21 March Thursday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Feb 17, 2019

മിസ്റ്റർ ആൻഡ‌് മിസ് റൗഡി 21ന്

കാളിദാസ് ജയറാമും അപർണ ബാലമുരളിയും ആദ്യമായി ഒന്നിക്കുന്ന മിസ്റ്റർ ആൻഡ‌് മിസ് റൗഡി 21ന് റിലീസ് ചെയ്യും. ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേർന്ന് നിർമിച്ച് ജീത്തു ജോസഫ് സംവിധാനംചെയ്യുന്ന ചിത്രത്തിൽ ഷെബിൻ ബൻസൺ, ഗണപതി, വിഷ്ണുവിജയ്, ശരത് സഭ, സായ്കുമാർ, വിജയരാഘവൻ, വിജയ് ബാബു തുടങ്ങിയവരും അഭിനയിക്കുന്നു. ഹരി നാരായണന്റെ വരികൾക്ക് അരുൺ വിജയ് ഈണംപകരുന്നു. പശ്ചാത്തല സംഗീതം അനിൽ ജോൺസ്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും അയൂബ്ഖാൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.
 

സ്വർണമത്സ്യങ്ങൾ 21ന്

ക്വിസ് മാസ്റ്റർ ജി എസ് പ്രദീപ് തിരക്കഥയെഴുതി സംവിധാനംചെയ്ത സ്വർണമത്സ്യങ്ങൾ 21ന് പ്രദർശനത്തിന‌് എത്തുന്നു. അഞ്ചു കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ വിജയ് ബാബു, അന്നരേഷ്മ രാജൻ, സിദ്ധീഖ്, സുധീർ കരമന, ഹരീഷ് കണാരൻ തുടങ്ങിയവരുമുണ്ട്. മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് ബിജിപാൽ  ഈണംപകരുന്നു. അഴകപ്പൻ ഛായാഗ്രഹണം.
 

ആൻഡ‌് ദി ഓസ്ക്കർ ഗോസ് ടൂ

സലീം അഹമ്മദ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ആൻഡ‌് ദി ഓസ്ക്കർ ഗോസ് ടു എന്ന ചിത്രത്തിൽ ടൊവിനോ തോമസ്, അനു സിത്താര എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. സലീംകുമാർ, ശ്രീനിവാസൻ, ലാൽ, ഹരീഷ് കണാരൻ, അപ്പാനി ശരത്, സിദ്ധിഖ്, വിജയരാഘവൻ, ജാഫർ ഇടുക്കി, മാല പാർവതി, കവിത നായർ തുടങ്ങിയവരും അഭിനയിക്കുന്നു.  ക്യാമറ മധു അമ്പാട്ട്, ഗാനരചന റഫീഖ് അഹമ്മദ്, സംഗീതം ബിജിപാൽ, സൗണ്ട് ഡിസൈനൻ റസൂൽ പൂക്കട്ടി, എഡിറ്റർ വിജയ് ശങ്കർ.
 

ഗ്രാമവാസീസ്

ഇന്ദ്രൻസ്, അസീസ് നെടുമങ്ങാട് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഗ്രാമവാസീസ് പ്രദർശനത്തിനു തയ്യാറായി. ഒരുകൂട്ടം ഗ്രാമവാസികളുടെ ജീവിതമുഹൂർത്തങ്ങൾ ഹാസ്യരസപ്രദമായി അവതരിപ്പിക്കുന്ന ചിത്രം സംവിധാനംചെയ്യുന്നത് ബി എൻ ഷജീർ ഷാ. കഥ, തിരക്കഥ, സംഭാഷണം നിതിൻ നാരായണൻ.
 

സലീമയുടെ അഭയാർഥികൾ

നഖക്ഷതങ്ങൾ, ആരണ്യകം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളെ പ്രിയപ്പെട്ട നടിയായി മാറിയ സലീമ വർഷങ്ങൾക്കു ശേഷം ‘അഭയാർഥികൾ' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരുന്നു. രോഹിൻഗ്യൻ അഭയാർഥി ജീവിതം പ്രമേയമാകുന്ന ചിത്രം തിരക്കഥയൊരുക്കി സംവിധാനംചെയ്യുന്നത് ഷാൻ കീച്ചേരീ. തലൈവാസൽ വിജയ്, ശരത്ത് മോഹൻ തുടങ്ങിയവരും അഭിനയിക്കുന്നു. മലായാളം, മറാത്തി, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യാനാണ് ശ്രമം.
 

സ്ഫടികം ജോർജിന്റെ ഹാപ്പി ക്രിസ്തുമസ്

സ്ഫടികം ജോർജ് കേന്ദ്രകഥാപാത്രമായി എത്തുന്ന ഹാപ്പി ക്രിസ്തുമസ് അണിയറയിൽ ഒരുങ്ങുന്നു. പ്രവാസികളുടെ മാതാപിതാക്കൾ അനുഭവിക്കുന്ന ഒറ്റപ്പെടലാണ് സിനിമയുടെ പ്രമേയം. മമ്മി സെഞ്ച്വറി നിർമിക്കുന്ന ചിത്രം ജോണി ആഡംസ് സംവിധാനംചെയ്യുന്നു. ക്യാമറ ടി എസ്  ബാബു, ഗാനങ്ങൾ റോയിപുറമഠം, സംഗീതം ഹരി വേണുഗോപാൽ.
 

ഹൃദ്യം

ജ്വാലാമുഖി ഫിലിംസിന്റെ ബാനറിൽ കെ സി  ബിനു രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഹൃദ്യ'ത്തിന്റെ ചിത്രീകരണം പൂർത്തിയായി. കൊച്ചുപ്രേമൻ, കോട്ടയം നസീർ, അജിത്, ശോഭ തുടങ്ങിയവർ അഭിനയിക്കുന്നു. ഗാനരചന പൂവച്ചൽ ഖാദർ, സംഗീതം അജിത് കുമാർ.

 

പ്രധാന വാർത്തകൾ
 Top