18 November Monday

പൊതുപ്രവർത്തനത്തിന്റെ ചടുലത ചിന്തയിലെ പ്രതിബദ്ധത

ബി അബുരാജ്Updated: Sunday Jun 16, 2019

രാഷ്ട്രീയ എതിരാളികളുടെ കുപ്രചാരണങ്ങള്‍ക്കെ തിരായ ലേഖനങ്ങള്‍ ശക്തമെങ്കിലും പ്രതിപക്ഷബഹുമാനം പുലര്‍ത്തിക്കൊണ്ടുള്ളതാണ്. ചരിത്രവും തനിക്ക് വഴങ്ങും എന്നതിന് തെളിവാണ് കര്‍ഷക തൊഴിലാളി യൂണിയന്റെ ചരിത്രം വിവരിച്ച് ചിന്തയില്‍ പ്രസിദ്ധീകരിച്ച ദീര്‍ഘലേഖനം. 19 വര്‍ഷം മുമ്പ് രചിക്കപ്പെട്ട ആ ലേഖനം ചരിത്രവിദ്യാര്‍ഥി കള്‍ക്ക് പ്രയോജനംചെയ്യും

പൊതുപ്രവർത്തകർ ജനങ്ങളുമായി നിരന്തരം സംവദിക്കുന്നവരാണ്. മികച്ച പൊതുപ്രവർത്തകന് തന്റെ ആശയങ്ങൾ ജനങ്ങളിലെത്തിക്കാൻ വ്യത്യസ‌്ത വഴികൾ സ്വീകരിക്കേണ്ടതായി വരും. പല ജനനേതാക്കളും എങ്ങനെയാണ് പൊതുസമൂഹവുമായി ആശയവിനിമയം നടത്തിയതെന്ന് പഠിക്കുക കൗതുകകരം. ലളിതവും ഹ്രസ്വവുമായ പ്രഭാഷണങ്ങളും വസ‌്തുതാ വിശകലനങ്ങളും ചരിത്രാനുഭവങ്ങളും ചേർന്ന കുറിപ്പുകളുമായിരുന്നു ഇ എം എസിന്റെ രീതി. ഇ കെ നായനാരുടെ നർമവും നിഷ്‌കളങ്ക പ്രയോഗങ്ങളും നിറഞ്ഞ പ്രസംഗങ്ങൾ അദ്ദേഹത്തെ രാഷ്ട്രീയ എതിരാളികളുടെപോലും പ്രിയങ്കരനാക്കി. ആശയവിനിമയത്തിൽ അംഗചലനങ്ങൾക്കുപോലുമുള്ള സാധ്യതകൾ കാട്ടിത്തന്നയാളാണ് കോൺഗ്രസ് നേതാവായിരുന്ന കെ  കരുണാകരൻ. 

എഴുത്തുകാരായ നേതാക്കളിൽ പ്രഥമഗണനീയൻ ഇ എം എസ്‌ തന്നെ. സി ഉണ്ണിരാജ, എൻ ഇ ബലറാം തുടങ്ങി ശശി തരൂർവരെ ഒട്ടേറെപേർ അറിയപ്പെടുന്ന ഗ്രന്ഥകാരന്മാർ. കാലികപ്രശ്നങ്ങളെ അധികരിച്ച് വർത്തമാനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നവരും ഗ്രന്ഥരചന നടത്തുന്നവരും പുതിയ തലമുറയിലും കുറവല്ല. ആ നിരയിലേക്ക് കടന്നുവന്നിരിക്കുകയാണ് ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ അഭിമാനകരമായ വിജയം നേടിയ എ എം ആരിഫ്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായ ആരിഫ് 2006ലെ നിയമസഭാതെരഞ്ഞെടുപ്പിൽ ഗൗരിയമ്മയെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. തുടക്കംമുതൽതന്നെ ആരിഫിന്റെ നിയമസഭാപ്രസംഗങ്ങൾ ശ്രദ്ധ നേടി. ഏതു വിഷയവും നന്നായി ഗൃഹപാഠം ചെയ്‌ത‌് പ്രസക്തമായ കാര്യങ്ങൾ വസ‌്തുനിഷ‌്‌ഠമായി അവതരിപ്പിക്കുന്നതിനോടൊപ്പം ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് ഹൃദ്യമാക്കിയത് ആ പ്രസംഗങ്ങൾക്ക് ചെവി കൊടുക്കാൻ ആരെയും പ്രേരിപ്പിച്ചു. ആനുകാലികങ്ങളിൽ സമകാലീന വിഷയങ്ങളെ അധികരിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചപ്പോഴാണ് ആരിഫിലെ എഴുത്തുകാരനെ ലോകം തിരിച്ചറിഞ്ഞത്. ഒരു ദശാബ്ദമായി ആരിഫ് ലേഖനങ്ങൾ എഴുതുന്നു. ഏതാനും വർഷംമുമ്പ് അദ്ദേഹം കവിയായും രംഗപ്രവേശം ചെയ‌്തു. ഇവയെല്ലാം ചേർത്ത് ഇപ്പോൾ ‘എന്റെ തെരഞ്ഞെടുത്ത നിയമസഭാ പ്രസംഗങ്ങളും  മാധ്യമ ഇടപെടലുകളും' എന്ന പേരിൽ സമാഹരിക്കപ്പെട്ട് പുറത്തുവന്നിരിക്കുന്നു; നടൻ മമ്മൂട്ടിയുടെ അവതാരികയോടെ. പ്രൊഫ. എം കെ  സാനുവിന് നൽകി മമ്മൂട്ടിതന്നെ പുസ‌്തകം പ്രകാശിപ്പിച്ചു. 

ആരിഫിന്റെ ലേഖനങ്ങൾ അതിന്റെ പാരായണക്ഷമതകൊണ്ടും ഗൗരവകരമായ സമീപനംകൊണ്ടും അഭിനന്ദനമർഹിക്കുന്നു. വികസനത്തെക്കുറിച്ച് വ്യക്തമായ കാഴ‌്ചപ്പാട് ഈ പൊതുപ്രവർത്തകനുണ്ട്. അത് എല്ലാവർക്കും ഒരുപോലെ പ്രിയതരമായിക്കൊള്ളണം എന്നില്ല. പക്ഷേ, വികസനത്തിന്റെ പ്രായോഗികതലം തിരിച്ചറിയുക എന്നത് പൊതുപ്രവർത്തകന്റെയും ജനപ്രതിനിധിയുടെയും പ്രാഥമിക ഉത്തരവാദിത്തമാണ്. ദേശീയപാതവികസനവുമായി ബന്ധപ്പെട്ട തർക്കത്തിന് പരിഹാരം നിർദേശിച്ചുകൊണ്ട് എഴുതിയ ലേഖനം ഇതിന് ഉത്തമ ഉദാഹരണം. ഏറ്റെടുക്കുന്ന അതേസ്ഥലത്തുതന്നെ അൽപ്പം കൂടുതൽ സ്ഥലം ഏറ്റെടുത്ത് കുടിയൊഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കുക എന്നതായിരുന്നു നിർദേശം. അങ്ങനെവരുമ്പോൾ സ്ഥലം നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം ലഭിക്കുകമാത്രമല്ല, തങ്ങളുടെ ബന്ധങ്ങളും തൊഴിലിടവും വൈകാരികബന്ധമുള്ള പ്രദേശങ്ങളും കൈവിട്ടുപോകാതിരിക്കുകകൂടി ചെയ്യുന്നു.
  
രാഷ്ട്രീയ എതിരാളികളുടെ കുപ്രചാരണങ്ങൾക്കെതിരായ ലേഖനങ്ങൾ ശക്തമെങ്കിലും പ്രതിപക്ഷബഹുമാനം പുലർത്തിക്കൊണ്ടുള്ളതാണ്. ചരിത്രവും തനിക്ക് വഴങ്ങും എന്നതിന് തെളിവാണ് കർഷകത്തൊഴിലാളി യൂണിയന്റെ ചരിത്രം വിവരിച്ച് ചിന്തയിൽ പ്രസിദ്ധീകരിച്ച ദീർഘലേഖനം. 19 വർഷംമുമ്പ് രചിക്കപ്പെട്ട ആ ലേഖനം ചരിത്രവിദ്യാർഥികൾക്ക് പ്രയോജനം ചെയ്യും. വികസന–- രാഷ്ട്രീയ പ്രശ്നങ്ങൾക്കപ്പുറം സാംസ‌്കാരിക–- സാമൂഹ്യ വിഷയങ്ങളും തന്റെ ചിന്താമണ്ഡലത്തിലുണ്ടെന്ന്  വെളിപ്പെടുത്തുന്ന കുറിപ്പുകളാണ് ‘ഫെയ്സ്ബുക്കുകളുടെയും വാട്സാപ്പുകളുടെയും ലോകത്ത്', ‘വയലാർ, വയലാർ സമരം, വയലാർ രാമവർമ’ എന്നിവ.
 
നിയമസഭയിൽ നടത്തിയ 54 പ്രസംഗങ്ങൾ ഇതിലുണ്ട്. ഡോണൾഡ് ട്രംപിന്റെയും നരേന്ദ്ര മോഡിയുടെയും നയങ്ങളെ താരതമ്യപ്പെടുത്തിക്കൊണ്ടും പിണറായിയുടെയും ഉമ്മൻചാണ്ടിയുടെയും സമീപനങ്ങളിലെ വ്യത്യാസം എടുത്തുകാണിച്ചും നടത്തിയ പ്രസംഗങ്ങൾ പ്രത്യേകം പരാമർശിക്കപ്പെടേണ്ടതുണ്ട്.
 
ഇടതുപക്ഷഭരണത്തിൽ കൊലപാതകങ്ങൾ വർധിക്കുന്നു എന്ന ആക്ഷേപത്തെ കണക്കുകൾ നിരത്തി അദ്ദേഹം നിയമസഭയിൽ ഖണ്ഡിച്ചു. ആരിഫിന്റെ പ്രസംഗങ്ങൾ അന്നന്നത്തെ രാഷ്ട്രീയംമാത്രം പറയുന്നവയല്ല. പട്ടികജാതിവകുപ്പിനെപ്പറ്റിയുള്ള പ്രസംഗത്തിൽ മനുസ്‌മൃതിപോലെയുള്ള  സവർണ നീതിശാസ‌്ത്രങ്ങൾ ദളിത് ജനവിഭാഗങ്ങളെ അടിച്ചമർത്തുന്നതിനെ എങ്ങനെ താത്വികമായി നീതീകരിക്കുന്നുവെന്നുകൂടി  വിശദീകരിക്കുന്നു. ട്രോളിങ‌് നിരോധനം, വിലക്കയറ്റം, വിദ്യാഭ്യാസം, പ്രളയം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഈ പ്രസംഗങ്ങളിൽ കടന്നുവരുന്നുണ്ട്.
പ്രധാന വാർത്തകൾ
 Top