17 October Thursday

പാട്ടെഴുത്തിലെ മാരിക്കുറുമ്പ്

ബിജു കാര്‍ത്തിക് bijkarthik@gmail.comUpdated: Sunday Jun 16, 2019

മുരുകൻ കാട്ടാക്കട

മലയാള ചലച്ചിത്രഗാനചരിത്രത്തില്‍ ശ്രദ്ധേയമായ പത്തുപാട്ടുകളെങ്കിലും എഴുതിച്ചേര്‍ക്കണമെന്നതില്‍ കവിഞ്ഞ് അതിന്റെ പ്രൗഢിയി ലേക്കോ ഗ്ലാമര്‍ പരിവേഷങ്ങളിലേക്കോ നടന്നുകയറാൻ ആഗ്രഹമില്ലെന്ന‌് കവി.  നിരൂപകരുടെയും പ്രസാധകരുടെയും പത്രാധിപരുടെയും തിരസ‌്കാര ങ്ങൾക്കുമുന്നില്‍, അവ ഏറ്റുപാടിയ ജനങ്ങളുടെ കരുത്തിലാണ് തന്റെ കവിതകള്‍ ജീവിക്കുന്നതെന്ന് ഇദ്ദേഹത്തിന് ഉത്തമബോധ്യമുണ്ട്

‘മാവിൻചോട്ടിലെ മണമുള്ള മധുരമായി' ‘മനതാരിൽ കുളിരുന്ന' വരികളെഴുതിയല്ല മുരുകൻ കാട്ടാക്കട മലയാളികളുടെ മനസ്സിൽ ഇടംനേടിയത്. ‘മങ്ങിയ കാഴ്ചകൾ കണ്ടുമടുത്ത' ജനതയോട്  നേരുകാണാനുള്ള കണ്ണടവയ‌്ക്കാൻ ആവശ്യപ്പെട്ടാണ് ‘ജീവന്റെ പച്ചയിൽ കൂട്ടുകൂടാനെത്തുന്ന നാട്ടുപക്ഷിയായി' ഈ കവി പറന്നിറങ്ങിയത്. 

‘പറയുവാനാകാത്തൊരായിരം കദനങ്ങൾ ഹൃദയത്തിൽ മുട്ടി വിളിച്ചിടുമ്പോൾ'  ‘അന്യനുവേണ്ടി കുലംവിട്ടുപോയ രക്തസാക്ഷികളെ' കേരളത്തിലങ്ങോളമിങ്ങോളം മലയാളികൾ  ഏറ്റുചൊല്ലി.  ആ ഗാഢസ്വരം രാഷ്ട്രീയവേദികളിൽ മുഴങ്ങി.  

പ്രണയത്തിന്റെ ആഴങ്ങളിൽ വീണുപോയവർക്ക്, സൗഹൃദത്തിന്റെ ഒറ്റപ്പെടൽ അനുഭവിച്ചറിഞ്ഞവർക്ക്, പരിസ്ഥിതിനാശത്തിൽ ആത്മരോഷം കൊള്ളുന്നവർക്ക് എല്ലാം ആ വരികൾ ആവേശവും ആശ്വാസവും പ്രതിഷേധവുമായി. 
 

‘ഓസ‌്‌കർ' തൊട്ട ഗാനം

മുരുകൻ കാട്ടാക്കടയെന്ന കവിയെ അറിയുന്ന പലർക്കും  മുരുകൻ കാട്ടാക്കടയെന്ന ഗാനരചയിതാവിനെ അത്ര പരിചയം കാണില്ല.   കേരളത്തിൽനിന്ന് ആദ്യ ഓസ‌്കർ നോമിനേഷൻ പോയ പുലിമുരുകനിലെ അവതരണഗാനം ഈ തൂലികത്തുമ്പിൽ പിറന്നുവീണതായിരുന്നു.
 
വാണിജയറാം പാടിയ ‘മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ പെയ്യല്ലേ പൊന്നേ...' എന്ന പാട്ട് യൂട്യൂബിൽമാത്രം പതിനായിരങ്ങൾ  കണ്ടാസ്വദിച്ചു.  മമ്മൂട്ടിയുടെ ‘ചട്ടമ്പിനാടി’നുവേണ്ടി  ‘ഒരു കഥ പറയാം... ഒരുകഥപറയാം...’ എന്ന ടൈറ്റിൽ സോങ‌്  ഒരുക്കിയിരുന്നു.
 
സംഗീതത്തോടും ഈണത്തോടും ചേർന്നുനിൽക്കുന്ന ലളിതസുന്ദര പദാവലികളാണ‌് മുരുകൻ കാട്ടാക്കടയുടെ ഗാനങ്ങളെ ഹൃദയങ്ങളോട് ചേർത്തുനിർത്തിയത്.
 
തീർത്തും യാദൃച്ഛികമാകാമെങ്കിൽപ്പോലും ‘ജാതിഭേദം മതദ്വേഷം' എന്ന നാലുവരി പാടി മലയാളികളുടെ ഹൃദയത്തേരിലേറിയ യേശുദാസ‌് തന്റെ പാട്ടിന്റെ അമ്പതാംവർഷത്തിൽ ആദ്യം പാടിയ പാട്ടിലും നാലുവരി മാത്രമേ മൂളിയിരുന്നുള്ളൂ; മല്ലൂസിങ്ങിനുവേണ്ടി മുരുകൻ എഴുതിയ വരികൾ: ‘നീ പാടാതെ പാടുന്ന പാട്ടിൽ ഈ ചോളങ്ങൾ ചാഞ്ചാടുന്ന ചന്തം... നീ നോക്കാതെ നോക്കുന്ന നേരം ഈ പൂവാക പൂക്കുന്ന ഗന്ധം...’ 
 
എം ജി ശ്രീകുമാർ സ്വതന്ത്രസംഗീതസംവിധായകനായതും മുരുകന്റെ വരികൾക്ക് ഈണമിട്ടായിരുന്നു. പലപ്പോഴും ഈണമിട്ടശേഷം അതിനൊപ്പിച്ച് വരികൾ എഴുതിചേർക്കുകയായിരുന്നുവെങ്കിൽ ടി കെ രാജീവ്കുമാർ സംവിധാനംചെയ‌്ത ‘ഒരു നാൾ വരും' എന്ന  ചിത്രത്തിനുവേണ്ടി രണ്ടുപേരും ഒരുമിച്ചിരുന്ന് ഈണവും വരികളും പരസ‌്പരം കോർത്തെടുക്കുകയായിരുന്നു. ‘മാവിൻചോട്ടിലെ മണമുള്ള മധുരമായി മനതാരിൽ കുളിരുന്നെൻ ബാല്യം' എന്ന ആ പാട്ട‌് ശ്വേത മോഹന‌്  നിരവധി പുരസ‌്കാരങ്ങൾ നേടിക്കൊടുത്തു. അതേസിനിമയിൽ ‘നാത്തൂൻപാട്ട്' എന്ന കവിതാശകലവും മോഹൻലാലും റിമി ടോമിയുംചേർന്ന് പാടി.
 
 രതിനിർവേദം റീമേക്ക് ചെയ്‌തപ്പോൾ സംവിധായകൻ ടി കെ രാജീവ്കുമാർ പാട്ടെഴുതാൻ ഏൽപ്പിച്ചത‌് മുരുകനെ. എം ജയചന്ദ്രൻ ചിട്ടപ്പെടുത്തിയ  ‘കണ്ണോരം ചിങ്കാരം...’, ‘ചെമ്പകപ്പൂങ്കാട്ടിലെ...' എന്നീ പാട്ടുകളിലൂടെ രണ്ട് ഗായകർക്ക‌് സംസ്ഥാന അവാർഡുകൾ ലഭിച്ചു. ശ്രേയാഘോഷാലിനും  സുദീപ്കുമാറിനും.
മേജർ രവിയുടെ ‘പിക്കറ്റ് 43' നുവേണ്ടി രതീഷ് വേഗയുടെ സംഗീതത്തിൽ വിജയ് യേശുദാസ് പാടിയ ‘മാരിമഴ മാഞ്ഞുപോയി... കാറ്റിൽ ഇല വീണുപോയി' എന്ന ഗാനവും അതിന്റെ ശോകാർദ്ര ഭാവത്തിലൂടെ ആസ്വാദകമനം കവർന്നു.
 
2009ൽ ‘ഭഗവാന‌ു’ വേണ്ടി എഴുതിയ അഞ്ചുവരി കവിതയിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും അതിനുമുമ്പ‌് ‘പറയാൻ മറന്നത്’ എന്ന സിനിമയ‌ിൽ കവിത ഉപയോഗിച്ചിരുന്നു. ഷാഫിയുടെ ചട്ടമ്പിനാടാണ്  പേരുവച്ച് പുറത്തിറങ്ങിയ ആദ്യ കച്ചവടസിനിമ. ഒടുവിൽ മധുരരാജയിലും പാട്ടെഴുതി. 
 

ചൊൽക്കവിതയിലെ രാഷ്ട്രീയം

കവിതകളിലൂടെ വർത്തമാനകാലത്തോട് പൊരുതാനും മുരുകൻ മുന്നിലുണ്ട്. മൂന്നര ദശലക്ഷംപേർ കണ്ടുംകേട്ടും ആസ്വദിച്ച രേണുക, കണ്ണട, സൂര്യകാന്തിനോവ്, കൊഴിയുന്ന ഇലകൾ പറഞ്ഞത്, നീ അടുത്തുണ്ടായിരുന്ന കാലം, ബാഗ‌്ദാദ്, ഉണർത്തുപാട്ട്, കാത്തിരിപ്പ്, ഓർമയ‌്ക്ക‌് പേരാണിതോണം, ഐലൻ കുർദി, ജലസമൃദ്ധി, ശ്യാമവിരഹം തുടങ്ങിയവ ഉദാഹരണങ്ങൾ.
പാട്ടെഴുത്തിലും കവിത വേണമെന്നാഗ്രഹിക്കുന്നു മുരുകൻ. അതുകൊണ്ടുതന്നെ  മലയാള ചലച്ചിത്രഗാനചരിത്രത്തിൽ ശ്രദ്ധേയമായ  പത്തുപാട്ടുകളെങ്കിലും എഴുതിച്ചേർക്കണമെന്നതിൽ കവിഞ്ഞ് അതിന്റെ പ്രൗഢിയിലേക്കോ ഗ്ലാമർ പരിവേഷങ്ങളിലേക്കോ നടന്നുകയറാൻ ആഗ്രഹമില്ല.  നിരൂപകരുടെയും  പ്രസാധകരുടെയും പത്രാധിപരുടെയും തിരസ‌്കാരങ്ങൾമുന്നിൽ, അവ ഏറ്റുപാടിയ ജനങ്ങളുടെ കരുത്തിലാണ് തന്റെ കവിതകൾ ജീവിക്കുന്നതെന്ന് ഇദ്ദേഹത്തിന് ഉത്തമബോധ്യമുണ്ട്. ഡിസി ബുക്‌സ‌് പുറത്തിറക്കിയ കവിതാപതിപ്പിന് ചുരുങ്ങിയ കാലത്തിനുള്ളിൽ 14പതിപ്പുകൾ ഇറങ്ങി. 
 
കവി എന്ന നിലയിൽ തന്റെ കവിതകളിൽ നാട്ടുപച്ചയും അടിസ്ഥാനജനങ്ങളുടെ പ്രശ്നങ്ങളും അവരുടെ ചിന്തകളും വിഹ്വലതകളും കടന്നുവരുന്നുണ്ട്. അവർക്ക് മനസ്സിലാകുന്ന ഭാഷയിൽക്കവിഞ്ഞ് അതിന് മറ്റൊരു വ്യാകരണവും വൃത്തവും വേണ്ടെന്നും അടിയുറച്ച് വിശ്വസിക്കുന്നു. മലയാളം മറന്നുപോകുന്ന കാലത്ത് ചെറിയകുട്ടികൾ മുതൽ പ്രായമായവർവരെ ‘കണ്ണട'യും ‘രേണുക'യും രണ്ടുവരിയെങ്കിലും മൂളുന്നുവെങ്കിൽ അതാണ് തനിക്കുള്ള ജനകീയാംഗീകാരമെന്നും ഉറച്ച് വിശ്വസിക്കുന്നു.  പ്രതിബദ്ധതയിൽക്കവിഞ്ഞ് മറ്റൊരുപക്ഷവും തനിക്കില്ല. 1990കളിൽ പുരോഗമന കലാസാഹിത്യസംഘത്തിനുവേണ്ടി തെരുവുകളിൽ കവിതചൊല്ലി അലഞ്ഞ അതേ യൗവനം ഇപ്പോഴും സൂക്ഷിക്കുന്ന മുരുകൻ കാട്ടാക്കടയെന്ന അധ്യാപകന് ചുറ്റിലും എന്നും കവിതയാണ്.  
 
കവിതയ‌്ക്കൊപ്പം സിനിമയുടെ തിളക്കത്തിലേക്ക് കൈപിടിച്ചുയർത്തിയതിന്  സംവിധായകരായ ടി കെ രാജീവ്കുമാർ, വൈശാഖ്,  ഷാഫി, മേജർ രവി, സംഗീതസംവിധായകർ എം ജയചന്ദ്രൻ, അലക‌്സ‌് പോൾ,  നിർമാതാക്കളായ മണിയൻപിള്ള രാജു, മേനക സുരേഷ്  തുടങ്ങി ഏറെപ്പേരോട് കടപ്പെട്ടിരിക്കുന്നു. 
 

അഭിമന്യു

ക്യാമ്പസിൽ വർഗീയവാദികളുടെ കത്തിമുനയിൽ പിടഞ്ഞുവീണ അഭിമന്യുവിന്റെ ജീവിതമെഴുതുന്ന ‘നാൻപെറ്റ മകനേ' സിനിമയാണ് പുറത്തുവരാനുള്ള പ്രോജക്ട്. ജയറാം നായകനാവുന്ന പട്ടാഭിരാമൻ ആണ്‌ മറ്റൊരു പ്രോജ്ക്ട്‌.  വിക്ടേഴ്സ് ചാനലിന്റെ മേധാവിയായി ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന മുരുകൻ കാട്ടാക്കടയ‌്ക്ക‌് എഴുത്തിലും ജീവിതത്തിലും താങ്ങായി അധ്യാപികയായ ഭാര്യ ലേഖയും വിദ്യാർഥിയായ മകൻ അദ്വൈതുമുണ്ട്.
പ്രധാന വാർത്തകൾ
 Top