ഒരാൾ എന്നെ പരിചയപ്പെടാൻ വീട്ടിൽ വന്നു. ചലച്ചിത്ര പ്രവർത്തകനായ അദ്ദേഹം ആനച്ചൂര് ചലച്ചിത്രമാക്കാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചു. അദ്ദേഹം ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ തിരക്കഥയുമായി എന്നെയും കൂട്ടി ഒരു ദിവസം ഒറ്റപ്പാലം റസ്റ്റ് ഹൗസിലെത്തി. പ്രശസ്ത ചലച്ചിത്ര സംവിധായകൻ പി എൻ മേനോന് തിരക്കഥയും കഥാപുസ്തകവും നൽകി. ഞങ്ങളെ സസന്തോഷം സ്വീകരിച്ചിരുത്തിയ അദ്ദേഹം അപ്പോൾ ചെയ്യുന്ന വർക്കു കഴിഞ്ഞാൽ കഥ പരിശോധിക്കാമെന്നറിയിച്ചു. നിർഭാഗ്യവശാൽ താമസിയാതെ പി എൻ മനോൻ അന്തരിച്ചു
ഞാൻ മൂന്നിലോ നാലിലോ പഠിക്കുന്ന കാലം. അടച്ചുറപ്പുള്ള അടുക്കളപോലുമില്ലാത്ത ഒരൊറ്റ മുറി വാടകവീട്. അച്ഛൻ പ്രൈമറി സ്കൂൾ മാഷ്. അക്കാലത്ത് ആ വീടുതന്നെ ഞങ്ങൾക്ക് ആഡംബരം. അച്ഛൻ കഷ്ടിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു. എന്തെങ്കിലും അധികച്ചെലവ് വന്നാൽ പിന്നെ കടം പെരുകും. അക്കാലത്ത് അമ്മയ്ക്കെന്തോ മാരകമായ അസുഖം പിടിപെട്ടു. അരോഗദൃഢഗാത്രയായ അമ്മ പെട്ടെന്ന് അവശയായി. വീട്ടുജോലിപോലും ചെയ്യാൻ പ്രയാസം. പരിസരവാസിയായ ഒരു മധ്യവയസ്ക ഞങ്ങളെ സഹായിക്കാനെത്തി. വീട്ടുജോലികൾ അവർ നന്നായി ചെയ്തുതന്നത് വലിയ അനുഗ്രഹമായി.
അവർ സദാ പിറുപിറുത്തുകൊണ്ടേയിരിക്കും. എപ്പോഴും തുപ്പിക്കൊണ്ടുമിരിക്കും. അവരുടെ കുട്ടികൾ ഞങ്ങൾക്കൊപ്പം കളിക്കും. ആ കുട്ടികളുടെ അച്ഛന്മാർ വ്യത്യസ്ത വ്യക്തികളാണെന്ന് പിന്നീടറിഞ്ഞു. മാത്രമോ, ഈ അച്ഛന്മാരെല്ലാം ആനപാപ്പാന്മാരും. ആ സ്ത്രീക്ക് ആനയുടെ ഹരം പിടിപ്പിക്കുന്ന മണം വല്ലാത്തൊരനുഭൂതി നൽകിയിരുന്നതെന്ന് എന്റെ ഗവേഷണങ്ങളിൽ തെളിഞ്ഞു. അവർക്ക് സിഗരറ്റിന്റെയും മദ്യത്തിന്റെയും ഗന്ധം ഇഷ്ടമായിരുന്നു. തരംകിട്ടുമ്പോഴൊക്കെ അവരത് ഗോപ്യമായി ഉപയോഗിച്ചു. അറിഞ്ഞോ അറിയാതെയോ, ഒരെഴുത്തുകാരനായി മാറിയ എനിക്ക് ഈ കഥാബീജം ഉപയോഗിക്കാതിരിക്കാനായില്ല.
തീവണ്ടികളോട് വല്ലാത്തൊരിഷ്ടമുള്ളതുകൊണ്ടാകാം പല കഥകളിലും തീവണ്ടി ചൂളംവിളിച്ചെത്തിയത്. ഷൂ കണ്ടിട്ടുപോലുമില്ലാത്ത ആ കാലത്ത് കാലുകളിൽ തേക്കിന്റെയും പൊടുവണ്ണിയുടെയും ഇലകൾ ചാക്കുനൂലുമായി കെട്ടി ഷൂ ആക്കി പൊലീസും പട്ടാളക്കാരുമായി മാർച്ച് ചെയ്തതും എഴുത്തിൽ കയറിവന്നിട്ടുണ്ട്.
‘പരമാനന്ദം’ എന്ന പ്രഥമ കഥ ഞാൻ തീരെ അനുഭവിച്ചിട്ടില്ലാത്ത ഭാവനയിൽമാത്രം വിടർന്ന ആളെപ്പറ്റിക്കൽ ഏർപ്പാടിനെക്കുറിച്ചായിരുന്നു. ഗ്രാമങ്ങളിൽ ടെലിഫോൺ കുറെശ്ശെ പ്രാപ്യമായ കാലം. നാട്ടുമ്പുറത്തുകാരനായ സാധുവായ ഒരധ്യാപകന്റെ വീട്ടിൽ ഫോൺ കണക്ഷൻ ലഭിക്കലും അതിന്റെ പൊടിപാറ്റിയ ആഘോഷവും. ഫാൻസി നമ്പരായിരുന്നു ആ ഫോണിന്. ഒരു കുബുദ്ധി ഈ നമ്പരുപയോഗിച്ച് ആ സാധുവിനെ മണിക്കൂറുകളോളം മരംകോച്ചുന്ന തണുപ്പാർന്ന ഒരു മഞ്ഞുകാല രാത്രിയിൽ റെയിൽവേ പ്ലാറ്റ്ഫോമിലെ സിമന്റ് ബെഞ്ചിൽ ഇരുത്തി വലച്ചതായിരുന്നു പരമാനന്ദം എന്ന കഥ.
ഒറ്റപ്പാലത്തെ ജീവിതാരംഭത്തിൽ അസഹ്യമായ നടുവേദന വന്ന് പരിപൂർണ വിശ്രമത്തിലാണ്ട കാലം. രോഗം കുറവില്ല എന്ന എന്റെ പരാതി കേട്ട ഡോക്ടർ മരുന്ന് കുറിപ്പടിയിൽ മലയാളത്തിൽ കുറിച്ചു തന്നു‐ “രണ്ടു മാസം പരിപൂർണ വിശ്രമം അത്യാവശ്യം.” മക്കളും ഭാര്യയും സ്കൂളിലേക്കും ഓഫീസിലേക്കും പോയാൽ ഞാൻ കിടക്കുന്ന കട്ടിലിനരികിൽ ഭാര്യാമാതാവ് വന്നിരുന്ന് പുരാണഗ്രന്ഥങ്ങൾ വായിക്കും. എനിക്കാണെങ്കിൽ സമയംപോകുന്നതേ ഇല്ല. ഇരിക്കാൻ വയ്യ, വായന അസാധ്യം. റേഡിയോപോലുമില്ല. മനസ്സിൽ പല സംഗതികളും തിങ്ങിവിങ്ങി വരുന്ന എനിക്ക് എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കണമെന്നാഗ്രഹം. ഞാൻ ഭാര്യാമാതാവിനോട് എഴുതിത്തരാമോ എന്നപേക്ഷിച്ചു. സസന്തോഷം അവർ ദൗത്യം ഏറ്റെടുത്തു. അങ്ങനെ അമ്മയുടെ വെടിപ്പായ കൈപ്പടയിൽ എന്റെ പ്രഥമ കഥ പിറന്നു. ഈ ഒരൊറ്റ കഥയുടെ പിൻബലത്തിൽ പാലക്കാട് എലവഞ്ചേരിയിൽ സാഹിത്യ ശിൽപ്പശാലയിൽ പങ്കാളിയായി. ശിൽപ്പശാലയിൽ എന്റെ കഥ സജീവമായി വിലയിരുത്തി. അവിടെവച്ച് കഥാകൃത്ത് മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ ഫോൺ നമ്പർ ലഭിച്ചു. അദ്ദേഹം പങ്കെടുത്ത ഒരു ചടങ്ങിൽ ഞാനുമുണ്ടായിരുന്നു. ആൾക്കൂട്ടത്തിൽവച്ച് അദ്ദേഹം അവിടെ കൂടിയവർക്ക് എന്റെ പുറത്ത് തലോടി പരിചയപ്പെടുത്തുകയാണ്... “അറിയില്ലേ ശ്രീപ്രകാശ്... എഴുതും...” അത് ജീവിതത്തിൽ ആദ്യം ലഭിച്ച പുരസ്കാരം.
മുണ്ടൂർ കൃഷ്ണൻകുട്ടിയുമായി സാഹിത്യകാര്യങ്ങൾ നിരവധിതവണ ഫോണിൽ സംസാരിച്ചു. ഇയ്യങ്കോട് ശ്രീധരനും വളരെയധികം പ്രോത്സാഹിപ്പിച്ചു. 1998ൽ ഒരു ദിവസം ഓഫീസിൽനിന്ന് വീടെത്തുമ്പോൾ എന്നെയും പ്രതീക്ഷിച്ച് ഭാര്യയും മക്കളും അമ്മയും പൂമുഖത്ത് കാത്തിരിപ്പുണ്ടായിരുന്നു. എന്റെ ആനച്ചൂര് എന്ന കഥ അച്ചടിമഷി പുരണ്ടത് എന്നെ കാണിക്കാനാണീ കാത്തിരിപ്പ്. 2002ൽ ഇറങ്ങിയ പ്രഥമ കഥാസമാഹാരത്തിനും ആനച്ചൂര് എന്ന പേര് നൽകി.
രണ്ടുമൂന്നു ദിവസം കഴിഞ്ഞ് ഒരാൾ എന്നെ പരിചയപ്പെടാൻ വീട്ടിൽ വന്നു. ചലച്ചിത്ര പ്രവർത്തകനായ അദ്ദേഹം ആനച്ചൂര് ചലച്ചിത്രമാക്കാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചു. അദ്ദേഹം ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ തിരക്കഥയുമായി എന്നെയും കൂട്ടി ഒറ്റപ്പാലം റസ്റ്റ് ഹൗസിലെത്തി. പ്രശസ്ത ചലച്ചിത്ര സംവിധായകൻ പി എൻ മേനോന് തിരക്കഥയും കഥാപുസ്തകവും നൽകി. ഞങ്ങളെ സസന്തോഷം സ്വീകരിച്ചിരുത്തിയ അദ്ദേഹം അപ്പോൾ ചെയ്യുന്ന വർക്കു കഴിഞ്ഞാൽ കഥ പരിശോധിക്കാമെന്നറിയിച്ചു. നിർഭാഗ്യവശാൽ താമസിയാതെ പി എൻ മനോൻ അന്തരിച്ചു.
ഇതിനകം കുറെ കഥകൾ, നാലു കഥാസമാഹാരങ്ങൾ, കവിതകൾ, അഭിമുഖങ്ങൾ... വൃത്തികെട്ട കൈയക്ഷരമുള്ള ഞാൻ എന്തൊക്കെയോ എഴുതി. കൈയക്ഷരം മോശമായ ഞാൻ പരീക്ഷയ്ക്ക് പാസാകുന്നതുപോലും അധ്യാപകർക്ക് അത്ഭുതമായിരുന്നു. പേനകൊണ്ട് എഴുതാനാരംഭിച്ച് ഏതോ ദുർനിമിഷത്തിൽ ചെയ്ത അപരാധമാണ്. ഏതോ സഹപാഠിയുടെ കൈയക്ഷരം അനുകരിക്കാൻ നടത്തിയ ശ്രമമായിരുന്നു കൈയക്ഷരം മോശമാകാൻ കാരണം. പിന്നീട് അശ്രാന്ത പരിശ്രമത്താൽ ഇത് പരിഹരിക്കാനായി.