നൂറ് വ്യത്യസ്ത പുറംചട്ടകളുമായി ഡിറ്റക്ടീവ് സാറയുടെ രഹസ്യ കവിത എന്ന പുസ്തകം പുറത്തിറങ്ങി. ഒരു പുസ്തകത്തിന്റെ ഒറ്റ പതിപ്പിന് വ്യത്യസ്ത കവർ പേജുകൾ മുമ്പുമുണ്ടായിട്ടുണ്ടങ്കിലും എഴുത്തുകാരന്റെ തന്നെ പെയിന്റിങ്ങുകൾ ഇത്രയേറെ കവർ പേജുകളായി ഇന്ത്യൻ ഭാഷാ പുസ്തകങ്ങളിൽ ഇതാദ്യമാണ്. വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച സാജോ പനയംകോടിന്റെ പെയിന്റിങ്ങുകളാണ് അദ്ദേഹത്തിന്റെ കവിതാപുസ്തകത്തിന് കവർ പേജുകളായത്.
അന്താരാഷ്ട്രതലത്തിൽ ഒരേ പുസ്തകത്തിന്റെ അമേരിക്കൻ ബ്രിട്ടീഷ് പതിപ്പുകൾക്ക് വ്യത്യസ്ത പുറംചട്ടകൾ നൽകുന്ന രീതിയുണ്ട്. രണ്ടു വിപണികളുടെയും അഭിരുചികൾ വ്യത്യസ്തമാണ് എന്നതാണു കാരണം. ബ്രിട്ടീഷ് കവറുകൾക്ക് ഇരുണ്ട നിറങ്ങൾ ഉപയോഗിക്കുമ്പോൾ കൂടുതൽ നിറങ്ങളും തിളക്കവുമുള്ള കവർ പേജുകളാണ് അമേരിക്കൻ എഡിഷനുകളിൽ കണ്ടുവരുന്നത്. എന്നാൽ അവിടങ്ങളിലും ഗ്രന്ഥകാരന്റെ വരകൾ ഇത്രയധികം പുറംചട്ടകളിലെത്തുകയെന്നത് അപൂർവതയാണ്.
പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്ന രാജ്യത്തിനനുസരിച്ച് പുസ്തകത്തിന്റെ ടൈറ്റിലിന്റെ എഴുത്തുരീതിയും (കാലിഗ്രാഫി) പുസ്തകത്തിന്റെ പേരിൽ തന്നെയും വ്യതിയാനം വരുത്തുന്ന സംഭവങ്ങളും ഉണ്ട്. ഉദാഹരണത്തിന് ഹാരിപോട്ടർ പരമ്പരയിലെ ആദ്യ പുസ്തകം ഇംഗ്ലണ്ടിൽ പുറത്തിറക്കിയത് ഹാരിപോട്ടർ ആൻഡ് ദ ഫിലോസഫേഴ്സ് സ്റ്റോൺ എന്ന പേരിലും അമേരിക്കയിൽ ഹാരിപോട്ടർ ആൻഡ് ദ സോർസറേഴ്സ് സ്റ്റോൺ എന്ന പേരിലുമാണ്. അതുപോലെ ഫുട്ബാൾ ഇൻ സൺ ആൻഡ് ഷാഡോ എന്ന പേരിൽ യുകെയിലിറങ്ങിയ പുസ്തകത്തിന്റെ പേര് യുഎസിൽ സോക്കർ ഇൻ സൺ ആൻഡ് ഷാഡോ എന്നായി. ഡിറ്റക്ടീവ് സാറയുടെ രഹസ്യ കവിതയിൽ പെയിന്റിങ്ങുകളുടെ മാറ്റമനുസരിച്ച് കാലിഗ്രാഫി മാറുന്നില്ല. പുസ്തകത്തിന്റെ ടൈറ്റിൽ എഴുതിയിരിക്കുന്നത് പ്രശസ്ത കാലിഗ്രാഫിസ്റ്റായ ഭട്ടതിരിയാണ്. ഡിറ്റക്ടീവ് സാറയുടെ ഒരു പുറംചട്ടയിലുള്ള അഞ്ചു കോപ്പിയേ ഉള്ളൂ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..