാളിദാസന്റെ മരണം’ എന്ന കൃതി

പണ്ടൊരിക്കൽ കാശിരാജാവ്  തന്റെ പ്രിയപുത്രിയായ  രാജകുമാരിയുടെ  വിവാഹം നടത്താൻ തീരുമാനിച്ചു. തന്നോടു വാദസംവാദങ്ങളിൽ വിജയിക്കുന്നവരെമാത്രമേ വരനായി സ്വീകരിക്കൂ എന്നായി രാജകുമാരി. അസാമാന്യ ബുദ്ധിശാലിനിയായ രാജകുമാരിയുടെ മുമ്പിൽ എല്ലാ രാജകുമാരന്മാരും പരാജയപ്പെട്ടു  പിൻവാങ്ങി. അങ്ങനെ അപമാനിതരായി പിൻവാങ്ങിയ ഒരു കൂട്ടം പ്രഭുകുമാരന്മാർ വഴിമധ്യേ ഒരാളെ കണ്ടുമുട്ടി. ഇരിക്കുന്ന കൊമ്പുമുറിക്കുന്ന ഏതോ മണ്ടൻ. സാമാന്യബുദ്ധിപോലും ഇല്ലാത്ത ആ മൂഢനെ വേഷം കെട്ടിച്ച‌് അവർ രാജകുമാരിയുടെ മുമ്പിൽ എത്തിച്ചു. രാജകുമാരിയുടെ ചോദ്യങ്ങൾക്കെല്ലാം യാതൊരു  ശങ്കയുംകൂടാതെ അവൻ മറുപടി പറഞ്ഞു. ആ നേരത്തിൽ   വിദ്യാദേവത  കളിയാടിയതു കൊണ്ടായിരിക്കണം ഭാഗ്യവശാലോ നിർഭാഗ്യവശാലോ വിഡ്ഢിയുടെ ഉത്തരങ്ങൾ എല്ലാം വിദ്യോത്തമയായ രാജകുമാരിയെ തൃപ്തിപ്പെടുത്തുന്നവയുമായിരുന്നു. രാജകുമാരി മൂഢനെ വിവാഹം ചെയ്തു. എന്നാൽ, വിവാഹശേഷം ആദ്യരാത്രിയിൽത്തന്നെ സത്യം തിരിച്ചറിഞ്ഞ റാണി ഭർത്താവിനെ മണിയറയിൽനിന്ന‌് ഇറക്കിവിട്ടു. കൊട്ടാരത്തിൽനിന്ന‌്  പുറത്താക്കപ്പെട്ട ആ പാവം ഉൾക്കാട്ടിലെ ഒരു കാളീക്ഷേത്രത്തിനുള്ളിൽ കടന്ന‌് ജീവൻ വെടിയുന്നതിനെക്കുറിച്ച‌് ആലോചിച്ചു വ്യസനിച്ചിരുന്നു.   പരിവാരങ്ങളുമൊത്ത‌് രാത്രിസഞ്ചാരത്തിന‌് പുറത്തുപോയിരുന്ന ദേവി  തിരിച്ചെത്തിയപ്പോൾ അടഞ്ഞുകിടന്ന വാതിൽ കണ്ടു  കോപിഷ്ഠയായി ചോദിച്ചു: "അകത്താര് ?’ മൂഢൻ മറുചോദ്യം ചോദിച്ചു: "പുറത്താര് ?’ 

കോപംകൊണ്ടു  വിറച്ചു ദേവി പറഞ്ഞു:  "പുറത്തു കാളി.’ 

അതുകേട്ട അയാൾ വിനീതനായി: "അകത്തു ദാസൻ.’ സംപ്രീതയായ ദേവി തന്റെ ദാസനെന്നു  സ്വയംപ്രഖ്യാപിച്ച ആ മനുഷ്യന്റെ നാവിൻതുമ്പിൽ ശൂലമുനയാൽ മൂർച്ചയുള്ള അക്ഷരം കുറിച്ചു. അനന്തരം ആ പമ്പരവിഡ്ഢി ലോകം ആദരിക്കുന്ന കാളിദാസ മഹാകവി ആയെന്നത‌് ഒരു കവിയുടെ ജനനകഥകളിൽ ഒന്നു മാത്രമാണ്.  

എഴുതപ്പെട്ട ജീവചരിത്രമൊന്നും  അവശേഷിപ്പിക്കാതെ തന്റെ കാവ്യദർശനഭംഗികളിലൂടെ  നൂറ്റാണ്ടുകളായി  ജനഹൃദയങ്ങളിൽ ജീവിക്കുന്ന  കാളിദാസന്റെ ജീവിതവും മരണവും കഥാരൂപത്തിൽ പുനർനിർമിക്കാൻ ശ്രമിച്ചപ്പോൾ ആ മഹാകവിയെത്തന്നെ ആശ്രയിക്കാനാണ് എം  നന്ദകുമാർ തീരുമാനിച്ചത്. ദീർഘകാലത്തെ വായനാമനനങ്ങൾക്കൊടുവിൽ  താൻ ചെന്നെത്തിയ സമസ്യകൾ  നന്ദകുമാർ ‘കാളിദാസന്റെ മരണം' എന്ന നോവലിൽ അവതരിപ്പിക്കുമ്പോഴും കാളിദാസനെന്ന പൗരാണികപ്രതിഭയുടെ  ജനനവും ജീവിതവും മരണവും എപ്രകാരമായിരുന്നു എന്നത് വായനക്കാരന്റെ ഭാവുകത്വത്തിന്റെ അലച്ചിലുകളിലേക്ക‌് കെട്ടഴിച്ചുവിടുംവിധമാണ് കഥാഗതി. 

നോവലിൽ കാളിദാസനെ പരിചയപ്പെടുത്തുന്നത് ജരിത എന്ന വൃദ്ധയായ  ദേവദാസി അവരുടെ വേശ്യാഗൃഹത്തിൽ പുതുതായി എത്തിയ പെൺകുട്ടികളോടു പറയുന്ന മുത്തശ്ശിക്കഥയുടെ ചുരുൾനിവർത്തിയാണ്: " പലതും കേട്ടുകേൾവിയാണ്. ഭാരതവർഷം കണ്ട ഏറ്റവും മഹാനായ കവിയും നാടകകൃത്തുമാണ് കാളിദാസനെന്ന് പറയുന്നവരുണ്ട്. മറിച്ച് പറയുന്നവരുമുണ്ട്. എവിടെ ജനനം , ജാതക പേരെന്ത്, മാതാപിതാക്കളാര് , കുലവും ഗുരുവും എപ്രകാരമെന്നൊന്നും തീർച്ച പറയാനാകില്ല...’ ഉജ്ജയിനിയിലെ വിക്രമാദിത്യ മഹാരാജാവിന്റെ പ്രിയതോഴനും മനസ്സാക്ഷി സൂക്ഷിപ്പുകാരനും ചാരപ്രമുഖനും ആയിത്തീർന്ന കാളിദാസൻ,  വാണിനിയെന്ന ദേവദാസിയുടെ പ്രാണനായ നിത്യകാമുകൻ,  വിക്രമാദിത്യന്റെ പ്രഥമപത്നിയായ വിദ്യോത്തമയുടെ ആദ്യഭർത്താവെന്ന നിലയിൽനിന്ന‌്  ജാരനായിത്തീരുന്ന കാലവിപര്യയം. പലതരം കാളിദാസന്മാരെ ഈ ആഖ്യായികയിൽ വായനക്കാർ കണ്ടുമുട്ടുന്നു.  

പ്രണയവും വേർപാടും  കാമവും അപമൃത്യുവും സ്നേഹവും  പകയും ചതിയും ചാരപ്രവൃത്തികളും അധികാരമോഹങ്ങളും യുദ്ധങ്ങളും കാവ്യനാടകനൃത്ത കലാരൂപങ്ങളുടെ പദവിന്യാസങ്ങളിൽ ഇഴപാകിയ മാന്ത്രികമായ കഥപറച്ചിൽ.  അതാണ് എം നന്ദകുമാറിന്റെ ‘കാളിദാസന്റെ മരണം' എന്ന കൃതി.  

വിജയിച്ചവരുടെ  താൽപ്പര്യങ്ങൾക്ക് അനുസരിച്ചു വളച്ചൊടിക്കപ്പെട്ട  രാജ്യചരിത്രവും നീതിശാസ്ത്രങ്ങളും. എന്നത്തേയുംപോലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ  ശബ്ദങ്ങളെ, എതിർപ്പുകളെ അടിച്ചൊതുക്കുന്ന പീഡനമുറികൾ. ജാതിയെന്ന പാപബോധത്തിന്റെ ഓർമപ്പെടുത്തലുകൾ. അവയ്ക്കു സമാന്തരമായി അധികാരത്തിന്റെ അകത്തളങ്ങളിലെ കുടിലതന്ത്രങ്ങളും ഭയങ്ങളും കൊലപാതകങ്ങളും. പാനോപചാരങ്ങളും അതേ ലഹരിയോടെ   കൊടുംക്രൂരതകളും അരങ്ങേറുന്ന അധികാരസ്ഥാനങ്ങൾക്ക് ഏതുകാലത്തും ഏതു ദേശത്തും ഒരേ വാസ്‌തുഘടനയാണെന്നു  പറയാതെ പറയുന്ന കഥ. അന്നേരം നോവൽ ആണോ നാടകം ആണോ എന്ന് തോന്നിക്കുന്ന രൂപവിന്യാസം ആഖ്യാനത്തിന്റെ പുതിയ സാധ്യതകൾ ആരായുന്നു.

സുഖലോലുപതയും യുദ്ധക്കൊതിയും കൊണ്ടാടുന്ന അധികാരസ്ഥാനമാളുന്ന  പുരുഷന്മാരുടെ  കഥകൾ കാലദേശവ്യത്യാസമില്ലാതെ നാം വായിച്ചെടുക്കുമ്പോഴും ഈ  നോവലിൽ ഉടനീളം ഊർജപ്രസരണമായി   മുറ്റിനിൽക്കുന്നത്  സ്ത്രീ കഥാപാത്രങ്ങളുടെ ശക്തിസൗന്ദര്യങ്ങളാണ്.  വാണിനിയുടെയും ജരിതയുടെയും വിദ്യോത്തമയുടെയും ദേവദാസിയെന്നോ മഹാറാണിയെന്നോ ഭേദമില്ലാതെ  സഹനങ്ങൾക്കിടയിലെ ധൈര്യവും അചഞ്ചലതയും സ്വയംബലികളും  എടുത്തുപറയാതെ വയ്യ. അതാണ് അവരെ കൂടുതൽ സൗന്ദര്യവതികളാക്കുന്നതും. അധികാരം കൈയാളുന്ന വിക്രമാദിത്യനോടു പത്നിയായ വിദ്യോത്തമയും ദേവദാസിയായ വാണിനിയും ഏർപ്പെടുന്ന സംഭാഷണങ്ങളിൽ ആത്മാഭിമാനവും ധൈര്യവും ജീവിതത്തിന്റെ  ആഴമേറിയ അറിവുകളും മിന്നൽക്കൊടികൾ പായിക്കുന്നു.  മരണത്തിന്റെ ഗുഹാമുഖത്തു നിൽക്കുമ്പോഴും കണ്ണീരുപ്പ് കലർന്ന് അധരപാനം ചെയ്യുന്ന പ്രണയത്തിന്റെ മാസ്മരികതയും സ്നേഹത്തിനുവേണ്ടി ആത്മബലിയോളം നടന്നെത്തുന്ന  സ്ത്രീഹൃദയത്തിന്റെ കാഠിന്യമാർന്ന ലോലതയും കിടിലമുളവാക്കുന്ന വാക്കുകളിൽ വരച്ചിടുന്ന  നോവലാണ് കാളിദാസന്റെ മരണം. നന്ദകുമാർ എന്ന എഴുത്തുകാരനിലെ സ്ത്രീപക്ഷ വാദിയാകാം ആ കഥാപാത്രങ്ങളുടെ ആന്തരികജീവിതത്തിൽ പുനർജനിച്ചത്. 

ലളിതവായനകൾക്കുമപ്പുറം  ഒന്നിലേറെ വായനകൾക്കുവേണ്ടി സഹൃദയർക്കായി  തുറന്നുവച്ച എഴുത്താണ് നന്ദകുമാറിന്റേത്.   കാളിദാസകവിതകൾ പോലെതന്നെ  തത്വചിന്താപരമായ സമസ്യകളുടെ വെല്ലുവിളികളും മായയും മിഥ്യയും നടമാടുന്ന ഭൂപ്രദേശങ്ങളും ദീർഘയാത്രകളും  കലാദർശനങ്ങളും കോർത്തിണക്കിയ ഈ ചെറുനോവൽ കാളിദാസന്റെ ജീവിതം മാത്രമല്ല, മരണവും പൂരിപ്പിക്കാത്ത സമസ്യയായി വായനക്കാരനുമുമ്പിൽ അവതരിപ്പിക്കുന്നു. അന്തപ്പുരത്തിലെ നിഴൽനാടകങ്ങളിൽ, ചാരവൃത്തിയുടെ ദുർഘടമാർഗങ്ങളിൽ   കെട്ടുപിണഞ്ഞു കത്തിയാളുന്ന  കാളിദാസന്റെ ദുരന്തവും സർഗ്ഗതേജസ്സും  കലയും അധികാരവും തമ്മിലുള്ള സങ്കീർണബന്ധങ്ങളെക്കുറിച്ചുള്ള ആലോചനകൾക്കു നമ്മെ പ്രേരിപ്പിക്കും.

പ്രധാന വാർത്തകൾ
 Top