27 January Monday

കുഴൽസംഗീതം @50

ശ്രീരാജ‌് ഓണക്കൂർ sreerajonakkoor@gmail.comUpdated: Sunday Jun 16, 2019

മാത്യു

മുണ്ടിക്കുന്നേൽ വർക്കിയുടെ മകൻ മാത്യുവിന്‌ സംഗീതമെന്നാൽ പ്രാണനാണ്‌. വർക്കി നന്നായി വയലിൻ വായിക്കും. അച്ഛൻ പകർന്നു നൽകിയ വയലിന്റെ മധുര സംഗീതം മാത്യുവിന്റെ ഹൃദയത്തിലാണ് പതിഞ്ഞത്‌. സംഗീതം അതേ വ്യക്തതയോടെ കേൾക്കുന്നതിലെ സുഖം മാത്യു അന്ന‌് തിരിച്ചറിഞ്ഞു. സംഗീതത്തെ അതിന്റെ മുഴുവൻ വ്യക്തതയോടും നമ്മുടെ ചെവിയിലെത്തിക്കുന്ന വാൽവ്‌ ട്യൂബ്‌ ആംപ്ലിഫെയർ എന്ന വാൽവ്‌ ആംപ്ലിഫെയർ മാത്യുവിന്റെ ജീവിതത്തിന്റെ ഭാഗമായി. ഇന്ത്യയിൽത്തന്നെ വളരെക്കുറച്ച്‌ ആളുകൾമാത്രം നിർമിക്കുന്ന വാൽവ്‌ ആംപ്ലിഫെയറുകളുമായി ചങ്ങാത്തത്തിലായിട്ട്‌  50 വർഷത്തിലേറെയായെന്ന്‌ മാത്യു പറയുന്നു. നിരവധി വിദേശരാജ്യങ്ങളിലേക്കും മാത്യു നിർമിച്ച വാൽവ്‌ ആംപ്ലിഫെയറുകൾ സഞ്ചരിച്ചിട്ടുണ്ട്‌. 200ൽ അധികം ആംപ്ലിഫെയർ ഇതിനകം നിർമിച്ചിട്ടുണ്ട്‌. 25,000 രൂപമുതൽ മൂന്നു ലക്ഷംവരെ വിലയുള്ളവ ഇക്കൂട്ടത്തിലുണ്ട്‌.
 

കംപ്യൂട്ടറിന‌് പുസ്‌തകങ്ങളെ സൃഷ്ടിക്കാനാകില്ല

ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയം, അയൽവാസിയും സുഹൃത്തുമായ മാധവൻ ചേട്ടന്റെ വാക്കുകൾ വഴിത്തിരിവായി. 100 കംപ്യൂട്ടർ വിചാരിച്ചാൽ ഒരു പുസ്‌തകമുണ്ടാക്കാൻ കഴിയില്ല. പക്ഷേ, ഒരു പുസ്‌തകംകൊണ്ട്‌ 100 കംപ്യൂട്ടർ വേണമെങ്കിൽ സൃഷ്ടിക്കാം. വായിക്കാതെയും പഠിക്കാതെയും  ഒന്നും നേടാനാകില്ലെന്ന സത്യം മാത്യു തിരിച്ചറിഞ്ഞു. ജിയോളജിസ്റ്റ‌് ഐ സി ചാക്കോ ഇലക്‌ട്രോണിക്‌സിനെക്കുറിച്ച്‌ മലയാളത്തിലെഴുതിയ പുസ്‌തകം മാധവൻ ചേട്ടൻ സമ്മാനിച്ചു. അങ്ങനെ  മാത്യുവിന്റെ ഇലക്‌ട്രോണിക്‌സ്‌ പഠനം പുസ്‌തകങ്ങളിലൂടെ ആരംഭിച്ചു.
 
മൂവാറ്റുപുഴ നിർമല കോളേജിൽ പ്രീ യൂണിവേഴ്‌സിറ്റി പഠനം പൂർത്തിയാക്കാതെ പുറത്തിറങ്ങി.  1965ൽ ഇന്റർനാഷണൽ ഇലക്‌ട്രോണിക്‌സ്‌ എന്ന സ്ഥാപനം മൂവാറ്റുപുഴയിൽ തുടങ്ങി. അന്ന‌് സിനിമാ തിയറ്ററുകളിലെ ആംപ്ലിഫെയറുകൾ കേടായാൽ തമിഴ്‌നാട്ടിൽനിന്ന്‌ ആളുകൾ വരണമായിരുന്നു.  അവ നന്നാക്കാൻ മാത്യു പഠിച്ചു. മെഡിക്കൽ ഉപകരണങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിലും വിദഗ്‌ധനായി.  
വാൽവ്‌ ആംപ്ലിെഫയർ

വാൽവ്‌ ആംപ്ലിെഫയർ

കമീഷണർ വിളിച്ചു, ഓർഡർ ഫ്രം അമേരിക്ക

നാട്ടുകാരനും അന്ന്‌ കൊച്ചി സിറ്റി പൊലീസ്‌ കമീഷണറുമായ എം കെ ജേക്കബ്‌ വഴിയാണ‌് വാൽവ്‌ ആംപ്ലിഫെയർ നിർമാണ രംഗത്തേക്കുള്ള പ്രവേശം. എറണാകുളത്ത്‌ അദ്ദേഹം താമസിച്ചിരുന്ന വീടിനടുത്തായിരുന്നു ഡിസൈൻ ബിൽഡേഴ്‌സ്‌ എന്ന സ്ഥാപനം.  ജേക്കബ്‌ ജോർജായിരുന്നു സ്ഥാപന ഉടമ. ഓഫീസിന്റെ മുന്നിലെ തിരക്ക്‌ കണ്ട്‌ കമീഷണർ കാര്യം തിരക്കി. 
 
വാൽവ്‌ ആംപ്ലിഫെയറിന്റെ ഓർഡറുകൾ ലഭിച്ച്‌ പുലിവാല‌് പിടിച്ചുനിൽക്കുകയായിരുന്നു ജേക്കബ്‌ ജോർജ്‌. ഇത്‌ നിർമിക്കാൻ അറിയാവുന്നവർ കുറവായിരുന്ന സമയം. വിദേശത്തുനിന്നടക്കം ഓർഡറുകൾ നിരവധി എത്തിയിരുന്നു. ഇതറിഞ്ഞ കമീഷണർ അദ്ദേഹത്തോടു പറഞ്ഞു. എനിക്കൊരാളെ അറിയാം. ഉടൻ എന്നോട‌് ഇവിടെ വരാൻ പറഞ്ഞു. ഒാർഡർ അമേരിക്കയിലേക്കായിരുന്നു. ആദ്യ പ്രതിഫലവും ലഭിച്ചു. പിന്നീട്‌ ജേക്കബ്‌ ജോർജുവഴി ആംപ്ലിഫെയറുകളെക്കുറിച്ച്‌ കൂടുതൽ അറിയാൻ കഴിഞ്ഞു. ഒരുപാട‌് മാറ്റങ്ങളോടെ അവർക്കുവേണ്ടി നിരവധി ആംപ്ലിഫെയറുകൾ നിർമിച്ച്‌ വിദേശത്തേക്ക്‌ അയക്കാൻ സാധിച്ചു. 
 

വാൽവ്‌ ആംപ്ലിഫെയറാണ്‌ താരം

ഒരു ആനയെ മെരുക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ്‌ ഒരു ആംപ്ലിഫെയർ ഉപയോഗിക്കുന്നത്‌. റിച്ചി ബ്ലാക്ക്‌മോർ എന്ന പ്രശസ്‌ത സംഗീതജ്ഞന്റെ വാക്കുകൾ. അതിനേക്കാൾ വിഷമകരമാണ്‌ നല്ല ഒരു വാൽവ്‌ ആംപ്ലിഫെയർ  ഉണ്ടാക്കിയെടുക്കുന്ന ജോലിയെന്ന്‌ ഈ രംഗത്തെ വിദഗ്‌ധർ പറയുന്നു.
 
സംഗീതത്തിന്റെ മുഴുവൻ വ്യക്തതയും ലഭിക്കണമെങ്കിൽ വാൽവുതന്നെ വേണം. സിഡി പ്ലെയറിനൊന്നും ആ ശബ്ദസുഖം നൽകാനാകില്ല. പലതരം വാൽവ്‌ ആംപ്ലിഫെയറുകളുണ്ട്‌. ഹൈബ്രിഡ്‌ (സങ്കരയിനം) ആംപ്ലിഫെയറുകളാണ്‌ ഇക്കൂട്ടത്തിൽ കീശയ‌്ക്ക്‌ ഇണങ്ങുന്നത്‌. ട്രാൻസിസ്റ്ററും വാൽവ്‌ ട്യൂബും ഇതിലുണ്ടാകും. പവറിന്‌ ട്രാൻസിസ്റ്ററും ആംപ്ലിഫിക്കേഷന്‌ വാൽവ്‌ ട്യൂബും ഉപയോഗിച്ചാണ്‌ ഈ സംവിധാനം പ്രവർത്തിക്കുക. ഇവയ്‌ക്ക്‌  വില കാൽലക്ഷം രൂപ.
 
പുതുപ്പള്ളി സ്വദേശിയായ സുഹൃത്ത്‌ അമേരിക്കയിലെ ഡിട്രോയ്‌റ്റിൽ ഒരു ഓഡിയോ എക്സിബിഷനിൽ പങ്കെടുത്തു. അവിടെ  20 സ്റ്റാളിലും കണ്ടത്‌ വാൽവ്‌ ആംപ്ലിഫെയറുകളാണ്. ട്രാൻസിസ്റ്റർ ആംപ്ലിഫെയറുകൾ ഇപ്പോൾ മ്യൂസിയത്തിൽ മാത്രമാണ് കാണാൻ കിട്ടുക. വിദേശരാജ്യങ്ങളിൽ  പാട്ട‌് കേൾക്കാൻ റെക്കോഡ്‌ പ്ലയറോ ടേപ്പോ ആണ്‌  ഇപ്പോഴും ഉപയോഗിക്കുക.
 

അന്റോണിയോ സ്‌ട്രാഡിവാരിയുടെ വയലിൻ

അന്റോണിയോ സ്‌ട്രാഡിവാരി എന്ന ലോകപ്രശസ്‌ത വയലിനിസ്റ്റിന്റെ അപൂർവ സംഗീത ശേഖരം മാത്യുവിന്റെ സംഗീത കലക‌്ഷനിലുണ്ട്‌. 17–-ാം നൂറ്റാണ്ടിലെ സംഗീതജ്ഞനായിരുന്ന അദ്ദേഹം ഉപയോഗിച്ച വയലിനുകൾ ലോകത്തിന്റെ പല ഭാഗത്തായിരുന്നു. കേരളത്തിൽ കണ്ണൂരിൽ ഒരാളുടെ കൈയിലും ഒരു വയലിനുണ്ടായിരുന്നു. അത്‌ കണ്ടെത്തി ആ വയലിനുകൾ ഉപയോഗിച്ച്‌ ഒരു സംഗീത സദസ്സ്‌ സംഘടിപ്പിച്ചു. അതിന്റെ അപൂർവ ഗ്രാമഫോൺ റെക്കോഡ്‌ മാത്യുവിന്റെ സംഗീതശേഖരത്തിൽ സ്വർണത്തിളക്കത്തോടെയുണ്ട്‌. 1950 മുതലുള്ള അഞ്ഞൂറോളം ഗ്രാമഫോൺ റെക്കോഡുകൾ ഈ ശേഖരത്തിലുണ്ട്‌. ഹിന്ദി, മലയാളം, ഇംഗ്ലീഷ്‌ ഭാഷയിലുള്ളവയാണ് കൂടുതലും. ജെറി അമൽദേവിനെപ്പോലെയുള്ള സംഗീതജ്ഞർ മാത്യുവിനെ തേടിയെത്താറുണ്ട്‌. 
 
ഓർഡർ ലഭിച്ചാൽ ഒന്നരയാഴ്‌ചയ്‌ക്കുള്ളിൽ വാൽവ്‌  ആംപ്ലിഫെയറുകൾ നിർമിച്ചിരുന്നയാളാണ്‌ മാത്യു. എന്നാൽ, ഇപ്പോൾ ശാരീരിക അവശതകൾ അനുവദിക്കുന്നില്ല. 
ആംപ്ലിഫെയറുകൾ നിർമിക്കുന്ന സാങ്കതികവിദ്യ പുതു തലമുറയ്‌ക്ക്‌ പകർന്നു നൽകാൻ മാത്യു തയ്യാറാണ്‌. എന്നാൽ, ആരും ഇതുവരെ വന്നിട്ടില്ല. തന്റെ കൈവശമുള്ള വിദ്യ തേടി ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് മാത്യു.
പ്രധാന വാർത്തകൾ
 Top