13 December Friday

ഓര്‍മകളുടെ ചരിത്രദൗത്യം

ഫസൽ റഹ്‌മാൻ pkfrahman@gmail.comUpdated: Sunday Jun 16, 2019

മുതിര്‍ന്ന തലമുറയ‌്ക്ക‌് തങ്ങള്‍ മറന്നുതുടങ്ങിയ ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലും പുതിയ തലമുറയ‌്ക്ക‌് അവര്‍ അറിഞ്ഞിരിക്കേണ്ട ചരിത്ര ഖണ്ഡങ്ങളുടെ സൂചകവുമാണ് സഈദ് അഖ്തര്‍ മിര്‍സ രചിച്ച സ‌്മൃതിനാശക്കാലത്തെ ഓര്‍മ–- നമ്മുടെ കാലത്തിന്റെ ഒരു വൈയക്തിക ചരിത്രം

ക്ഷുഭിത യൗവനം, വിശ്രമത്തിന്റെ വാർധക്യം എന്ന സമവാക്യം ഒരു വാർപ്പ് മാതൃകയാണ്. എന്നാൽ, ചരിത്രത്തിന്റെ അസംബന്ധ വൈരുധ്യങ്ങളിലേക്ക് ഉണർന്നിരിക്കുന്ന ചേതനയുള്ളവർക്ക് ആയുസ്സിന്റെ ഋതുഭേദങ്ങൾക്കപ്പുറവും അനീതികളുടെയും അസമത്വങ്ങളുടെയും വീർപ്പുമുട്ടലും പൊള്ളലും അനുഭവപ്പെടുക തന്നെ ചെയ്യും. ‘‘എനിക്ക് പ്രായമേറി വരികയാണ്, ഇപ്പോൾ ഞാനെന്റെ മനസ്സിലുള്ളത് തുറന്നു പറഞ്ഞില്ലെങ്കിൽ പിന്നെയെപ്പോഴാണ് ഞാനത് ചെയ്യുക?'' എന്ന ഒരു എഴുപത്തിയഞ്ചുകാരന്റെ ചോദ്യം, തന്റെ കാലത്തോടുള്ള കടം വീട്ടലും നീക്കിവയ‌്പ്പും ആയിത്തീരുന്നു. ഓർമപ്പുസ്‌തകത്തിന്റെ വൈയക്തികതയ‌്ക്കപ്പുറം പോകുന്ന ചരിത്രാവലോകനമായും ചരിത്ര പുസ‌്തകത്തിന്റെ വസ‌്തുനിഷ്‌‌ഠത മാത്രമാകാത്ത ആത്മാന്വേഷണമായും മാറുന്നു സയിദ് അഖ്തർ മിർസയുടെ ‘സ്മൃതിനാശക്കാലത്തെ ഓർമ‐ നമ്മുടെ കാലത്തിന്റെ ഒരു വൈയക്തിക ചരിത്രം.'

ഓർമക്കുറിപ്പുകളും ചെറുലേഖനങ്ങളും അഭിമുഖ ഭാഗങ്ങളും കഥകളും ചേർന്ന കൊളാഷാണ് പുസ്‌തകഘടന. സ്വാതന്ത്ര്യപ്രാപ്തിയുടെ തൊട്ടുമുമ്പ്, 1943-ൽ ബോംബെയിൽ ജനിച്ച മിർസയുടെ ധിഷണയിൽ ഇന്ത്യ–-പാക് വിഭജനം, ബംഗാൾ വിഭജനം, ഇന്ത്യ–-പാക്, ഇന്ത്യ–-ചൈന യുദ്ധങ്ങൾ, അടിയന്തരാവസ്ഥ, മണ്ണിന്റെ മക്കൾ വാദവും ശിവസേനയുടെ വളർച്ചയും, മുംബൈ സ‌്ഫോടന പരമ്പര, ബാബറി മസ്ജിദ് തകർക്കൽ, ഗുജറാത്ത് വംശഹത്യ, എൻഡിഎ അധികാരാരോഹണം,  തുടങ്ങി സമകാലിക ഇന്ത്യാ ചരിത്രത്തെ നിർണയിച്ച ഘട്ടങ്ങളെല്ലാം മുദ്രപതിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു മനുഷ്യനും ഒരു ദ്വീപല്ല എന്നിരിക്കെ, ദേശചരിത്രം ലോക ചരിത്രത്തിന്റെ ഭാഗമാണ്, ദേശജീവിതം ലോകോന്മുഖവും. അതുകൊണ്ട് ലോകചരിത്ര ഘട്ടങ്ങളും ഗ്രന്ഥകാരന്റെ നിരീക്ഷണങ്ങൾക്ക് വിധേയമാകുന്നു. 9/11 അനന്തര പരിണതിയായി ‘‘എന്റെ പേര് അരവിന്ദ് ദേശായ് എന്നോ ആൽബെർട്ട് പിന്റോ എന്നോ ശിവേന്ദ്ര സിംഗ് എന്നോ ടോണി ബെൻ എന്നോ ആയിരുന്നെങ്കിൽ'' എന്നാശിച്ചു പോകുന്ന അവസ്ഥ ഗ്രന്ഥകാരൻ നേരിടുന്നു.
 
ചരിത്ര സംഭവങ്ങളുടെ കേവല കാലാനുസൃത വിവരണ രീതിക്ക് പകരം പ്രശ്നങ്ങളുടെ യഥാർഥ കാരണങ്ങളിലേക്ക്, മുഖ്യധാരാ/ഔദ്യോഗിക ഭാഷ്യങ്ങളിൽ തെളിഞ്ഞു കിട്ടാത്ത ആ ‘മറുപാഠ'ത്തിലേക്ക് നിരന്തരം കടന്നു ചെല്ലുന്ന രീതിയാണ് ഇവിടെ. ഇറാഖ് യുദ്ധത്തെക്കുറിച്ചു പാശ്ചാത്യ ‘എംബെഡെഡ്' ജേണലിസ്റ്റുകൾ നൽകിയ അപസർപ്പക കഥകളിൽ നിന്നുള്ള ഉദ്ധരണികളിൽ തൽപ്പരനല്ല സയിദ് മിർസ. ഗദ്ദാഫിയുടെ ഉന്മൂലനത്തിനു പിന്നിൽ എകാധിപതിയോടുള്ള ജനാധിപത്യ പ്രതിഷേധത്തിന്റെ പര്യവസാനമെന്ന പാശ്ചാത്യ വാഗ്ധോരണിക്കപ്പുറം ബെർബർ ഗോത്രജനായ സാമ്രാജ്യത്വ വിരുദ്ധനോടുള്ള അമേരിക്കൻ പക ഒരു ചാലകമായിരുന്നു എന്നും എതിരാളിയെ ആദ്യം ഭീകരനാക്കി ചിത്രീകരിക്കുക, പിന്നീട് ഉന്മൂലനം ചെയ്യുക എന്ന അമേരിക്കൻ രീതിയുടെ നടത്തിപ്പായിരുന്നു അതെന്നും ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നു. ഹോളോകാസ്റ്റിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ ശക്തികൾ തങ്ങളുടെ കുറ്റബോധം തീർക്കാനുള്ള ബലിയാടുകൾ ആയി പലസ്തീൻ പ്രദേശത്തെ കണ്ടെടുത്തതോടെയാണ്‌ ആ ജനതയുടെ ദുരന്തം തുടങ്ങിയതെന്നും വിയറ്റ്നാം യുദ്ധത്തിന്റെ യഥാർഥ കാരണം പ്രസിഡന്റ‌് ഐസൻഹോവറുടെ ഉറക്കം കെടുത്തിയ ഡോമിനോ സിദ്ധാന്തമെന്ന മണ്ടൻ കാഴ്ച്ചപ്പാടായിരുന്നു എന്നുമുള്ള നിരീക്ഷണങ്ങളും പുസ‌്തകം പങ്കിടുന്നു. വിയറ്റ്നാം ജനതയുടെ അന്തിമ വിജയം ലോകമെമ്പാടുമുള്ള ജനകീയ സമരങ്ങൾക്ക് ഊർജം പകർന്നതിനെക്കുറിച്ച് പുസ‌്തകത്തിൽ ഏറെ പരാമർശങ്ങളുണ്ട്. 
വിയറ്റ്നാം യുദ്ധകാലം മുതൽ ആജീവനാന്തം പോരാളിയായിത്തുടർന്ന മുഹമ്മദലി, ഇറാഖ് അധിനിവേശക്കാലത്ത് ബുഷ് ജൂനിയറിനെ ‘ഇത് ഇറാഖി ജനതയിൽ നിന്ന് നിനക്കുള്ള വിടവാങ്ങൽ ചുംബനം, നായേ!' എന്നു ഷൂകൾ കൊണ്ട് എറിഞ്ഞ ജേണലിസ്റ്റ് തുടങ്ങി പ്രശസ‌്തരും അപ്രശസ‌്തരുമായ പോരാളികളെയും പുസ‌്തകം ഓർമിക്കുന്നുണ്ട്. നോം ചോംസ‌്‌കിയെയും എഡ്വാർഡ് സൈദിനെയും പോലെ, ഇന്ത്യൻ സാഹചര്യത്തിൽ അപ്രിയ സത്യങ്ങൾ വിളിച്ചുപറഞ്ഞു കൊണ്ടേയിരിക്കുന്ന ഹർഷ് മന്ദർ, പി  സായിനാഥ്, അരുന്ധതി റോയ്, റാണാ അയ്യൂബ് തുടങ്ങിയവരും ചർച്ച ചെയ്യപ്പെടുന്നുണ്ട്. മാസ് ലീഡർ എന്ന പ്രയോഗത്തിന്റെ രണ്ടറ്റങ്ങളായി നാല് ലക്ഷം പേർപങ്കെടുത്ത വിലാപയാത്ര ലഭിച്ച ബാൽ താക്കറെയെയും ഡൽഹി ഭരണത്തിന്റെ അധികാര പരിമിതികളിൽ കേന്ദ്ര നിസ്സഹകരണം ശ്വാസം മുട്ടിച്ചിട്ടും പൂർവാധികം ശക്തിയോടെ തിരിച്ചുവന്ന അരവിന്ദ് കെജ‌്‌രിവാളിനെയും അവതരിപ്പിക്കുന്നു. മിത്തുകൾ രാഷ്ട്ര ഭാവിയിൽ വിനാശകരമായി ഇടപെടുന്നത് ഇന്ത്യൻ വസ‌്തുത മാത്രമല്ലെന്ന് പാരീസിൽ കറുത്ത വർഗക്കാർ നേരിടുന്ന വിവേചനം, അൾജീരിയൻ സ്വാതന്ത്ര്യ സമരം, ജർമനിയുടെ മറവിൽ ശ്രദ്ധിക്കപ്പെടാതെ പോയ ഇറ്റാലിയൻ ഫാസിസത്തിന്റെ നാൾവഴികൾ, ഇസ്രയേൽ നിർമിതിക്ക് പിന്നിലെ ബൈബിൾ പ്രോക്തമായ വാഗ്‌ദത്ത ഭൂമി സങ്കല്പം, സോവിയറ്റ് യൂണിയൻ തകർച്ച, ഇസ്ലാമിക ലോകത്തെ സൗദി അറേബ്യൻ മേധാവിത്ത്വവും വഹാബി, സലഫി പാരമ്പര്യങ്ങളുടെ ശാക്തീകരണവും തുടങ്ങിയ അനുഭവങ്ങളിലൂടെ ഗ്രന്ഥകാരൻ സമർഥിക്കുന്നു.
 
ചരിത്രത്തിന്റെ ഭീകര വൈരുധ്യങ്ങൾക്കെതിരെ കവിതയെ സ്ഥാപിക്കുന്ന ഗ്രന്ഥകാരൻ കുഴിമാടങ്ങളുടെ അവിശ്വസനീയമായ ഏകാന്തതയെക്കുറിച്ചു വേവലാതിപ്പെടുന്നുണ്ട്. ബോംബെ കലാപ നാളുകളിൽ, സൈക്കിളിൽ പോകുന്ന പ്രായമേറിയ പാൽക്കാരനെ ആൾക്കൂട്ടം വേട്ടയാടി തല്ലിക്കൊല്ലുന്നതിനു സാക്ഷ്യം വഹിക്കേണ്ടിവന്ന നടുക്കത്തിൽ അദ്ദേഹം ചിന്തിക്കുന്നു: അവർക്ക് ലജ്ജ തോന്നിക്കാണില്ലേ? അന്ന് രാത്രി അവർക്ക് ഉറങ്ങാൻകഴിഞ്ഞിരിക്കുമോ? ഏതു തരം സ്വപ്‌നങ്ങളാവും അവർ അന്ന് കണ്ടിരിക്കുക!. കലാപ നാളുകളിൽ കൂട്ടായ‌്മ തീർത്ത് ഒരുമിച്ചു നിന്ന നിസ്വരായ മനുഷ്യരെ പ്രതീക്ഷയുടെ വെട്ടമായി ഗ്രന്ഥകാരൻ ഓർമിക്കുന്നു. ‘ശത്രുക്ക'ളെ സംരക്ഷിക്കുന്നവർ എന്ന് കുറ്റപ്പെടുത്തുന്ന കലാപകാരികളോട് അവർ പൊട്ടിത്തെറിക്കുന്നു: ഈ നരകക്കുഴിയിൽ ഞങ്ങളാണ് സഖാക്കൾ. പാശ്ചാത്യവിമർശനത്തിന്റെ മൂർച്ചയിൽ മാർക‌്സിസം പോലുള്ള വിമോചന ദർശനങ്ങളും പാശ്ചാത്യസംഭാവനയാണെന്ന് മറക്കരുതെന്ന് അദ്ദേഹം സ്വയം ശാസിക്കുന്നു.
 
മുതിർന്ന തലമുറയ‌്ക്ക‌് തങ്ങൾ മറന്നു തുടങ്ങിയ ചരിത്രത്തിന്റെ ഓർമപ്പെടുത്തലും പുതിയ തലമുറയ‌്ക്ക‌് അവർ അറിഞ്ഞിരിക്കേണ്ട ചരിത്ര ഖണ്ഡങ്ങളുടെ സൂചകവുമാണ് പുസ‌്തകം. ഇന്ത്യൻ സമാന്തര സിനിമയുടെ കരുത്തുറ്റ മുഖമായ ചലച്ചിത്രകാരന്റെ ഓർമപ്പുസ‌്തകത്തിൽ അദ്ദേഹത്തിന്റെ ചലച്ചിത്ര സപര്യയെ കുറിച്ച് കാര്യമായി ഒന്നും പറയുന്നില്ല. അതുപോലെ, പറയപ്പെടേണ്ടിയിരുന്ന ചിലരെങ്കിലും, ഉദാഹരണത്തിന് ടീസ്റ്റ സെതൽവാദ്, പുസ‌്തകത്തിൽ അനുസ‌്മരിക്കപ്പെടുന്നില്ല. പുസ‌്തകത്തിന്റെ തലക്കെട്ട് ഉൾച്ചേർക്കുന്ന ദ്വിമുഖ സൂചകം (Age of Amnesia), സ‌്മൃതിഭ്രംശത്തെ വാർധക്യത്തിന്റേത് എന്നതിനൊപ്പം ഓർമകൾക്ക് അൽപ്പായുസ്സാകുന്ന വിവര/ ജ്ഞാനശകല പ്രളയകാലത്തിന്റെ പ്രകൃതം കൂടിയായി തിരിച്ചറിയുകയാണ്.
പ്രധാന വാർത്തകൾ
 Top