06 June Saturday

ക്രൂരമാമുച്ചച്ചൂടിൽ ഓർമതൻ മഴക്കുളിർ

വി കെ ടി വിനുUpdated: Sunday Jun 16, 2019

വി കെ ടി വിനു

സച്ചിദാനന്ദൻ സാറിന്റെ ഓർമകളിൽനിന്ന് എന്നോ മറവിയിലേക്ക് ഞാൻ മറഞ്ഞുപോയിട്ടുണ്ടാകും. പക്ഷേ, ഒരിക്കലും മറക്കാനാകാത്ത ആ കൂടിക്കാഴ്ചകളുടെ ഓർമയും പേറി ആരും അറിയാതെ കവിതകൾ കോറിയിട്ട് എത്രയോ വർഷങ്ങൾ പിന്നിട്ടു... അങ്ങനെ കവിതകൾ കോറിയിട്ട 200 പേജിന്റെ 14 വർഷത്തോളം പഴക്കമുള്ള എന്റെ നോട്ടുബുക്ക് 2004 ൽ സുനാമി തിരകൾ അപഹരിച്ചു

എഴുത്തിന്റെ വഴികളിൽ പിടിച്ചിരുത്താനും ഏറെ ചിന്തിപ്പിക്കാനും പ്രേരിപ്പിച്ചത് സ്വച്ഛമായൊഴുകുകയാണെന്ന് തോന്നിപ്പിച്ച നിളയായിരിക്കാം. നിളയുടെ ഓളപ്പരപ്പിൽ മലർന്ന് കിടന്ന് പുഴയോട് ചേർന്ന ഭഗവതി ക്ഷേത്രത്തിലെ മണിയടിയൊച്ചയും കേട്ട് ആ തെളിനീറ്റിൽ മുങ്ങിക്കുളിച്ച് ചിന്തകളിലുയരുന്ന കവിതകൾ സ്വപ‌്നംകണ്ട കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. അടക്കിവച്ച ശാന്തത കൈവിട്ടുകൊണ്ട് അടിയൊഴുക്കിന്റെ നീരാളിക്കൈകളാൽ എത്രയോവട്ടം എന്നെ ആഴത്തിൽ പുൽകാൻ ശ്രമിച്ച് പരാജയപ്പെട്ട് വിരഹവേദനകളാൽ ഒറ്റപ്പെട്ട് ആർത്തലച്ച് ഒഴുകിയൊഴുകി അവസാനം ആഴക്കടലിലെ വിസ‌്മയക്കയങ്ങളിൽ  സ്വയം ഒടുങ്ങിയിട്ടുണ്ട് നിള.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് വായനയുടെ ലോകത്തിലേക്ക് മടിച്ചു മടിച്ചാണെങ്കിലും പ്രവേശിക്കുന്നത്. പത്മനാഭൻ മാഷാണ് കാരണം. മാപ്പിള സ്കൂൾ എന്നു പേരുകേട്ട ആ വിദ്യാലയത്തിൽ ലൈബ്രറിപോലും ഇല്ല. അലമാരയിൽ അടുക്കിവച്ച കുറച്ചു പുസ‌്തകങ്ങൾ മാത്രം.ആരുമത‌് ഉപയോഗപ്പെടുത്താത്തതുകൊണ്ടാകും മാഷ് ഒരു ദിവസം അലമാര തുറന്ന് ഒരുകെട്ട് പുസ‌്തകങ്ങളുമായി വന്നത്! 

അങ്ങനെ നിർബന്ധപൂർവം അന്നു പിടിപ്പിച്ചതായിരുന്നു ആദ്യ പുസ‌്തകാനുഭവം (ഞാനാദ്യം തൊടുന്ന പുസ്‌തകം). എനിക്കന്ന് കിട്ടിയത് കോവിലന്റെ "എ മൈനസ് ബി’ എന്ന മഹത്തായ കൃതി. സാഹിത്യത്തെക്കുറിച്ച് ഒന്നും അറിയാത്ത എനിക്കന്ന് അതൊരു സാധാരണ പുസ‌്തകത്തിനപ്പുറം ഒന്നും അല്ല. കുട്ടികൾ ഇഷ്ടപ്പെടുന്ന പട്ടാളക്കഥകൾ ആയിട്ടുകൂടി ഞാനത് വായിച്ചു തീർത്തില്ല.

ഒരാഴ‌്ചയാണ് പുസ്‌തകം വായിക്കാനുള്ള സമയം. അടുത്ത ആഴ്‌ച ഞാൻ പുസ‌്തകം തിരിച്ചുകൊടുത്തു. ഇത്തവണ എനിക്ക് കിട്ടിയത് ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും.’  എനിക്കെന്ത് ഉറൂബ്? ഞാനാ കൃതിയും വായിക്കാതെ അടുത്ത ആഴ‌്ച തിരിച്ചുകൊടുത്തു. പക്ഷേ, ഇത്തവണ ‘വായിച്ചോ’ എന്ന് മാഷ‌്. "ഇല്ല ഇത്രയും കട്ടിയുള്ള പുസ‌്തകം വായിക്കാൻ എനിക്കാകില്ല’ എന്ന് ഞാൻ. അപ്പോൾ മാഷ് പറഞ്ഞു "എന്നാൽ, ഇത്തവണ ഞാൻ അതിലും കട്ടിയുള്ള പുസ‌്തകം തരും, മാലിയുടെ ‘കുട്ടികൾക്കുള്ള മഹാഭാരതം.’ ഇത് വായിച്ചിരിക്കണം.’ എനിക്ക് മാഷോട് ദേഷ്യം തോന്നി. പുസ‌്തകം കട്ടിമാത്രമല്ല നല്ല കനവും ഉണ്ടായിരുന്നു. വീട്ടിലെത്തി രണ്ടു ദിവസം ആ ഭാഗത്തേക്കേ പോയില്ല. പിന്നീടൊരു ദിവസം വെറുതെ മറിച്ചു വായന തുടങ്ങി... രസം തോന്നി. തിരിച്ചു കൊടുക്കേണ്ട ദിവസമായപ്പോഴേക്കും ഞാനത‌് വായിച്ചു കഴിഞ്ഞിരുന്നു. എന്റെ ആദ്യ  വായനാനുഭവം. പിന്നീട് വായനയോട് ഒരുതരം ആർത്തി തോന്നിത്തുടങ്ങി. എംടിയുടെ കൃതികളോടായിരുന്നു കമ്പം. പുഴ കടന്ന് എംടിയുടെ നാടായ കൂടല്ലൂരിലേക്ക് വെറുതെ നടക്കും ഒഴിവു ദിവസങ്ങളിൽ. 

പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് ആദ്യമായി എഴുതുന്നത്. കോളേജ് മാഗസിനിലേക്ക് രചനകൾ സ്വീകരിക്കുന്നു എന്നറിഞ്ഞാണ് ആ സാഹസം. എന്താ എഴുതിയത് എന്നോർമയില്ല. പക്ഷേ, ഒന്നോർമയുണ്ട്, സ്റ്റാഫ് എഡിറ്റർ  ശാന്തകുമാർ സർ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ച‌് പരിഹസിച്ചത‌്. അധോമുഖനായ എനിക്ക് എഴുത്ത് അപ്രാപ്യമാണെന്ന് അദ്ദേഹം കരുതിക്കാണും. നിറഞ്ഞ കണ്ണുകളോടെ അവിടെ നിന്നിറങ്ങിയ ഞാൻ മനസ്സിൽ ഒരു ദൃഢനിശ്ചയം എടുത്തു. മുഖ്യധാര പ്രസിദ്ധീകരണങ്ങളിലൊന്നിലെങ്കിലും ഞാനെഴുതും എന്ന്. പെരുമൺ ദുരന്തം മനസ്സിനെ മഥിച്ചപ്പോഴാണ് ആദ്യം കഥ എഴുതിയത്. "വെള്ളമന്ദാരപ്പൂവ്’ കോഴിക്കോടുനിന്ന‌് പ്രസിദ്ധീകരിക്കുന്ന അഭിരാമം ഓണപ്പതിപ്പിൽ അച്ചടിച്ചുവന്നു.  

വ്യോമസേനയിൽ ജോലികിട്ടി ഡൽഹിക്ക് പോയതിൽ പിന്നെ മലയാളം ആനുകാലികങ്ങളുടെ ലഭ്യതക്കുറവ് കൊണ്ടോ എന്തോ വായന മുരടിച്ചു. സൈനിക ജീവിതത്തിന്റെ തിരക്കിനിടയിൽ എഴുത്ത് എന്നെ വിട്ടുനിന്നു. ഒരിക്കൽ കേരള എക്സ്പ്രസിൽ അവധിക്ക് നാട്ടിലേക്കുള്ള യാത്രയിൽ യാദൃശ്ചികമായാണ് ഞാനദ്ദേഹത്തെ ശ്രദ്ധിച്ചത്. എനിക്കടുത്തിരിക്കുന്നത് കവി സച്ചിദാനന്ദൻ ആണെന്ന‌് ആശ്ചര്യത്തോടെ ഞാനറിഞ്ഞു. രണ്ടര ദിവസം നീണ്ട ആ യാത്ര എന്റെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവം. അദ്ദേഹത്തിനെയും കുടുംബത്തെയും പരിചയപ്പെട്ടു. പാലക്കാട് എത്തിയപ്പോൾ 1993ലെ ഏപ്രിലിലെ ആ വെള്ളിയാഴ്ച ദിവസം അദ്ദേഹം എനിക്കായി ‘ഒരു കൂടിക്കാഴ‌്ചയുടെ ഓർമയ‌്ക്ക്' എന്നപേരിൽ  കുറിച്ച വരികൾ ഇങ്ങനെ:
  
‘" ക്രൂരമാമുച്ചച്ചൂടി-
ലാവിയായ് മാറും കരിം -
പാറകൾക്കിടയിലൂ -
ടാസുരം തീവണ്ടിതൻ
താളവും, നാമും, ദൂരെ-
പ്പച്ചയും പൂവും വീടും...
ഈ വിധം ചലിക്കുന്നു
ജീവിതം; നമ്മോടൊപ്പം
കാലവും...  ഇരുപതാം
നൂറ്റാണ്ടും കൊഴിയുന്നു''
അദ്ദേഹത്തിന്റെ കൈപ്പടയിൽ എഴുതിയ ആ താൾ ഇന്നും എനിക്കൊരപൂർവനിധി.
  
കേന്ദ്ര സാഹിത്യ അക്കാദമി എഡിറ്ററായ അദ്ദേഹത്തെ ഇടക്കിടെ സന്ദർശിക്കുമായിരുന്നു. എഴുതാനും അതിലേറെ വായിക്കാനും അദ്ദേഹമെന്നെ പ്രേരിപ്പിച്ചു. എന്നാൽ, ഡൽഹിയിൽനിന്ന‌് പഞ്ചാബിലെ ഭട്ടിണ്ട വ്യോമതാവളത്തിലേക്കുള്ള സ്ഥലംമാറ്റം വീണ്ടും എഴുത്തിനെ മുരടിപ്പിച്ചു. ശ്രീനഗറിലെ ടെന്റുകളിൽ കമാൻഡോ ട്രെയിനിയായുള്ള പരിശീലനം ശരീരത്തെയും മനസ്സിനെയും ഏറെ ക്ഷീണിപ്പിച്ചിരുന്നു. എഴുത്തുകാരന് ഒരിക്കലും നല്ലൊരു കമാൻഡോ ആകാൻ പറ്റില്ല. ഒരു മാസത്തിലേറെ നീണ്ട ആ കമാൻഡോ കോഴ്സ് വിജയിച്ചേ തീരൂ. അതിനിടയിൽ സാഹിത്യ അക്കാദമിയുമായും സച്ചിദാനന്ദൻ സാറുമായും ബന്ധപ്പെടാനായില്ല.
 
സച്ചിദാനന്ദൻ സാറിന്റെ ഓർമകളിൽനിന്ന് എന്നോ മറവിയിലേക്ക് ഞാൻ മറഞ്ഞുപോയിട്ടുണ്ടാകും. പക്ഷേ, ഒരിക്കലും മറക്കാനാകാത്ത ആ കൂടിക്കാഴ്ചകളുടെ ഓർമയും പേറി ആരും അറിയാതെ കവിതകൾ കോറിയിട്ട് എത്രയോ വർഷങ്ങൾ പിന്നിട്ടു... അങ്ങനെ കവിതകൾ കോറിയിട്ട 200 പേജിന്റെ 14 വർഷത്തോളം പഴക്കമുള്ള എന്റെ നോട്ടുബുക്ക് 2004 ൽ സുനാമി തിരകൾ അപഹരിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപിലെ കാർ നിക്കോബാർ എയർഫോഴ്സ് സ്റ്റേഷൻ പാതിയിലേറെ കവർന്ന, പലരെയും ജീവനോടെ വിഴുങ്ങിയ, സുനാമി തിരകൾ എന്നെ വളരെയേറെ തിരഞ്ഞിട്ടും കിട്ടാതായപ്പോൾ ഞാൻ നിധിപോലെ സൂക്ഷിച്ച എന്റെ അമൂല്യങ്ങളായ പല ചിന്തകളെയും പകർത്തിയ നോട്ടുബുക്കിൽ തൃപ്തിയടഞ്ഞു. സുനാമി ദുരന്തം സൃഷ്ടിച്ച ആഘാതത്തിൽനിന്ന‌് മുക്തി നേടാൻ പിന്നെയും ഒരുപാട് സമയമെടുത്തു.
 
കവിതയും കഥകളുമായി എന്റെ ചെറിയ എഴുത്തുലോകത്തുനിന്ന‌് പുറംലോകം കാണുന്ന രചനകൾ തുലോം കുറവാണ്... എന്നിരുന്നാലും എഴുതുകതന്നെ. ഞാനേറെ ആരാധിക്കുന്ന സച്ചിദാനന്ദൻ സാറിനെ ഒരിക്കൽക്കൂടി കാണാനും സമയമായിട്ടുണ്ടാകില്ല. ക്ഷമയോടെ കാത്തിരിക്കുക... ജീവിതം എന്നെ പഠിപ്പിച്ചതും അതുതന്നെ. സച്ചിദാനന്ദൻ സർ പറഞ്ഞപോലെ
ക്രൂരമാമുച്ചച്ചൂടി-
ലാവിയായ് മാറും...
കുളിർ മഴയ‌്ക്കായി കൊതിച്ച് കൊച്ചു കൊച്ചു ചിന്തകളിൽ വിടരുന്ന കവിതകളുമായി തുടരുകതന്നെ പ്രയാണം.
പ്രധാന വാർത്തകൾ
 Top